സഹകരണ നിയമഭേദഗതി: ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന് ഏഴംഗ സമിതി

[mbzauthor]

 

സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്‍ നിയമസഭ പാസാക്കിയതിന് പിന്നാലെ, ഇതിന് അനുസരിച്ച് ചട്ടം രൂപീകരിക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് കടന്നു. ചട്ടം രൂപീകരണത്തിന് ഏഴംഗങ്ങളടങ്ങുന്ന ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായാണ് സമിതി പ്രവര്‍ത്തിക്കുക. ഈ കമ്മിറ്റിയില്‍ നാല് അംഗങ്ങള്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും മൂന്ന് അംഗങ്ങള്‍ സഹകരണ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധരുമായിരിക്കും.

മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ലയിക്കുന്നതിന് തടയാന്‍ നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. സഹകരണ നിയമത്തിലെ 14-ാം വകുപ്പിലാണ് സംഘങ്ങളുടെ ലയനം സംബന്ധിച്ചുള്ള വ്യവസ്ഥ കൊണ്ടുവന്നത്. ഇതിന് അനുസരിച്ച് തയ്യാറാക്കുന്ന ചട്ടത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമായി കൊണ്ടുവരുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

33 മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാണ് കേരളം ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 68 സംഘങ്ങള്‍ കേരളം പ്രവര്‍ത്തന കേന്ദ്രവുമാണ്. ഇവയുടെയെല്ലാം ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു നിബന്ധനകളുമില്ലാതെയാണ് ഈ സംഘങ്ങള്‍ നിക്ഷേപം വാങ്ങുന്നതും വായ്പ നല്‍കുന്നതും. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശങ്ങളൊന്നും ഇവയ്ക്ക് ബാധകമാകുന്നില്ല. ചില നിക്ഷേപം തിരിച്ചുകൊടുക്കാതെ തകര്‍ന്നുപോയിട്ടുണ്ട്. അതിനാല്‍, മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സഹകാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആര്‍ബിട്രേഷന്‍ നടപടി വൈകുന്നത് സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് ആര്‍ബിട്രേറ്റര്‍മാരായി ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനുള്ള വ്യവസ്ഥ നിയമത്തില്‍ കൊണ്ടുവന്നത്. സംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വായ്പ വിവരങ്ങള്‍ പൊതുയോഗം മുമ്പാകെ അറിയിക്കണമെന്ന വ്യവസ്ഥ തട്ടിപ്പ് തടയാന്‍ സഹായിക്കും. ഗ്രൂപ്പ് നിക്ഷേപ പദ്ധതികളില്‍ ജീവനക്കാര്‍ അംഗമായി അവര്‍തന്നെ വിളിച്ചെടുക്കുന്ന രീതി ചിലയിടത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം തടയാന്‍ പുതിയ വ്യവസ്ഥ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.