സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി

moonamvazhi

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ജനുവരി പത്തുമുതല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന നിക്ഷേപ സമാഹാരണ യജ്ഞം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും, ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ദ്ധന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്. സഹകരണവായ്പമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക , ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം തുടങ്ങുന്നത്. സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യവുമായാണ് 44-ാമത് നിക്ഷേപസമാഹരണ യജ്ഞം നടത്തുന്നത്. 9,000 കോടി രൂപയാണ് ഇത്തവണ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപമായി എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. പലിശ നിര്‍ണയ യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കേരളബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കല്‍, പാക്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എല്‍.എ, കാര്‍ഷിക വികസന ബാങ്ക് അംഗ പ്രതിനിധി ഇ. ജി. മോഹനന്‍, സഹകരണ സംഘം രജിസ്ട്രാര്‍ സുഭാഷ് ഐ.എ.എസ്, സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പ്, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ജ്യോതി പ്രസാദ്, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍) എം. ജി. പ്രമീള എന്നിവരാണ് പങ്കെടുത്ത്. പുതുക്കിയ പലിശ നിരക്ക് ചുവടെ കൊടുക്കുന്നു. നിലവിലെ പലിശ നിരക്ക് ബ്രാക്കറ്റില്‍ ചേര്‍ക്കുന്നു

പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശ നിരക്ക്

* 15 ദിവസം മുതല്‍ 45 ദിവസം വരെ 6ശതമാനം (ആറ്)
* 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50 ശതമാനം. (ആറര)
* 91 ദിവസം മുതല്‍ 179 ദിവസം വരെ 7.50 ശതമാനം (ഏഴ്)
* 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75 ശതമാനം (7.25)
* ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9 ശതമാനം. (8.25)
* രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8.75 ശതമാനം. (8.00)

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപം

* 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം (5.50)
* 46 ദിവസം മുതല്‍ 90 ദിവസം വരെ 6 ശതമാനം (6.00)
* 91 ദിവസം മുതല്‍ 179 ദിവസം വരെ 6.75 ശതമാനം. (6.25)
* 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 ശതമാനം (6.75)
* ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8 ശതമാനം (7.25)
* രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75 ശതമാനം (7.00).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!