സഹകരണ നിക്ഷേപ സമാഹരണത്തിലൂടെ 9,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കും: വി.എന്‍.വാസവന്‍

moonamvazhi

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന 44-ാമത് നിക്ഷേപ സമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുന്നതിനാണ് ലക്ഷ്യമിടുന്നത്.നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 10ന് രാവിലെ 11.00 മണിക്ക് ജവഹര്‍ സഹകരണ ഭവനില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.

പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാര്‍ഷികവികസന ബാങ്കിലൂടെ 150 കോടിയാണ് ലക്ഷ്യം. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിര്‍ദേശം.ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നാണ് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നത്; 900 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്.

സഹകരണ മേഖലയിലെ നിക്ഷേപം വര്‍ധിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയും യജ്ഞത്തിന്റെ ലക്ഷ്യമാണ്. ഒരു വീട്ടില്‍ ഒരു സഹകരണ ബാങ്ക് അക്കൗണ്ടെന്ന പ്രഖ്യാപിത ലക്ഷ്യവും സാധ്യമാക്കമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News