സഹകരണ നിയമഭേദഗതി ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍

Deepthi Vipin lal

സഹകരണ നിയമത്തില്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സഹകരണ മേഖലയിലെ അഴിമതി തടയുക എന്നതാണ് നിയമഭേദഗതിയുടെ പ്രധാന ഉദ്ദേശ്യം. ഇതു സംബന്ധിച്ച ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാന്‍ നിയമ നിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ നാലിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.


സഹകരണ സ്ഥാപനങ്ങളില്‍ ടീം ഓഡിറ്റ് നടപ്പാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തന വ്യാപ്തിക്കനുസരിച്ചായിരിക്കും ഓഡിറ്റ് . 250 കോടിക്കുമേല്‍ പ്രവര്‍ത്തന മൂലധനമുള്ള സംഘങ്ങളെ ഗ്രൂപ്പാക്കി മൂന്ന് ഓഡിറ്റര്‍മാരടങ്ങുന്ന ടീം പരിശോധിക്കും. ജില്ലയിലെ ജോയിന്റ് ഡയരക്ടര്‍, അസി. ഡയരക്ടര്‍മാര്‍ക്കായിരിക്കും മേല്‍നോട്ടം. ഇന്ത്യന്‍ ഓഡിറ്റ് അക്കൗണ്ട്‌സ് സര്‍വീസില്‍ നിന്ന് ഡപ്യൂട്ടി അക്കൗണ്ടന്റ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ
ഡെപ്യൂട്ടേഷനില്‍ നിയമിക്കും.

സാമ്പത്തിക ക്രമക്കേട്, പണാപഹരണം, സ്വര്‍ണപ്പണയത്തട്ടിപ്പ്, വായ്പാ തട്ടിപ്പ് തുടങ്ങിയവ നടന്നതായി സ്ഥിരീകരണം ലഭിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. പൊലീസിനോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സഹകരണ സംഘം നിയമത്തിലെ 65,66 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. വിജിലന്‍സിന് നേരിട്ട് സംഘങ്ങളില്‍ പരിശോധന നടത്തുന്നതിനും കേസെടുക്കുന്നതിനും സാധിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിനായി സഹകരണ നിയമത്തിലും സി.ആര്‍.പി.സി.യിലും ഭേദഗതി വരുത്തും. കുറ്റക്കാരുടെ ആസ്തി മരവിപ്പിക്കുന്നതിന് ആവശ്യമായ വകുപ്പുകളുമുണ്ടാകും.

സംഘങ്ങളിലെ ജീവനക്കാരുടെ ജോലി, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം എന്നിവയ്ക്ക് മാനദണ്ഡം രൂപീകരിക്കുന്നതിലും വ്യക്തത വരുത്തും. നിയമഭേദഗതിയിലൂടെ സഹകരണ മേഖലയില്‍ വിപ്ലവകരമായ ചുവടുവെപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്രമക്കേട് എവിടെ നടന്നാലും ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. വരും കാലത്ത് തട്ടിപ്പ് തടയാന്‍ ഏകീകൃത സോഫ്റ്റ്വെയര്‍ അടക്കമുള്ള പരിഷ്‌കാരം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!