സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് അനുവദിക്കണം- വിദഗ്ധ സമിതി

moonamvazhi

രാജ്യത്തെ സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്കു  (  SCARDB )  ബാങ്കിങ് ലൈസന്‍സ് അനുവദിക്കണമെന്നു വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു. നിക്ഷേപകരില്‍ വിശ്വാസമുണ്ടാക്കുന്നതിനു സംസ്ഥാന കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളും പ്രാഥമിക സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളും നിക്ഷേപങ്ങള്‍ക്കു ഗാരണ്ടി നല്‍കണമെന്നും അരവിന്ദ് കുമാര്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സമിതി കരടുറിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. കേരളത്തില്‍ സഹകരണസംഘങ്ങള്‍ നല്‍കുന്ന നിക്ഷേപ ഗാരണ്ടി പദ്ധതിയുടെ മാതൃക ഇക്കാര്യത്തില്‍ സ്വീകരിക്കാമെന്നാണു സമിതിയുടെ അഭിപ്രായം.

കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പുന:സംഘടനയും നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും നവീകരണവും സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട സമിതി കഴിഞ്ഞ ദിവസം കേന്ദ്ര സഹകരണമന്ത്രാലയത്തിനു സമര്‍പ്പിച്ച 321 പേജുള്ള കരടുറിപ്പോര്‍ട്ടിലാണു ഈ ശിപാര്‍ശകളുള്ളത്. നബാര്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് ( NABCONS ) ആണു റിപ്പോര്‍ട്ട് തയാറാക്കിയത്. കാര്‍ഷിക -ഗ്രാമവികസന ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു ഗാരണ്ടി നല്‍കുക, ഈ ബാങ്കുകള്‍ക്കു ബാങ്കിങ് ലൈസന്‍സ് നല്‍കുക, സംസ്ഥാന സഹകരണ കാര്‍ഷിക- ഗ്രാമവികസന ബാങ്കുകള്‍ക്കു അംബ്രല സംഘടനയുണ്ടാക്കുക, സംസ്ഥാന കാര്‍ഷിക- ഗ്രാമവികസന ബാങ്കുകള്‍ക്കും പ്രാഥമിക കാര്‍ഷിക -ഗ്രാമവികസന ബാങ്കുകള്‍ക്കും സാമ്പത്തിക പാക്കേജുണ്ടാക്കുക തുടങ്ങിയ ശിപാര്‍ശകളാണു സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. 2023 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ പുതിയ മള്‍ട്ടി സ്റ്റേറ്റ് കാര്‍ഷിക -ഗ്രാമവികന ബാങ്ക് സ്ഥാപിക്കുകയോ നിലവിലുള്ള സംസ്ഥാന സഹകരണ കാര്‍ഷിക -ഗ്രാമവികസന ബാങ്കുകളെ മള്‍ട്ടി സ്റ്റേറ്റ് കാര്‍ഷിക- ഗ്രാമവികസന ബാങ്കുകളാക്കി മാറ്റുകയോ ചെയ്യാനുള്ള നിര്‍ദേശവും സമിതി പരിശോധിക്കുകയുണ്ടായി.

ദീര്‍ഘകാല സഹകരണ വായ്പാമേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നു ദേശീയ സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളുടെ ഫെഡറേഷന്റെ ( NAFCARD ) മാനേജിങ് ഡയറക്ടര്‍ കെ.കെ. രവീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ നിക്ഷേപ ഗാരണ്ടി പദ്ധതി ആവശ്യമായ ഭേദഗതികളോടെ മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാവുന്നതാണെന്നു രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു ബാങ്കിങ് ലൈസന്‍സ് അനുവദിച്ചാല്‍ അവയ്ക്കു പൊതുജനങ്ങളില്‍നിന്നു എല്ലാ തരത്തിലുമുള്ള നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.