സഹകരണത്തിനുവേണം ഒരു കാര്‍ഷികനയം

moonamvazhi

കാര്‍ഷികവായ്പാ സഹകരണസംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളെ നെടുംതൂണായി നിര്‍ത്തി കെട്ടിപ്പടുത്തതാണു കേരളത്തിലെ സഹകരണമേഖല. ഐക്യനാണയസംഘങ്ങളായി തുടങ്ങി ഒരു പഞ്ചായത്തില്‍ ഒന്നിലേറെ പ്രാഥമിക സഹകരണ ബാങ്കുകളായി വളര്‍ന്നതാണു നമ്മുടെ സഹകരണ വായ്പാമേഖല. കേരള ബാങ്കിന്റെ പിറവിയോടെ വായ്പാഘടനയില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും പ്രാഥമികമേഖലയുടെ ശക്തിയാണു സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഊര്‍ജമായി ഇന്നും നിലനില്‍ക്കുന്നത്. സഹകരണമേഖല പ്രതിസന്ധിയിലാണെന്ന വാദം ഇന്ന് എല്ലാ തലത്തിലും ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍, ഇതിന്റെ കാരണത്തെക്കുറിച്ചുമാത്രം കാര്യമായ പരിശോധനയോ അതു തിരിച്ചറിഞ്ഞുള്ള നടപടിയോ ഉണ്ടാകുന്നില്ല. സഹകരണമേഖല നേരിടുന്ന പ്രതിസന്ധിക്കു പ്രധാനകാരണം പ്രാഥമിക ബാങ്കുകള്‍ സാമ്പത്തികമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്നുവെന്നതാണ്. അതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ പ്രശ്നങ്ങളും നിയമപരമായ നിയന്ത്രണങ്ങളിലെ കുഴപ്പങ്ങളുമെല്ലാം കാരണമാണ്. ഇതിനൊപ്പം, പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലുണ്ടായ മാറ്റവും ഇതിലേക്കു നയിച്ചിട്ടുണ്ട്.

കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നവയാണു കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍. അതിവേഗം നഗരവത്കരിക്കുന്ന ഇടങ്ങളാണു കേരളത്തിലുള്ളത്. ആ മാറ്റം ഈ സംഘങ്ങളിലുമുണ്ടായി. കാര്‍ഷിക-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുകയും ബാങ്കിങ് മേഖലയിലേക്കു കേന്ദ്രീകരിക്കുകയും ചെയ്തു. ഇതോടെ, സഹകരണസംഘങ്ങള്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നുവെന്ന അധികാരത്തര്‍ക്കത്തിലേക്കു സ്ഥിതി മാറി. റിസര്‍വ് ബാങ്ക്തന്നെ ഇക്കാര്യം പരസ്യപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഈ ബാങ്കിങ്പ്രവര്‍ത്തനം പരിമിതപ്പെട്ടാല്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന ആശങ്ക കേരളത്തിലാകെയുണ്ട്. അതിനെ രാഷ്ട്രീയമായും ഭരണപരമായും പ്രതിരോധിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്താനുള്ള ആലോചനയുണ്ടായിട്ടില്ലെന്നതാണു പ്രശ്നം. അതുണ്ടാവാത്തിടത്തോളം, ആശങ്കയും പേറി കാലം കഴിക്കേണ്ട ദുര്‍ഗതിയിലേക്കു സഹകരണസംഘങ്ങള്‍ മാറും.

സഹകരണത്തിലൂടെ സമൃദ്ധി എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യം. സര്‍ക്കാര്‍-സഹകരണ പങ്കാളിത്തം എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ നയം. ഇതുരണ്ടും ഏറ്റെടുത്തു പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ കാലോചിതമായി മാറിയാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാനാകും. കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നതിനൊപ്പം, സംരംഭങ്ങളും വിപണിയും ബന്ധിപ്പിക്കുന്ന രീതികൂടി സംഘങ്ങള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. കര്‍ഷകര്‍ക്കു നല്‍കുന്ന വായ്പ, അവരുടെ വിളകള്‍ തിരിച്ചെടുത്തു വീട്ടുന്ന സ്ഥിതിയുണ്ടാകണം. സംഭരിക്കന്ന വിളകള്‍ സംരംഭങ്ങള്‍ക്കു നല്‍കണം. അവരുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണയിലെത്തിക്കണം. ഇങ്ങനെ സംയോജിത പദ്ധതികള്‍ക്കു വായ്പയും അനുബന്ധസഹായവും ഉറപ്പാക്കുന്ന ഏജന്‍സിയായി പ്രാദേശികാടിസ്ഥാനത്തില്‍ സഹകരണസംഘങ്ങള്‍ മാറേണ്ടതുണ്ട്. നിക്ഷേപ സമാഹരണത്തേക്കാള്‍ നല്ല വാര്‍ത്തകള്‍ ഉറപ്പാക്കാനുള്ളതും സാധാരണക്കാര്‍ക്കു വരുമാനം കിട്ടുന്നതുമായ ആസൂത്രണത്തിലേക്കു സഹകരണകാഴ്ചപ്പാട് തിരിച്ചുപോകേണ്ടതുണ്ട്. അതിനു വേണ്ടതു കാര്‍ഷികസംഘങ്ങളെ വികസന കേന്ദ്രങ്ങളാക്കിയുള്ള ഒരു സഹകരണ കാര്‍ഷികനയമാണ്.

 

എഡിറ്റര്‍

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News