സഹകരണ മേഖലയുടെ ജനകീയാടിത്തറ തകര്‍ക്കാനാവില്ല- മന്ത്രി വാസവന്‍

Deepthi Vipin lal

നമ്മുടെ സഹകരണ മേഖലയുടെ ജനകീയാടിത്തറ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അഭിപ്രായപ്പെട്ടു.

42 -ാമതു നിക്ഷേപ സമാഹരണ യജ്ഞവും അംഗ സമാശ്വാസ പദ്ധതിയുടെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി വാസവന്‍.എപ്പോഴൊക്കെ നാട്ടില്‍ പ്രയാസങ്ങളുണ്ടാകുന്നുവോ അപ്പോഴൊക്കെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്നതു സഹകരണ മേഖലയാണെന്നു വാസവന്‍ പറഞ്ഞു. അതുകൊണ്ട് സഹകരണ മേഖലയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അത്രത്തോളും വിപുലമായ ജനകീയാടിത്തറയുള്ള ഒന്നാണു സഹകരണ പ്രസ്ഥാനം.

സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു മാരകരോഗങ്ങള്‍ വന്നാല്‍ ചികിത്സക്കു അമ്പതിനായിരം രൂപവരെ നല്‍കുന്നതാണ് അംഗ സമാശ്വാസ പദ്ധതി. ഇതില്‍ 22 കോടി 93.5 ലക്ഷം രൂപയുടെ വിതരണോദ്ഘാടനമാണു മന്ത്രി നിര്‍വഹിച്ചത്. ആദ്യഘട്ടത്തില്‍ ഈ വിഭാഗത്തില്‍ 23.5 കോടി രൂപ വിതരണം ചെയ്തതാണ്. ഈ പദ്ധതിയിലേക്കു വരുന്ന അപേക്ഷകളിലൊക്കെ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഏറെക്കാലം സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച് ശയ്യാവലംബികളായിത്തീര്‍ന്ന സഹകാരികള്‍ക്കു ചികിത്സക്കുള്‍പ്പെടെ അമ്പതിനായിരം രൂപവരെ സഹായം നല്‍കുന്ന പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി.

സഹകരണ നിക്ഷേപം നാടിന്റെ വികസനത്തിനായി എന്നതാണു ഇക്കൊല്ലത്തെ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ മുദ്രാവാക്യം. മാര്‍ച്ച് 31 വരെ നീളുന്ന യജ്ഞത്തില്‍ 6000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.

Leave a Reply

Your email address will not be published.