സഹകരണ എക്‌സ്‌പോ : ഏഴു ദിവസങ്ങളിലായി പത്തു സെമിനാറുകള്‍
ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ ഏഴു ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പത്തു സെമിനാറുകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 19 നാണ് ആദ്യത്തെ സെമിനാര്‍. ചില ദിവസങ്ങളില്‍ രണ്ടു സെമിനാറുകളുണ്ടാവും. ഓരോ സെമിനാറും മൂന്നു മണിക്കൂറുണ്ടാവും.
ഏപ്രില്‍ 19 നു ഉച്ചക്ക് 2.30 നാണു സെമിനാര്‍ ആരംഭിക്കുക. വിഷയം : കേരളത്തിലെ കൃഷി, കാര്‍ഷിക അനുബന്ധ മേഖലകളില്‍ സഹകരണ പ്രസ്ഥാനം നടത്തുന്ന ഇടപെടലുകളും അതിന്റെ വികസന സാധ്യതകളും. 20 നു ആരോഗ്യ കുടുംബക്ഷേമ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിലാണു സെമിനാര്‍. സമയം : ഉച്ചയ്ക്കു 2.30.
മറ്റു ദിവസങ്ങളിലെ സെമിനാര്‍ വിഷയങ്ങളും സമയവും ഇനി പറയുന്നു : ഏപ്രില്‍ 21 : സ്ത്രീകളുടെ ശാക്തീകരണത്തിനും വരുമാനവര്‍ധനവിനും സഹകരണ മേഖലയിലൂടെയുള്ള ഇടപെടല്‍ ( 2.30 ), ഏപ്രില്‍ 22 : വിദ്യാഭ്യാസ മേഖലയില്‍ സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങളും ഇടപെടല്‍ സാധ്യതകളും ( 10.30 ), സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും ( 2.30 ), ഏപ്രില്‍ 23 : വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് : അവസരങ്ങളും സാധ്യതകളും ( 10.30 ), ബാങ്കിങ് റഗുലേഷന്‍ ആക്ട് ഭേദഗതികള്‍, ഇന്‍കം ടാക്‌സ്, ജി.എസ്.ടി. നിയമങ്ങളില്‍ സഹകരണ സ്ഥാപനം സ്വീകരിക്കേണ്ട കരുതലുകള്‍ ( 2.30 ), ഏപ്രില്‍ 24 : സഹകരണ മേഖലയില്‍ ആവശ്യമായ തിരുത്തലുകള്‍ , കാലോചിതമായ പരിഷ്‌കാര നിര്‍ദേശങ്ങള്‍ ( 10.30 ), യുവാക്കളും സഹകരണ പ്രസ്ഥാനങ്ങളും (2.30 ), ഏപ്രില്‍ 25 : വിവര സാങ്കേതിക വിദ്യയും സഹകരണ മേഖലയുടെ സാധ്യതകളും ( 10.30 ).
ഓരോ സെമിനാറിലും സഹകരണ മേഖലയുടെ പങ്കാളിത്തം ഉണ്ടാകണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അഭ്യര്‍ഥിച്ചു. സെമിനാര്‍വിഷയവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ള നാലു പേരെ വീതം ഓരോ താലൂക്കില്‍ നിന്നും പങ്കെടുപ്പിക്കണമെന്നു രജിസ്ട്രാര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കയച്ച കത്തില്‍ നിര്‍ദേശിച്ചു.
[mbzshare]