സഹകരണത്തില്‍ ഇനി ഒറ്റപദ്ധതി

moonamvazhi

– കിരണ്‍ വാസു

‘സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി സഹകരണ മേഖലയിലൂടെ’
എന്നാണു കേരള ബജറ്റിലെ പുതിയ സഹകരണ പദ്ധതിയെ
വിളിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം കേരളത്തില്‍
കാര്‍ഷിക വികസന മുന്നേറ്റമുണ്ടാക്കുക എന്നതാണു
പദ്ധതിയുടെ ലക്ഷ്യം.

 

ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സഹകരണപദ്ധതി അതു വിഭാവനം ചെയ്ത രീതികൊണ്ടുതന്നെ ശ്രദ്ധേയമാണ്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ മൂലധനശേഷി ഉപയോഗപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ കാഴ്ചപ്പാട്. കൃഷി മുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദനവും വിനിമയവുംവരെയുള്ള കാര്യങ്ങള്‍ ഒരു പദ്ധതിക്കു കീഴിലേക്കു കൊണ്ടുവരിക എന്നതാണ് ഇതു വിഭാവനം ചെയ്തതിലെ പ്രത്യേകത. അതിനു വായ്പ ലഭ്യമാക്കല്‍, സംരംഭങ്ങള്‍ തുടങ്ങല്‍, സാങ്കേതിക സംവിധാനത്തിന്റെ ഉപയോഗം, വിതരണ-വിനിമയ സംവിധാനങ്ങള്‍ ഒരുക്കല്‍ എന്നിവയെല്ലാം ഈ പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. ‘സാങ്കേതികവിദ്യാധിഷ്ഠിത കൃഷി സഹകരണ മേഖലയിലൂടെ’ എന്നാണു പുതിയ പദ്ധതിയെ വിളിക്കുന്നത്. സത്യത്തില്‍ ഇതു പുതിയ പദ്ധതിയല്ല. സഹകരണ മേഖലയില്‍ പലപ്പോഴായി പ്രഖ്യാപിച്ച പല പദ്ധതികളുടെ സംയുക്തരൂപമാണ് ഇത്. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, പദ്ധതിനിര്‍വഹണത്തിനു വിവിധ സംഘങ്ങള്‍ക്കു ചുമതല നല്‍കുക എന്നിങ്ങനെ ദ്വിമുഖ രീതിയിലുള്ള ആസൂത്രണമാണ് ഇതിലുള്ളത്.

കാര്‍ഷിക-അനുബന്ധ മേഖലകളുടെ മത്സരക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിപ്പിക്കുകയും അതിലൂടെ കര്‍ഷകരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുകയുമാണു പുതിയ സഹകരണപദ്ധതിയുടെ ലക്ഷ്യമെന്നാണു ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ ഉന്നമനത്തിനുമായി സഹകരണ മേഖലയുടെ പിന്തുണയോടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സമാഹരണം, സംഭരണം, മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കല്‍, ചില്ലറ വില്‍പ്പന എന്നിവയെ പരിപോഷിപ്പിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാര്‍ഷിക വികസന മുന്നേറ്റമുണ്ടാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഉല്‍പ്പാദനത്തിലും സംഭരണത്തിലും വിപണനത്തിലുമുള്ള ഇടപെടലിനൊപ്പം കൃഷി ചെയ്യുന്നതു മുതല്‍ വിപണനം നടത്തുന്നതുവരെുള്ള എല്ലാ പ്രവൃത്തികളെയും പരിപോഷിപ്പിക്കുമെന്നാണു പദ്ധതി സംബന്ധിച്ചുള്ള വിശദീകരണത്തിലുള്ളത്. അത് എങ്ങനെയാവണം എന്നതു സംബന്ധിച്ചുള്ള കര്‍മപദ്ധതിയും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഏഴ് വിഭാഗമായിട്ടാണു പദ്ധതിയുടെ നിര്‍വഹണരീതി ക്രമീകരിച്ചിട്ടുള്ളത്. ഇതിന്റെ പദ്ധതിനിര്‍വഹണവും പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്കുള്ള സമഗ്ര വികസനപദ്ധതി എന്നതുകൊണ്ടാണിത്. ഓരോ വര്‍ഷത്തേയും പ്രവര്‍ത്തനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് അടുത്ത വര്‍ഷത്തേക്കുള്ള ഘട്ടം നിശ്ചയിക്കേണ്ടതെന്നാണ് ആസൂത്രണ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് നിരീക്ഷണത്തിനു പ്രത്യേക സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സഹകരണ വകുപ്പ് സെക്രട്ടറി അധ്യക്ഷനായ ഒരു സംസ്ഥാനതല സമിതി നിരീക്ഷിക്കും. കൃഷിവകുപ്പ് ഡയരക്ടര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ കൃഷിവിഭാഗം മേധാവി, സഹകരണ സംഘം രജിസ്ട്രാര്‍, കേരള കാര്‍ഷിക സര്‍വകലാശാല, ഐ.എഫ്.എസ്.ആര്‍.എസ്. എന്നിവിടങ്ങളിലെ മേധാവികള്‍, കൃഷി, മൃഗസംരക്ഷണം, മീന്‍പിടിത്ത മേഖലകളിലെ മൂന്നു വിഷയവിദഗ്ധര്‍ എന്നിവരായിരിക്കും ഈ സമിതിയിലെ അംഗങ്ങള്‍. ഈ സമിതി മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നു പദ്ധതിനിര്‍വഹണം വിലയിരുത്തണമെന്നാണു നിര്‍ദേശം.

1. പാക്‌സ് വഴിയുള്ള
നിര്‍വഹണം

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (പാക്‌സ് ) എന്ന പ്രാഥമിക സഹകരണ ബാങ്കുകളിലെ മൂലധനം വേണ്ടരീതിയില്‍ ഉപയോഗിക്കാനാകുന്നില്ലെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതിആസൂത്രണമെന്ന നിര്‍ദേശമാണ് ഇതിനു സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഇതു ഫലപ്രദമാകുന്നില്ല. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലൂടെ പുതിയ പദ്ധതിയില്‍ എന്തൊക്കെ ചെയ്യാനാകുമെന്നാണ് ആദ്യഭാഗത്തില്‍ത്തന്നെ വിശദീകരിക്കുന്നത്. ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കു വേണ്ടിയുള്ള ഇടപെടല്‍ നടത്തുക എന്നതാണ് ഇതില്‍ മുന്നോട്ടുവെക്കുന്നത്. പ്രാഥമിക സംഘങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശത്തെ പുരയിടങ്ങളെ ഉപയോഗപ്പെടുത്തി കൃഷി പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും വേണ്ടിയുള്ള പദ്ധതി തയാറാക്കുക, വലുതും ചെറുതുമായ പച്ചക്കറിക്കൃഷി, അടുക്കളത്തോട്ടം, ടെറസ് കൃഷി എന്നിവയിലൂടെ കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, ഈ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വിപണനം നടത്താനുമുള്ള പ്രദേശിക പദ്ധതിയുണ്ടാക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കു ന്യായവില ഉറപ്പാക്കിയും അതോടൊപ്പം കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളായ മീന്‍പിടിത്തം, മൃഗസംരക്ഷണം എന്നിവ പരിപോഷിപ്പിച്ചും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണു പാക്‌സ് വഴിയുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ വഴിയാണു സമഗ്ര കാര്‍ഷിക വികസനപദ്ധതി നടപ്പാക്കുന്നത്. ഓരോ സംഘത്തിന്റെയും പരിധിയില്‍ വരുന്ന പ്രദേശത്തെ എല്ലാ വീടുകളേയും ഭക്ഷ്യസ്വയംപര്യാപ്തതയില്‍ എത്തിക്കുകയാണു ലക്ഷ്യം. ഇതിന്റെ നിര്‍വഹണത്തിനു സംഘങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. നാലു കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണിത്. 1. പ്രാഥമിക സഹകരണ സംഘങ്ങളുടെ കീഴില്‍ എഫ്.എസ്.സി. ഗ്രൂപ്പില്‍ 300 ഏക്കറില്‍ കുറയാത്ത കൃഷിയുണ്ടാകണം. 2. 200 ഏക്കറില്‍ ഹ്രസ്വകാല വിളകളും 100 ഏക്കറില്‍ പഴങ്ങള്‍ ഉള്‍പ്പടെയുള്ള ദീര്‍ഘകാല വിളകളും കൃഷി ചെയ്തിരിക്കണം. 3. ഓരോ സൊസൈറ്റിയും ഒരേസമയം കുറഞ്ഞതു 50 സ്വയംസഹായ സംഘങ്ങളുടെ ഗ്രൂപ്പിന്റെ പങ്കാളിത്തം ഉറപ്പാക്കണം. 4. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീമിനു കീഴില്‍ വരുന്ന എല്ലാ കര്‍ഷകരെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

ഈ നാലു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്ന സഹകരണ സംഘത്തിനു സര്‍ക്കാര്‍ സഹായം നല്‍കും. കര്‍ഷക സേവനകേന്ദ്രം മുഖേന സമഗ്ര കാര്‍ഷിക വികസന പദ്ധതി നടപ്പാക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കുക. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 14 ജില്ലകളിലും ഘട്ടംഘട്ടമായി പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. 2022-23 ല്‍ ഏഴ് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ കൃഷിവിഭാഗവുമായി കൂടിയാലോചിച്ചാണു ജില്ലകള്‍ തിരഞ്ഞെടുക്കുന്നത്. താഴെ പറയുന്നവയ്ക്കാണു വായ്പാധിഷ്ഠിത പദ്ധതി സഹായം നല്‍കുന്നത്.

* പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് (ഫാര്‍മേഴ്‌സ്, സര്‍വീസ് സെന്റര്‍, ഗ്രൂപ്പുകള്‍). അടിസ്ഥാനസൗകര്യ വികസനത്തിനും കാര്‍ഷികോല്‍പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കും സഹായം.
* സ്വയംസഹായ സംഘത്തിനുള്ള ( സ്വാശ്രയ, കുടുംബശ്രീ, എഫ്.പി.ഒ ) സബ്‌സിഡി സഹായം.
* സ്വയംസഹായ സംഘത്തിനുള്ള ഓഹരി മൂലധന സഹായം.
* കര്‍ഷക ഉല്‍പ്പാദന സംഘങ്ങളുടെയോ കര്‍ഷക സംഘടനകളുടെയോ രൂപവത്കരണത്തിനുള്ള സഹായം.
* നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായം.
* വിത്ത്, വളം, കീടനാശികള്‍, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്കു വാഹനം വാങ്ങാനുള്ള സഹായം.
* ഫെസിലിറ്റേറ്റര്‍മാര്‍, ഡ്രൈവര്‍ എന്നിവര്‍ക്കുള്ള കരാര്‍ വേതനം.
* കൃഷി വിജ്ഞാന്‍ കേന്ദ്രം, കാര്‍ഷിക സര്‍വകലാശാല എന്നിവയില്‍നിന്നു സാങ്കേതിക പിന്തുണ ലഭ്യമാക്കാനുള്ള ചെലവുകള്‍.

ഫാര്‍മേഴ്‌സ് സെന്ററുകളിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, വിപണനകേന്ദ്രങ്ങള്‍ എന്നിവ മുഖേന നേരിട്ട് വിപണനം ചെയ്യുകയോ സംസ്‌കരിച്ച് വിപണനം ചെയ്യുകയോ ചെയ്യാം. അങ്ങനെ വിപണനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സ്റ്റോറേജ്, സംസ്‌കരണ, വിപണന സൗകര്യങ്ങളുള്ള മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ മുഖേന സംസ്‌കരിച്ച് വിപണനം ചെയ്യാം. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപവത്കരിക്കാം. സംഭരണത്തിനും ഉല്‍പ്പാദനത്തിനും ഇത്തരം സംഘങ്ങള്‍ രൂപവത്കരിച്ച് അതിലൂടെ വിപണനം നടത്തുകയും ചെയ്യാം. പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനു പ്രാദേശികമായി വിപണനം ചെയ്യാന്‍ കഴിയാത്ത ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും വിപണനം ചെയ്യാനുമുള്ള സംഭരണ, സംസ്‌കരണകേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. നിലവിലെ സംഭരണ, വിപണന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ക്കു 25 ലക്ഷം രൂപവരെ സഹായം അനുവദിക്കും. ഓരോ പ്രാഥമിക സഹകരണ സംഘവും സമര്‍പ്പിക്കുന്ന പദ്ധതിറിപ്പോര്‍ട്ടിനു വിധേയമായിട്ടായിരിക്കും ഈ സഹായങ്ങളെല്ലാം അനുവദിക്കുന്നത്. വ്യക്തിഗത പദ്ധതിറിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിക്കുകീഴില്‍ പരിഗണിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2. കാര്‍ഷിക വായ്പാ
സൗകര്യം ശക്തമാക്കല്‍

സമഗ്ര സഹകരണപദ്ധതിയുടെ രണ്ടാം വിഭാഗം വായ്പാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണു വിശദീകരിക്കുന്നത്. സഹകരണ സംഘങ്ങള്‍ക്ക് ഏതൊക്കെ മേഖലയില്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭ്യമാക്കുമെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഉപഘടകത്തിനു 2022-23 വര്‍ഷത്തേക്കു രണ്ടരക്കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഓരോ പ്രാഥമിക സഹകരണ സംഘവും സമര്‍പ്പിക്കുന്ന പദ്ധതിറിപ്പോര്‍ട്ടിനു അനുസരിച്ചായിരിക്കും ഈ ധനസഹായങ്ങള്‍ അനുവദിക്കുക. നബാര്‍ഡില്‍നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പ കേരള ബാങ്ക് വഴി ലഭ്യമാക്കുകയും ചെയ്യും. സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പദ്ധതികള്‍, അതിനു സഹായം അനുവദിക്കുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം ഈ ഉപഘടകത്തില്‍ വിശദമാക്കുന്നുണ്ട്. സംഘങ്ങള്‍ക്കു ലഭിക്കുന്ന പ്രധാന സഹായങ്ങള്‍ ഇനി പറയുന്നു :

* സ്വാശ്രയ സഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കുള്ള സഹായം.
* പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്ക് ഒന്നിന് 1000 രൂപ നിരക്കില്‍ പ്രാഥമിക ചെലവുകള്‍ക്കു സഹായം നല്‍കും. പലിശസബ്‌സിഡി ഒഴികെയാണിത്.
* നെല്‍ക്കൃഷിക്കു വായ്പ നല്‍കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പട്ടികജാതി സംഘങ്ങള്‍, വനിതാ സംഘങ്ങള്‍ എന്നിവയുടെ കീഴിലുള്ള സ്വാശ്രയ ഗ്രൂപ്പുകള്‍ക്കു പ്രോത്സാഹനസഹായം.
* കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായി സ്വന്തം ഫണ്ടുപയോഗിച്ച് ഹ്രസ്വകാല കാര്‍ഷിക വായ്പ നല്‍കുന്ന പാക്‌സ്, എഫ്.എസ്.സി.ബി., എഫ്.സി.സി.എസ്., എഫ്.പി.എസ്,. എഫ്.പി.ഒ.കള്‍ക്കു ലഭ്യമാകുന്ന പ്രോത്സാഹന സഹായം.
* കഴിഞ്ഞവര്‍ഷം നല്‍കിയ മൊത്തം കാര്‍ഷിക വായ്പയേക്കാള്‍ 20 ശതമാനത്തില്‍ കൂടുതല്‍ നെല്‍ക്കൃഷിക്കായി വായ്പ നല്‍കുന്ന ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിനും ഗ്രാന്റായി പരമാധി 25,000 രൂപവീതം സഹായം നല്‍കും.
* കൊയ്ത്തുയന്ത്രം വാങ്ങാന്‍ പ്രോത്സാഹന ഗ്രാന്റ്. അതിന്റെ വിലയുടെ 20 ശതമാനമോ നാലു ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയും നല്‍കും.
* ഭക്ഷ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി നെല്‍ക്കര്‍ഷകര്‍ക്കു പലിശരഹിത വായ്പ അനുവദിക്കാനുള്ള കോര്‍പ്പസ് ഫണ്ടിലേക്കാവശ്യമായ സഹായം. പലിശ സബ്‌സിഡി അനുവദിക്കുന്നതിനാണു ഈ തുക വിനിയോഗിക്കുന്നത്.
* ഹൈടെക് കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഹരിതഭവനങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു സഹായം നല്‍കും.
* സ്വയം സഹായസംഘങ്ങളിലൂടെ കാര്‍ഷിക സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഓഹരികളായോ സബ്‌സിഡികളായോ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് സഹായം.

3. സംസ്‌കരണവും
വിപണനവും

സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ സ്വാശ്രയ-കര്‍ഷക കൂട്ടായ്മകള്‍ രൂപവത്കരിച്ച് ഭക്ഷ്യോല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ക്കാണ് ആദ്യ രണ്ടു വിഭാഗങ്ങളിലും ഊന്നല്‍ നല്‍കിയിട്ടുള്ളത്. മൂന്നാം ഉപഘടകത്തില്‍ കാര്‍ഷികോല്‍പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സുഗമമാക്കല്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഓരോ ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും വിളവെടുപ്പുകാലത്തു കര്‍ഷകരില്‍നിന്നു നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സംഭരണ, സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഇങ്ങനെ സംസ്്കരിച്ച വസ്തുക്കള്‍ വിപണികളിലെത്തിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ മാര്‍ക്കറ്റിങ് സൊസൈറ്റികളുടെയും മാര്‍ക്കറ്റ്‌ഫെഡിന്റെയും ഏകോപനത്തിലൂടെ ഈ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കാര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ തടസ്സമില്ലാതെ എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നിര്‍വഹിക്കേണ്ടത്. ഇതുവഴി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്കു മതിയായ വില ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനാകണം. ഈ രണ്ട് പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നിര്‍വഹിച്ചാല്‍ കര്‍ഷകര്‍ക്കു വരുമാനസ്ഥിരത ഉറപ്പുവരുത്താനാകുമെന്നാണു പദ്ധതിരേഖ നിര്‍ദേശിക്കുന്നത്. ഈ ഉപഘടകത്തിനു രണ്ടരക്കോടി രൂപയാണു ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഈ പദ്ധതിയില്‍ സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുത്തു ചെയ്യാവുന്ന കാര്യങ്ങള്‍ ഇനി പറയുന്നു :

* ഓരോ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞതു നാലു കേന്ദ്രങ്ങളിലെങ്കിലും സംഭരണ, സംസ്‌കരണ, വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.
* വിളവെടുപ്പുകാലത്തു കര്‍ഷകരില്‍നിന്നു നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഈ കേന്ദ്രങ്ങള്‍ക്കു സംഭരിക്കാം. ഇതിനൊപ്പം, ഗ്രാമീണ വിപണിയില്‍നിന്നു ശേഖരിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് ആ ഉല്‍പ്പന്നങ്ങളുടെ സംഭരണവും ഇവിടെ നടത്താനാകണം.
* സംസ്‌കരണത്തിനു ശേഷമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കേണ്ട ചുമതല പ്രധാന മാര്‍ക്കറ്റിങ് സൊസൈറ്റികളുടെയും മാര്‍ക്കറ്റ് ഫെഡിന്റെയും ഏകോപനത്തോടെ ഏറ്റെടുക്കണം.

4. ഗ്രാമീണ്‍
മാര്‍ക്കറ്റുകള്‍

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ടു വില്‍ക്കാനാകുന്ന വിധത്തില്‍ ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുകയെന്നതാണ് ഈ ഉപഘടകത്തിലൂടെ ലക്ഷ്യമിടുന്നത്. നബാര്‍ഡ് ഗ്രാന്റ്് നല്‍കി ഗ്രാമീണ്‍ മാര്‍ക്കറ്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നിലവിലുണ്ട്. നബാര്‍ഡിന്റെ സഹായം കൂടി ഉള്‍പ്പെടുത്തി ഇതു വിപുലപ്പെടുത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമുള്ള ഗ്രാമീണ വിപണികളുടെ വികസനവും നവീകരണവുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതതു പ്രദേശത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘവുമായി ചേര്‍ന്നാകും ഇതിന്റെ നിര്‍വഹണം. കാര്‍ഷിക സഹകരണ സംഘത്തിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന കൃഷിയില്‍ നിന്നു ലഭിക്കുന്ന വിളകള്‍ക്കു വിപണിയൊരുക്കുക എന്ന അധികച്ചുമതലയാണ് ഇതിലൂടെ സഹകരണ സംഘം ഏറ്റെടുക്കുന്നത്. ഇത്തരം വിപണന കേന്ദ്രത്തിലൂടെ കര്‍ഷകര്‍ക്കു നേരിട്ടുള്ള വില്‍പന സാധ്യമാകണമെന്നാണു നിര്‍ദേശിക്കുന്നത്. ഉപഭോക്താവ് ചില്ലറ-മൊത്ത വ്യാപാരിയാകാം. വില്‍പ്പന നേരിട്ടു വിലപേശലിലൂടെ നടക്കുന്നതിനാല്‍ ഗ്രാമീണ കമ്പോളങ്ങളുടെ സാമീപ്യം, ന്യായവില, പാഴ്‌ച്ചെലവ് ഇല്ലാതാക്കല്‍, ചൂഷണങ്ങളില്‍നിന്നുള്ള സംരക്ഷണം എന്നിവ മെച്ചപ്പെടുത്താന്‍ കഴിയും. ഈ ഉപഘടക പദ്ധതിയില്‍ ഗ്രാമീണച്ചന്തകളെ സഹായിക്കുന്നതിനായി ഒാരോ ചന്തയ്ക്കും പത്തു ലക്ഷം രൂപവീതം നീക്കിവെച്ചിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനാകെ 110 ലക്ഷം രൂപയാണു നീക്കിവെച്ചിട്ടുള്ളത്.

5. തൊഴിലവസരം
സൃഷ്ടിക്കല്‍

ഓരോ ജില്ലയിലും ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് സഹകരണ മേഖലയെ വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി രൂപവത്കരിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും സുശക്തമായ പ്രൈമറി അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളെ തിരഞ്ഞെടുത്ത് പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളെ ആസ്പദമാക്കി ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ഇതിനൊപ്പം, ഈ കൃഷിക്ക് അനുഗുണമാകുന്ന വിധത്തില്‍ അനുബന്ധ മേഖലയിലെ പ്രവൃത്തികള്‍ ഏറ്റെടുക്കുകയും വേണം. ഈ രീതിയില്‍ കൃഷിയെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുകയെന്നതാണ് ഈ ഉപഘടക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും മൂല്യവര്‍ധന, സംസ്‌കരണം, വിപണനം എന്നീ മേഖലകളിലാണു ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നത്. ഈ പദ്ധതിപ്രകാരം ക്ലസ്റ്ററിനു സബ്‌സിഡിയും ഓഹരി മൂലധന സഹായവും നല്‍കും. പാലക്കാട് നെല്ല് സംഭരണ, സംസ്‌കരണ, വിപണന സംഘത്തിനും (പാപ്‌കോസ്) കേരള നെല്ല് സംഭരണ, സംസ്‌കരണ, വിപണന സംഘത്തിനും ( കാപ്‌കോസ് ) സഹായവും ഈ ഉപപദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ഇവയ്ക്കായി അഞ്ചു കോടി രൂപയാണു നീക്കിവെച്ചിട്ടുള്ളത്. ഓരോ പ്രാഥമിക സംഘവും സമര്‍പ്പിക്കുന്ന പദ്ധതിറിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും സഹായം അനുവദിക്കുക.

6. കാര്‍ഷിക വിപണന
മേഖല ശക്തമാക്കല്‍

വിപണിസൗകര്യങ്ങള്‍ മേച്ചപ്പെടുത്തുക എന്നതിനാണ് ആറാമത്തെ ഉപഘടക പദ്ധതി ശ്രദ്ധകൊടുത്തിട്ടുള്ളത്. വിളവെടുപ്പിനു ശേഷമുള്ള വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള സംഭരണവും സംസ്‌കരണവും വിപണനവും നിറവേറ്റുന്നതിനായി വിപണന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വിപണന, സംസ്‌കരണ മേഖലയെ ശക്തിപ്പെടുത്താനായി സാമ്പത്തികമായി ലാഭകരവും വരുമാനം നല്‍കുന്നതുമായ പദ്ധതികള്‍ക്കു സഹായം നല്‍കുന്നു. സൊസൈറ്റികളുടെ പ്രവര്‍ത്തനവും പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതയുമാണു സഹായം നല്‍കുന്നതിനുള്ള പ്രധാന പരിഗണന. പച്ചക്കറികളുടെയും പഴങ്ങളുടെയും സംഭരണം, തരംതിരിക്കല്‍, ഗ്രേഡിങ്, വിപണനം എന്നിവയില്‍ ഏര്‍പ്പെടുന്ന സൊസൈറ്റികള്‍ക്കു മുന്‍ഗണന നല്‍കും. ഈ സ്‌കീമിനു കീഴില്‍ സോര്‍ട്ടിങ്, ഗ്രേഡിങ്, പാക്കിങ്, ലേബലിങ് തുടങ്ങിയ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കും മൊബൈല്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ വിപണനകേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നതിനും പ്രാഥമിക സംഘങ്ങള്‍ക്കു സഹായം നല്‍കും. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ വിപണന പ്രവര്‍ത്തനങ്ങളുടെ നവീകരണത്തിനും സഹായം നല്‍കും. അഞ്ചു കോടി രൂപയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്.

7. കര്‍ഷക സേവനകേന്ദ്രം
ശക്തിപ്പെടുത്തല്‍

കര്‍ഷകരെ സഹായിക്കാനുള്ള സേവനകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതിയാണിത്. ബ്ലോക്ക് തലത്തിലായിരിക്കും കര്‍ഷക സേവനകേന്ദ്രങ്ങള്‍ തുടങ്ങുക. കൃഷിവകുപ്പുമായി ചേര്‍ന്നു ബ്ലോക്ക് പരിധിയില്‍പ്പെടുന്ന എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന നോഡല്‍ ഏജന്‍സിയായി ഈ സേവനകേന്ദ്രം പ്രവര്‍ത്തിക്കണമെന്നാണു പദ്ധതിനിര്‍ദേശത്തിലുള്ളത്. കാര്‍ഷിക വായ്പ, പലിശനിരക്ക്, കടം ഒഴിവാക്കല്‍പദ്ധതി എന്നിവയെ സംബന്ധിച്ച് കര്‍ഷകര്‍ക്കു വിവരം നല്‍കുക, ബ്ലോക്ക് തലത്തില്‍ കാര്‍ഷിക മേഖലയുടെ യന്ത്രവല്‍ക്കരണത്തിന്റെ ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും ഒരുമിച്ചുള്ള ഏകോപനപ്രക്രിയയിലൂടെയാണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നു പദ്ധതി നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മികച്ച കര്‍ഷക സേവനകേന്ദ്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. കാര്‍ഷിക നേഴ്‌സറികള്‍, ഹരിതസേന എന്നിയ്ക്കും ഈ പദ്ധതിയിലൂടെ സഹായം നല്‍കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!