സഹകരണ ബ്രാന്‍ഡ് ഇനി അരിയിലും

moonamvazhi

– സ്റ്റാഫ് പ്രതിനിധി

(2020 നവംബര്‍ ലക്കം)

ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്താനുള്ള കേരളത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്. തരിശു നിലങ്ങള്‍ പോലും കൃഷിക്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുഖ്യ നടത്തിപ്പു ചുമതലയുള്ള സഹകരണ സംഘങ്ങള്‍ ഇനി അരിയാണ് വിപണിയില്‍ ഇറക്കാന്‍ പോകുന്നത്.

സഹകരണ സംഘങ്ങള്‍ ഒരു രക്ഷാകവചമാണ്. അത് കര്‍ഷകനും സര്‍ക്കാരിനും ഒരുപോലെ തുണയായി എന്നതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവം. അതിനു മുമ്പ് അങ്ങനെയായിരുന്നില്ല എന്നല്ല ഇതിനര്‍ഥം. പ്രളയവും മഹാമാരിയും മലയാളിയെ വേട്ടയാടിയ കാലത്ത് സഹകരണ സംഘങ്ങള്‍ എത്രമാത്രം ആശ്വാസമായി എന്നത് ബോധ്യപ്പെട്ടതുകൊണ്ടാണ് അഞ്ചു വര്‍ഷത്തെ അനുഭവം ഉദാഹരിച്ചത്. വീടു നഷ്ടമായവര്‍ക്കും അശരണര്‍ക്കും രക്ഷയായത് സഹകരണ സംഘങ്ങള്‍ സ്വരൂക്കൂട്ടിവെച്ച തുകയാണ്. സാമ്പത്തിക പ്രതിസന്ധികൊണ്ട് നിലവിട്ടുപോകുമായിരുന്ന സര്‍ക്കാരിന് താങ്ങായത് സഹകരണ സംഘങ്ങളിലെ ഈ പണമാണ്. ഒരുപക്ഷേ, പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും നിര്‍വഹിക്കാത്ത സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ മേഖല ഈ കാലത്ത് കാണിച്ചത്.

കോവിഡ് രോഗവ്യാപനം നല്‍കിയ പാഠം ഉള്‍ക്കൊണ്ടാണ് ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് കേരളം മാറേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ചിന്തിച്ചത്. അങ്ങനെ രൂപം കൊണ്ട പദ്ധതിയാണ് ‘ സുഭിക്ഷകേരളം ‘. തരിശുനിലങ്ങള്‍ പോലും കൃഷിയുക്തമാക്കി നാളേയ്ക്കായി ഭക്ഷ്യകരുതല്‍ തീര്‍ക്കാനുള്ള പദ്ധതിയാണിത്. ഇതിന്റെ മുഖ്യനടത്തിപ്പുചുമതല സഹകരണ സംഘങ്ങള്‍ക്കാണ്. സഹകരണം, വ്യവസായം, തദ്ദേശ സ്വയംഭരണം, കൃഷി, ഫിഷറീസ് എന്നിങ്ങനെ അഞ്ചു വകുപ്പുകള്‍ ഒന്നിച്ചുനിന്ന് ലക്ഷ്യം നേടേണ്ട പദ്ധതിയാണ് സുഭിക്ഷ കേരളത്തിലുള്ളത്. എന്നാല്‍, മറ്റേതൊരു വകുപ്പിനേക്കാളും ഈ പദ്ധതി ആവേശത്തോടെ ഏറ്റെടുത്തത് സഹകരണ വകുപ്പാണ്. അതിനു കാരണമായത് സഹകരണ സംഘങ്ങളുടെ ഇടപെടലാണ്. 100 ദിവസംകൊണ്ട് 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു പ്രഖ്യാപനം. ഇതില്‍ മൂന്നിലൊന്ന് തൊഴിലും സഹകരണ സ്ഥാപനങ്ങളിലൂടെ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അതായത്, സഹകരണ മേഖല പൊതു-സ്വകാര്യ മേഖലയ്ക്കുള്ള ബദല്‍ സാമ്പത്തിക സംവിധാനമാണെന്ന പൊതുധാരണയ്ക്കപ്പുറം, പൊതു-സ്വകാര്യ മേഖലയേക്കാള്‍ സമൂഹികമാറ്റത്തിന് ഉപയോഗിക്കാവുന്ന സംഘടിത സംവിധാനമാണെന്നു കൂടിയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്.

കാര്‍ഷിക മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കര്‍ഷകന് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് വേണ്ടത് എന്നത് പൊതുബോധമാണ്. ഇതിനുള്ള ഇടപെടലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സര്‍ക്കാര്‍ സാമ്പത്തിക ഏജന്‍സികളും നടത്തുന്നത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലൂടെയാണ് കാര്‍ഷിക മേഖലയ്ക്കുള്ള സാമ്പത്തിക സഹായം പ്രധാനമായും വിതരണം ചെയ്യുന്നത്. സ്വര്‍ണവും സ്വത്തും ഈടു നല്‍കിയില്ലെങ്കില്‍ പോലും കാര്‍ഷിക വായ്പ നല്‍കുന്ന സംഘങ്ങള്‍ ഏറെയുണ്ട്. കര്‍ഷക കൂട്ടായ്മകളിലൂടെ കൃഷിയിലേക്ക് നേരിട്ടിറങ്ങുന്ന സംഘങ്ങളുണ്ട്. ഇതിന്റെ മാറ്റം കാര്‍ഷിക മേഖലയില്‍ പ്രകടമാണ്. പാല്‍-പച്ചക്കറി ഉല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. വിഷരഹിത പച്ചക്കറി എന്നത് സഹകരണ മേഖല ഏറ്റെടുത്ത മുദ്രാവാക്യം കൂടിയാണ്. നെല്‍ക്കൃഷിയുടെ വിസ്തൃതി കേരളത്തില്‍ ഗണ്യമായി കൂടി. എന്നാല്‍, ഇതിനനുസരിച്ച് വിപണന സംവിധാനം വളര്‍ന്നില്ലെന്നതാണ് ഒരു പോരായ്മ. അതിന് കാരണം വിതരണ-വിപണന സഹകരണ സംഘങ്ങള്‍ വായ്പാ സഹകരണ സംഘങ്ങളോളം വളര്‍ന്നിട്ടില്ലെന്നത് കൂടിയാണ്. അതിനും മാറ്റമുണ്ടാകുന്നുണ്ട്. വായ്പാ സംഘങ്ങള്‍തന്നെ വിപണന ശാലകള്‍ ശക്തമാക്കാന്‍ തുടങ്ങി. പക്ഷേ, നെല്‍ക്കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ ഇതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല. നെല്ല് സംഭരണം സ്വകാര്യമില്ലുകളെ ആശ്രയിച്ചാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരുന്നത്. സപ്ലൈകോക്കാണ് സംഭരണത്തിന്റെ ചുമതല. സംഭരിച്ച നെല്ലിന് കൃത്യമായ തുക കൃത്യസമയത്ത് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചു. സ്വകാര്യ മില്ലുകള്‍ വിലപേശല്‍ ശക്തിയായി നിന്നപ്പോള്‍ നെല്ലു സംഭരിക്കാന്‍ കഴിയാതെ പാടങ്ങളില്‍ത്തന്നെ നശിക്കുന്ന സ്ഥിതിയുണ്ടായി. സംഭരിക്കുന്ന നെല്ലിന് പണം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ തയാറായതോടെ കഴിഞ്ഞ വര്‍ഷം ഇതിന് നേരിയ ശമനമുണ്ടായിരുന്നു. എന്നാല്‍, പൂര്‍ണമായി പരിഹരിച്ചുവെന്ന് പറയാനാവില്ല. ഈ വര്‍ഷം നെല്ല് സംഭരണം പൂര്‍ണമായി സഹകരണ സംഘങ്ങള്‍ ഏറ്റെടുക്കുകയാണ്. സംഭരിച്ച അന്നുതന്നെ സഹകരണ സംഘം കര്‍ഷകന് പണം നല്‍കുമെന്ന പ്രഖ്യാപനം കൂടി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയത് സഹകരണമേഖലയ്ക്കുള്ള കരുത്തും വിശ്വാസ്യതയുമാണ് കാണിക്കുന്നത്.

സംഭരണം സഹകരണ മേഖലയിലേക്ക്

നെല്‍ക്കര്‍ഷകര്‍ വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്ന ചര്‍ച്ചയിലാണ് സഹകരണ മേഖലയില്‍ സംഭരണം നടപ്പാക്കാമെന്ന തീരുമാനം മന്ത്രിസഭ കൈകൊള്ളുന്നത്. കാലങ്ങളായി സപ്ലൈകോയാണ് നെല്ല് സംഭരണം നടത്തുന്നത്. എട്ടു മില്ലുകളാണ് സപ്ലൈകോ നിയന്ത്രണത്തിലുള്ളത്. പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലാണ് പ്രധാനമായും കൂടുതലായി നെല്ലുല്‍പ്പാദനം നടക്കുന്നത്. സപ്ലൈകോയ്ക്ക് മാത്രം സംഭരിച്ച് സംസ്‌കരിക്കാന്‍ കഴിയുന്നതല്ല ഇവിടെയാകെയുള്ള നെല്ല്. അതിനാല്‍, സ്വകാര്യ മില്ലുകളെക്കൂടി പങ്കാളിയാക്കിയാണ് സംഭരണം നടക്കാറുള്ളത്. നെല്ലിന് കര്‍ഷകര്‍ക്ക് നല്‍കുന്ന രശീതി ബാങ്കില്‍ നിന്ന് പണമാക്കി മാറ്റുകയാണ് ചെയ്യാറുള്ളത്. വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ഇത്തരത്തില്‍ സപ്ലൈകോയുമായി ധാരണയുണ്ടാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് നെല്ല് സംഭരിക്കുന്നത്. നെല്ലിന് കേന്ദ്രത്തിന്റെ താങ്ങുവിലയായ 18.15 രൂപയും സംസ്ഥാനത്തിന്റെ ഇന്‍സെന്റീവായി 8.80 രൂപയും ചേര്‍ത്ത് 26.95 രൂപയാണ് കിലോയ്ക്ക് നല്‍കിയിരുന്നത്. അതിനാല്‍, സര്‍ക്കാരുകള്‍ പണം നല്‍കുന്ന മുറയ്ക്ക് സപ്ലൈകോ ബാങ്കുകളില്‍ തിരിച്ചടവ് നടത്തും.

നെല്ല് സംഭരണത്തിനുള്ള ക്രമീകരണം ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ സീസണിലും ഇത് താളം തെറ്റും. സ്വകാര്യ മില്ലുകള്‍ സംഭരണത്തില്‍നിന്ന് വിട്ടുനിന്ന് വിലപേശും. കര്‍ഷകരുടെ നെല്ല് സംഭരിക്കാതെ നശിക്കും. 26.95 രൂപയെന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും 14 രൂപയ്ക്ക് ഒരു കിലോ നെല്ല് നല്‍കേണ്ടിവന്ന കര്‍ഷകര്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുണ്ട്. നെല്ലിന് നല്‍കിയ പണം സപ്ലൈകോ തിരിച്ചടയ്ക്കാന്‍ വൈകിയതോടെ അത് കര്‍ഷകരുടെ കുടിശ്ശികയായി മാറുന്ന സ്ഥിതിയുമുണ്ടായി. എല്ലാ പ്രശ്‌നങ്ങളും അത്യന്തികമായി ബാധിക്കുന്നത് കര്‍ഷകരെയാണ്. ഇതോടെയാണ് സംഭരണം സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സഹകരണ സംഘങ്ങളെക്കൂടി പങ്കാളിയാക്കിയാണ് പാലക്കാട് ജില്ലയില്‍ സംഭരണം നടത്തിയത്. എന്നാല്‍, ഇത്തവണ സംഭരണം പൂര്‍ണമായി സഹകരണ സംഘങ്ങള്‍വഴിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ മന്ത്രിതല ഉപസമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. ഈ ഉപസമതി ആദ്യം യോഗം ചേര്‍ന്നും പിന്നീട് സഹകരണ മന്ത്രി ഉദ്യോഗസ്ഥരെയും സഹകരണ സംഘം പ്രതിനിധികളെയും പ്രത്യേകമായി വിളിച്ചുചേര്‍ത്തുമാണ് സംഭരണത്തിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ചത്.

കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ നാലു ജില്ലകളിലെ നെല്ല് സംഭരണം പൂര്‍ണമായി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി നടത്താനാണ് തീരുമാനം. കര്‍ഷകരില്‍ നിന്ന് സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കണം.ഒരു കിലോ നെല്ലിന് കര്‍ഷകന് 27.48 രൂപ നല്‍കും. രശീതി നല്‍കുന്നതിന് സംഘങ്ങള്‍ക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏര്‍പ്പെടുത്തും. ഗുണനിലവാരം പരിശോധിച്ച് നെല്ലെടുക്കാന്‍ ഉദ്യാഗസ്ഥരുടെ സേവനം സപ്ലൈകോ സംഘങ്ങള്‍ക്ക് നല്‍കും. സംഘങ്ങള്‍ സംഭരണം മാത്രമാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ ഒരു ക്വിന്റല്‍ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗണ്‍ വാടക, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ 73 രൂപ നല്‍കും. നെല്ല് അരിയാക്കി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 64.5 ശതമാനം ഔട്ട് ടേണ്‍ റേഷ്യോയില്‍ നല്‍കുകയാണെങ്കില്‍ ഒരു ക്വിന്റല്‍ നെല്ലിന് 214 രൂപ സംഘങ്ങള്‍ക്ക് നല്‍കും. ഇതാണ് വ്യവസ്ഥ. താലൂക്ക് അടിസ്ഥാനത്തില്‍ ഒരു സംഘത്തിന് സംഭരണത്തിന്റെ ഏകോപനച്ചുമതലയും നല്‍കും.

രശീതിയുടെ അടിസ്ഥാനത്തില്‍ കര്‍ഷകന് നെല്ല് അളന്ന അന്നുതന്നെ സംഘം പണം നല്‍കണം. പണം നല്‍കാന്‍ കേരള ബാങ്കിനെക്കൂടി ചുമതലപ്പെടുത്തേണ്ടതുണ്ടെങ്കില്‍ അക്കാര്യവും സര്‍ക്കാര്‍തലത്തില്‍ ചെയ്യും. നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണ്‍ ഒരുക്കേണ്ടതും സംഘങ്ങളുടെ ചുമതലയാണ്. ഇതിന് പൂര്‍ണമായി കഴിയുന്നില്ലെങ്കില്‍ സംഘങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ സഹായം തേടാം. ഇത്തരത്തില്‍ സഹകരണ സംഘങ്ങളെ നെല്ല് സംഭരണത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നത് സ്ഥിരം സംവിധാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍, അടുത്ത സീസണ്‍ മുതല്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്നതിന് സംഘങ്ങള്‍ സ്വന്തം നിലയില്‍ കൂടുതല്‍ ഗോഡൗണ്‍ പണിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി നബാര്‍ഡില്‍ നിന്നുള്ള അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് പ്രയോജനപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കഞ്ചിക്കോട്ട് ആധുനിക റൈസ്മില്‍

നെല്ല് സംഭരണം ഒരു കര്‍ഷക സഹായ ഇടപാടായി മാത്രം ഒതുക്കിനിര്‍ത്താനുള്ള ക്രമീകരണമല്ല സഹകരണ മേഖല ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിന്റെ സ്വന്തം അരി സഹകരണ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടക്കം കൂടിയാണിത്. പാലക്കാട് ജില്ലയില്‍നിന്ന് സംഭരിക്കുന്ന നെല്ല് ഈ സീസണില്‍ത്തന്നെ അരിയാക്കി എഫ്.സി.ഐ.യ്ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പൊതുവിതരണ കേന്ദ്രം വഴി വിതരണം ചെയ്യാനുള്ളതാണ്. ഇത്തരത്തില്‍ അരിയാക്കുന്നതിന് പാലക്കാട് ജില്ലയിലെ സംഘങ്ങളോട് മില്ലുകളുമായി കരാറുണ്ടാക്കാന്‍ സഹകരണ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 76,523 ഹെക്ടര്‍ സ്ഥലത്താണ് പാലക്കാട് ജില്ലയില്‍ മാത്രം നെല്‍ക്കൃഷിയുള്ളത്. മറ്റ് ജില്ലകളില്‍നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കുന്നതിനുള്ള ക്രമീകരണം സപ്ലൈകോ നടത്തും.

നെല്ല് സംഭരണത്തില്‍ ചെറിയ രീതിയില്‍ ഇടപെട്ടുതുടങ്ങിയ കഴിഞ്ഞ വര്‍ഷം തന്നെ സ്വകാര്യ മില്ലുകാരുടെ ചൂഷണവും വിലപേശലും സംഘങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ മേഖലയില്‍ ഒരു റൈസ് മില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. 21 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് ആധുനിക റൈസ് മില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഞ്ചിക്കോട് വ്യവസായ പാര്‍ക്കിലാണ് ഇത് സ്ഥാപിക്കുന്നത്. പ്രതിദിനം 200 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ആധുനിക റൈസ് മില്ലാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതിന്റെ പണി അന്തിമഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ സംഘങ്ങള്‍ സംഭരിക്കുന്ന നെല്ല് അരിയാക്കി വിപണിയിലെത്തിക്കാനാകും.

നേരിട്ട് കൃഷി നടത്തുന്ന സഹകരണ സംഘങ്ങള്‍ ഇപ്പോള്‍ ഏറെയുണ്ട്. മാത്രവുമല്ല, സംഘങ്ങള്‍ക്ക് കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിക്കാനും ഇവരിലൂടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോള്‍ അനുമതിയുണ്ട്. ഇതിന് നബാര്‍ഡും നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനു ( എന്‍.സി.ഡി.സി ) മെല്ലാം സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ഈ സാഹചര്യങ്ങളെ ഗുണകരമായി വിനിയോഗിച്ച് സഹകരണ ബ്രാന്‍ഡില്‍ മായമില്ലാത്ത അരി എത്തിക്കാനായാല്‍ അതുണ്ടാക്കുന്ന നേട്ടം ചെറുതാവില്ല. സ്വന്തമായി വിപണന ശൃംഖല സഹകരണ മേഖലയ്ക്കുണ്ട്. കണ്‍സ്യൂമര്‍ഫെഡിന് പുറമെ ഒട്ടേറെ സംഘങ്ങള്‍ക്ക് കണ്‍സ്യൂമര്‍ സ്റ്റോറുകളുമുണ്ട്. മറയൂര്‍ ശര്‍ക്കര മുതല്‍ ഗന്ധകശാല അരിവരെ സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 188 സഹകരണ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ടെന്നാണ് കണക്ക്. സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സഹകരണ മുദ്ര നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരേ മുദ്രയും മികച്ച ഗുണനിലവാരവുമായി അരിയും വിപണിയിലെത്തിക്കാനുള്ള ഒരുക്കമാണ് സഹകരണ വകുപ്പില്‍ നടക്കുന്നത്.

സംഘങ്ങള്‍ക്കുമുണ്ട് സഹായം

നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ ഒട്ടേറെ സഹായപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സുഭിക്ഷകേരളം പദ്ധതിയില്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പദ്ധതിയുടെ വിശദാംശങ്ങള്‍ സംഘങ്ങള്‍ക്കുപോലും വ്യക്തമായിട്ടില്ല. രണ്ടു രീതിയില്‍ കാര്‍ഷിക സഹായം ലഭ്യമാകുന്നുണ്ട്. ചിലത് സഹകരണ സംഘങ്ങള്‍ എന്ന നിലയ്ക്ക് തന്നെ ലഭിക്കുന്നതാണ്. രണ്ടാമത്തേത്, കര്‍ഷകനോ കര്‍ഷക കൂട്ടായ്മകള്‍ക്കോ ഉള്ളതാണ്. ഇത് രണ്ടും സഹകരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകും. അഞ്ചോ ആറോ പേരുള്ള കൂട്ടായ്മ രൂപവത്കരിക്കാന്‍ സംഘങ്ങളോട് എന്‍.സി.ഡി.സി. നിര്‍ദേശിക്കുന്നുണ്ട്. ഈ കൂട്ടായ്മയ്ക്ക് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ കാര്‍ഷികോല്‍പ്പാദനം കൂട്ടാന്‍ കര്‍ഷകരെ ഒന്നിപ്പിക്കുന്ന ചുമതല സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംഘങ്ങള്‍ക്ക് സംഭരിക്കാനും അരിയാക്കാനും വിപണിയിലെത്തിക്കാനുമായാല്‍ അത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനമുറപ്പാക്കും.

നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ പ്രധാന സഹായ പദ്ധതികള്‍ ഇനി പറയുന്നു. നെല്‍ക്കൃഷി വികസനം എന്ന സംസ്ഥാനാവിഷ്‌കൃത പദ്ധതിയനുസരിച്ച് ഹെക്ടറൊന്നിന് 5,500 രൂപയും സവിശേഷ നെല്ലിനങ്ങളായ ഞവര, രക്തശാലി, പൊക്കാളി, ബസുമതി, ജീരകശാല, ഗന്ധകശാല തുടങ്ങിയവയുടെ വികസനത്തിന് ഹെക്ടറിന് 10,000 രൂപയും സാമ്പത്തിക സഹായം ലഭിക്കും. ഒരുപ്പൂ കൃഷി ഇരുപ്പൂവാക്കുന്നതിന് 10,000 രൂപയും കരനെല്‍ക്കൃഷിക്ക് 13,000 രൂപയും ധനസഹായമായി നല്‍കുന്നുണ്ട്. തരിശ് നിലത്തിലെ കൃഷിക്ക് ഹെക്ടറിന് ഒന്നാം വര്‍ഷം 30,000 രൂപയും രണ്ടാം വര്‍ഷം 7000 രൂപയും മൂന്നാം വര്‍ഷം 4500 രൂപയുമാണ് സഹായം. നെല്ലിന് കുമ്മായ വസ്തുക്കള്‍ നല്‍കുന്നതിന് 5400 രൂപയും സൂക്ഷ്മ മൂലകങ്ങള്‍ നല്‍കുന്നതിന് 500 രൂപയും സഹായമുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗ്രൂപ്പ് ഫാമിങ് സമിതികള്‍ക്ക് ഹെക്ടറിന് 360 രൂപ നിരക്കില്‍ പ്രവര്‍ത്തന സഹായവും നല്‍കുന്നുണ്ട്.

കൃഷിവകുപ്പിന്റെ കീഴിലുള്ള കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനം നല്‍കി നെല്‍ക്കൃഷി മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്ന നടപടിയും കൃഷിവകുപ്പ് സ്വീകരിക്കുന്നുണ്ട്. മൂന്നു വര്‍ഷത്തിലധികമായി തരിശിട്ടിരിക്കുന്ന പാടശേഖരങ്ങളില്‍ ഒറ്റത്തവണ തരിശു കൃഷി ഏറ്റെടുത്ത് നടപ്പാക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പാടശേഖരങ്ങളുമായി ബന്ധപ്പെട്ട തോടുകള്‍ വൃത്തിയാക്കലും ബണ്ട് നിര്‍മാണവും പോലുള്ള പണികളും തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യാനാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!