സഹകരണ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍നിന്ന് കേപ്പിനും യൂണിയനും 15.80 കോടി
സഹകരണ പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍നിന്ന് സംസ്ഥാന സഹകരണ യൂണിയനും കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യുക്കേഷനും (കേപ്പ്) സര്‍ക്കാര്‍ പണം അനുവദിച്ചു. ആറ് വിഭാഗത്തിലായി 15.80 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. സഹകരണനിയമം അനുസരിച്ച് സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ ആക്ട് അനുസരിച്ച് രൂപവത്കരിക്കപ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേപ്പ് എന്നിവയ്ക്ക് പണം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്.
2024 ജനുവരി 31 ചേര്‍ന്ന ഉന്നതതല സമിതിയാണ് കേപ്പിനും സംസ്ഥാന സഹകരണ യൂണിയനും ഇതില്‍നിന്ന് ഫണ്ട് അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതിനായി രണ്ട് റിപ്പോര്‍ട്ടുകള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി പണം കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മൂന്ന് കാര്യങ്ങള്‍ക്കായി 15.30 കോടിരൂപയാണ് കേപ്പിന് നല്‍കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 6.30 കോടി, വടക്കാഞ്ചേരിയില്‍ നേഴ്സിങ് കോളേജും അനുബന്ധ കോഴ്സുകളും തുടങ്ങുന്നതിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി നാല് കോടി, പുന്നപ്ര സാഗര ആശുപത്രിയില്‍ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് അഞ്ചുകോടി എന്നിങ്ങനെയാണ് പണം നല്‍കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സഹകരണ യൂണിയന്‍ മുന്നോട്ടുവെച്ചത്. ഇതിനായി 50ലക്ഷം രൂപയാണ് യൂണിയന് നല്‍കുന്നത്. കിക്മയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 25ലക്ഷം, എച്ച്.ഡി.സി., ജെ.ഡി.സി. കോഴ്സുകളില്‍ പഠിക്കുന്ന ഫീസ് ആനുകൂല്യത്തിന് അര്‍ഹതയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നതിന് 25ലക്ഷം എന്നിങ്ങനെയാണ് അനുവദിക്കുക. ഫണ്ട് വിനിയോഗം സഹകരണ സംഘം രജിസ്ട്രാര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.