വെല്ലുവിളി നേരിടാംസഹകരണമിഷനിലൂടെ

[mbzauthor]

 

– ഡോ. എം. രാമനുണ്ണി

“മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ അഞ്ചു കോടിയിലേറെപ്പേര്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്.
അതുകൊണ്ടുതന്നെ സഹകരണമേഖല നേരിടുന്ന ഓരോ വെല്ലുവിളിയും നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
ഒരു സഹകരണ മിഷനിലൂടെ ഈ വെല്ലുവിളി നേരിടാനാണുനമ്മള്‍ ശ്രമിക്കേണ്ടത്.”

കേരളത്തിലെ ജനങ്ങളുടെ ജീവിതം ഏറെ ബന്ധപ്പെട്ടു കിടക്കുന്നതു സഹകരണ പ്രസ്ഥാനവുമായാണ്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായി അഞ്ചു കോടിയിലേറെപ്പേര്‍ ഉണ്ടെന്നാണു കണക്ക്. അതിനര്‍ഥം, ഒരേ വ്യക്തി ഒന്നില്‍ക്കൂടുതല്‍ സഹകരണ സ്ഥാപനങ്ങളില്‍ അംഗങ്ങളായിട്ടുണ്ട് എന്നാണ്. മിക്കവാറും സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും
ഏതെങ്കിലും ഒരു സഹകരണ സ്ഥാപനത്തില്‍ അംഗമായിരിക്കും. അതുകൊുണ്ടുതന്നെ, സഹകരണ രംഗത്തു സംഭവിക്കുന്ന എന്തെങ്കിലും മാറ്റങ്ങള്‍ , അതു ഗുണപരമായാലും ദോഷകരമായാലും , അംഗത്തിന്റെ ജീവിതത്തെ ബാധിക്കാനിടയുണ്ട്. സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പും ചിട്ടയായ പ്രവര്‍ത്തനങ്ങളും ഉറപ്പ് വരുത്തുക എന്നതു ജനങ്ങളുടെയും സഹകാരികളുടെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവയ്ക്കു പരിഹാരം നിര്‍ദേശിക്കാനും വകുപ്പുദ്യോഗസ്ഥര്‍ക്കു കാലോചിത പരിശീലനം നല്‍കാനും ഒരു സഹകരണ മിഷന്‍ കൂടിയേ തീരൂ.

ബാഹ്യ, ആന്തരിക വെല്ലുവിളികള്‍

സഹകരണ പ്രസ്ഥാനം ബാഹ്യവും ആന്തരികവുമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സഹകരണ സ്ഥാപനം രൂപവത്കരിക്കുകയെന്നത് ഒരു പൗരന്റെ മൗലികാവകാശമാണെന്നു കേന്ദ്ര സര്‍ക്കാര്‍ 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭരണഘടനാ ഭേദഗതി നമ്മുടെതടക്കം പല സംസ്ഥാനങ്ങളും അംഗീകരിക്കുകയും തുടര്‍ന്നു തങ്ങളുടെ സംസ്ഥാനത്തു നിലനില്‍ക്കുന്ന സഹകരണ നിയമത്തില്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നീ പേരുകള്‍ തങ്ങളുടെ പേരിനോടു ചേര്‍ത്ത് ഉപയോഗിക്കുന്നതിനോ ബാങ്കിങ് പ്രവര്‍ത്തനത്തില്‍
ഏര്‍പ്പെടുന്നതിനോ അധികാരം നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളുടെ അംഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുക എന്നതു മാത്രമായിരിക്കും ഇനിയുള്ള കാലത്തു പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു ചെയ്യാനാവുക. ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി നടപ്പാവുന്നതോടെ കേരളത്തില്‍ സഹകരണ മേഖലയില്‍ ഇന്നുള്ള രണ്ട് ലക്ഷം കോടിയിലേറെ വരുന്ന നിക്ഷേപം കുറയാന്‍ സാധ്യതയുണ്ടെന്നു സഹകാരികള്‍ ആശങ്കപ്പെടുന്നു. എന്നാല്‍, പേരിലെ മാറ്റം കൊണ്ട് നിക്ഷേപം കുറയില്ലെന്നു ആശ്വസിക്കുന്നവരുമുണ്ട്. ഒരു കാര്യം വ്യക്തമാണ്. തങ്ങളുടെ അംഗങ്ങളുടെ നിക്ഷേപം തങ്ങളുടെ പ്രദേശത്തു മാത്രം വിനിയോഗിക്കാനേ ഇനി സാധ്യതയുള്ളു. ഇതു വിനിമയം ചെയ്യാനോ ആവശ്യാനുസരണം ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പിരിച്ചെടുക്കാനോ കഴിയാതെ വരും. തങ്ങളുടെ ചെക്കുകള്‍, ഡി.ഡി. തുടങ്ങിയ ബാങ്കിങ് ഉപകരണങ്ങള്‍ക്കു മേലില്‍ പ്രയോജനമില്ലാതാകും. അതുപോലെത്തന്നെ, സഹകരണ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാനും അതില്‍ അംഗങ്ങളായി ചേരാനും ഭരണസമിതിയെ തിരഞ്ഞെടുക്കാനും പ്രസിഡന്റിനെ തീരുമാനിക്കാനും സി.ഇ.ഒ.യെ നിയമിക്കാനും ഫണ്ട് വിനിയോഗിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും ഓഡിറ്റ് നടത്താനും എന്തെങ്കിലും പോരായ്മ കണ്ടെത്തിയാല്‍ പിഴ ചുമത്താനും ഭരണസമിതിയെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും റിസര്‍വ് ബാങ്കിന് അനുമതി ലഭിക്കുന്നു. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഈ നിയമഭേദഗതി നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഈ മേഖലയില്‍ റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടലുകള്‍ ശക്തമാകുന്നതോടെ പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം പരിമിതപ്പെടുമെന്ന ആശങ്ക നിലവിലുണ്ട്. രാജ്യത്തിനകത്തു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സഹകരണ സ്ഥാപനങ്ങളുടെ അവകാശത്തിനു വിലങ്ങ് വീഴുമെന്ന് ആശങ്കിക്കുന്നവര്‍ ധാരാളമാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, കസ്റ്റംസ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കു സഹകരണ സ്ഥാപനങ്ങളില്‍ ഇടപെടാനുള്ള അവസരം നല്‍കുന്നതിനും പലവിധത്തിലുള്ള നിയമഭേദഗതികളിലൂടെ സാധ്യത വര്‍ധിച്ചിരിക്കുന്നു.

സഹകരണ സ്ഥാപനങ്ങളെ നേരത്തെ ആദായ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഇന്നു സഹകരണ സ്ഥാപനങ്ങളുടെ വരുമാനവും ആദായ നികുതിയുടെ പരിധിയില്‍പ്പെടുന്നതാണ്. ആദായ നികുതി നിയമത്തിലെ 194 (എന്‍) വകുപ്പ് പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടിയിലേറെ രൂപ പിന്‍വലിക്കുന്ന പക്ഷം ടി.ഡി.എസ്സിനു വഴിവെക്കുന്ന നിയമവും നിലവിലുണ്ട്. ഒരു വ്യക്തിക്കു നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയുന്ന തുകയും പരിമിതപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യമാണു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതെങ്കിലും നോട്ട് നിരോധനം, ജി.എസ്.ടി. എന്നീ നടപടികളിലൂടെ താരതമ്യേന ശോഷിച്ചുപോയ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ആഘാതങ്ങള്‍ ഈ നിയമനിര്‍മാണങ്ങള്‍ മൂലം ഉണ്ടാകുമെന്നു ആശങ്കയുണ്ട്.

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളുടെ വളര്‍ച്ച

മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന്റെ പരിധിയില്‍പ്പെടുന്ന സ്ഥാപനങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും ഈ മേഖലയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. സമീപകാലത്തു നടപ്പാക്കിയ നിധി ആക്ടിനെത്തുടര്‍ന്നു നമ്മുടെ ഗ്രാമങ്ങളില്‍ കൂണു പോലെ നിധി സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിരിക്കുന്നു. സഹകരണ സ്ഥാപനങ്ങളെപ്പോലെത്തന്നെ ഇവയും അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയ്തുവരുന്നു. 12 മുതല്‍ 14 ശതമാനം വരെ പലിശനിരക്കില്‍ നിക്ഷേപം സ്വീകരിക്കുന്ന ഈ സ്ഥാപനങ്ങള്‍ സഹകരണ മേഖലയില്‍ നിന്നു വന്‍തോതില്‍ നിക്ഷേപച്ചോര്‍ച്ചക്ക് ഇടവരുത്തുന്നുണ്ട്. പാലക്കാട് ജില്ലയില്‍ ഒരിടത്തു അടുത്ത കാലത്ത് ഒരു കോടിയിലേറെ രൂപ സാധാരണക്കാരില്‍ നിന്നു സംഭരിച്ച് ഇത്തരമൊരു സ്ഥാപനം സ്വയം തകര്‍ന്നുപോയ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ഇടപെടുന്നതിനോ ഇവയെ നിയന്ത്രിക്കുന്നതിനോ സംസ്ഥാന സര്‍ക്കാരിനോ പോലീസിനോ പരിമിതികളുണ്ട്.

ഇതിനിടയിലാണു സഹകരണ രംഗത്തു പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന അഴിമതിയും കാര്യക്ഷമതയില്ലായ്മയും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. തൃശ്ശൂരിലെ ഒരു സഹകരണ ബാങ്കില്‍ അഴിമതിയും സാമ്പത്തിക തിരിമറിയും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് , കാസര്‍ഗോഡ് ജില്ലകളിലെ ചില ബാങ്കുകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സഹകരണ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കും. ചില അപ്പക്‌സ് സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം സഹകരണ മേഖലയില്‍ നിന്നെടുത്തിട്ടുള്ള വായ്പകള്‍ ദീര്‍ഘകാലമായി കിട്ടാക്കടങ്ങളായി മാറിയിരിക്കുന്നു. ജില്ലാ ബാങ്കുകളെ സംയോജിപ്പിച്ച് രൂപം നല്‍കിയ കേരള ബാങ്കും വന്‍ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. നബാര്‍ഡിന്റെ കണക്കുകളില്‍ നിന്നു 2019 – 20 സാമ്പത്തിക വര്‍ഷം കേരള ബാങ്കിന്റെ സഞ്ചിത നഷ്ടം 1200 കോടിയിലേറെ വരുമെന്നാണു കണക്കാക്കിയിട്ടുള്ളത്.

കിട്ടാക്കടം വര്‍ധിക്കുന്നു

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രളയം, കോവിഡ് എന്നീ കാരണങ്ങളാല്‍ പല ബാങ്കുകളും നഷ്ടത്തിലാണ്. ഇതുവഴി സംസ്ഥാന സഹകരണ ബാങ്കിന്റെ കിട്ടാക്കടം വന്‍തോതില്‍ വര്‍ധിച്ചിരിക്കാനാണു സാധ്യത. സഹകരണ മേഖലക്കു നേതൃത്വം നല്‍കേണ്ട കേരള ബാങ്ക് പ്രതീക്ഷക്ക് അടുത്തെങ്ങും എത്തിയിട്ടില്ലായെന്നാണു സഹകാരികളുടെ പരിഭവം. പ്രാഥമിക സംഘങ്ങളില്‍ നിന്നു വായ്പകള്‍ക്കു അമിതമായ പലിശയീടാക്കുന്നതും കാര്‍ഷിക വായ്പക്കുപോലും മൂന്നു മാസത്തിലൊരിക്കല്‍ പലിശയെടുക്കുന്നതും ചെക്ക് ബുക്കിനു പണമീടാക്കുന്നതും സഹകാരികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കിന്റെ 80 ശതമാനം നിക്ഷേപവും നല്‍കിയതു പ്രാഥമിക സഹകരണ സംഘങ്ങളായിരിക്കെ അവര്‍ക്കു ന്യായമായ പലിശ നല്‍കാന്‍ തയാറാകത്തത് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കേരള ബാങ്കിലെ ഓഹരിനിക്ഷേപം പിന്‍വലിക്കുന്നതിനു ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ ഭേദഗതി തടസ്സം സൃഷ്ടിക്കുന്നു. ജില്ലാ ബാങ്കുകളായിരിക്കെ മൂലധന പര്യാപ്തത ഉറപ്പാക്കുന്നതിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ നല്‍കിയ ഓഹരിമൂലധനം പിരിച്ചെടുക്കാനാകാത്തതു പല സംഘങ്ങള്‍ക്കും ഭീമമായ കടബാധ്യതക്കു ഇടയാക്കുന്നുണ്ട്. പ്രാഥമിക മേഖലയില്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ട എസ്.സി /എസ്.ടി സഹകരണ സംഘങ്ങള്‍ നിര്‍ജീവമാണ്. വനിതാ സഹകരണ സംഘങ്ങള്‍ നാമമാത്രമായ നിലയിലാണു പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിങ് സംഘങ്ങള്‍, കണ്‍സ്യൂമര്‍ സംഘങ്ങള്‍, വ്യവസായ – മത്സ്യ മേഖലയിലെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. പലതും നിര്‍ജീവാവസ്ഥയിലോ പ്രവര്‍ത്തനം നിലച്ച മട്ടിലോ ആണ്.

സഹകരണ വകുപ്പും അതിലെ ഉദ്യോഗസ്ഥരും കാലോചിതമായി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയരാകാത്തതിനാല്‍ ഈ മേഖലയില്‍ കൃത്യമായി നേതൃത്വം നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നു. കൃത്യമായി ഓഡിറ്റ് പൂര്‍ത്തീകരിക്കാനും തെറ്റുകുറ്റങ്ങള്‍ യഥാകാലം പരിഹരിക്കാനും സാധ്യമാകാത്ത അവസ്ഥയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പ്രയോജനം ഫലപ്രദമായി കൊണ്ടുവരാന്‍ സഹകരണ മേഖലക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പ്രാഥമിക സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയറുകള്‍ ഏകോപിപ്പിക്കാനോ കാലാനുസൃതമായി പരിഷ്‌കരിക്കാനോ കഴിയാതെ വന്നിരിക്കുന്നു. ഇതുകൊണ്ടുതന്നെ കൃത്യമായ വിവരങ്ങള്‍ സമയത്തു ലഭിക്കാറില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ
കമ്പ്യൂട്ടര്‍വത്കരണംപോലും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. പ്രാഥമിക സംഘങ്ങളെക്കൂടി ഏകോപിപ്പിച്ച് ഒരു ശൃംഖലയുടെ കീഴില്‍ കൊണ്ടുവരാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, സംഘടനാതലത്തിലും
സാങ്കേതിക മികവിന്റെ തലത്തിലും മനുഷ്യവിഭവത്തിന്റെ ഉപയോഗ തലത്തിലും മൂലധനം സ്വരൂപിക്കുന്നതിലുമെല്ലാം കാര്യമായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത്തരമൊരു പ്രവര്‍ത്തനത്തിനു രൂപം നല്‍കാന്‍ ഒരു സഹകരണ മിഷന്‍
രൂപവത്കരിക്കുന്നത് ഉചിതമായിരിക്കും.

സഹകരണ മിഷന്‍ പ്രവര്‍ത്തനം എങ്ങനെ ?

1. സംസ്ഥാനത്തെ വിവിധ വിഭാഗം സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തുകയും അവയ്ക്കു പരിഹാരമുണ്ടാക്കാന്‍ സഹകാരികളെയും സഹകരണ ജീവനക്കാരെയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ ദൗത്യം. ഇതിനായി, തിരുവനന്തപുരം മണ്‍വിളയിലുള്ള എ.സി.എസ്.റ്റി.ഐ. എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ മറ്റു പരിശീലന സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി രണ്ടു വര്‍ഷത്തെ ഒരു കര്‍മപദ്ധതിക്കു രൂപം നല്‍കാവുന്നതാണ്.

2. ഇത്തരം കര്‍മ പദ്ധതിക്കു രൂപം നല്‍കാന്‍ സംസ്ഥാനതലത്തില്‍ ഒരു ടാസ്‌ക്‌ഫോഴ്‌സ് രൂപവത്കരിക്കുകയും വിവിധ മേഖലയിലുള്ളവരുടെ നിര്‍ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതു ഗുണകരമായിരിക്കും. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായ ഒരു പരിശീലന പരിപാടി ക്കു രൂപം നല്‍കാം.

3. കേന്ദ്രീകൃതമായി ചിട്ടപ്പെടുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുന്ന പരിശീലന പരിപാടികളായിരിക്കും അഭികാമ്യം. ഇതിനുവേണ്ടി സംസ്ഥാന തലത്തില്‍ ഒരു ട്രെയിനേഴ്‌സ് ട്രെയിനിങ് സംഘടിപ്പിച്ച് മാസ്റ്റര്‍ ട്രെയ്‌നറെ കണ്ടെത്തണം. സാക്ഷരതാ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലും ജനകീയാസൂത്രണ കാലഘട്ടത്തിലും കുടുംബശ്രീ സംവിധാനത്തിലും വിജയിപ്പിച്ച കാസ്‌കേഡിങ് ട്രെയിനിങ് രീതി അവലംബിക്കാവുന്നതാണ്.

4. ഓരോ താലൂക്ക് തലത്തിലും തിരഞ്ഞെടുക്കപ്പെട്ട സഹകരണ സ്ഥാപനങ്ങളില്‍വെച്ച് മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീളുന്ന ആദ്യഘട്ട പരിശീലനത്തിലൂടെ തങ്ങളുടെ സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ച, സാധ്യത, പ്രതിസന്ധികള്‍ എന്നിവ കണ്ടെത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യാവുന്നതാണ്.

5. ആദ്യഘട്ടത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളിലായിരിക്കണം ഇതു നടപ്പാക്കേണ്ടത്. ഒരു സംഘത്തില്‍ നിന്നു സെക്രട്ടറിക്കും കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും സര്‍വ്വീസുള്ള രണ്ടോ മൂന്നോ ജീവനക്കാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ചെറുപ്പക്കാരായ ഡയരക്ടര്‍മാര്‍ക്കുമായിരിക്കണം പരിശീലനം നല്‍കേണ്ടത്.

6. പരിശീലനത്തെത്തുടര്‍ന്ന് ഇവര്‍ തങ്ങളുടെ സ്ഥാപനത്തിന്റെ വികസനത്തിനാവശ്യമായ ഡവലപ്പ്‌മെന്റ് ആക്ഷന്‍ പ്ലാനിനു രൂപം നല്‍കേണ്ടതാണ്. ഈ ആക്ഷന്‍ പ്ലാന്‍ സംഘത്തിലെ ഭരണസമിതിയുമായും മറ്റു ജീവനക്കാരുമായും ആലോചിച്ച് നടപ്പാക്കുന്നതിനുള്ള പദ്ധതി തിട്ടപ്പെടുത്തണം. ഇതിന്റെ ഭാഗമായി നിക്ഷേപ സാധ്യതകള്‍, സാങ്കേതിക മേഖലയിലെ ഇടപെടല്‍ സാധ്യതകള്‍, പരിശീലനാവശ്യങ്ങള്‍ , വായ്പാ സാധ്യതകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, പുതിയ വായ്പാ പദ്ധതികള്‍ ചിട്ടപ്പെടുത്തല്‍ എന്നിവക്കു കൃത്യമായ രൂപം നല്‍കണം.

7. ഇത്തരത്തില്‍ തയാറാക്കുന്ന നിര്‍ദേശങ്ങള്‍ സംഘം തലത്തിലും ഓരോ താലൂക്കു തലത്തിലും പരിശോധിക്കേണ്ടതും പുരോഗതി വിലയിരുത്തേണ്ടതുമാണ്. ആറ് മാസത്തിലൊരിക്കല്‍ സഹകരണ മന്ത്രി, സഹകരണ വകുപ്പ് സെക്രട്ടറി, രജിസ്ട്രാര്‍ എന്നിവരുള്‍പ്പെടുന്ന ഒരു സംഘം ഓരോ ജില്ലയിലുംവെച്ച് വിവിധ സംഘങ്ങളുടെ പ്രവര്‍ത്തന പദ്ധതികളുടെ അവലോകനവും
പ്രവര്‍ത്തന പുരോഗതിയും വിലയിരുത്തേണ്ടതാണ്.

8. ഇതോടൊപ്പംതന്നെ കേന്ദ്ര നിയമങ്ങളില്‍ വന്ന മാറ്റങ്ങളുടെ പ്രത്യാഘാതം ലഘൂകരിക്കാനായി സംസ്ഥാന സഹകരണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാം. അതോടൊപ്പം, കൃത്യമായ കാലയളവില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനും ഈ വിവരങ്ങള്‍ അതതു ജില്ലാതലങ്ങളില്‍ വിശദമായ വിലയിരുത്തലിനു വിധേയമാക്കാനും ശ്രദ്ധിക്കണം.

പരിശീലനത്തിനും ഗവേഷണത്തിനും പുരോഗതി വിലയിരുത്തലിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമാവുകയുള്ളു. സഹകരണ മേഖലക്കുണ്ടാകുന്ന തകര്‍ച്ച കേരളത്തിന്റെ സമ്പദ്് വ്യവസ്ഥയെ തകര്‍ക്കുമെന്നുറപ്പാണ്.

[mbzshare]

Leave a Reply

Your email address will not be published.