സഹകരണസംഘങ്ങളില്‍ സര്‍ക്കാര്‍കടം കൂടുന്നു

കെ. സിദ്ധാര്‍ഥന്‍

സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ക്കായി നല്‍കിയ വായ്പ, കാര്‍ഷികകടാശ്വാസം നല്‍കിയ വിഹിതം, പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയതിലുള്ള സഹായം എന്നിവയിലെല്ലാമായി ആയിരക്കണക്കിനു കോടി രൂപയാണു സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്കു നല്‍കാനുള്ളത്. സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന ഉറപ്പിലാണു സംഘങ്ങള്‍ ഇതിനെല്ലാം പണം ചെലവഴിച്ചത്. എന്നാല്‍, സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഇതെല്ലാം തല്‍ക്കാലത്തേങ്കിലും കിട്ടാക്കടമായി മാറിയിരിക്കുകയാണ്.

 

സര്‍ക്കാരും സഹകരണസ്ഥാപനങ്ങളും ഒരേപോലെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കാലമാണു കടന്നുപോകുന്നത്. കുടിശ്ശിക കൂടുന്നതും സര്‍ക്കാര്‍-സഹകരണ പങ്കാളിത്തപദ്ധതിയില്‍ സര്‍ക്കാരിന്റെ വിഹിതം ലഭിക്കാത്തതുമാണു സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം, ഒറ്റപ്പെട്ട ചില സഹകരണസംഘങ്ങളിലെ ക്രമക്കേടുകള്‍ വലിയ വാര്‍ത്തകളാവുകയും ചെയ്തപ്പോള്‍ ആശങ്കയുടെ തോത് ഉയരുകയാണ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍പോലും കൃത്യമായി ഏറ്റെടുക്കാന്‍ കഴിയാത്ത അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധിയാണു സര്‍ക്കാര്‍ നേരിടുന്നത്. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള കെ.ടി.ഡി.എഫ്.സി. എന്ന ധനകാര്യ സ്ഥാപനത്തിനുണ്ടായ പ്രശ്‌നം കാരണം നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സര്‍ക്കാര്‍ഗ്യാരന്റിയിലാണു കെ.ടി.ഡി.എഫ്.സി. നിക്ഷേപം സ്വീകരിച്ചിരുന്നത്. ഗ്യാരന്റിയുണ്ടെങ്കിലും നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്ത സാമ്പത്തികപ്രതിസന്ധിയിലാണുള്ളതെന്നു സര്‍ക്കാരിനു ഹൈക്കോടതിയില്‍ ബോധിപ്പിക്കേണ്ടിവന്നു. ഇതു ഗൗരവമുള്ള കാര്യമാണ്.

പ്രളയ- കോവിഡ്കാല
സഹായം

സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സാമ്പത്തികസഹായം ഉറപ്പാക്കുന്ന പ്രാദേശിക ധനകാര്യസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിനുവേണ്ടി സഹകരണസംഘങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കെയര്‍ഹോം പദ്ധതി അതില്‍ പ്രധാനപ്പെട്ടതാണ്. പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു സഹകരണസംഘങ്ങള്‍ പണം മുടക്കി പുതിയ വീടു വെച്ചുനല്‍കി. അതിന്റെ ഒന്നാം ഘട്ടത്തില്‍ ആയിരത്തിലധികം വീടുകളാണു നിര്‍മിച്ചുനല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ആദ്യത്തേതു തൃശ്ശൂരില്‍ പൂര്‍ത്തിയാക്കി കൈമാറി. കോവിഡ് വ്യാപനഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ പലിശരഹിത വായ്പ നല്‍കിയതു സഹകരണസംഘങ്ങളാണ്. കമ്മ്യൂണിറ്റി കിച്ചണ്‍, മറ്റു സഹായകേന്ദ്രങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശം ഏറ്റെടുത്തു സഹകരണസംഘങ്ങള്‍ നിര്‍വഹിച്ച കാര്യങ്ങളാണ്. സംഘങ്ങള്‍ ലാഭത്തില്‍നിന്നു നീക്കിവെച്ച പൊതുനന്മാ ഫണ്ട്, അംഗസമാശ്വാസനിധി എന്നിവയെല്ലാം ഇതിലേക്ക് ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരളത്തില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയതു സഹകരണസംഘങ്ങളാണ്. ഇതെല്ലാം സഹകരണസംഘങ്ങള്‍ സ്വന്തം പണം സര്‍ക്കാരിനും അതുവഴി ജനങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചതാണ്. ഇതൊന്നും തിരിച്ചുലഭിക്കാനുള്ളതല്ല.

ഇതിനൊപ്പം, സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ ഒട്ടേറെ കാര്യങ്ങള്‍ക്കു സഹകരണസംഘങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ട്. അതു വര്‍ഷങ്ങളായി തുടരുന്ന സഹകരണത്തിന്റെ രീതിയാണ്. ഇത്തരത്തില്‍ സംഘങ്ങള്‍ വായ്പയായും പദ്ധതിയിലെ പങ്കാളിത്തവിഹിതമായും നല്‍കുന്ന പണം സര്‍ക്കാരുകള്‍ തിരിച്ചുനല്‍കാറുണ്ട്. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാവുകയും സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കേണ്ട പണം കുടിശ്ശികയാവുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ ആശങ്കയുണ്ടാകുന്നത്. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ നല്‍കിയ വായ്പ, കാര്‍ഷികകടാശ്വാസം നല്‍കിയ വിഹിതം, പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയതിലുള്ള സഹായം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതിലെല്ലാമായി ആയിരക്കണക്കിനു കോടി രൂപയാണ് ഇപ്പോള്‍ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ളത്. സഹകരണസംഘങ്ങള്‍ നേരത്തെയുള്ള അവസ്ഥയിലല്ല ഇപ്പോഴുള്ളത്. കോവിഡ് വ്യാപനത്തിനുശേഷം നല്‍കിയ വായ്പകളില്‍ കാര്യമായ തിരിച്ചടവ് ഉണ്ടാകുന്നില്ല. കുടിശ്ശിക കൂടിയതോടെ ലാഭം കുറയുകയും ചില സംഘങ്ങള്‍ നഷ്ടത്തിലേക്കു പോവുകയും ചെയ്തു. സഹകരണവിരുദ്ധ പ്രചരണത്തില്‍ വിശ്വസിച്ചുപോയ തീരെ ചെറിയ ഒരു വിഭാഗക്കാരില്‍ നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയുണ്ടായി. ഇതെല്ലാം ആശങ്കയ്ക്കിടയാക്കുന്ന കാര്യങ്ങളാണ്. സാധാരണക്കാര്‍ക്കു വായ്പ നല്‍കുകയും അവ അവരെ ബുദ്ധിമുട്ടിക്കാതെ തിരിച്ചടപ്പിക്കുകയും ചെയ്യുന്ന ജനകീയ ബാങ്കിങ്‌രീതിയാണു സഹകരണ സംഘങ്ങളുടേത്. സാധാരണക്കാരായവരുടെ നിക്ഷേപമാണ് അവിടെ ഏറെയുമുള്ളത്. അത്തരം നിക്ഷേപകരെ ആശങ്കപ്പെടുത്താന്‍ എളുപ്പമാണ്. കഷ്ടപ്പെട്ട് സ്വരൂപിച്ച പണം നഷ്ടമാകുമെന്ന ആശങ്ക ആര് പങ്കുവെച്ചാലും അവര്‍ക്കു വേവലാതിയുണ്ടാകും. പക്ഷേ, സഹകരണസംഘങ്ങളുടെ ജനകീയ നിലപാടില്‍ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും വിശ്വാസമാണ്. ആ വിശ്വാസം അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയാത്തതുകൊണ്ടാണു സംഘങ്ങളിലെ നിക്ഷേപം ഇപ്പോഴും ഭദ്രമായി നിലനില്‍ക്കുന്നത്. പക്ഷേ, ഇത്തരം ഘട്ടത്തില്‍ സര്‍ക്കാരിന്റെ കുടിശ്ശിക കൂടിക്കൊണ്ടിരിക്കുന്നതു സംഘങ്ങളെ ബുദ്ധിമുട്ടിക്കും.

പെന്‍ഷന്‍കമ്പനിയെ
പേടിക്കണോ ?

സാമൂഹിക സുരക്ഷാപെന്‍ഷന്‍ എല്ലാ മാസവും നേരിട്ട് എത്തിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണമാണു കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍കമ്പനി എന്ന സ്ഥാപനം. പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു പെന്‍ഷന്‍കമ്പനി വായ്പ എടുത്ത് എല്ലാ മാസവും പെന്‍ഷനുള്ള തുക കൈമാറും. കമ്പനി എടുത്ത വായ്പ സര്‍ക്കാര്‍ പലിശസഹിതം അതിന്റെ കാലാവധിക്കുള്ളില്‍ തിരിച്ചുനല്‍കും. ഇതാണ് ഉണ്ടാക്കിയ ധാരണ. 4000 കോടിയലധികം രൂപ ഇതിനകം പ്രാഥമിക സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ കമ്പനിക്കു വായ്പയായി നല്‍കിയിട്ടുണ്ട്. ഇതിന്റെ പലിശ മൂന്നു മാസം കൂടുമ്പോള്‍ കൃത്യമായി സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നുമുണ്ട്. അതിനാല്‍, സുരക്ഷിതമായ വായ്പാപദ്ധതിയായിട്ടാണു സഹകരണ ബാങ്കുകള്‍ ഇതിനെ കാണുന്നത്. ഇപ്പോള്‍ പുതുതായി 2000 കോടി കൂടി സഹകരണ ബാങ്കുകളില്‍നിന്ന് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, 6000 കോടിയിലധികം രൂപ സര്‍ക്കാരിനു പെന്‍ഷന്‍ കമ്പനിയിലൂടെ സഹകരണ ബാങ്കുകള്‍ക്കു കടബാധ്യതയുണ്ടാകും. ഇത്തരത്തില്‍ ബാധ്യത കൂടുന്നതില്‍ സഹകരണ ബാങ്കുകള്‍ പേടിക്കേണ്ടതുണ്ടോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശങ്ക ഉയരുന്നത്. മാത്രവുമല്ല, പെന്‍ഷന്‍കമ്പനിയെക്കുറിച്ച് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ പുറത്തുവന്നതും ഈ ആശങ്കയ്ക്കു വഴിയൊരുക്കുന്നതാണ്.

പെന്‍ഷന്‍കമ്പനിയുടെ പ്രവര്‍ത്തനം അത്ര സുതാര്യമോ സുരക്ഷിതമോ അല്ല എന്നതാണു സി.എ.ജി.യുടെ കണ്ടത്തല്‍. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 10,848.61 കോടി രൂപ പെന്‍ഷന്‍കമ്പനിക്കു ബാധ്യതയുണ്ട്. 2018-19 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി സമാഹരിച്ച വായ്പത്തുകയില്‍നിന്നു 1596.34 കോടി രൂപ പലിശയായി കമ്പനി അടച്ചിട്ടുണ്ട്. അതായത്, വായ്പയുടെ പലിശ നല്‍കുന്നതും വായ്പത്തുകയില്‍നിന്നാണ് എന്നാണു സി.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനി എടുത്ത വായ്പയുടെ ബാധ്യത സര്‍ക്കാരിനായിരിക്കുമെന്നാണു മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ വ്യക്തമാക്കിയിട്ടുള്ളത്. വായ്പത്തുകയില്‍നിന്നു പലിശയടയ്ക്കുന്ന കമ്പനിയുടെ രീതി ഈ വ്യവസ്ഥയുടെ ലംഘനമായാണു സി.എ.ജി. ചൂണ്ടിക്കാട്ടുന്നത്. അതായത്, 2018 മുതല്‍ നല്‍കിയ പെന്‍ഷന് ഒരു രൂപപോലും സര്‍ക്കാര്‍ പെന്‍ഷന്‍കമ്പനിക്കു നല്‍കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പെന്‍ഷന്‍കമ്പനിക്കു കൂടുതല്‍ വായ്പ സഹകരണ ബാങ്കുകള്‍ നല്‍കുന്നതു ഗുരുതരമായ പ്രത്യാഘാതത്തിനു വഴിവെക്കുമോ എന്നാണ് ആശങ്ക. സര്‍ക്കാരിന്റെ കുടിശ്ശിക കൂടുകയും സഹകരണ ബാങ്കുകള്‍ക്കു സാമ്പത്തികബുദ്ധിമുട്ട് നേരിടേണ്ടിവരുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ അതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആഘാതമുണ്ടാക്കും.

പിരിഞ്ഞുകിട്ടാന്‍
2000 കോടി

നിലവിലെ 4000 കോടി രൂപയിലധികം വായ്പ നിലനില്‍ക്കെയാണു പ്രാഥമിക സഹകരണ ബാങ്കുകള്‍വഴി 2000 കോടി കൂടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണു പെന്‍ഷന്‍കമ്പനിയിലേക്കു പണം സ്വരൂപിക്കുന്നത്. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്കായിരുന്നു കണ്‍സോര്‍ഷ്യം മാനേജര്‍. 2019 മാര്‍ച്ച് 14 നാണു മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിനെ കണ്‍സോര്‍ഷ്യം ഫണ്ട് മാനേജരായി സര്‍ക്കാര്‍ നിയമിച്ചത്. 2023 ഫെബ്രുവരിയിലാണു 2000 കോടി കൂടി പിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയും തുക ബാങ്കുകളില്‍നിന്നു സമാഹരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍, പുതിയ ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കണമെന്ന നിര്‍ദേശമുയര്‍ന്നു. ഫണ്ട് മാനേജര്‍ എന്ന നിലയിലുള്ള ചുമതലകള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ബാങ്കിനു പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഈ പദവിയില്‍നിന്ന് ഒഴിവാക്കണമെന്നു കാണിച്ച് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് 2023 ജുലായ് 16 നു സര്‍ക്കാരിനു കത്ത് നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നു പുതിയ ഫണ്ട് മാനേജരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. കണ്‍സോര്‍ഷ്യം ഫണ്ട് മാനേജരുടെ ചുമതല ഏറ്റെടുക്കാന്‍ തയാറാണെന്നു കണ്ണൂര്‍ മാടായി സര്‍വീസ് സഹകരണ ബാങ്ക് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 2023 സെപ്റ്റംബര്‍ 12 നു സഹകരണസംഘം രജിസ്ട്രാര്‍ ഇതുസംബന്ധിച്ചുള്ള കത്ത് സര്‍ക്കാരിനു നല്‍കി.

രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാടിനെ ഒഴിവാക്കി പകരം മാടായി ബാങ്കിനെ ഫണ്ട് മാനേജരാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഫണ്ട് മാനേജരുടെ ചുമതലകള്‍ എന്തെല്ലാമാണെന്നു സര്‍ക്കാര്‍ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക സുരക്ഷാപെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് ഇതിനായുള്ള പൂള്‍ അക്കൗണ്ടിലേക്ക് എത്തിക്കുന്നതിനുള്ള ചുമതല ഫണ്ട് മാനേജരുടേതാണ്. ഈ ഫണ്ട് പെന്‍ഷന്‍ കമ്പനിയുടെ അക്കൗണ്ടിലേക്കു മാറ്റിനല്‍കണം. വായ്പയുടെ പലിശ, കാലാവധി, തിരിച്ചടവ് എന്നിവയെല്ലാം വ്യക്തമാക്കിക്കൊണ്ട് പെഷന്‍കമ്പനിയുമായി കരാറുണ്ടാക്കേണ്ടതും ഫണ്ട് മാനേജരാണ്. മാടായി ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യമാണ് ഇപ്പോള്‍ 2000 കോടി സ്വരൂപിക്കുന്നത്. ഇതിലും തുടക്കത്തില്‍ ലഭിച്ച അത്രയുംവേഗത്തില്‍ ഫണ്ട് സ്വരൂപിക്കാന്‍ പെന്‍ഷന്‍ കമ്പനിക്കു കഴിയുന്നില്ല. ഇത് ഈ പദ്ധതിയോടുള്ള വിമുഖതയല്ല കാണിക്കുന്നത്. സഹകരണ ബാങ്കുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നതിന്റെ സൂചനയാണിത്. കിട്ടാനുള്ള പണം കുടിശ്ശികയായി മാറിയാല്‍ സംഘങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി കടുക്കുമെന്ന വിലയിരുത്തലാണു ഫണ്ട് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനുള്ള കാരണം.

1128 കോടി
വേറെയും കടം

പെന്‍ഷന്‍കമ്പനിക്കു നല്‍കിയ തുകമാത്രമല്ല, വിവിധ സ്‌കീമുകളിലും കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ ഉത്തരവുകളനുസരിച്ചും 1128 കോടി രൂപ വേറെയും സഹകരണസംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുണ്ട്. പാലക്കാട് ജില്ലയില്‍ നെല്‍ക്കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പലിശരഹിത വായ്പാപദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന രീതിയിലായിരുന്നു ഈ പദ്ധതി. ഈയിനത്തില്‍ 701.89 കോടി രൂപയാണു സര്‍ക്കാര്‍ സംഘങ്ങള്‍ക്കു നല്‍കാനുള്ളത്. കാര്‍ഷിക വായ്പകള്‍ക്കുള്ള ഉത്തേജന പലിശയിളവുപദ്ധതിയാണു മറ്റൊന്ന്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷികവായ്പ പലിശരഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. കാര്‍ഷികവായ്പയ്ക്കു നാലു ശതമാനം പലിശസബ്സിഡി നബാര്‍ഡ് നല്‍കുന്നുണ്ട്. ബാക്കി പലിശ സംസ്ഥാനസര്‍ക്കാരും സംഘങ്ങള്‍ക്കു നല്‍കും. ഈ രീതിയിലാണ് ഉത്തേജന പലിശയിളവുപദ്ധതിയനുസരിച്ച് കാര്‍ഷികവായ്പയുടെ പലിശരഹിത വായ്പാസ്‌കീം നടപ്പാക്കിയത്. ഈ ഇനത്തില്‍ 279.60 കോടി രൂപയാണു സഹകരണ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. 2020-21 വരെയുള്ള കണക്കാണിത്. ഇതിനുശേഷം ഈ പദ്ധതിതന്നെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. കേരള ബാങ്ക് വന്നതോടെ നബാര്‍ഡില്‍നിന്നുള്ള പലിശയിളവും സംഘങ്ങള്‍ക്കു ലഭിക്കുന്നില്ല. ഇതോടെയാണു പദ്ധതിതന്നെ നിലച്ചുപോയ സ്ഥിതിയിലായത്.

കാര്‍ഷിക കടാശ്വാസപദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ കടാശ്വാസക്കമ്മീഷന്‍ നല്‍കിയ ഉത്തരവനുസരിച്ച് 164.78 കോടി രൂപ നല്‍കണം. 21,069 അപേക്ഷകളിലാണ് ഇത്രയും തുക കമ്മീഷന്‍ അനുവദിച്ചത്. 6308 അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഈ അപേക്ഷകളില്‍ 42.84 കോടി രൂപയുടെ ഇളവിനുകൂടി അര്‍ഹതയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇതുകൂടി ചേരുമ്പോള്‍ സംഘങ്ങള്‍ക്കുള്ള കുടിശ്ശിക 1189 കോടിയാകും. പലിശപോലും ലഭിക്കാതെയാണു സംഘങ്ങളുടെ പണം ഈ രീതിയില്‍ സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരത്തെ ഒരു സര്‍വീസ് സഹകരണ ബാങ്കിന് ആറ് കോടി രൂപ കാര്‍ഷിക കടാശ്വാസക്കമ്മീഷന്റെ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. സാമ്പത്തികമായി പ്രതിസന്ധിയിലായ ഈ ബാങ്ക് സര്‍ക്കാര്‍ നല്‍കാനുള്ള വിഹിതം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിനൊടുവിലാണു കുടിശ്ശികയുടെ ചെറിയൊരു ഭാഗമെങ്കിലും അവര്‍ക്കു നേടാന്‍ കഴിഞ്ഞത്.

സഹകരണസഹായം
മുടക്കാതെ സര്‍ക്കാര്‍

സഹകരണസംഘങ്ങളില്‍ സര്‍ക്കാരിന് ഇത്തരം കുടിശ്ശികകളുണ്ടെങ്കിലും സഹകരണമേഖലയിലെ സമാശ്വാസപദ്ധതികളില്‍ മുടങ്ങാതെ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പുനര്‍ജനി പദ്ധതിയനുസരിച്ച് പട്ടികവിഭാഗം സംഘങ്ങള്‍ക്ക് ഒട്ടേറെ സഹായം സഹകരണവകുപ്പ് അനുവദിക്കുന്നുണ്ട്. ഇതിലേറെയും ഗ്രാന്റും സബ്‌സിഡിയുമാണ്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് പട്ടിക വിഭാഗം സംഘങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ളതാണു പുനര്‍ജനി പദ്ധതി. ഇതിനൊപ്പം, നൂതന കാര്‍ഷിക പദ്ധതികള്‍, ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി, പ്രാദേശിക വിപണന സംവിധാനം ഒരുക്കല്‍ എന്നിവയ്‌ക്കെല്ലാം സഹകരണസംഘങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. സഹകരണവകുപ്പിന്റെ വിവിധ സമാശ്വാസപദ്ധതികളിലൂടെ സഹകാരികള്‍ക്കും സഹകരണസംഘം അംഗങ്ങള്‍ക്കുമായി 1175 ലക്ഷം രൂപയുടെ ധനസഹായം ഈ പ്രതിസന്ധിക്കിടയിലും സഹകരണവകുപ്പ് അനുവദിച്ചിട്ടുണ്ട്. സഹകാരിസാന്ത്വനം, നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍, അംഗത്വസമാശ്വാസനിധി എന്നീ പദ്ധതികളിലൂടെ എത്തിയ അപേക്ഷകളിലാണു തുക അനുവദിക്കാന്‍ തീരുമാനിച്ചത്. നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പതിനാല് ജില്ലകളില്‍ 84 സംഘങ്ങളില്‍ നിന്നു ലഭിച്ച 145 അപേക്ഷകള്‍ പരിഗണിച്ചതില്‍നിന്നു 124 പേര്‍ക്കു ധനസഹായം നല്‍കാനാണു തീരുമാനിച്ചത്. ഇവര്‍ക്ക് 6,62,74,894 രൂപയുടെ ആശ്വാസം ലഭിക്കും.

സംഘങ്ങളിലെ അംഗങ്ങളില്‍ രോഗംമൂലം അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയില്‍ ലഭിച്ച 2329 അപേക്ഷകര്‍ക്കായി 4,94,05,000 രൂപയുടെ ധനസഹായം അനുവദിച്ചു. ഇതോടെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അംഗത്വ സമാശ്വാസനിധിയിലൂടെ വിതരണം ചെയ്ത തുക 83,33,95,000 രൂപയായി. 2021 ജൂണില്‍ അംഗത്വ സമാശ്വാസനിധിയുടെ ഒന്നാം ഘട്ടമായി 11,194 പേര്‍ക്കു 23.94 കോടി രൂപയുടെ ധനസഹായം നല്‍കി. നവംബറില്‍ രണ്ടാം ഘട്ടത്തില്‍ 11,060 പേര്‍ക്കു 22.93 കോടി രൂപയും നല്‍കി. മൂന്നാം ഘട്ടത്തില്‍ 4982 പേര്‍ക്കു 10.15 കോടി രൂപയുടെ ധനസഹായം മലപ്പുറത്തുവച്ച് നല്‍കി. നാലാം ഘട്ടത്തിന്റെ വിതരണം കോട്ടയത്താണു നടന്നത്. സഹകരണസംഘങ്ങളിലെ എ ക്ലാസ് അംഗങ്ങളില്‍ മാരകരോഗം ബാധിച്ചവര്‍, വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍, ശയ്യാവലംബരായവര്‍, അവരുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പക്കു ബാധ്യതപ്പെട്ട കുട്ടികള്‍, പ്രകൃതിദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്തുവകകളും നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ സ്‌കീം പ്രകാരം പരമാവധി അര ലക്ഷം രൂപ ധനസഹായമായി നല്‍കുന്നുണ്ട്. അശരണരായ സഹകാരികള്‍ക്കു ധനസഹായം അനുവദിക്കുന്ന സഹകാരിസാന്ത്വനപദ്ധതിയില്‍ നിന്നു 54 അപേക്ഷകര്‍ക്കായി 18,95,000 രൂപയുടെ സഹായമാണ് ഒടുവിലായി അനുവദിച്ചിട്ടുള്ളത്.

                                         (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

Leave a Reply

Your email address will not be published.