സഹകരണ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്നതിന് സ്റ്റേ

[email protected]

സഹകരണ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്നതിന് സ്റ്റേ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സംഘം ജീവനക്കാരും ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന രജിസ്ട്രാറുടെ സര്‍ക്കുലറിന് സ്റ്റേ. ഹൈക്കോടതിയാണ് സ്‌റ്റേ ചെയ്തത്. രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സഹകരണ സംഘം ജീവനക്കാരായ പി.എ.യൂസഫ്, സിബി ചാക്കോ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സ്‌റ്റേ. സ്വമേധയാ ശമ്പളം നല്‍കുന്നവര്‍ക്ക് സ്റ്റേ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കുലറിക്കിയത്. ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് അക്കാര്യം എഴുതി നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറില്‍ ഈ വ്യവസ്ഥ പോലുമുണ്ടായിരുന്നില്ല. ഇതോടെയാണ് സഹകരണ സംഘം ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. സ്വയംഭരണാധികാരമുള്ള സഹകരണ സംഘങ്ങളുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ പങ്കാളിത്തമില്ല. ഈ നിലയില്‍ രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇതംഗീകരിച്ചാണ് കോടതി സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തത്.

സഹകരണ സംഘത്തിന്റെ ലാഭവിഹിതവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന സര്‍ക്കുലറും രജിസ്ട്രാര്‍ ഇറക്കിയിട്ടുണ്ട്. ഇതും നിയമവരുദ്ധമാണ്. ലാഭവിഹിതം എങ്ങനെ വിഭജിക്കണമെന്ന് കേരള സഹകരണ സംഘം നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനുവരുദ്ധമായി ലാഭം അംഗങ്ങള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ അധികാരമില്ല. ഇതിനെതിരെയും കോടതിയെ സമീപിക്കാനുള്ള നടപടികള്‍ ചില സംഘങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News