സഹകരണ നിയമഭേദഗതി നിയമസഭ സെലക്ട് കമ്മിറ്റി ആദ്യ യോഗം ചേരുന്നു

moonamvazhi

സഹകരണ നിയമത്തില്‍ സമഗ്ര മാറ്റം നിര്‍ദ്ദേശിക്കുന്ന സഹകരണ സംഘം ഭേദഗതി നിയമം നിയമസഭ സെലക്ട് കമ്മിറ്റി പരിശോധിക്കുന്നു. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിലുള്ളതാണ് സമിതി. ചെയര്‍മാനെ കൂടാതെ 14 അംഗങ്ങളാണ് ഉള്ളത്. പി.അബ്ദുള്‍ ഹമീദ്, ഇ.ചന്ദ്രശേഖരന്‍, വി.ജോയ്, കോവൂര്‍ കുഞ്ഞുമോന്‍, ടി.ഐ.മധുസൂദനന്‍, മാത്യു കുഴല്‍നാടന്‍, മോന്‍സ് ജോസഫ്, കെ.ശാന്തകുമാരി, സെബാസ്റ്റ്യന്‍ കളത്തുങ്കല്‍, വി.ആര്‍.സുനില്‍കുമാര്‍, സണ്ണി ജോസഫ്, കടകംപള്ളി സുരേന്ദ്രന്‍, തോമസ് കെ.തോമസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഭേദഗതി വ്യവസ്ഥകള്‍ സംബന്ധിച്ച് ഒട്ടേറെ അഭിപ്രായങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ച ബില്ല് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ മേഖലയിലെ വിവിധ സംഘടനകള്‍ ചര്‍ച്ചകളും സെമിനാറുകളും നടത്തിവരികയാണ്. ഇതില്‍നിന്നുണ്ടായ അഭിപ്രായങ്ങള്‍ മന്ത്രിക്ക് കൈമാറുന്നുണ്ട്.

സെലക്ട് കമ്മിറ്റിയുടെ ആദ്യയോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. രാവിലെ 10.30ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് യോഗം. ഇതില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിര്‍ദ്ദേശങ്ങളാണ് സ്വീകരിക്കുന്നത്. മന്ത്രി വി.എന്‍ വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് മെമ്പേഴ്‌സ് എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.

2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇമെയിലായോ (ഇമെയില്‍: [email protected]) സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാവുന്നതുമാണ്.

Leave a Reply

Your email address will not be published.