സംഘങ്ങള്‍ക്കു നല്‍കുന്ന സേവന, അനുമതിഫീസ് കുത്തനെ കൂട്ടുന്നു

moonamvazhi


– ബി.പി. പിള്ള
( മുന്‍ ഡയരക്ടര്‍, എ.സി.എസ്.ടി.ഐ,
തിരുവനന്തപുരം )

സംഘരജിസ്‌ട്രേഷന്‍ ഫീസ് 22 കൊല്ലത്തിനുള്ളില്‍ അഞ്ചു രൂപയില്‍ നിന്നു 22,000 രൂപയാക്കുന്നു.
22 കൊല്ലത്തിനുള്ളില്‍ ഇരുപതു മടങ്ങ് വര്‍ധനവാണു നിയമാവലിഭേദഗതി രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസില്‍ ഉണ്ടാകുന്നത്. ശാഖാ അനുമതിക്കായി  അപേക്ഷിക്കുമ്പോള്‍ അടയ്‌ക്കേണ്ട ഫീസ് 2013 ജനുവരി 19 ന്റെ ചട്ടവ്യവസ്ഥയില്‍ 2000 രൂപയായിരുന്നു. 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ അതു 10,000 രൂപയാക്കി. 2022 ഏപ്രില്‍ ആറിലെ ചട്ടഭേദഗതി നിര്‍ദേശത്തില്‍ ഈ ഫീസ് 25,000 രൂപയായാണു വര്‍ധിപ്പിച്ചിരിക്കുന്നത്. അതായതു ഒമ്പതു വര്‍ഷംകൊണ്ട് 1250 ശതമാനം
വര്‍ധന.

 

കേരള സഹകരണ സംഘം ചട്ടം 1969 ലെ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍, സംഘനിയമാവലിയില്‍ വരുത്തുന്ന ഭേദഗതികളുടെ രജിസ്‌ട്രേഷന്‍, സംഘ ഭരണസമിതി തിരഞ്ഞെടുപ്പും പ്രാതിനിധ്യ പൊതുയോഗത്തിലെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട ഫീസ്, ഓഡിറ്റ് ഫീസ്, ആര്‍ബിട്രേഷന്‍ ഫീസ്, അപ്പീലും റിവിഷന്‍ ഹര്‍ജിയും നല്‍കുന്നതിനുള്ള ഫീസ്, ശാഖകള്‍ തുറക്കാനുള്ള അനുമതിക്കുള്ള ഫീസ്, സംഘ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തിയതിനുള്ള അനുമതിക്കായുള്ള ഫീസ് എന്നിവയും ചാര്‍ജുകളും കുത്തനെ വര്‍ധിപ്പിക്കാനുദ്ദേശിച്ചുള്ള കരടു ചട്ട വ്യവസ്ഥകളില്‍ നിര്‍ദേശങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം 2022 ഏപ്രില്‍ ആറിനു പുറത്തുവന്നു.

സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ചട്ടം 3 ന്റെ ഉപചട്ടം 6 ല്‍ 2000 മെയ് രണ്ടിനു വന്ന വ്യവസ്ഥയനുസരിച്ച് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. 2010 നവംബര്‍ രണ്ടിലെ ചട്ടഭേദഗതിയില്‍ ഫീസ് അഞ്ചു രൂപയില്‍ നിന്നു 50 രൂപയായി എല്ലാത്തരം സംഘങ്ങളുടെയും രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചു. എന്നാല്‍, 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ സംഘങ്ങളുടെ അധികാര അതിര്‍ത്തിയുടെ മാനദണ്ഡത്തില്‍ രജിസ്‌ട്രേഷന്‍ ഫീസ് നിര്‍ണയിക്കുകയുണ്ടായി. ഒരു താലൂക്കിനുള്ളില്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങളുടെ രജിസ്‌ട്രേഷനു 2000 രൂപയും ഒരു താലൂക്കിനുമേല്‍ ഒരു ജില്ലയ്ക്കുള്ളില്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങള്‍ക്കു 4000 രൂപയും ഒരു ജില്ല പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങള്‍ക്കും ഒരു ജില്ലയില്‍ക്കൂടുതല്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങള്‍ക്കും യഥാക്രമം 5000 രൂപയും 10,000 രൂപയും രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ടായി. 2022 ഏപ്രില്‍ ആറിലെ ചട്ടഭേദഗതിനിര്‍ദേശത്തില്‍ താലൂക്കിനുള്ളില്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങള്‍ 2000 രൂപയും ഒരു ജില്ലയ്ക്കുള്ളില്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങള്‍ 5000 രൂപയും ഒരു ജില്ലയുള്ളവ 6000 രൂപയും ഒരു ജില്ലയില്‍ക്കൂടുതല്‍ പ്രവര്‍ത്തനമേഖലയുള്ള സംഘങ്ങളുടെ രജിസ്‌ട്രേഷനു 12,000 രൂപയും അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ ഫീ നല്‍കണമെന്ന വ്യവസ്ഥയാണു മുന്നോട്ടുവെച്ചിട്ടുള്ളത്. ഒരു സഹകരണ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് ഒരിക്കല്‍മാത്രം നല്‍കേണ്ട ഫീസാണു സംഘരജിസ്‌ട്രേഷന്‍ ഫീസ്. എങ്കില്‍ത്തന്നെയും 2000- ല്‍ വെറും അഞ്ചു രൂപ മാത്രമായിരുന്ന ഈ ഫീസ് 22 വര്‍ഷങ്ങള്‍കൊണ്ട് 12,000 രൂപയായി വര്‍ധിക്കുന്നു എന്നതു രൂപയുടെ മൂല്യശോഷണത്തിന്റെയോ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ജോലിഭാരത്തിന്റെയോ ഒന്നും അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതല്ല. ഭരണഘടനയുടെ പാര്‍ട്ട് കകക ലെ അനുച്ഛേദം 19 ( 1 ) ( സി ) സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ പൗരന്റെ മൗലികാവകാശമായി 97 -ാം ഭരണഘടനാ ഭേദഗതിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളപ്പോള്‍ ഈ മൗലികാവകാശത്തിന് അനുസൃതമാണോ നിര്‍ദിഷ്ട ഭേദഗതിയെന്നു വിലയിരുത്തേണ്ടതാണ്.

വര്‍ധന
20 മടങ്ങ്

ഒരു സഹകരണ സംഘത്തിന്റെ പൊതുയോഗം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുന്ന അതിന്റെ നിയമാവലിഭേദഗതി പൊതുയോഗദിവസം മുതല്‍ ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യുന്നതിനായി രജിസ്ട്രാര്‍ക്കു നല്‍കുമ്പോള്‍ അപേക്ഷയോടൊപ്പം ഭേദഗതിക്കു മുമ്പുള്ള നിയമാവലിയുടെ ഒരു കോപ്പിയും ഭേദഗതിക്കു ശേഷമുള്ള നിയമാവലിഭാഗങ്ങളുടെ നാലു കോപ്പികളും ബൈലോ ഭേദഗതി രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസും കൂടിയുണ്ടായിരിക്കണമെന്നു സഹകരണച്ചട്ടം 9 വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2010 നവംബര്‍ രണ്ടിലെ ചട്ടഭേദഗതിയില്‍ നിയമാവലിഭേദഗതി രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 100 രൂപയായിരുന്നെങ്കില്‍ 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ അതു 500 രൂപയാക്കി. ഇപ്പോഴത്തെ ചട്ടഭേദഗതിനിര്‍ദേശത്തില്‍ ഈ ഫീസ് 2000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇരുപതു മടങ്ങ് വര്‍ധനവാണു നിയമാവലിഭേദഗതി രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസില്‍ ഉണ്ടാകുന്നത്. സഹകരണ നിയമഭേദഗതിയുടെ പശ്ചാത്തലത്തിലും സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും വികേന്ദ്രീകരിക്കുന്നതിനുമൊക്കെ നിയമാവലിഭേദഗതി വാര്‍ഷിക പൊതുയോഗങ്ങളിലും വിശേഷാല്‍ പൊതുയോഗങ്ങളിലും തുടര്‍പ്രക്രിയയായ ഒന്നാണ്. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 12 ( 4 ) ( എ ) പ്രകാരം നിയമാവലിഭേദഗതി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ അപേക്ഷ സ്വീകരിക്കുന്ന ദിവസംമുതല്‍ 90 ദിവസങ്ങള്‍ക്കകം അതിലൊരു തീരുമാനം രജിസ്ട്രാര്‍ എടുത്തിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുമ്പോള്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുന്ന സംഘങ്ങള്‍ക്കു നിശ്ചിത 90 ദിവസം കഴിഞ്ഞ് മാസങ്ങള്‍ പൂര്‍ത്തിയായാലും നിയമാവലിഭേദഗതി രജിസ്‌ട്രേഷനില്‍ തീരുമാനമുണ്ടാകാറില്ല എന്നതാണു യാഥാര്‍ഥ്യം.

2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയിലാണു ഭരണസമിതിയിലേക്കും ജനറല്‍ ബോഡിയിലേക്കുമുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും ഫീസ് നല്‍കണമെന്ന വ്യവസ്ഥയുണ്ടായത്. അപ്പെക്‌സ് സംഘങ്ങളിലെ തിരഞ്ഞെടുപ്പിനു 5000 രൂപയും കേന്ദ്ര, ഫെഡറല്‍ സംഘങ്ങളിലെ തിരഞ്ഞെടുപ്പിനു 3000 രൂപയും വായ്പാസംഘങ്ങളുടെയും ഹൗസിങ് സംഘങ്ങളുടെയും തിരഞ്ഞെടുപ്പിനു 2000 രൂപയും മറ്റു സംഘങ്ങളിലെ തിരഞ്ഞെടുപ്പിനു 1000 രൂപയും ഫീസായി നല്‍കണമെന്നായിരുന്നു അന്നു കൊണ്ടുവന്ന ചട്ടത്തിലെ വ്യവസ്ഥ. ഈ ഫീസില്‍ അഞ്ചു മടങ്ങുവരെ വര്‍ധന വരുത്താനാണു നിര്‍ദിഷ്ട ചട്ടഭേദഗതിയില്‍ വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്. അപ്പെക്‌സ് വായ്പാ സംഘങ്ങള്‍ 25,000 രൂപയും വായ്‌പേതര അപ്പെക്‌സ് സംഘങ്ങള്‍, കേന്ദ്ര-ഫെഡറല്‍ സംഘങ്ങള്‍, ക്ലാസ് ഒന്നു സ്‌പെഷ്യല്‍ ഗ്രേഡ്, സൂപ്പര്‍ ഗ്രേഡ് വായ്പാസംഘങ്ങള്‍ എന്നിവ 10,000 രൂപ വീതവും ക്ലാസ് ഒന്നും രണ്ടും വായ്പാസംഘങ്ങള്‍ 7000 രൂപയും മറ്റു വായ്പാസംഘങ്ങള്‍ 5000 രൂപയും ഹൗസിങ് സംഘങ്ങള്‍ 3000 രൂപയും മറ്റു സംഘങ്ങള്‍ 2000 രൂപയും തിരഞ്ഞെടുപ്പു ഫീസായി സര്‍ക്കാരിനു നല്‍കണമെന്നാണ് ഇപ്പോഴത്തെ നിര്‍ദേശത്തിലുള്ളത്. ചട്ടം 35 എ യുടെ ഉപചട്ടം ആറിന്റെ ക്ലോസി ( എല്‍ ) ല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിങ് ഓഫീസര്‍മാരും കൗണ്ടിങ് ഓഫീസര്‍മാരും ബന്ധപ്പെട്ട ഭരണവകുപ്പിലെ ഓഫീസര്‍മാരില്‍ നിന്നും മാത്രമേ ആകാവൂ എന്നും അവര്‍ക്കു സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കില്‍ പ്രതിഫലവും അലവന്‍സുകളും നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, ചട്ടം 35 എ യുടെ ഉപചട്ടം എട്ടില്‍ തിരഞ്ഞെടുപ്പു നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ബന്ധപ്പെട്ട സംഘംതന്നെ വഹിക്കേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേല്‍സൂചിപ്പിച്ച രണ്ടുതരം ചെലവുകള്‍ കൂടാതെയാണു തിരഞ്ഞെടുപ്പു ഫീസായി സര്‍ക്കാരിനു നല്‍കേണ്ട ഫീസില്‍ എട്ടു വര്‍ഷംകൊണ്ട് അഞ്ചു മടങ്ങ് ( 500 ശതമാനം ) വരെ വര്‍ധനവുണ്ടായിരിക്കുന്നത്.

ഓഡിറ്റ്ഫീസിലെ
അപാകത

വാര്‍ഷിക ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ സഹകരണ വര്‍ഷാവസാന ദിവസത്തെ പ്രവര്‍ത്തന മൂലധനത്തിന്റെ / ഒരു വര്‍ഷത്തെ മൊത്ത വില്‍പ്പനയുടെ / ഒരു വര്‍ഷത്തെ മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം ഓഡിറ്റ് ഫീസ് സര്‍ക്കാരിനു നല്‍കണമെന്നു ചട്ടം 65 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ വര്‍ഷാവസാനദിവസത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റ് ഫീസ് നല്‍കേണ്ടിവരുന്നത് ഉചിതമല്ല. മറിച്ച്, ഒരു വര്‍ഷത്തെ ശരാശരി പ്രവര്‍ത്തനമൂലധനമാണു ഫീസ് നിര്‍ണയത്തിനു പരിഗണിക്കേണ്ടത്. ഒരു വര്‍ഷത്തെ വില്‍പ്പനയും വരുമാനവും മറ്റു സംഘങ്ങളുടെ കാര്യത്തില്‍ പരിഗണിക്കുമ്പോള്‍ ഒരു ദിവസത്തെ പ്രവര്‍ത്തനമൂലധനം ഓഡിറ്റ് ഫീസിനു പരിഗണിക്കുന്നതു ന്യായീകരിക്കാവുന്നതല്ല. വനിതാ സംഘങ്ങളും ക്ഷീര സംഘങ്ങളും നല്‍കാന്‍ ബാധ്യസ്ഥമായ തുകയുടെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതിയെന്ന ചട്ടം 65 ന്റെ ഉപചട്ടം 3 എ യിലെ വ്യവസ്ഥ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളപ്രകാരം 75 ശതമാനം ഇനി നല്‍കേണ്ടിവരും. പ്രവര്‍ത്തന മൂലധനം, വില്‍പ്പനമൂല്യം, മൊത്ത വരുമാനം എന്നിവയിലെ ഓരോ നൂറു രൂപയ്ക്കും 30 പൈസപ്രകാരം അഞ്ചു ലക്ഷം രൂപവരെയും അതിനു മുകളിലുള്ള തുകയ്ക്കു 20 പൈസപ്രകാരവും പരമാവധി 3000 രൂപ ഓഡിറ്റ്ഫീസായി നല്‍കണമെന്നായിരുന്നു 1984 ഡിസംബര്‍ 14നുണ്ടായിരുന്ന ചട്ടവ്യവസ്ഥ. 1999 സെപ്റ്റംബര്‍ 15 നു വന്ന ഭേദഗതിപ്രകാരം ഓരോ നൂറു രൂപയ്ക്കും 30 പൈസപ്രകാരം ആദ്യത്തെ ഒരു ലക്ഷം രൂപയ്ക്കും ഒരു ലക്ഷത്തിനു മുകളില്‍ അഞ്ചു ലക്ഷം രൂപവരെ ഓരോ നൂറു രൂപയ്ക്കും 40 പൈസപ്രകാരവും അതിനു മുകളിലുള്ള തുകയ്ക്കു ഓരോ നൂറു രൂപയ്ക്കും 25 പൈസപ്രകാരവും പരമാവധി 5000 രൂപ ഒരു സംഘം ഓഡിറ്റ് ഫീസ് നല്‍കണമെന്നു വ്യവസ്ഥയുണ്ടായി. 2000 മെയ് രണ്ടിനു വരുത്തിയ ചട്ടഭേദഗതിയിലൂടെ സംഘങ്ങള്‍ നല്‍കേണ്ട പരമാവധി ഓഡിറ്റ്ഫീസ് 10,000 രൂപയാക്കി. 2013 ജൂലായ് 18 ലെ ചട്ടഭേദഗതിയുടെ ഫലമായി ഓരോ നൂറു രൂപയ്ക്കും 50 പൈസപ്രകാരം പരമാവധി ഒരു ലക്ഷം രൂപവരെ ഓഡിറ്റ്ഫീസ് നല്‍കാന്‍ സംഘങ്ങള്‍ ബാധ്യസ്ഥമായി.

2022 ഏപ്രില്‍ ആറിലെ ചട്ടഭേദഗതിനിര്‍ദേശത്തില്‍ ഒരു സംഘം നല്‍കാന്‍ ബാധ്യസ്ഥമായ ഓഡിറ്റ് ഫീസ് നിലവിലുള്ള പരമാവധി തുകയായ ഒരു ലക്ഷം രൂപയില്‍ നിന്നു അഞ്ചു ലക്ഷമായി വര്‍ധിപ്പിക്കാനാണുദ്ദേശിക്കുന്നത്. 10 കോടി രൂപവരെ പ്രവര്‍ത്തനമൂലധനമുള്ള വായ്പാ സംഘങ്ങള്‍ നല്‍കേണ്ട ഓഡിറ്റ്ഫീസ് 50,000 രൂപയായിരുന്നതു രണ്ടു ലക്ഷമായും 10 കോടിയ്ക്കു മുകളില്‍ പ്രവര്‍ത്തനമൂലധനമുള്ള വായ്പാ സംഘങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഫീസ് ഒരു ലക്ഷമായിരുന്നത് അഞ്ചു ലക്ഷമായും വര്‍ധിപ്പിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും ഹൗസിങ് സഹകരണ സംഘങ്ങളും ഒരു വര്‍ഷം വിതരണം ചെയ്ത വായ്പകളും വായ്പയിലെ തിരിച്ചടവുതുകയും കൂടി ഒരു വര്‍ഷം 10 കോടി വരെയാണെങ്കില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഓഡിറ്റ്ഫീസ് 50,000 എന്നതു രണ്ടു ലക്ഷമായും 10 കോടിയ്ക്കു മുകളിലാണെങ്കില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഫീസ് ഒരു ലക്ഷം എന്നതു അഞ്ചു ലക്ഷമായും വര്‍ധിപ്പിക്കാനാണു നിര്‍ദേശം. വായ്പാ, വായ്‌പേതര പ്രവര്‍ത്തനങ്ങളുള്ള സംഘങ്ങളുടെ കാര്യത്തില്‍ പ്രവര്‍ത്തനമൂലധനമോ അല്ലെങ്കില്‍ വിറ്റുവരവുതുകയോ ഇതില്‍ ഏതാണോ കൂടുതലായിട്ടുള്ളത് ആ തുക 10 കോടിയ്ക്കുള്ളിലാണെങ്കില്‍ ഓഡിറ്റ്ഫീസ് 50,000 ത്തില്‍ നിന്നു രണ്ടു ലക്ഷമായു 10 കോടിയ്ക്കു മുകളിലാണെങ്കില്‍ ഒരു ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷമായും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. സാധനങ്ങളുടെ വില്‍പ്പനയും ഉല്‍പ്പാദനവും നടത്തുന്ന കയര്‍ സംഘങ്ങളും ഉപഭോക്തൃ സംഘങ്ങളുമൊഴികെയുള്ള സംഘങ്ങളുടെ വില്‍പ്പനവരവ് 10 ലക്ഷംവരെയാണെങ്കില്‍ ഓഡിറ്റ്ഫീസ് 50,000 എന്നതു രണ്ടു ലക്ഷമായും 10 കോടിയ്ക്കു മുകളിലാണെങ്കില്‍ നിലവില്‍ നല്‍കുന്ന പരമാവധിഫീസായ ഒരു ലക്ഷം രൂപ മൂന്നു ലക്ഷമായും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. പ്രാഥമിക ഉപഭോക്തൃ സംഘങ്ങളുടെ ഓഡിറ്റ്ഫീസ് 10,000 രൂപയില്‍ നിന്നു 20,000 രൂപയായും ജില്ലാ മൊത്തവ്യാപാര സ്റ്റോറുകളുടെയും അപ്പെക്‌സ് കണ്‍സ്യൂമര്‍ സംഘത്തിന്റെയും ഫീസ് ഒരു ലക്ഷത്തില്‍ നിന്നു രണ്ടു ലക്ഷമായും വര്‍ധിപ്പിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട്, നെയ്ത്തു, ക്ഷീര സംഘങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന 25,000 രൂപ 50,000 രൂപയായും ഫാമിങ്, സാമൂഹിക ക്ഷേമ സംഘങ്ങള്‍ എന്നിവ ഇപ്പോള്‍ നല്‍കുന്ന 50,000 രൂപയുടെ സ്ഥാനത്തു ഒരു ലക്ഷം രൂപയും നിക്ഷേപവും വായ്പയുമുള്ള വനിതാ സംഘങ്ങള്‍ 50,000 രൂപയ്ക്കു പകരം 75,000 രൂപയും നിക്ഷേപവും വായ്പയുമില്ലാത്ത വനിതാ സംഘങ്ങള്‍ 10,000 രൂപയ്ക്കു പകരം 25,000 രൂപയും ഓഡിറ്റ്ഫീസ് നല്‍കേണ്ടിവരും. 25,000 രൂപ ഓഡിറ്റ്ഫീസ് നല്‍കുന്ന സഹകരണാശുപത്രികള്‍ ഇനി ഒരു ലക്ഷം രൂപ ഓഡിറ്റ്ഫീസ് നല്‍കാന്‍ ബാധ്യസ്ഥമാകും.

ചട്ടഭേദഗതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഓഡിറ്റ്ഫീസ് ഇനത്തില്‍ 500 ശതമാനംവരെ വര്‍ധനവുണ്ടാകും. ഭീമമായ ഓഡിറ്റ്ഫീസ് നല്‍കുന്ന സംഘങ്ങളുടെ വാര്‍ഷികക്കണക്കുകള്‍ സെപ്റ്റംബര്‍ 30നകം വാര്‍ഷിക പൊതുയോഗം വിളിച്ചുകൂട്ടി ഓഡിറ്റഡ്് ലാഭനഷ്ടക്കണക്കിലെ വിഭജിക്കാനുള്ള ലാഭം പൊതുയോഗതീരുമാനത്തിലൂടെ വിഭജിക്കാന്‍ സഹായകമാംവിധം അതിനു മുമ്പ് ഓഡിറ്റ് പൂര്‍ത്തിയാക്കി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് സംഘങ്ങള്‍ക്കു നല്‍കേണ്ടതാണ്. എന്നാല്‍, ഇതു കൃത്യമായി ലഭിക്കുന്നില്ലായെന്നതു ഒരു ദു:ഖസത്യമാണ്. ഉയര്‍ന്ന ക്ലാസുകളിലുള്ള വായ്പാസംഘങ്ങള്‍ പോലുള്ള സ്ഥാപനങ്ങളില്‍ അസി. ഡയരക്ടറുടെ റാങ്കിലുള്ള സിംഗിള്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരെക്കൊണ്ട് ഓഡിറ്റ് നടത്തിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്ന സാഹചര്യത്തില്‍ അവയ്ക്കു ഒരു വര്‍ഷമുണ്ടാകുന്ന ഓഡിറ്റ് കോസ്റ്റ് 15 ലക്ഷവും 20 ലക്ഷവുമാണെന്ന യാഥാര്‍ഥ്യംകൂടി മനസ്സിലാക്കേണ്ടതാണ്. ഒരു വര്‍ഷത്തെ മൊത്തം പ്രവര്‍ത്തനദിവസങ്ങളില്‍ 25 ശതമാനം ദിവസങ്ങളില്‍പ്പോലും സിംഗിള്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ സേവനം സംഘങ്ങള്‍ക്കു ലഭിക്കാറില്ല.

ആര്‍ബിട്രേഷന്‍
ഫീസിലെ വര്‍ധന

ഒരു സഹകരണ സംഘത്തിന്റെ ബിസിനസ്സിനെയോ അതിന്റെ ഭരണഘടനയെയോ ജീവനക്കാരെയോ മാനേജ്‌മെന്റിനെയോ സ്പര്‍ശിക്കുന്നതും വ്യവഹാരത്തിനു ഇടയാക്കുന്നതുമായ വിഷയങ്ങളും ഒരു സംഘത്തിനു കിട്ടാനുള്ളതോ കൊടുക്കാനുള്ളതോ ആയ തുകയുടെ അവകാശരൂപത്തിലുള്ള വിഷയങ്ങളുമാണു തര്‍ക്കവിഷയങ്ങള്‍. ധനപരമായ തര്‍ക്കവിഷയങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാരും ധനപരമല്ലാത്ത തര്‍ക്കങ്ങളില്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയുമാണു വിധി / തീരുമാനമെടുക്കേണ്ട മേധാവികള്‍. മറ്റു കോടതികള്‍ക്കോ മേധാവികള്‍ക്കോ പ്രസ്തുത തര്‍ക്കവിഷയങ്ങള്‍ കൈകാര്യം ചെയ്യാനധികാരമില്ലെന്നു സഹകരണ നിയമത്തിലെ വകുപ്പ് 69 ന്റെ ഉപവകുപ്പ് / ക്ലോസ് ( എച്ച് ) വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ സംഘം ചട്ടം 16 ( 10 ) ( 1 ) പ്രകാരം 200 രൂപവരെയുള്ള അവകാശത്തുകയ്ക്കു അഞ്ചു രൂപയും 200 രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു ആദ്യത്തെ 200 രൂപയ്ക്കു അഞ്ചു രൂപയും തുടര്‍ന്നുള്ള ഓരോ 100 രൂപയ്ക്കും രണ്ടു രൂപപ്രകാരവും പരമാവധി 50 രൂപയായിരുന്നുതര്‍ക്കപരിഹാരഫീസായി 1984 ഡിസംബര്‍ 14 ലെ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. 2010 നവംബര്‍ രണ്ടിലെ ചട്ടഭേദഗതിയില്‍ ഓരോ 10 രൂപ അവകാശത്തുകയ്ക്കും 50 പൈസപ്രകാരം ചുരുങ്ങിയതു 75 രൂപയും ഒരു ലക്ഷം രൂപവരെയുള്ള ധനപരമായ തര്‍ക്കങ്ങള്‍ക്കു പരമാവധി 750 രൂപയും ഒരു ലക്ഷത്തിനു മുകളിലുള്ള അവകാശങ്ങള്‍ക്കു പരമാവധി 1000 രൂപയുമായി ആര്‍ബിട്രേഷന്‍ ഫീസ് കൂട്ടി. 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ ധനപരമായ തര്‍ക്കവിഷയങ്ങളില്‍ ഓരോ 10 രൂപ അവകാശത്തുകയ്ക്കും 50 പൈസപ്രകാരം കുറഞ്ഞതു 200 രൂപയും പരമാവധി 2000 രൂപയുമായി ഒരു ലക്ഷം രൂപവരെയുള്ള തര്‍ക്കവിഷയങ്ങളില്‍ ഫീസ് വര്‍ധിപ്പിച്ച് ഒരു ലക്ഷത്തിനു മുകളിലുള്ള അവകാശത്തുകയ്ക്കു ആര്‍ബിട്രേഷന്‍ ഫീസ് പരമാവധി 5000 രൂപയുമാക്കി. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള ചട്ടഭേദഗതിയില്‍ ഒരു ലക്ഷം രൂപവരെയുള്ള തര്‍ക്കവിഷയങ്ങളാണെങ്കില്‍ കുറഞ്ഞ തുക 75 രൂപയില്‍ നിന്നു 500 രൂപയായും പരമാവധി തുക 750 രൂപയായിരുന്നതു 5000 രൂപയായും വര്‍ധിപ്പിച്ചു. ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്ത കുടിശ്ശികവായ്പയിലെ തുക ഒരു ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ തുകയുടെ 7.5 ശതമാനം ആര്‍ബിട്രേഷന്‍ ഫീസ് നല്‍കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഒരംഗത്തിനു വായ്പത്തുക 11 ശതമാനം പലിശയ്ക്കു നല്‍കിയതാണെങ്കില്‍ വായ്പക്കാരനും സംഘവുമായി അനുരഞ്ജനത്തിന് ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തപ്പോള്‍ സംഘം നല്‍കിയ കുടിശ്ശികവായ്പത്തുകയുടെ 7.5 ശതമാനം വരുന്ന ആര്‍ബിട്രേഷന്‍ ഫീസ് കുടിശ്ശികവായ്പക്കാരനില്‍ നിന്നു വാങ്ങുന്നത് ഒഴിവാക്കി ബോണ്ട് നിരക്കോ നിലവിലുള്ള പലിശനിരക്കോ ഏതാണു കുറവ് അതാണു വാങ്ങുന്നതെങ്കില്‍ സംഘത്തിനുണ്ടാകുന്ന വരുമാനച്ചോര്‍ച്ച ഭയാനകമായിരിക്കും. സംഘങ്ങളിലെ കുടിശ്ശികവായ്പാ അക്കൗണ്ടുകളിലെ തുകയുടെ 90 ശതമാനവും ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പാഅക്കൗണ്ടുകളിലെ തുകയാണ്. 100 കോടി രൂപ കുടിശ്ശികവായ്പയുള്ള ഒരു പ്രാഥമിക കാര്‍ഷിക വായ്പാസംഘം ആര്‍ബിട്രേഷന്‍ ഫയലാക്കുമ്പോള്‍ 7.5 കോടി രൂപ ആര്‍ബിട്രേഷന്‍ ഫീസ് അടയ്ക്കണമെന്ന വ്യവസ്ഥ സംഘങ്ങള്‍ക്ക് ഒരിക്കലും താങ്ങാനാവില്ല. ധനപരമായ തര്‍ക്കവിഷയങ്ങളുമായി ബന്ധപ്പെട്ട നോട്ടീസ് അയയ്ക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ സംഘജീവനക്കാരാണു ചെയ്യുന്നത്. തര്‍ക്കപരിഹാരത്തിനായി സഹകരണ വകുപ്പില്‍ നിന്നു സംഘങ്ങള്‍ക്കു കിട്ടുന്ന സേവനങ്ങളുമായി ഒരിക്കലും താരതമ്യം ചെയ്യാവുന്നതല്ല നിര്‍ദിഷ്ട ഭീമമായ ഫീസ്.

1984 ഡിസംബര്‍ 14 നു ധനപരമല്ലാത്ത തര്‍ക്കവിഷയങ്ങളില്‍ ജീവനക്കാര്‍ ഫയല്‍ ചെയ്യുന്ന കേസില്‍ 25 രൂപയും മറ്റുള്ള കേസുകളില്‍ 100 രൂപയുമായിരുന്നു ആര്‍ബിട്രേഷന്‍ ഫീസ്. 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ ജീവനക്കാര്‍ ഫയലാക്കുന്ന ധനപരമല്ലാത്ത തര്‍ക്കവിഷയങ്ങളില്‍ 1000 രൂപയും തിരഞ്ഞെടുപ്പു പരാതികളില്‍ 5000 രൂപയും മറ്റു വിഷയങ്ങളില്‍ 3000 രൂപയുമായി ആര്‍ബിട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചു. ഇപ്പോഴത്തെ ചട്ടഭേദഗതിനിര്‍ദേശത്തില്‍ ജീവനക്കാര്‍ ഫയലാക്കുന്ന തര്‍ക്കവിഷയങ്ങള്‍ക്കു 5000 രൂപയും തിരഞ്ഞെടുപ്പുഹര്‍ജികളില്‍ 10,000 രൂപയും ആര്‍ബിട്രേഷന്‍ ഫീസ് നല്‍കാനാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. ധനപരമായ തര്‍ക്കവിഷയങ്ങളില്‍ ഭീമമായ ഫീസ് നല്‍കുന്ന സംഘങ്ങള്‍ക്കു സമയബന്ധിതമായി വിധി ലഭിക്കാറില്ല. വായ്പാസംഘങ്ങളിലെ കുടിശ്ശികവായ്പകളുടെ ആര്‍ബിട്രേഷന്‍ എക്‌സിക്യൂഷന്‍ നടപടികള്‍ സഹകരണ വകുപ്പിലൂടെ നടപ്പാക്കുന്ന സംഘങ്ങള്‍ക്കു കുടിശ്ശികവായ്പകള്‍ ഈടാക്കാന്‍ സാധിക്കുന്നില്ലായെന്നതു നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്.

അപ്പീല്‍ഫീസും
കൂട്ടുന്നു

ഒരു സംഘമോ നിയമാവലിയോ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ രജിസ്ട്രാര്‍ നിരസിച്ചതിനെതിരെയോ ഒരു വ്യക്തി സംഘത്തില്‍ നല്‍കിയ അംഗത്വഅപേക്ഷ ഭരണസമിതി നിരസിച്ചതിനെതിരെയോ അന്വേഷണച്ചെലവിന്റെ / പരിശോധനച്ചെലവിന്റെ വിഹിതരീതിക്കെതിരെയോ രജിസ്ട്രാറുടെ സര്‍ച്ചാര്‍ജ്, സമാപ്തീകരണ ഉത്തരവുകള്‍ക്കെതിരെയോ സര്‍ക്കാരിനോ സഹകരണ സംഘം രജിസ്ട്രാര്‍ക്കോ അപ്പീല്‍ നല്‍കാന്‍ സഹകരണ നിയമത്തിലെ 83 -ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 87 -ാം വകുപ്പില്‍ രജിസ്ട്രാര്‍ക്കോ സര്‍ക്കാരിനോ പുനപ്പരിശോധനാ ഹര്‍ജി നല്‍കാനും വ്യവസ്ഥയുണ്ട്. ജീവനക്കാര്‍ നല്‍കുന്ന അപ്പീല്‍ക്കേസുകളില്‍ 2000 രൂപ ഫീസ് നല്‍കണമെന്നുള്ള വ്യവസ്ഥയില്‍ ഭേദഗതി വരുത്തി 5000 രൂപ അപ്പീല്‍ഫീസാക്കാന്‍ നിര്‍ദേശിക്കുന്നു. പുനപ്പരിശോധനാ ഹര്‍ജികളുടെ ഫീസ് ജീവനക്കാരാണു നല്‍കുന്നതെങ്കില്‍ നിലവിലുള്ള 1000 രൂപയില്‍ നിന്നു 2500 രൂപയായി വര്‍ധിപ്പിക്കാനും ഇതോടൊപ്പം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സഹകരണച്ചട്ടം 178 എ യില്‍ വായ്പാ സഹകരണ സംഘങ്ങളും പലവക സഹകരണ സംഘങ്ങളും അവയുടെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ ശാഖ തുടങ്ങണമെങ്കില്‍ അതിനുള്ള അപേക്ഷ നിശ്ചിത ഫീസോടെ സഹകരണ സംഘം രജിസ്ട്രാര്‍ക്കു നല്‍കണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവ ശാഖാഅനുമതിക്കായി അപേക്ഷിക്കുമ്പോള്‍ അടയ്‌ക്കേണ്ട ഫീസ് 2013 ജനുവരി 19 ന്റെ ചട്ടവ്യവസ്ഥയില്‍ 2000 രൂപയായിരുന്നു. 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ അതു 10,000 രൂപയാക്കി. 2022 ഏപ്രില്‍ ആറിലെ ചട്ടഭേദഗതിനിര്‍ദേശത്തില്‍ ഈ ഫീസ് 25,000 രൂപയായാണു വര്‍ധിപ്പിച്ചിരിക്കുന്നത്. അതായതു ഒമ്പതു വര്‍ഷംകൊണ്ട് 1250 ശതമാനം വര്‍ധന. 2013 ല്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളോ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളോ അര്‍ബന്‍ ബാങ്കുകളോ ശാഖ തുടങ്ങാനുള്ള അനുമതിക്കപേക്ഷിക്കുമ്പോള്‍ ഫീസ് നല്‍കേണ്ടതില്ലായിരുന്നു. എന്നാല്‍, 2014 നവംബര്‍ 26 ലെ ചട്ടഭേദഗതിയില്‍ ശാഖ തുറക്കാനുള്ള അപേക്ഷക്കൊപ്പം 5000 രൂപ ഫീസ് നല്‍കണമെന്ന നിബന്ധനയുണ്ടായി. ഇപ്പോഴത്തെ ഭേദഗതിനിര്‍ദേശത്തില്‍ ഈ ഫീസ് 7500 രൂപയായി വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

അപ്രായോഗിക
നിര്‍ദേശം

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 22 -ാം വകുപ്പനുസരിച്ച് ഒരു അര്‍ബന്‍ ബാങ്കിനു റിസര്‍വ് ബാങ്കിന്റെ അനുവാദത്തോടെ മാത്രമേ ശാഖ തുടങ്ങാന്‍ കഴിയൂ. മൂലധന പര്യാപ്തത, അറ്റ നിഷ്‌ക്രിയ വായ്പകള്‍, കരുതല്‍ധനവും എസ്.എല്‍.ആറും സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കല്‍, റിസര്‍വ് ബാങ്ക് ഉത്തരവുകള്‍ പാലിക്കല്‍, സഞ്ചിതനഷ്ടം ഉണ്ടാകാതിരിക്കല്‍ തുടങ്ങിയ നിരവധി യോഗ്യതകള്‍ പരിഗണിച്ചാണു റിസര്‍വ് ബാങ്ക് അര്‍ബന്‍ ബാങ്കുകള്‍ക്കു ശാഖകള്‍ അനുവദിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ അധികാരത്തില്‍പ്പെടുന്ന വിഷയമല്ല അര്‍ബന്‍ ബാങ്കുകള്‍ക്കു ശാഖ അനുവദിക്കുക എന്നത്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ ശാഖ തുറക്കാനുള്ള അപേക്ഷയോടൊപ്പം 7500 രൂപ അവ ഫീസായി നല്‍കണമെന്ന ചട്ടഭേദഗതിനിര്‍ദേശം അപ്രായോഗികമാണ്.

സഹകരണച്ചട്ടം 182 ( 1 ) ന്റെ മൂന്നാമത്തെ പ്രൊവിസോ 2014 നവംബര്‍ 26 ന് ഉള്‍പ്പെടുത്തിയതാണ്. ഒരു ജില്ലാ സഹകരണ ബാങ്കോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘമോ എംപ്ലോയീസ് സഹകരണ സംഘമോ ഹൗസിങ് സംഘമോ ലേബര്‍ കോണ്‍ട്രാക്ട് സംഘമോ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കോ അര്‍ബന്‍ ബാങ്കോ മറ്റു വായ്പാസംഘങ്ങളോ നിലവിലുള്ള ക്ലാസില്‍ നിന്നു തൊട്ടുമുകളിലുള്ള ക്ലാസിലേക്കു പുനര്‍ ക്ലാസിഫിക്കേഷന്‍ നടത്തിയതിനുള്ള അനുമതിയ്ക്കായി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ 2000 രൂപ ഫീസ് നല്‍കണമെന്നു കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രൊവിസോയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മറ്റു സംഘങ്ങള്‍ 500 രൂപ ഫീസടച്ചാല്‍ മതിയാകുമെന്നതായിരുന്നു വ്യവസ്ഥ. 2022 ഏപ്രില്‍ ആറിലെ ചട്ടഭേദഗതിനിര്‍ദേശത്തില്‍ 2000 രൂപയെന്നതു 5000 രൂപയായും മറ്റു സംഘങ്ങളുടെ കാര്യത്തില്‍ 500 രൂപ എന്നതു 2000 രൂപയായും വര്‍ധിപ്പിക്കാനാണു ഉദ്ദേശിക്കുന്നത്. സഹകരണ നിയമത്തിന്റെ 80 -ാം വകുപ്പിന്റെ അനുബന്ധം കകക ല്‍ അര്‍ബന്‍ ബാങ്കുകളെ ക്ലാസ് ക സ്‌പെഷല്‍ ഗ്രേഡ് മുതല്‍ ക്ലാസ് ഢക വരെ തരംതിരിച്ചിട്ടുണ്ട്. ഓരോ ക്ലാസിലുംപെടുന്ന അര്‍ബന്‍ ബാങ്കുകള്‍ക്കുണ്ടായിരിക്കേണ്ട പ്രവര്‍ത്തന മൂലധനം, നിക്ഷേപം, വായ്പ, ഓഡിറ്റ് ക്ലാസ്, മൂലധന പര്യാപ്തത, അറ്റ എന്‍.പി.എ. തുടങ്ങിയ വ്യവസ്ഥകളാണു പ്രസ്തുത അനുബന്ധത്തില്‍ സഹകരണ ബാങ്കുകള്‍ക്കു നിശ്ചയിച്ചിട്ടുള്ളത്. ക്ലാസ് ക ( സ്‌പെഷല്‍ ഗ്രേഡ് ) അര്‍ബന്‍ ബാങ്കുകള്‍ക്കു 30 കോടി രൂപയില്‍ കുറയാത്ത പ്രവര്‍ത്തന മൂലധനം, 28 കോടി രൂപയില്‍ കുറയാത്ത നിക്ഷേപം, 23 കോടിയില്‍ കുറയാത്ത വായ്പ തുടങ്ങിയ മാനദണ്ഡങ്ങളാണുള്ളത്. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശമനുസരിച്ച് 28 കോടി രൂപ നിക്ഷേപമുള്ള ഒരു അര്‍ബന്‍ ബാങ്കിനു നിക്ഷേപത്തുകയുടെ 70 ശതമാനമായ 19.6 കോടി രൂപയേ വായ്പയാകാവൂ എന്നിരിക്കെ അനുബന്ധം കകക പ്രകാരം 23 കോടി രൂപയില്‍ കുറയാതെ വായ്പയുണ്ടെങ്കിലേ സ്‌പെഷല്‍ ഗ്രേഡില്‍ വരികയുള്ളു. അനുബന്ധം കകക ലെ തരംതിരിവല്ല റിസര്‍വ് ബാങ്ക് നടത്തിയിട്ടുള്ളത്. 100 കോടി രൂപവരെ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകള്‍ ടയര്‍ ഒന്നും 100 കോടിക്കു മുകളില്‍ 1000 കോടി വരെ നിക്ഷേപമുള്ളവ ടയര്‍ രണ്ടും 1000 കോടിക്കു മുകളില്‍ 10,000 കോടിവരെയുള്ളവ ടയര്‍ മൂന്നും 10,000 കോടിക്കു മുകളില്‍ നിക്ഷേപമുള്ളവ ടയര്‍ നാലുമാണ്. സഹകരണ സംഘം നിയമത്തിലെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളുമായി റിസര്‍വ് ബാങ്കിന്റെ ക്ലാസിഫിക്കേഷനു ബന്ധമില്ലാത്തതിനാലും സഹകരണ നിയമത്തിലെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് അംഗീകരിക്കാത്തതിനാലും ചട്ടവ്യവസ്ഥ 182 ( 1 ) ന്റെ 3-ാം പ്രൊവിസോയില്‍ നിന്നു അര്‍ബന്‍ ബാങ്കുകളെ നീക്കം ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!