സഹകരണ പെന്‍ഷന്‍കാര്‍ക്കും നിക്ഷേപപിരിവുകാര്‍ക്കും ബോണസ്

[email protected]

സഹകരണ സംഘങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഓണത്തിന് ഉത്സവ ബത്ത അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 5000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3500 രൂപയും കുടുംബ പെന്‍ഷന്‍കാര്‍ക്ക് 3000 രൂപയുമാണ് അനുവദിക്കുക. സഹകരണ സംഘങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഓണം ബോണസ് അനുവദിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

സ്ഥിരം ജീവനക്കാര്‍ക്ക് വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബോണസ് നല്‍കാനാണ് രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിക്കുന്നതിനെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയത്. സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്കാണ് ഉത്സവ ബത്ത ബാധകമാകുകയെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ-വായ്പ പിരിവുകാര്‍, സെക്യുരിറ്റി ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും 5000 രൂപ ഉത്സവ ബത്ത അനുവദിക്കാമെന്നാണ് നിര്‍ദ്ദേശം. പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്ത അനുവദിക്കണമെന്ന് കാണിച്ച് കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് പെന്‍ഷന്‍കാര്‍ക്ക് ഉത്സവ ബത്ത് അനുവദിച്ച് ഉത്തരവിറക്കിയത്.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന എല്ലാ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്തയ്ക്ക് അര്‍ഹതയുണ്ടാകുമെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബോര്‍ഡില്‍നിന്ന് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും മറ്റ് മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ഉത്സവ ബത്ത ലഭ്യമാകും.

Leave a Reply

Your email address will not be published.