സഹകരണ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് ഉത്തരവിറങ്ങി: മൊത്തം വാർഷിക വേതനത്തിന്റെ 8.33% ബോണസ്.

adminmoonam

സഹകരണ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച് ഉത്തരവിറങ്ങി. മിനിമം ബോണസ് വാർഷിക വേതനത്തിന്റെ 8.33 ശതമാനം. സഹകരണ സ്ഥാപനങ്ങളിലെ ശമ്പള സ്കെയിൽ ഓപ്റ്റ് ചെയ്തിട്ടുള്ള പാർട്ട് ടൈം- കണ്ടിജന്റ് ജീവനക്കാർ, നീതി സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ റെഗുലർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ബോണസ് അനുവദിച്ചു.

എല്ലാ സഹകരണസംഘങ്ങളും ലാഭനഷ്ടം നോക്കാതെ ജീവനക്കാർക്ക് 2019- 20 വർഷത്തെ മൊത്തം വാർഷിക വേതനത്തിന്റെ 8.33% മാസവേതനം പരമാവധി 7000 രൂപ എന്ന തോതിൽ കണക്കാക്കി ബോണസ് നൽകണം. 2019- 20 വർഷത്തെ കണക്കനുസരിച്ച് ബോണസ് ആക്റ്റിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം മതിയായ സംഖ്യ അലോക്കബിൾ സർപ്ലസ് ഉള്ള സംഘങ്ങൾ 7000 രൂപ വരെ, മാസവേതനം ഉള്ള ജീവനക്കാർക്ക് വാർഷിക വേതനത്തിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകണം. അലോക്കബിൾ സർപ്ലസ് ഉള്ള സഹകരണസംഘങ്ങൾ 7000 രൂപയ്ക്ക് മുകളിൽ മാസവേതനം ഉള്ള ജീവനക്കാർക്ക് മാസവേതനം 7000 രൂപ എന്ന് കണക്കാക്കി ആയതിന്റെ 20%ൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകാം.

ഉയർന്ന തോതിൽ ജീവനക്കാർക്ക് ബോണസ് നൽകുന്ന സ്ഥാപനങ്ങൾ, സംഘങ്ങൾ അലോക്കബിൾ സർപ്ലസിൽ അധികരിച്ച സംഖ്യ ബോണസ് നൽകാൻ പാടില്ല. ആലോക്കബിൾ സർപ്ലസ് ഇല്ലാതിരിക്കുകയും അതേസമയം 2019- 20 വർഷത്തെ കണക്കുപ്രകാരം നിയമാനുസൃതമായ എല്ലാ റിസർവ്കളും വകയിരുത്തിയ ശേഷം അറ്റലാഭമുള്ള സംഘങ്ങൾ അറ്റലാഭത്തിന്റെ 40 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ വരത്തക്ക വിധത്തിൽ ബോണസ് അനുവദിക്കാം.

അപ്പക്സ് സഹകരണ സ്ഥാപനങ്ങൾ, ജില്ലാ സഹകരണ ബാങ്കുകൾ, കൺകറന്റ് ആഡിറ്റർ ഉള്ള മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കണക്കാക്കുന്ന അലോക്കബിൾ സർപ്ലസും 2019 -20 വർഷത്തെ അറ്റലാഭം അതാത് സ്ഥാപനങ്ങളിലെ കൺകറന്റ് ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുതേണ്ടതും അതുപ്രകാരമാണ് ബോണസ് നൽകുന്നതെന്നു ഉറപ്പുവരുത്തേണ്ടതുമാണ്.

നിയമപരമായി സൂക്ഷിക്കേണ്ട കരുതലുകൾക്ക് ആവശ്യമായ തുക വകയിരുത്താതെ ലാഭനഷ്ടക്കണക്കുകളിൽ കൃത്രിമമായി ലാഭം കാണിക്കുകയും ആ ലാഭത്തിന്റെ അടിസ്ഥാനത്തിൽ ബോണസ് അധികമായി നൽകാൻ ഇടയാക്കുകയും ചെയ്താൽ അപ്രകാരം അധികതുക നൽകിയിട്ടുള്ളതിന്റെ ഉത്തരവാദിത്വം അതാത് സ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവിനും ഭരണസമിതിക്കും ആയിരിക്കും. അധികമായി നൽകുന്ന തുക ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും തിരികെ ഈടാക്കുന്നതും അപ്രകാരം ഈ തുക ജീവനക്കാരിൽ നിന്നും ഉണ്ടാകാത്തപക്ഷം ബന്ധപ്പെട്ട ഭരണസമിതി ക്കെതിരെ സർചാർജ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കൺകറന്റ് ആഡിറ്റർ ഇല്ലാത്ത സ്ഥാപനങ്ങൾ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബോണസ് നൽകിയതായി ആഡിറ്റർ കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ/ വായ്പ കളക്ഷൻ ജീവനക്കാർക്ക് ഇവരുടെ കമ്മീഷനിൽ നിന്നും പ്രതിമാസ ശമ്പള പരിധിയായി 4000 രൂപ നിശ്ചയിച്ചുകൊണ്ട് ആയതിന് ആനുപാതികമായി നിബന്ധനകൾക്ക് വിധേയമായി ബോണസ് നൽകാം.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന അപ്രൈസർമാർക്ക് പ്രതിമാസ ശമ്പളപരിധി മൂവായിരം രൂപയായി നിശ്ചയിച്ചുകൊണ്ട് ആയതിന് ആനുപാതികമായി നിബന്ധനകൾക്ക് വിധേയമായി ബോണസ് അനുവദിക്കാമെന്നും സഹകരണ സംഘം രജിസ്ട്രാറുടെ ഇന്നലെ ഇറങ്ങിയ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published.