സരോജിനിയമ്മക്ക് സാന്ത്വനവുമായി കേരള ബാങ്ക് ജീവനക്കാര്‍

Deepthi Vipin lal

ഉറ്റവരെല്ലാം നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സരോജിനിയമ്മക്ക് താങ്ങായി ബാങ്ക് ജീവനക്കാരെത്തി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്തിലെ കളത്തില്‍ വീട്ടിലെ തൊണ്ണൂറുകാരി സരോജിനിയമ്മയ്ക്കാണ് കേരള ബാങ്കിലെ വനിതാ പ്രവര്‍ത്തകര്‍ സഹായമെത്തിച്ചത്. പത്രവാര്‍ത്തയിലൂടെയാണ് സരോജിനിയമ്മയുടെ ദുരന്തജീവിതം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

30 വര്‍ഷം മുമ്പ് ഭര്‍ത്താവ് നഷ്ടപ്പെട്ട സരോജിനിയമ്മയുടെ നാലു മക്കളും ട്രെയിന്‍ തട്ടിയും അര്‍ബുധ ബാധയെത്തുടര്‍ന്നുമാണ് മരിച്ചത്. ദുരന്ത ജീവിതത്തെക്കുറിച്ചറിഞ്ഞ് ബാങ്ക് ജീവനക്കാരികളായ ബെഫി പ്രവര്‍ത്തകര്‍ സരോജിനിയമ്മയ്ക്ക് സാമ്പത്തിക സഹായവും വീട്ടിലേക്ക് ആവശ്യമായ കട്ടില്‍, കിടക്ക, അലമാര, മേശ, കസേര തുടങ്ങിയ ഫര്‍ണിച്ചറുകളും നല്‍കി. വനിതാ സബ് കമ്മിറ്റി ഭാരവാഹികളായ ആശാ അജയന്‍, ഷക്കീല എന്നിവര്‍ വീട്ടിലെത്തിയാണ് സഹായം ഏല്‍പ്പിച്ചത്. ഡി.ബി.ഇ.എഫ്. വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ ആശ, മിനി, ജൂന, ബിനി, രാഗിഷ, ഷര്‍മിള, ഷഖീല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.