സഹകരണ ചരിത്രമെഴുതാന്‍ വയനാട്ടില്‍ സപ്ത ഒരുങ്ങുന്നു

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

(2021 ഫെബ്രുവരി ലക്കം)

രാജ്യത്ത് സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത ശുചിത്വത്തിനു പേരുകേട്ട സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനത്തിനു ഒരുങ്ങുകയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് വലിയ ഉയരങ്ങള്‍ താണ്ടിയ ലാഡര്‍ പണിയുന്ന ഈ ഹോട്ടല്‍ സമുച്ചയം വയനാടിന്റെ വികസനവഴിയില്‍ നാഴികക്കല്ലാവും.

പ്രകൃതി ദൃശ്യങ്ങളും ജൈവ വൈവിധ്യങ്ങളും ചരിത്ര സ്മാരകങ്ങളും തേടി വയനാട്ടിലെത്തുന്നവരെ സ്വീകരിക്കാന്‍ ‘ സപ്ത ‘ ഒരുങ്ങുന്നു. സഹകരണ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയം സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നു. നിക്ഷേപ സമാഹരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും നിര്‍മാണ മേഖലയിലും അടുത്ത കാലത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച കോഴിക്കോട്ടെ സഹകരണ സംരംഭമായ ലാഡറാണ് പശ്ചിമഘട്ട നിരകളില്‍ പച്ചപ്പ് നഷ്ടമാവാതെ വികസനത്തിന്റെ പുതുവഴികള്‍ തേടുന്ന വയനാടിനു കൂടുതല്‍ ഉയരങ്ങളിലേക്ക് കയറാന്‍ പടവുകള്‍ പണിയുന്നത്. ദേശീയ പാത 212 ല്‍ ബത്തേരി – മൈസൂര്‍ റോഡില്‍ നിന്നു അല്‍പ്പം ഉള്ളോട്ട് മാറി 100 കോടി രൂപ ചെലവിലാണ് കേരള ലാന്‍ഡ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ലാഡര്‍ ) അഭിമാന പ്രോജക്ട് നടപ്പാക്കുന്നത്.

 

വയനാട് എന്ന സ്വപ്‌നഭൂമി

ദൃശ്യവൈവിധ്യങ്ങള്‍ തേടുന്നവര്‍ക്ക് എക്കാലത്തും സ്വപ്നഭൂമിയാണ് വയനാട്. കാടും മേടും മലകളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ പ്രകൃതി കനിഞ്ഞൊരുക്കിയ പഴയ ‘വയല്‍നാട്’ . കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ കവാടമായിരുന്ന ഗണപതിവട്ടം പടയോട്ടക്കാലത്ത് ടിപ്പു സുല്‍ത്താന്‍ ആയുധപ്പുരയാക്കി മാറ്റിയതോടെ സുല്‍ത്താന്‍സ് ബാറ്ററിയും പിന്നീട് സുല്‍ത്താന്‍ ബത്തേരിയുമായി. കേരളത്തിലെ പ്രധാന ടൂറിസം ജില്ലയായ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യമാണ് ബത്തേരിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയത്. ശിലായുഗ ലിഖിതങ്ങള്‍ കണ്ടെത്തിയതോടെ ചരിത്ര സ്മാരകമായി മാറിയ എടക്കല്‍ ഗുഹയിലേക്ക് ബത്തേരിയില്‍ നിന്ന് 12 കി.മീറ്റര്‍ മാത്രമാണുള്ളത്. കാടിന്റെ കുളിര്‍മയും കാട്ടുമൃഗങ്ങളുടെ വന്യതയും അടുത്തറിയാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ബത്തേരിയില്‍ നിന്നു 16 കി.മീറ്റര്‍ യാത്ര ചെയ്താല്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്താം. ആയിരത്തോളം ഏക്കറില്‍ ചിതറിക്കിടക്കുന്ന കുറുവ ദീപിലെ മനം കവരുന്ന കാഴ്ചകള്‍ കാണാന്‍ 37 കി.മീറ്ററും സൂചിപ്പാറയിലെ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍ 28 കി.മീറ്ററും ബത്തേരിയില്‍ നിന്നു യാത്ര ചെയ്താല്‍ മതി. പിതൃമോക്ഷവും പാപമോചനവും തേടിയെത്തുന്നവര്‍ തെക്കന്‍ കാശി എന്നു വിളിക്കുന്ന തിരുനെല്ലി, അപൂര്‍വ്വ പറവകളുടെ നിഗൂഢ കേന്ദ്രമായ പക്ഷി പാതാളം, വനത്തിനു നടുവില്‍ പ്രകൃതി ഒരുക്കിയ തടാകമമായ പൂക്കോട്, ഉയരങ്ങള്‍ തേടുന്നവരുടെ ഇഷ്ടസ്ഥലമായ ചെമ്പ്രമല , വയനാടിന്റെ ജലസംഭരണിയായ കാരാപ്പുഴ ഡാം , തട്ടുതട്ടായി ഒഴുകുന്ന വെള്ളം വിസ്മയക്കാഴ്ചയായ മീന്‍മുട്ടി തുടങ്ങി ധീര ദേശാഭിമാനിയും വയനാടിന്റെ പോരാളിയുമായ പഴശ്ശിരാജയുടെ അന്ത്യവിശ്രമ സ്ഥലം വരെ നീളുന്ന സഞ്ചാര കേന്ദ്രങ്ങളിലേക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു ചെന്നെത്തുക എളുപ്പമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു കോഴിക്കോട്ടേക്ക് 98 കി. മീറ്ററും മൈസൂരുവിലേക്ക് 115 കി.മീറ്ററും ദൂരമുണ്ട്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളം വഴി എത്തുന്ന സഞ്ചാരികള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ വിശ്രമിച്ച് വയനാട് ചുറ്റിക്കറങ്ങാന്‍ കഴിയുന്ന വിധത്തിലാണ് സപ്ത ഒരുങ്ങുന്നത്.

വയനാട്ടിലെ ആദിവാസി വൈദ്യന്മാരുടെ പരമ്പര്യ ചികിത്സ തേടിയെത്തുന്നവരില്‍ മറ്റു സംസ്ഥാനക്കാരും വിദേശികളുമുണ്ട്. അവര്‍ക്ക് നിലവാരമുള്ള താമസ സൗകര്യമൊരുക്കാന്‍ സപ്തക്ക് കഴിയും. കാപ്പി, ചായ, കുരുമുളക്, ഏലം, ചുക്ക് തുടങ്ങിയ വാണിജ്യ വിളകളിലുടെ നൂറ്റാണ്ടുകളായി പ്രശസ്തമാണ് വയനാട്. കേരളത്തിലെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രങ്ങള്‍ വയനാട്ടിലാണ്. കച്ചവടാവശ്യത്തിന് വയനാട്ടിലെത്തുന്നവര്‍ക്ക് അത്താണിയാവും സപ്ത. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി
പങ്കിടുമ്പോള്‍ത്തന്നെ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും നിത്യേന ആയിരക്കണക്കിനു യാത്രക്കാരാണ് വയനാട് വഴി ഒഴുകുന്നത്. അവരുടെ ഇടത്താവളമാണ് സുല്‍ത്താന്‍ ബത്തേരി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യം ലഭിക്കുമ്പോള്‍ സപ്ത ബത്തേരിയുടെ വികസനത്തിന് ആക്കം കൂട്ടും.

വൃത്തിയുള്ള നഗരം

1969 ലാണ് സുല്‍ത്താന്‍ ബത്തേരി ഗ്രാമപ്പഞ്ചായത്ത് നിലവില്‍ വന്നത്. 2015 ല്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ടു. ശുചിത്വത്തിനു സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നഗരസഭയാണ് സുല്‍ത്താന്‍ ബത്തേരി . നഗരസഭയും നാട്ടുകാരും കച്ചവടക്കാരുമൊക്കെ ഒത്തു പിടിച്ച് നടപ്പാക്കിയ ടൗണ്‍ ശുചിത്വ പദ്ധതി മറ്റു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. ബത്തേരി ടൗണില്‍ പൂച്ചെടികള്‍ തൂക്കി അലങ്കരിച്ച പ്രധാന പാത ആരേയും ആകര്‍ഷിക്കും. ബത്തേരി ടൗണിന്റെ പ്രൗഢിയും പത്രാസും വിളിച്ചോതുന്ന സ്ഥാപനമായി സപ്ത മാറും.

വയനാടിന്റെ ഗ്രാമീണത്തനിമയും ദൃശ്യചാരുതയും ഒത്തുചേരുന്ന സ്ഥലത്താണ് കാലത്തിന്റെ കൗതുകവും പാരമ്പര്യത്തിന്റെ പ്രതീകവുമായി ആധുനിക വാസ്തുവിദ്യയുടെ വൈഭവം വിളിച്ചറിയിക്കുന്ന വിധത്തില്‍ സപ്ത പണി പൂര്‍ത്തിയാവുന്നത്. കുളിര്‍കാറ്റ് വീശിയടിക്കുന്ന വിശാലമായ നെല്‍പ്പാടങ്ങളിലേക്ക് വാതായനങ്ങള്‍ തുറക്കുന്ന വലിയ നാലു സ്യൂട്ട് മുറികള്‍ അടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുറികളില്‍ ഉന്നത നിലവാരത്തിലാണ് ഫര്‍ണിഷിങ്. ഹോട്ടലിലെ അതിഥികള്‍ക്കും പുറത്തു നിന്നെത്തുന്നവര്‍ക്കും ഏറ്റവും ഇഷ്ട ഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റസ്റ്റോറന്റുകള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കളയും തീന്‍മേശയുമൊക്കെ പഞ്ചനക്ഷത്ര സ്‌റ്റൈലില്‍ത്തന്നെ. വലിയ സംഗമങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കോണ്‍ഫ്രന്‍സ് ഹാള്‍ ചെറുസമ്മേളനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്താന്‍ ആധുനിക രീതിയില്‍
പാര്‍ട്ടീഷന്‍ സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാരതീയ, പാശ്ചാത്യ ചികില്‍സാ സമ്പ്രദായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഭാഗമായുണ്ട്. വാട്ടര്‍ തെറാപ്പിയും മസാജിങ്ങും ഉള്‍പ്പെടെയുള്ള ആയുര്‍വ്വേദ, പ്രകൃതി ചികിത്സാ സൗകര്യങ്ങളും സപ്തയില്‍ വിശ്രമത്തിനെത്തുന്നവര്‍ക്ക് ലഭ്യമാവും. നല്ലൊരു സ്വിമ്മിങ് പൂളും ഹോട്ടല്‍ സമുച്ചയത്തില്‍ പണിതിട്ടുണ്ട്. മിനി തിയേറ്റര്‍, ബാര്‍, ഗെയിമിങ് ഏരിയ, ബാങ്കറ്റ് ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിങ് ഏരിയ വരെ നാലേക്കറിലധികം വരുന്ന സ്ഥലത്ത് സപ്തയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന് ആധുനിക സംവിധാനങ്ങളുണ്ട്. ഹോട്ടല്‍ വളപ്പില്‍ ചുറ്റിക്കറങ്ങാന്‍ പ്രത്യേക വാഹനമുണ്ട്. ദേശീയ പാതയില്‍ നിന്നു ഹോട്ടല്‍ വരേയുള്ള രണ്ട് കി.മീറ്റര്‍ ദൂരം റോഡ് 10 കോടിയിലധികം ചെലവില്‍ നവീകരിച്ചിരിക്കുന്നത് ലാഡറാണ്. ഉന്നത ഗുണനിലവാരത്തില്‍ ടാറിങ്ങും ഡ്രൈനേജും സ്ട്രീറ്റ് ലൈറ്റും അടക്കമുള്ള പദ്ധതി ലാഡര്‍ ഏറ്റെടുത്തു നടപ്പാക്കിയത് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്.

കുറഞ്ഞ കാലം, വലിയ മുന്നേറ്റം

സംസ്ഥാനത്തെ ചെറുതും വലുതുമായ നഗരങ്ങളില്‍ ഹോട്ടലുകളും തിയേറ്ററുകളും മാളുകളും ഫ്‌ളാറ്റുകളും നിര്‍മിക്കുന്നതിനു പുറമെ വന്‍കിട നിര്‍മാണ ജോലികളുടെ കരാറെടുത്ത് ശ്രദ്ധേയമായ ലാഡറിന്റെ തുടക്കം 2012 ലായിരുന്നു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ചെയര്‍മാനായി ആരംഭിച്ച സംസ്ഥാന തലത്തിലുള്ള സഹകരണ സംഘമായ ലാഡര്‍ സാങ്കേതികക്കുരുക്കുകള്‍ തട്ടിമാറ്റി മുന്നേറിയത് കുറഞ്ഞ കാലം കൊണ്ടാണ്. കോഴിക്കോട് നഗരത്തില്‍ ആഴ്ചവട്ടത്ത് 60 സെന്റ് സ്ഥലം വാങ്ങി 18 നിലകളില്‍ പണിത മാങ്കാവ് ഗ്രീന്‍സ് ആണ് ലാഡറിന്റെ ആദ്യ സംരംഭം . 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തിലാണ് ലാഡറിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 50 അപ്പാര്‍ട്ട്‌മെന്റുകര്‍ക്ക് പുറമെ താഴെ നിലയില്‍ ഷോപ്പിങ് കോംപ്ലക്‌സുമുണ്ട്. മഞ്ചേരിയിലെ ലാഡര്‍ ഇന്ത്യന്‍ മാള്‍ സഹകരണ മേഖലയിലെ ആദ്യത്തെ ഷോപ്പിങ്ങ് മാള്‍ എന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റി. 80 സെന്റ് സ്ഥലത്ത് 18 നിലകളിലായി തീര്‍ത്ത കെട്ടിടത്തില്‍ കൊമേഴ്‌സ്യല്‍ മാളും മള്‍ട്ടിപ്ലക്‌സ് തിയറ്ററും ഫുഡ് കോര്‍ട്ടുമുണ്ട്.

തിരുവനന്തപുരത്ത് ടെറസ് ഹോട്ടല്‍ തുറന്നതോടെ സ്വകാര്യ മേഖല മേധാവിത്വം പുലര്‍ത്തിയിരുന്ന ഹോട്ടല്‍ വ്യവസായ രംഗത്തേക്ക് സഹകരണ മേഖലയുടെ ശക്തമായ ചുവടുവെപ്പ് നടത്താന്‍ ലാഡറിനു കഴിഞ്ഞു. ഒറ്റപ്പാലത്ത് 88 സെന്റ് സ്ഥലത്ത് 20 നിലകളില്‍ പണിത ലാഡര്‍ തറവാട് 82 ഫ്‌ളാറ്റുകളും കൊമേഴ്‌സ്യല്‍ മാളും ഉള്‍പ്പെടുന്നതാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ പൂര്‍ത്തിയായ ലാഡര്‍ ലിങ്കിന് 12 നിലകളുണ്ട്. തിരുവനന്തപുരത്ത് ക്യാപ്പിറ്റല്‍ ഹില്‍ എന്ന പേരില്‍ 22 നിലകളുള്ള 233 ഫ്‌ളാറ്റുകളുടെ നിര്‍മാണം നടക്കുന്നു. കോഴിക്കോട് മീഞ്ചന്തയിലും കായംകുളത്തും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളും ഷോപ്പിങ് മാളുകളും പണിയുന്നുണ്ട്. പാലക്കാട് ജില്ലയിലെ മുതലമടയില്‍ 44 ഏക്കറില്‍ നിര്‍മിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് ഇന്ത്യയില്‍ത്തന്നെ മാതൃകാ സ്ഥാപനമാക്കി മാറ്റാനാണ് ലാഡര്‍ ലക്ഷ്യമിടുന്നത്. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ ഇല്ലാതാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും വില്ലേജിലുണ്ടാവും. ഷോപ്പിങ് മാള്‍, ആശുപത്രി, ഹോട്ടല്‍, പൊതു അടുക്കള, ഫാം, മൃഗാശുപത്രി തുടങ്ങി നിത്യജീവിതത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വില്ലേജില്‍ പരിഹാരമാവും. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കണം. ആ വഴിയില്‍ ചെറു കൈത്തിരിയാണ് സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് – ലാഡര്‍ ചെയര്‍മാന്‍ പറയുന്നു.

നിര്‍മാണ ജോലികളുടെ കരാറെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തന മേഖല വിപുലീകരിക്കുകയാണ് ലാഡര്‍. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്, തൃക്കരിപ്പൂര്‍ തുറന്ന ജയില്‍, കണ്ണൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജ്, കോടഞ്ചേരി ഗവ.ആശുപത്രി, കൊഴിഞ്ഞാമ്പാറ സ്‌കൂള്‍ തുടങ്ങിയവയുടെ കെട്ടിട നിര്‍മാണ ജോലികളാണ് ഇതിനകം ലാഡര്‍ ഏറ്റെടുത്തത്.

പ്രകൃതി ദുരന്തങ്ങളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മഹാമാരിയും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നു പതുക്കെ തിരിച്ചു വരികയാണ് വയനാട്. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി ടൂറിസം മേഖല ഉണര്‍ന്നു തുടങ്ങിയതോടെ വയനാടന്‍ ഗ്രാമങ്ങളില്‍ പ്രതീക്ഷ പടരുകയാണ്. പശ്ചിമഘട്ടത്തിലെ ഹരിതഭൂമി സഞ്ചാരികളുടെ കാലൊച്ച കേട്ടു ഉണരുകയാണ്. വളരുന്ന വയനാടിന്റെ തിലകക്കുറിയും വികസന വഴിയില്‍ നാഴികക്കല്ലുമായി സപ്ത മാറുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published.