സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറാന്‍ ശ്രമിക്കുന്നു – വി.എന്‍. വാസവന്‍

moonamvazhi

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറാന്‍ ശ്രമത്തം നടത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടുതല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള നീക്കമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, ഡെയറി സംഘങ്ങള്‍, മത്സ്യ സംഘങ്ങള്‍ എന്നിവയുടെ അടിസ്ഥാന വിവരങ്ങള്‍ കേന്ദ്രം തയ്യാറാക്കുന്ന ഡാറ്റാ ബേസിലേക്ക് നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര സഹകരണമന്ത്രാലയം നേരത്തേ നല്‍കിയിരുന്നു. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു ഡാറ്റാ ബേസ് തയ്യാറാക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. ആ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ഇതെല്ലാം കോടതിയെയും നിയമവ്യവസ്ഥയെയും മറികടക്കാനുള്ള നീക്കമാണ്. സഹകരണമന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായോ സഹകരണ വകുപ്പുമായോ ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയോ അഭിപ്രായം തേടുകയോ ഇതുവരെ നടത്തിയിട്ടില്ല. ഭരണഘടനാ വ്യവസ്ഥകളുടെയും ഫെഡറല്‍ തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഇത്.

ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ എന്‍ട്രി 32 പ്രകാരം സഹകരണം സംസ്ഥാന വിഷയമാണ്. ഈ വ്യവസ്ഥ ലംഘിച്ചാണ് 1984-ല്‍ കേന്ദ്ര സര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പാസാക്കിയത്. ബിജെപി സര്‍ക്കാര്‍ 2022-ല്‍ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം കൂടാതെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം രൂപീകരിക്കുന്നതിന് അനുമതി നല്‍കി. അങ്ങനെയുള്ള സംഘങ്ങള്‍ കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാനദണ്ഡമോ നിയന്ത്രണമോ ഒന്നുമില്ല. ഇതില്‍ പലതും നിക്ഷേപം സ്വീകരിച്ചിട്ട് പ്രവര്‍ത്തനം അവസാനിപ്പിച്ച സംഭവങ്ങളുമുണ്ട്.

ഇക്കാര്യത്തില്‍ ഒരു പരിശോധനയും സംസ്ഥാന സഹകരണവകുപ്പിന് നടത്താന്‍ സാധിക്കില്ല. ഇതിനിടയിലാണ് രാജ്യം മുഴുവന്‍ സഹകരണ സംഘവുമായി എത്തുന്നത്.കേന്ദ്ര സര്‍ക്കാര്‍ 2012-ല്‍ കൊണ്ടുവന്ന സഹകരണവുമായി ബന്ധപ്പെട്ട 97-ാം ഭരണഘടനാ ഭേദഗതി സുപ്രീംകോടതി തള്ളിയിരുന്നു. ഇതൊന്നും അംഗീകരിക്കാതെ വളഞ്ഞ വഴി തേടുകയാണ് ബിജെപി സര്‍ക്കാര്‍. കേന്ദ്രവിഷയമായ ബാങ്കിങ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മാണം സാധ്യമാണ്. ബാങ്കിങ് നിയമത്തില്‍ 2020-ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ സംസ്ഥാനങ്ങളിലെ സഹകരണ നിയമവ്യവസ്ഥ പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ഭരണപരമായ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്.

ദേശീയതലത്തില്‍ മള്‍ട്ടി സ്റ്റേറ്റ് കോ- -ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട് സൊസൈറ്റി, ദേശീയതല മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സീഡ് സൊസൈറ്റി, ജൈവ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ദേശീയതല സഹകരണ സംഘം എന്നിങ്ങനെ മൂന്നു സംഘം രൂപീകരിക്കുകയാണ്. ഇവയില്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ അംഗത്വമെടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ അംഗത്വം എടുക്കുന്ന സംസ്ഥാനത്തെ സംഘങ്ങളെ കേന്ദ്ര നിയന്ത്രണത്തില്‍ ആക്കുന്നതിനുള്ള ഗൂഢനീക്കമാണിത്. – മന്ത്രി പറഞ്ഞു.

കേരളത്തില്‍ നിലവില്‍ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ആകെ 941 പഞ്ചായത്ത് നിലവിലുള്ളപ്പോള്‍ 1607 പ്രാഥമിക കാര്‍ഷിക വായ്പാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, മത്സ്യമേഖലയില്‍ 1562 സഹകരണ സംഘവും ക്ഷീരമേഖലയില്‍ 3649 സംഘവും പ്രവര്‍ത്തിക്കുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഈ സഹകരണപ്രസ്ഥാനം മനുഷ്യജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്നതും, ചെറുകിട കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസവുമാണ്. ഇവയെ തകര്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സഹകരണമേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നതിനും ലക്ഷ്യംവച്ചുള്ള കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.

43 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു. 6000 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ലക്ഷ്യം വെച്ചിരുന്നത് എന്നാല്‍ 9966 രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ വര്‍ഷം യജ്ഞത്തില്‍ 9000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31 വരെ തുടരുന്ന നിക്ഷേപസമഹരണ യജ്ഞം പൂര്‍ത്തിയാക്കുമ്പോള്‍ ഈ തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.