സംസ്ഥാനത്തെ ആദ്യത്തെ എ.ടി.എം. ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിച്ചു.

adminmoonam

കേരളത്തിലെ ആദ്യത്തെ എ.ടി.എം പ്രവർത്തനം തുടങ്ങി.ഓട്ടോമാറ്റിക് ടെല്ലർ മെഷീൻ അല്ല:, മറിച്ച് ആദ്യത്തെ ഓൾ ടൈം മിൽക്ക് മെഷീൻ ആണ് ആറ്റിങ്ങൽ ആരംഭിച്ചിരിക്കുന്നത്. ക്ഷീര വിപ്ലവത്തിന്റെ പുതിയ തലങ്ങൾ തേടുകയാണ് മിൽകോ. മേൽ കടക്കാവൂർ ക്ഷീരസഹകരണ സംഘം ആണ് ബ്രാൻഡ് നെയിമായി മിൽകോ എന്ന പേര് സ്വീകരിച്ചത്. പലസ്ഥലങ്ങളിലും മിഷൻ വഴി പാക്കറ്റ് പാൽ ലഭിക്കുന്നുണ്ടെങ്കിലും ശുദ്ധമായ ലൂസ് മിൽക്ക് നൽകുന്ന ആദ്യസ്ഥാപനം മിൽകോ യാണ്.

1972 ൽ ആരംഭിച്ച ക്ഷീര സഹകരണ സംഘത്തിൽ ഇപ്പോൾ 200 ലധികം ജീവനക്കാരുണ്ട്. 30 കോടി രൂപയാണ് ടേണോവർ. അഞ്ച് ജില്ലകളിൽ പാൽ മാർക്കറ്റിംഗ് നടത്തുന്നുണ്ട്.2005ൽ കീഴാറ്റിങ്ങലിൽ ഡയറി സ്ഥാപിച്ചുകൊണ്ടാണ് സൊസൈറ്റി, ക്ഷീരമേഖലയിൽ പുതിയ ആശയങ്ങൾക്ക് തുടക്കം കുറിച്ചത്. ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്ക് നൽകുകയും പരമാവധി പണം കർഷകർക്ക് ഉറപ്പുവരുത്തുകയും ആണ് സംഘം എടിഎമ്മിലൂടെ ലക്ഷ്യമിടുന്നത്. എടിഎം വഴി ലൂസ് പാൽ നൽകുമ്പോൾ സംഭരണം, ട്രാൻസ്പോർട്ടേഷൻ, പ്രോസസിംഗ്, പാക്കിംഗ്, ഏജൻസി എക്സ്പെൻസ് തുടങ്ങി നിരവധി കാര്യങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് മിൽകോ സെക്രട്ടറി ആർ. അനിൽകുമാർ പറഞ്ഞു.

സംഘത്തിന് സ്വന്തമായി 150 പശുക്കളുള്ള ഫാം ഉണ്ട്. അവിടെ നിന്നുള്ള പാലാണ് ഇപ്പോൾ എടിഎമ്മിൽ നിറയ്ക്കുന്നത്. ഇതിനു പുറമേ ചിറയൻകീഴ്, കടക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ആയിരത്തിലധികം ക്ഷീരകർഷകർ നിന്നും സംഭരിക്കുന്ന പാൽ വിപണനം നടത്തുന്നുണ്ട്. കർഷകരിൽനിന്ന് 6000 ലിറ്റർ പാലാണ് പ്രതിദിനം ലഭിക്കുന്നത്. ഏകദേശം 16000 ലിറ്റർ പാൽ അഞ്ചു ജില്ലകളിലായി മിൽകോ പ്രതിദിനം വിൽപ്പന നടത്തുന്നുണ്ട്.

ഹരിയാനയിൽ നിന്നും അഞ്ചു ലക്ഷം രൂപ ചിലവിൽ വാങ്ങിയ 500 ലിറ്റർ സംഭരണശേഷിയുള്ള എടിഎമ്മിൽ പാൽ കേടുകൂടാതെ ഇരിക്കാനുള്ള കൂളിംഗ് സിസ്റ്റവും മിഷ്യൻ ഹൈജീനിക് ആയി ഉപയോഗിക്കാൻ ആവശ്യമായ ഓട്ടോമാറ്റിക് സംവിധാനവുമുണ്ട്. നാല് ഡിഗ്രി സെന്റിഗ്രേഡിൽ പാൽ എപ്പോഴും നിലനിർത്തുന്നതോടൊപ്പം വൈദ്യുതി നിലച്ചു പോയാലും എടിഎം സംവിധാനം പ്രവർത്തിക്കാനാവശ്യമായ സൗകര്യവുമുണ്ട്.

പത്തു രൂപ മുതൽ എത്ര രൂപയ്ക്ക് വേണമെങ്കിലും എടിഎമ്മിൽ നിന്നും ലൂസ് പാൽ ലഭിക്കും. കറൻസികു പുറമേ കോയിൻ ഇടാനുള്ള സൗകര്യവുമുണ്ട്. എടിഎം കാർഡ് മെഷീനിൽ തന്നെ ചാർജ് ചെയ്യാം എന്നതും പ്രധാന നേട്ടമാണ്. അതുകൊണ്ടുതന്നെ കാർഡ് വഴിയും ക്യാഷ് വഴിയും ലൂസ് പാൽ ലഭിക്കും. പാത്രത്തിൽ പാൽ സ്വീകരിക്കുന്ന രീതിയാണ് മിൽകോ പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അത്യാവശ്യഘട്ടങ്ങളിൽ പാൽ വാങ്ങാൻ കണ്ടെയ്നർ നൽകും.

സംസ്ഥാനത്തെ ആദ്യത്തെ എടിഎം കഴിഞ്ഞദിവസം ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ.രാജു ഉദ്ഘാടനം ചെയ്തു.. പ്രതിദിനം ലൂസ് പാലിനായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും ഗുണമേന്മയുള്ള പാൽ ഉപഭോക്താക്കൾക്ക് നൽകുകയും കർഷകർക്ക് പരമാവധി പണം ലഭ്യമാക്കുകയും ചെയ്യുക വഴി മിൽകോ വേറൊരു ധവളവിപ്ലവം ആണ് നടത്തുന്നത്.

Leave a Reply

Your email address will not be published.