സഹകരണമേഖലയിലുള്ളവർക്ക് എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സയിൽ 15% വരെ കിഴിവ്.

adminmoonam

കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ ലാഭത്തിന്റെയും നഷ്ടത്തിനും സന്തുലിതാവസ്ഥയിൽ എത്തിയ സാഹചര്യത്തിൽ സഹകരണമേഖലയിൽ ഉള്ളവർക്ക് 15 ശതമാനം വരെ ചികിത്സയിൽ കിഴിവ് നൽകാൻ തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. മാർച്ച് ഒന്നു മുതൽ ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്തെ ചെറുതും വലുതുമായ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും സഹകരണ വകുപ്പ് ജീവനക്കാർക്കും 10 ശതമാനം കിഴിവാണ് ലഭിക്കുക. വിവിധ സഹകരണ ബോർഡുകളിലെയും മുൻ സഹകരണ മന്ത്രിമാരുടെയും ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ജീവനക്കാരുടെ ഐഡന്റിറ്റി സംഘം സെക്രട്ടറിയും ഭരണസമിതിയും സാക്ഷ്യപ്പെടുത്തണം. ഭരണസമിതി അംഗങ്ങളുടെ ഐഡന്റിറ്റി അതാത് താലൂക്കിലെ അസിസ്റ്റന്റ് രജിസ്ട്രാർമാരും സാക്ഷ്യപ്പെടുത്തിയതാകണം.

സഹകരണ വകുപ്പിൽ നിന്ന് വിരമിച്ചവർക്കും സംസ്ഥാനത്തെ മുഴുവൻ സഹകരണസംഘങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാർക്കും സഹകരണ സംഘങ്ങളിലെ മുൻ ഭരണ സമിതി അംഗങ്ങൾക്കും 15 ശതമാനമാണ് കിഴിവ് ലഭിക്കുകയെന്നു അദ്ദേഹം പറഞ്ഞു. എം.വി.ആർ കാൻസർ സെന്റർ ഉണ്ടായതും വളർന്നതും സഹകരണ മേഖലയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കിഴിവ് ലഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ വൈകാതെ കാൻസർ സെന്റർ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published.