സംസ്ഥാന സർക്കാരിന്റെ വ്യവസായ-വാണിജ്യ നയം അംഗീകരിച്ചു

[email protected]

വ്യവസായ വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന വ്യവസായ-വാണിജ്യ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. നയത്തിന്‍റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നയത്തിന് അന്തിമ രൂപം നല്‍കിയത്. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും സമയബന്ധിതമായി അനുമതി നല്‍കുമെന്നും നയം പ്രഖ്യാപിക്കുന്നു. പ്രാദേശിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ മേഖലയില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്ത ഭടന്‍മാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിന് പ്രോത്സാഹിപ്പിക്കും. സ്വകാര്യവ്യവസായ എസ്റ്റേറ്റുകള്‍ പ്രോത്സാഹിപ്പിക്കും. മലബാര്‍ മേഖലയില്‍ പ്രകൃതിവാതകം ഉപയോഗിച്ചുളള വ്യവസായം തുടങ്ങുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തും. മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും.

മുഴുവന്‍ പൊതുമേഖലാ വ്യവസായങ്ങളെയും ലാഭത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കും. സ്വന്തം ലാഭം ഉപയോഗിച്ച് ഓരോ പൊതുമേഖലാ വ്യവസായവും വിപുലീകരിക്കും. മലബാര്‍ സിമന്‍റ്സിലേയും ടി.സി.സിയിലേയും ഉല്‍പാദനം ഇരട്ടിയാക്കും. ട്രാവന്‍കൂര്‍ സിമന്‍റ്സില്‍ ഗ്രേ സിമന്‍റ് ഉല്‍പാദനം ആരംഭിക്കും. സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും നവീകരണത്തിനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍ തമ്മിലുളള സഹകരണം വര്‍ദ്ധിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ തീരുമാനിച്ച ബി.എച്ച്.ഇ.എല്‍-ഇ.എം.എല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് എന്നിവ ഏറ്റെടുക്കുന്നതിനുളള നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News