സഹകരണ പെന്‍ഷന്റെ ഭാവി എന്താകും?

കിരണ്‍ വാസു

സഹകരണ മേഖലയിലെ പല പദ്ധതികളുടെയും വര്‍ത്തമാനകാല സാഹചര്യം വിലയിരുത്താത്തത് ആ പദ്ധതികളെത്തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയുണ്ടാക്കുന്നു. അത്തരത്തിലൊന്നാണു1995 മാര്‍ച്ച് 14 നു നടപ്പാക്കിയ സഹകരണ പെന്‍ഷന്‍ പദ്ധതി. സര്‍ക്കാരിന് ഒരു സാമ്പത്തിക പങ്കാളിത്തവുമില്ലാത്ത പൂര്‍ണമായ സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയാണിത്. സഹകരണപെന്‍ഷന്‍ പദ്ധതിയുടെ സ്വാശ്രയം എന്ന വിശേഷണം ഒഴിവാക്കി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഒരു പെന്‍ഷന്‍പദ്ധതിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണു പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആവശ്യം.പെന്‍ഷന്‍ബോര്‍ഡിന്റെ ഭരണച്ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാരില്‍ നിന്ന് അനുവദിച്ചുകിട്ടുന്നതിനുള്ള നടപടികള്‍
ഉണ്ടാകണമെന്നാണ് പെന്‍ഷന്‍കാരുടെ ആവശ്യം. ജീവനക്കാരുടെ വിഹിതം കൂട്ടുക, പങ്കാളിത്ത പെന്‍ഷന്റെ മാതൃകയില്‍പുതിയ പരിഷ്‌കാരം കൊണ്ടുവരിക എന്നിവയൊക്കെയാണു സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതൊക്കെ നടക്കുമോ എന്നാണിനി അറിയാനുള്ളത്.

 

വൈവിധ്യമായ ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ കേരളം ഒരുപടി മുന്നിലാണ്. പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷകള്‍, മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനുള്ള ഇടപെടല്‍ എന്നിവയെല്ലാം കാലങ്ങളായി കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ സൃഷ്ടിച്ചതാണ്. ഓരോ സര്‍ക്കാര്‍ വരുമ്പോഴും ഇവ മെച്ചപ്പെടുത്താനും പുതിയ മേഖലകളില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളും സഹകരണ ജീവനക്കാരും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമാണ്. ഇന്ന് അതിനപ്പുറം, സംഘങ്ങളിലെ ഇടപാടുകാര്‍, അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ക്കും ക്ഷേമപദ്ധതികളുണ്ട്. മറ്റു ക്ഷേമപദ്ധതികളില്‍നിന്നു വ്യത്യസ്തമായി സഹകരണ മേഖലയിലെ ഒരു പദ്ധതിയുടെയും സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുന്നില്ല. മാത്രവുമല്ല, സര്‍ക്കാരിന്റെ മറ്റു ക്ഷേമ പദ്ധതികള്‍ക്കു സാമ്പത്തിക സഹായം ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളായി സഹകരണ സംഘങ്ങള്‍ മാറുകയും ചെയ്തിട്ടുണ്ട്. സഹകരണ മേഖലയിലെ പല പദ്ധതികളുടെയും വര്‍ത്തമാനകാല സാഹചര്യം വിലയിരുത്താത്തത് ആ പദ്ധതികളെത്തന്നെ അപകടത്തിലാക്കുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയുണ്ടാക്കുന്നു. അത്തരത്തിലൊന്നാണു സഹകരണ പെന്‍ഷന്‍ പദ്ധതി.

1995 മാര്‍ച്ച് 14 നാണു സഹകരണ ജീവനക്കര്‍ക്കു പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. സഹകരണ സംഘങ്ങളിലെ ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ വിരമിക്കലിനു ശേഷമുള്ള ജീവിതത്തിന്റെ പ്രതീക്ഷയാണ് ഈ പദ്ധതി. സര്‍ക്കാരിന് ഒരു സാമ്പത്തിക പങ്കാളിത്തവുമില്ലാത്ത പൂര്‍ണമായ സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയാണിത്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രൈമറി, റീജിയണല്‍, അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ ഇതില്‍ അംഗങ്ങളാണ്. സഹകരണ വകുപ്പിനു പുറമെ മറ്റു വകുപ്പുകള്‍ക്കു കീഴിലും കേരളത്തില്‍ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പിനു കീഴിലെ വ്യവസായ സഹകരണ സംഘങ്ങള്‍, കയര്‍ വകുപ്പിനു കീഴിലെ കയര്‍ സംഘങ്ങള്‍, കൃഷിവകുപ്പിനു കീഴിലെ കേരഫെഡും അനുബന്ധ സംഘങ്ങളും, ഫിഷറീസ് വകുപ്പിനു കീഴിലെ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ എന്നിവയിലെ ജീവനക്കാരും സഹകരണ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാണ്.

പെന്‍ഷന്‍ ബോര്‍ഡിനു കീഴില്‍ വ്യത്യസ്ത പദ്ധതികളിലായാണ് ഈ ജീവനക്കാര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത്. ജീവനക്കാരുടെ പേര്‍ക്കു മാനേജ്മെന്റ് അടയ്ക്കുന്ന പെന്‍ഷന്‍ ഫണ്ട് വിഹിതവും അതു നിക്ഷേപിച്ച് കിട്ടുന്ന പലിശയും മാത്രമാണു പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള ബോര്‍ഡിന്റെ ഏക വരുമാന മാര്‍ഗം. ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി സ്ഥാപനം അടയ്ക്കുന്ന പെന്‍ഷന്‍ഫണ്ട് ഉപയോഗിച്ചാണു പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യം നല്‍കുന്നത്. രൂപവത്കരണ ഘട്ടത്തിലെ സാമ്പത്തിക സ്ഥിതിയല്ല ഇന്നു പെന്‍ഷന്‍ ബോര്‍ഡിനുള്ളത്. നിലവിലെ ജീവനക്കാര്‍ അടയ്ക്കുന്ന വിഹിതം ഉപയോഗിച്ചാണു നിലവിലെ പെന്‍ഷന്‍കാര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത്. ഇതു വലിയ സാമ്പത്തിക ബാധ്യതയാണു ബോര്‍ഡിനുണ്ടാക്കുന്നത്. ഇതിനകം 950 കോടി രൂപയുടെ ബാധ്യത ബോര്‍ഡിനു വന്നുകഴിഞ്ഞു. ഇത് എങ്ങനെ പരിഹരിക്കാമെന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിയുടെ ശുപാര്‍ശയിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ പെന്‍ഷന്‍ പരിഷ്‌കരിച്ചിരുന്നു. 2021 മാര്‍ച്ച് മുതലുള്ള വര്‍ധന നടപ്പാക്കാന്‍ മാത്രം 2.08 കോടി രൂപയുടെ പ്രതിമാസ അധിക ബാധ്യതയാണു ബോര്‍ഡിനുണ്ടായിട്ടുള്ളത്.

പരിഷ്‌കരണത്തിലെ
പരാതി

പെന്‍ഷന്‍ പരിഷ്‌കരണത്തിലും പെന്‍ഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും പരാതികള്‍ ഏറെയുണ്ട്. പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയില്ലെന്നതാണു സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന പരാതി. ഇക്കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല. പെന്‍ഷന്‍ പരിഷ്‌കരണ കാര്യത്തിലും ഇതേ അവഗണനയുണ്ടായെന്നാണു കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. കേരളത്തിലെ പ്രൈമറി സഹകരണ സംഘം പെന്‍ഷന്‍കാരെ പ്രതിനിധാനം ചെയ്തു കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സഹകരണ പെന്‍ഷന്‍ പരിഷ്‌കരണക്കമ്മിറ്റി മുമ്പാകെ സമഗ്രമായ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. സംഘടന സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ പരിഗണിക്കാതെയാണു പെന്‍ഷന്‍ പരിഷ്‌കരണക്കമ്മിറ്റി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. പക്ഷേ, സമിതിയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി 2021 ഫിബ്രവരി 26 നു പെന്‍ഷന്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവിലെ പോരായ്മകള്‍ തിരുത്തണമെന്ന ആവശ്യം വീണ്ടും അസോസിയേഷന്‍ ഉന്നയിച്ചു. മുഖ്യമന്ത്രി, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കെല്ലാം പരാതി നല്‍കി. ഇതിലൊന്നും നടപടിയുണ്ടാകാതിരുന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. അസോസിയേഷന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍കൂടി കേള്‍ക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അസോസിയേഷന്‍ പ്രതിനിധികളെയും പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറിയേയും നേരില്‍ കേട്ടു. കോടതിയില്‍ വിശദീകരിച്ചതു പെന്‍ഷന്‍ പരിഷ്‌കരണത്തിലെ പോരായ്മയാണെങ്കില്‍, അതിനൊപ്പം സഹകരണ പെന്‍ഷന്‍ പദ്ധതിയിലെ അപാകതകൂടി വകുപ്പിനു മുമ്പില്‍ അവതരിപ്പിക്കാനാണ് ഈ നേരിട്ടു കേള്‍ക്കലില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശ്രമിച്ചത്.

പെന്‍ഷന്‍കാര്‍ക്ക്
പറയാനുള്ളത്

പെന്‍ഷന്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുമുമ്പ് പെന്‍ഷന്‍ സംഘടനാ പ്രതിനിധികളുമായി ഒരു ചര്‍ച്ചയും ഉണ്ടായില്ലെന്നതാണു സഹകരണ വകുപ്പിനെതിരെയുള്ള ആദ്യത്തെ കുറ്റപ്പെടുത്തല്‍. റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമുമ്പ് പരിഷ്‌കരണ സമിതിക്കു നല്‍കിയ നിവേദനത്തില്‍ പെന്‍ഷന്‍കാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളുമെല്ലാം വിശദമാക്കിയതാണ്. അതു പരിഗണിച്ചില്ലെന്ന് ആ സമിതി നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. റിപ്പോര്‍ട്ട് വന്നശേഷം പെന്‍ഷന്‍കാരുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാരും തയാറായില്ല. ഒടുവില്‍, ഒരു സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയില്‍ നീതി തേടി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നുവെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ സഹകരണ വകുപ്പുദ്യോഗസ്ഥരോടു പറഞ്ഞു.

സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍നിന്നു പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കു സംസ്ഥാന, ജില്ലാ, പ്രൈമറി എന്ന വ്യത്യാസമില്ലാതെ ഒരു ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയെന്ന ആവശ്യം പരിഗണിച്ചില്ലെന്നും നിലവില്‍ ഒരേ തുക പെന്‍ഷന്‍ ഫണ്ടായി അടച്ചാലും പ്രാഥമിക സഹകരണ സംഘങ്ങളുടെ പെന്‍ഷന്‍ പദ്ധതിയിലും സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ പെന്‍ഷന്‍ പദ്ധതിയിലും ലഭിക്കുന്ന പെന്‍ഷന്‍ തുകയിലെ സീലിങ്ങില്‍ വ്യത്യാസമുണ്ടെന്നും അസോയിയേഷന്‍ പരാതിപ്പെടുന്നു. ചില ജില്ലാ സഹകരണ ബാങ്കുകള്‍ ഓരോ വര്‍ഷവും വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ തുക മാത്രം അടച്ച് പെന്‍ഷന്‍ബോര്‍ഡിനു സാമ്പത്തിക നഷ്ടം വരുത്തുന്ന കാര്യവും പരിഷ്‌കരണക്കമ്മിറ്റി പരാമര്‍ശിച്ചിട്ടില്ലെന്നു കോടതിയില്‍ അസോസിയേഷന്‍ ഉന്നയിച്ചു. ഇതു സഹകരണ വകുപ്പിനു മുമ്പിലും വിവരിച്ചു. ഇതിനൊപ്പം സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ ചില നിര്‍ദേശങ്ങളും അസോസിയേഷന്‍ മുന്നോട്ടുവെച്ചു.

സഹകരണ പെന്‍ഷന്‍ പദ്ധതിയുടെ സ്വാശ്രയം എന്ന വിശേഷണം ഒഴിവാക്കി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഒരു പെന്‍ഷന്‍ പദ്ധതിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണു പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ഇന്ത്യയില്‍ നിലവിലുള്ള എല്ലാ പെന്‍ഷന്‍ പദ്ധതിയിലും സര്‍ക്കാരിനു പങ്കാളിത്തമുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വാര്‍ധക്യകാല പെന്‍ഷന്‍ തുകപോലും സഹകരണ പെന്‍ഷന്‍കാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്നില്ല. അടിസ്ഥാന പെന്‍ഷനൊപ്പം 10 ശതമാനം ഡി.എ. അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പെന്‍ഷന്‍ ബോര്‍ഡിലേക്കു 22 ലക്ഷം രൂപ അടയ്ക്കുന്ന പ്രൈമറി സംഘം ജീവനക്കാരനു 17,850 രൂപയും 10.5 ലക്ഷം രൂപ അടയ്ക്കുന്ന ജില്ലാ ബാങ്ക് ജീവനക്കാരനു 21,420 രൂപയും ഒരേ പെന്‍ഷന്‍ഫണ്ടില്‍നിന്ന് അനുവദിക്കുന്ന വിചിത്രമായ സാഹചര്യമാണു നിലവിലുള്ളത്. ഇതു വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണ്. ഈ ഭീമമായ അന്തരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം – പെന്‍ഷന്‍കാരുടെ അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു.

നിലവിലുള്ള മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 300 രൂപയായി വര്‍ധിപ്പിക്കണമെന്നതാണു മറ്റൊരാവശ്യം. ചുരുങ്ങിയ പെന്‍ഷനുമായി ആദ്യകാലത്തു വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി പെന്‍ഷന്‍ പങ്കാളിത്തത്തില്‍ സര്‍വീസ് വെയിറ്റേജ്, പ്രായപരിധി അനുസരിച്ചുള്ള വര്‍ധന തുടങ്ങിയ മാനദണ്ഡങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുക, പെന്‍ഷന്‍ഫണ്ട് വര്‍ധിപ്പിക്കുന്നതിനും ജില്ലാ ബാങ്ക് പോലെ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവരുടെ മുഴുവന്‍ ജീവനക്കാരെയും പെന്‍ഷന്‍ബോര്‍ഡില്‍ ചേര്‍ക്കാതെ ഓരോ വര്‍ഷവും റിട്ടയര്‍ ചെയ്യുന്നവരുടെ തുക മാത്രം അടച്ച് പെന്‍ഷന്‍ വാങ്ങുന്ന സ്ഥിതി ഒഴിവാക്കുന്നതിനാവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരിക, പെന്‍ഷന്‍ ബോര്‍ഡില്‍ നിലവിലുള്ള ഓഡിറ്റ് സമ്പദായം പരിഷ്‌കരിച്ച് കാര്യക്ഷമമായ ഓഡിറ്റ് രീതി നടപ്പാക്കുക എന്നീ നിര്‍ദേശങ്ങളും അസോസിയേഷന്‍ പ്രതിനിധികള്‍ ഉന്നയിച്ചു. സര്‍ക്കാരിനു സാമ്പത്തിക പങ്കാളിത്തമില്ലെങ്കിലും സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയുടെ ഭാഗമാണു സഹകരണ പെന്‍ഷനും. സഹകരണ ജീവനക്കാര്‍ക്കു വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കേണ്ട ഉത്തരവാദിത്തവും ഈ പദ്ധതിമൂലം സര്‍ക്കാരിനില്ല. അതിനാല്‍, പെന്‍ഷന്‍ ബോര്‍ഡിന്റെ ഭരണച്ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാരില്‍നിന്ന് അനുവദിച്ചുകിട്ടുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് പെന്‍ഷന്‍കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. പെന്‍ഷന്‍ബോര്‍ഡില്‍ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായ പെന്‍ഷന്‍കാരുടെ സംഘടനകള്‍ക്കു മതിയായ പ്രതിനിധ്യം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു.

ബോര്‍ഡ് സെക്രട്ടറിക്ക്
പറയാനുള്ളത്

പരിമിതമായ സാമ്പത്തിക സാഹചര്യത്തില്‍നിന്നു മെച്ചപ്പെട്ട പരിഷ്‌കരണമാണു പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയിട്ടുള്ളതെന്നാണു പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി വിശദീകരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഇതിലും മെച്ചപ്പെട്ട ഒരു പരിഷ്‌കരണം സാധ്യമാകില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച സമിതിതന്നെ വിലയിരുത്തിയിട്ടുണ്ട്. അക്കാര്യം ബോധ്യപ്പെടുത്തുന്ന വിധത്തിലാണു ബോര്‍ഡ് സെക്രട്ടറി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ വിശദീകരണം നല്‍കിയത്. അസോസിയേഷന്‍ പ്രതിനിധികള്‍ ഉന്നയിച്ച ഓരോ കാര്യത്തിനും സെക്രട്ടറി വിശദീകരണം നല്‍കുന്നുണ്ട്.

സഹകരണ പെന്‍ഷനു ഡി.എ. അനുവദിക്കാന്‍ പെന്‍ഷന്‍പദ്ധതിയില്‍ വ്യവസ്ഥയില്ല. സഹകരണ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു 2021 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ പരിഷ്‌കരിച്ച് ഉത്തരവായത്. അന്നു നിലവിലുണ്ടായിരുന്ന ഒമ്പതു ശതമാനം ക്ഷാമാശ്വാസം അടിസ്ഥാന പെന്‍ഷനൊപ്പം ലയിപ്പിച്ചും അടിസ്ഥാന പെന്‍ഷന്റെ 10 ശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റ് കൂടി ചേര്‍ത്തുമാണു പെന്‍ഷന്‍ പുനര്‍നിര്‍ണയിച്ചത്. പെന്‍ഷന്‍ ഫണ്ടിന്റെ നിജസ്ഥിതി പഠിച്ച് അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നതു പദ്ധതിയുടെ നിലനില്‍പ്പിനുതന്നെ ദോഷമാകും എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം വര്‍ധിപ്പിച്ച ഡി.എ. അനുവദിക്കേണ്ടതില്ലെന്നും തുടര്‍ന്ന് ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ചു മാത്രം ഡി.എ. പ്രഖ്യാപിക്കുന്നതിനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്- സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു.

പെന്‍ഷന്‍ ഫണ്ടിന്റെ വയബിലിറ്റി സംബന്ധിച്ച് പഠിക്കുന്നതിനായി പെന്‍ഷന്‍ബോര്‍ഡ് നിയോഗിച്ച ആക്ചൂരിയന്‍ പഠന റിപ്പോര്‍ട്ട് പ്രകാരം അന്നു (2017) നിലവിലുണ്ടായിരുന്ന അംഗങ്ങള്‍ക്ക് അന്നത്തെ നിരക്കില്‍ ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്നതിനു 924 കോടി രൂപയുടെ കമ്മിയുള്ളതായും അതു നികത്തേണ്ടതാണെന്നും അധിക ആനുകൂല്യങ്ങള്‍ ഒന്നും അനുവദിക്കരുതെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടിനുശേഷം 2017 സപ്റ്റംബറിലും 2021 മാര്‍ച്ചിലും പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടുള്ളതാണ്. സഹകരണ ജീവനക്കാര്‍ക്കു നിലവില്‍ അനുവദിക്കുന്ന മെഡിക്കല്‍ അലവന്‍സ് 500 രൂപയാണ്. ഇതേ നിരക്കിലാണു പെന്‍ഷന്‍കാര്‍ക്കു മെഡിക്കല്‍ അലവന്‍സ് അനുവദിച്ചുവരുന്നത്. ഒരു സ്വാശ്രയ പെന്‍ഷന്‍ പദ്ധതി എന്ന നിലയില്‍ അധികനിരക്കില്‍ ആനുകൂല്യം നല്‍കാന്‍ കഴിയുന്നതല്ല. കൂടാതെ, സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് നടപ്പാക്കുന്നതോടെ മെഡിക്കല്‍ അലവന്‍സ് തുടര്‍ന്ന് അനുവദിക്കാനും കഴിയില്ല- സെക്രട്ടറി അറിയിച്ചു.

സെക്രട്ടറിയുടെ വിശദീകരണം തുടരുന്നു: പരിഷ്‌കരണക്കമ്മിറ്റി മിനിമം പെന്‍ഷന്‍ 4500 രൂപയായാക്കാനാണു ശുപാര്‍ശ ചെയ്തത്. എന്നാല്‍, ഫണ്ടിന്റെ സ്ഥിതി പരിഗണിച്ചാണ് അത് 3600 രൂപയായി നിജപ്പെടുത്തിയത്. ഇപ്രകാരം നടപ്പാക്കിയ വര്‍ധനവിനുപോലും ആവശ്യമായ അധിക ഫണ്ട് പെന്‍ഷന്‍ബോര്‍ഡിനു ലഭിച്ചിട്ടില്ല. മിനിമം പെന്‍ഷന്‍ ലഭിച്ചുവരുന്ന ഭൂരിപക്ഷം പെന്‍ഷന്‍കാരും അടച്ച ഫണ്ടിന്റെ പതിന്മടങ്ങ് പെന്‍ഷന്‍ ആനുകൂല്യമായി കൈപ്പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനുമായി ഒരു സ്വാശ്രയപെന്‍ഷനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. പെന്‍ഷന്‍ പദ്ധതിയുടെ സുരക്ഷിതത്വത്തിനു വേണ്ടി സര്‍ക്കാരില്‍നിന്നു ഫണ്ടിനായി നിരവധി തവണ അപേക്ഷിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു ഫണ്ടും ബോര്‍ഡിനു ലഭിച്ചിട്ടില്ല. നിലവില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളോട് ഒരു ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതുപോലെ പ്രൈമറി സംഘങ്ങളില്‍ നിന്നു അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ഈടാക്കാന്‍ പരിഷ്‌കരണക്കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഉത്തരവായിട്ടില്ല. ബോര്‍ഡിന്റെ ഭരണനിര്‍വഹണച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടതാണ്.

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് രൂപവത്കരിച്ച് നാളിതുവരെയായി ഭരണസമിതിയുടെ ഘടനയില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, എല്ലാ ഭരണസമിതികളിലും മാനേജ്മെന്റ് പ്രതിനിധിയായി ഒന്നിലധികം പെന്‍ഷന്‍കാര്‍ ഉണ്ടായിരുന്നു. കൂടാതെ, ഭാവിയിലെ പെന്‍ഷന്‍കാരായ ജീവനക്കാരുടെ പ്രതിനിധികളും ഭരണസമിതിയിലുള്ളതിനാല്‍ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ ഭരണസമിതിയും സര്‍ക്കാരും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അനുഭാവപൂര്‍വം പരിഗണിച്ചിട്ടുള്ളതാണ്. പെന്‍ഷന്‍കാര്‍ക്കു പ്രാതിനിധ്യം നല്‍കിയാല്‍ പെന്‍ഷന്‍ ഫണ്ടിന്റെ നിലനില്‍പ്പ് പരിഗണിക്കാതെ നിരന്തരം ആനുകൂല്യം വര്‍ധിപ്പിക്കുന്നതിനു ഭരണസമിതിയില്‍ സമ്മര്‍ദം കൂടുകയും പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകാതെ വരികയും ചെയ്യും- സെക്രട്ടറി അറിയിച്ചു.

സംസ്ഥാന -ജില്ലാ സഹകരണ ബാങ്കുകളില്‍നിന്നു ലഭിക്കുന്ന പെന്‍ഷന്‍ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രൈമറി ജീവനക്കാരുടെ പെന്‍ഷനില്‍ ഗണ്യമായ കുറവ് വന്നിട്ടില്ലെന്നു വ്യക്തമാണെന്നു സെക്രട്ടറി പറയുന്നു. പ്രൈമറി പെന്‍ഷന്‍ സ്‌കീം പ്രകാരം ശരാശരി ശമ്പളത്തിന്റെയും യോഗ്യ സേവനകാലത്തിന്റെയും അടിസ്ഥാനത്തിലാണു പെന്‍ഷന്‍ നിര്‍ണയിക്കുന്നത്. ജീവനക്കാരന്റെ പേരില്‍ അടയ്ക്കുന്ന ഫണ്ടുമായി പെന്‍ഷനു ബന്ധമില്ല. എന്നാല്‍, ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍ സ്‌കീം പ്രകാരം അടവാക്കിയ ഫണ്ടിന്റെ നിശ്ചിത ശതമാനമാണു പെന്‍ഷനായി അനുവദിക്കുന്നത്. ജില്ലാ സഹകരണ ബാങ്ക് പൂര്‍ണമായും ഫണ്ട് അടയ്ക്കുന്നതിന്റെ അടുത്ത മാസം മുതല്‍ക്കാണു പെന്‍ഷനു അര്‍ഹത. 17,850 രൂപ അനുവദിക്കുന്ന എല്ലാ പെന്‍ഷന്‍കാരുടെയും പേരില്‍ 10 ലക്ഷം രൂപ അടവാക്കിയിട്ടില്ല. എന്നാല്‍, 21,420 രൂപ ലഭിക്കുന്ന എല്ലാ ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാരുടെ പേര്‍ക്കും 10 ലക്ഷം രൂപയ്ക്കു മുകളില്‍ ഫണ്ട് അടവാക്കിയിട്ടുണ്ട്. കൂടാതെ, അടവാക്കിയ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെടുമ്പോള്‍ തുച്ഛമായ ഫണ്ട് അടച്ചതിന്റെ 15-20 മടങ്ങ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ളവര്‍ക്കും പെന്‍ഷന്‍ നല്‍കിവരുന്നത് ഈ ഫണ്ടില്‍നിന്നാണെന്നു പരിഗണിക്കേണ്ടതുണ്ട്.

2017 നവംബറിലെ ഹൈക്കോടതി ഉത്തരവിനുശേഷം വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷ ബാങ്ക് പെന്‍ഷന്‍ബോര്‍ഡില്‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു നിരവധി ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിനിര്‍ദേശപ്രകാരം ഈ ജീവനക്കാരുടെ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. അപ്രകാരം വിരമിക്കുന്ന ജീവനക്കാരുടെ പെന്‍ഷന്‍ഫണ്ട് മാത്രമാണു പെന്‍ഷന്‍ ബോര്‍ഡിലേക്ക് അടവാക്കുന്നത്. എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ഫണ്ട് മാത്രമാണ് അപ്രകാരം അടവാക്കുന്നത്. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന പ്രത്യേകാനുമതി ഹര്‍ജികള്‍ തീര്‍പ്പാകുന്ന മുറയ്ക്ക് എറണാകുളം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ഫണ്ട് അടവാക്കുന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകും. പെന്‍ഷന്‍ പദ്ധതി ക്ലോസ്-3 പ്രകാരം പെന്‍ഷന്‍ ഫണ്ടിന്റെ കണക്കുകള്‍ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള ഓഡിറ്റ് മുഖേന ഓഡിറ്റ് നടത്തുന്നതിനാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. അപ്രകാരം ഒരു കണ്‍കറന്റ് ഓഡിറ്ററുടെ സേവനം പെന്‍ഷന്‍ബോര്‍ഡില്‍ നിലവിലുള്ളതാണ്- സെക്രട്ടറി അറിയിച്ചു.

പെന്‍ഷന്‍ പരിഷ്‌കരണക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ പെന്‍ഷന്‍ഫണ്ട് വര്‍ധിപ്പിക്കുന്നതിനു നാലു കാര്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജീവനക്കാരില്‍നിന്നു ബേസിക് പേയും ഡി.എ.യും ചേര്‍ത്ത് അതിന്റെ മൂന്നു ശതമാനം പെന്‍ഷന്‍ ഫണ്ടായി ഈടാക്കുക, മുഴുവന്‍ സംഘങ്ങള്‍ക്കും അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ഈടാക്കുക, പെന്‍ഷന്‍ ഫണ്ട് കുടിശ്ശികയ്ക്കുള്ള പലിശ പത്തില്‍നിന്നു 15 ശതമാനമാക്കി ഉയര്‍ത്തുക, നിശ്ചിത തീയതിക്കു ശേഷം വിരമിക്കുന്ന ജീവനക്കാര്‍ക്കു എന്‍.പി.എസ്. മാതൃകയില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുക എന്നിവയാണിതെന്നു പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു.

പഠിക്കാന്‍
വീണ്ടും സമിതി

പെന്‍ഷന്‍കാര്‍ ഉന്നയിക്കുന്നതിലും ബോര്‍ഡ് സെക്രട്ടറി വിശദീകരിക്കുന്നതിലും കാര്യമുണ്ടെന്ന നിഗമനത്തിലാണു സര്‍ക്കാര്‍ എത്തിയത്. എന്നാല്‍, ഇതില്‍ എന്തു പരിഹാരമെന്നതില്‍ തീര്‍പ്പുണ്ടായിട്ടില്ല. സഹകരണ പെന്‍ഷന്റെയോ ബോര്‍ഡിന്റെയോ ഒരു സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നതാണ് ഒന്നാമത്തെ കാര്യം. ബോര്‍ഡിന് അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് നല്‍കാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ കേരള ബാങ്കിനു പോലും അനുകൂലമനസ്സില്ല. 25 കോടിയോളം രൂപ കേരള ബാങ്ക് ബോര്‍ഡിനു നല്‍കാന്‍ ബാക്കിയുണ്ട്. വരുമാനം കൂട്ടാതെ പെന്‍ഷന്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് ഉറപ്പാണ്. ലഭിക്കുന്ന വരുമാനം ക്രിയാത്മകമായും സുരക്ഷിതമായും ഉപയോഗിക്കാനുള്ള കാലോചിതമായ പരിഷ്‌കാരമാണു ബോര്‍ഡിലുണ്ടാവേണ്ടത്. എന്നാല്‍, അത്തരം ആലോചനപോലും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ദാനം നടത്തുന്ന രീതി ബോര്‍ഡ് സ്വീകരിക്കുന്നതും അപകടകരമായ നീക്കമാണ്.

ജീവനക്കാരുടെ വിഹിതം കൂട്ടുക, പങ്കാളിത്ത പെന്‍ഷന്റെ മാതൃകയില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരിക എന്നിവയൊക്കെയാണു സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സഹകരണ പെന്‍ഷന്‍ പദ്ധതി കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുന:ക്രമീകരിക്കേണ്ടതുണ്ടെന്നാണു സഹകരണ വകുപ്പ് നടത്തിയ നേരിട്ടുകേള്‍ക്കലിനു ശേഷം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. പെന്‍ഷന്‍ പദ്ധതി ഒരു സ്വാശ്രയ പദ്ധതിയാണ്. അതിനാല്‍, ജീവനക്കാരുടെ വിഹിതം കൂടി ഉറപ്പുവരുത്തി പദ്ധതി പുന:ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. ഇതിനായി വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റിട്ട. ജഡ്ജി അധ്യക്ഷനും വിരമിച്ച ഒരു അഡീഷണല്‍ രജിസ്ട്രാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, പെന്‍ഷന്‍ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളായും പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി കണ്‍വീനറുമായി ഒരു സമിതിയെ നിയോഗിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു സമിതിയെ ചുമതലപ്പെടുത്തുന്നതിനു തത്വത്തില്‍ അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

 

 

 

 

Leave a Reply

Your email address will not be published.