‘വിധി’യുമായി ചേന്ദമംഗലം കൈത്തറി കോടതി കയറും

moonamvazhi

 


വി.എന്‍. പ്രസന്നന്‍

പ്രളയത്തില്‍ തകര്‍ന്നുപോയ ചേന്ദമംഗലം കൈത്തറിക്കു സഹായവുമായി എത്തിയ സേവ് ദ ലൂം വിധി എന്ന കൈത്തറി സാരികളുമായി വീണ്ടും കൈത്താങ്ങായി മാറുന്നു. വേഗത്തില്‍ ഉണക്കിയെടുക്കാവുന്ന ഈ കൈത്തറി സാരികള്‍ രണ്ടു തരത്തില്‍ ധരിക്കാം എന്ന പ്രത്യേകത കൂടിയുള്ളതാണ്.

ചേന്ദമംഗലം കൈത്തറി വസ്‌ത്രോല്‍പ്പാദകരായ എറണാകുളം പറവൂര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു കോവിഡ്കാലത്തു ഒരു വിശേഷ ഓര്‍ഡര്‍ കിട്ടി: വനിതാ അഭിഭാഷകര്‍ക്കു കോടതിയില്‍ ധരിക്കാന്‍ പറ്റിയ പ്രീമിയം കൈത്തറി സാരികള്‍ നെയ്യുക. 2018ലെ പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറിക്കു കൈത്താങ്ങുമായെത്തിയ ‘സേവ് ദ ലൂം’ ( എസ്.ടി.എല്‍ ) എന്ന കൂട്ടായ്മയില്‍ നിന്നാണ് ഈ ഓര്‍ഡര്‍ വന്നത്. അവര്‍ പറഞ്ഞത്രയും സാരികള്‍ സംഘത്തിലെ മുതിര്‍ന്ന നാലു വിദഗ്ധ നെയ്ത്തുകാരികള്‍ നെയ്തു നല്‍കി. വനിതാ അഭിഭാഷകര്‍ക്കായുള്ള ഇത്തരം വസ്ത്രങ്ങള്‍ക്കു ‘ വിധി ‘ എന്ന ബ്രാന്റ് നാമമാണു ‘ സേവ് ദ ലൂം ‘ അധികൃതര്‍ നിശ്ചയിച്ചിട്ടുള്ളത്. കോടതിമുറികളില്‍ തങ്ങളുടെ കക്ഷികള്‍ക്കനുകൂലമായ വിധികള്‍ക്കായി പോരാടുന്ന അഭിഭാഷകമാരുടെ വസ്ത്രത്തിനു തികച്ചും ഉചിതമായ ബ്രാന്റ് നാമം.

ഇനിയും ഇത്തരം സാരികളും തുണിത്തരങ്ങളും കൂടുതലായി വേണ്ടിവരുമെന്നു ‘സേവ് ദ ലൂം’ അധികൃതര്‍ പറവൂര്‍ സംഘത്തെ അറിയിച്ചിട്ടുണ്ട്. എസ്.ടി.എല്‍. സ്റ്റുഡിയോ വിപണിയിലെത്തിക്കുന്ന ഈ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം നന്നായി ഗവേഷണം നടത്തി തയാറാക്കിയിട്ടുള്ളതും ഇത്തരത്തിലുള്ള ആദ്യത്തെ നീക്കവുമാണെന്നു ‘സേവ് ദ ലൂം’ വ്യക്തമാക്കുന്നു.

ആറു മാസത്തോളം മുമ്പാണ് ഇവയ്ക്കുള്ള ആദ്യത്തെ ഓര്‍ഡര്‍ ലഭിച്ചത്. അതുപ്രകാരം നെയ്തുനല്‍കിയ സാരികള്‍ നീതിന്യായരംഗത്തു പ്രശസ്തരായ വനിതകളോടുള്ള ആദരസമര്‍പ്പണമായാണു ‘സേവ് ദ ലൂം’ കണക്കാക്കുന്നത്. ഇത്തരം ഒരു സാരി നെയ്യാന്‍ ഒരു സ്ത്രീത്തൊഴിലാളിക്കു രണ്ടു ദിവസം വീതം വേണ്ടിവന്നിട്ടുണ്ട്. ‘ സേവ് ദ ലൂമി ‘നു വേണ്ടി മാത്രമാണു സംഘം ഈ വസ്ത്രങ്ങള്‍ നെയ്യുന്നത്.

ഒരേ സാരി രണ്ടു തരത്തില്‍ ഉടുക്കാം

ഇന്ത്യയില്‍ പൊതുവെയുള്ള കാലാവസ്ഥയ്ക്കു യോജിക്കുന്നതും സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങുന്നതുമാണ് ഇത്തരം കൈത്തറിവസ്ത്രങ്ങള്‍. ‘ സേവ് ദ ലൂം ‘ കാര്യമായി ഗവേഷണം നടത്തി തയാറാക്കിയ മാതൃകയിലുള്ളതാണു വനിതാ അഭിഭാഷകര്‍ക്കായുള്ള സാരികളും അവയുടെ ഡിസൈനുകളും. വേഗത്തില്‍ കഴുകി ഉണക്കിയെടുക്കാന്‍ പറ്റിയ തുണിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. കൗണ്ട് കൂടിയ നൂലിലാണു സാരികള്‍ നെയ്തിട്ടുള്ളത്. ലഭിച്ച മാതൃകയനുസരിച്ചുതന്നെ സംഘം അവ നിര്‍മിച്ചുനല്‍കി. ഇവയുടെ കൂട്ടത്തില്‍ റിവേഴ്‌സിബിള്‍ രീതിയിലുള്ള സാരികളുമുണ്ട്. ഒരേ സാരിതന്നെ രണ്ടു രീതിയില്‍ ധരിക്കാം എന്നതാണു റിവേഴ്‌സിബിള്‍ രീതിയുടെ പ്രത്യേകത. അതിനാല്‍, കോടതി പിരിഞ്ഞശേഷം മറ്റേതെങ്കിലും ചടങ്ങില്‍ പോകേണ്ടതുണ്ടെങ്കില്‍ അതേ സാരിതന്നെ രണ്ടാമത്തെ രീതിയിലേക്കു മാറ്റി ധരിച്ച് പെട്ടെന്ന് ഒരുങ്ങിപ്പോകാം. ഈ രീതിയില്‍ സാരി നെയ്യാന്‍ പ്രത്യേക വൈദഗ്ധ്യം വേണം. അതിനാല്‍ വിദഗ്ധരായ സ്ത്രീത്തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചത്. സ്‌റ്റൈലിഷ് ആയി കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ക്കോ വൈകുന്നേരങ്ങളില്‍ ഒന്നു പുറത്തുപോകുന്നതിനോ ഒക്കെ പറ്റിയ വിധമുള്ള വസ്ത്രം എന്ന നിലയില്‍ കൂടുതല്‍ വിപുലമായ ഒരു വിപണിയെ മുന്നില്‍ക്കണ്ടുകൂടിയാണ് ‘വിധി’ വസ്ത്രനിര ഒരുക്കിയിട്ടുള്ളത്.

കോവിഡ് കാലമായിരുന്നെങ്കിലും , 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലത്ത് , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നെയ്യുന്നതിനു കാര്യമായ തടസ്സമുണ്ടായില്ല. അതിനാല്‍ ഇത്തരം വസ്ത്രങ്ങളുടെ നെയ്ത്ത് കാര്യമായ പ്രശ്‌നങ്ങളില്ലാതെ നടന്നു. കോടതിയില്‍ സാരി ധരിക്കുന്ന അഭിഭാഷകര്‍ക്ക് കറുപ്പ്, വെളുപ്പ്, ചാരനിറങ്ങളാണു നിയമപ്രകാരം അനുവദനീയം. സാരിക്കും ബ്ലൗസിനും മീതെ കറുത്ത ജാക്കറ്റും ഗൗണും ധരിക്കണം. അന്തസ്സിന്റെയും ആദരവിന്റെയും ജ്ഞാനത്തിന്റെയും നീതിയുടെയും പ്രതീകമാണ് ഡ്രസ് കോഡ്. ഇക്കാര്യവും രാജ്യത്തെമ്പാടുമുള്ള വിവിധ കാലാവസ്ഥാ സാഹചര്യങ്ങളും ഉപയോഗവും സാധ്യതകളും കണക്കിലെടുത്തു തയാറാക്കിയ ഡിസൈനുകളിലുള്ള ഈ വസ്ത്രങ്ങള്‍ കോട്ടുകളോടും ഗൗണുകളോടും ജാക്കറ്റുകളോടുമൊപ്പം ധരിക്കുമ്പോള്‍ അഭിഭാഷകര്‍ക്കു കോടതികളുടെ അന്തസ്സു പരിപാലിക്കുന്നതും സംതൃപ്തികരവും സ്റ്റൈലിഷും ആയ ഒരു ബദലാണു പ്രദാനം ചെയ്യുന്നതെന്നു സേവ് ദ ലൂം വ്യക്തമാക്കുന്നു. മറ്റു വസ്ത്രരൂപങ്ങളോടൊപ്പം സ്റ്റിച്ച് ചെയ്ത് ഉപയോഗിക്കാവുന്ന ഡിസൈനുകളും ഉണ്ടാകും. അഭിഭാഷകരുടെ തിരക്കിട്ടജീവിതത്തിനു സൗകര്യപ്രദമായരീതിയിലും അവരുടെ ഡ്രസ്‌കോഡിനിണങ്ങുംവിധത്തിലുമാണു സേവ് ദ ലൂം അധികൃതര്‍ കൈത്തറി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

സഹായവുമായി ന്യായാധിപ ദമ്പതിമാര്‍

2018 ലെ പ്രളയത്തില്‍ ചേന്ദമംഗലം കൈത്തറിരംഗം നാശത്തിലും നഷ്ടത്തിലും മുങ്ങിയപ്പോള്‍ ജസ്റ്റിസ് കെ. സുകുമാരന്‍ – ജസ്റ്റിസ് കെ.കെ. ഉഷ ദമ്പതിമാര്‍ കൈത്തറി നെയ്ത്തുകാരെ സഹായിക്കാന്‍ സജീവമായി രംഗത്തുവന്നിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.കെ. ഉഷയുടെ ആ സേവനങ്ങളോടുളള ആദരസ്മരണകള്‍ സേവ് ദ ലൂമിന്റെ പുതിയ സംരംഭത്തിനു പിന്നിലുണ്ട്. ജസ്റ്റിസ് കെ.കെ. ഉഷ സേവ് ദ ലൂമിന്റെ സ്ഥാപക രക്ഷാധികാരി കൂടിയാണ്. 2018 ലെ പ്രളയ കാലത്ത് ജസ്റ്റിസ് കെ. സുകുമാരനും ജസ്റ്റിസ് കെ.കെ. ഉഷയും കൈത്തറിത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും പാവപ്പെട്ട നെയ്ത്തുതൊഴിലാളികള്‍ക്കു, പ്രത്യേകിച്ച് സ്ത്രീത്തൊഴിലാളികള്‍ക്കു, 80,000 രൂപ കൊടുക്കുകയും അര ലക്ഷം രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാനായി അത്രയും തുക പൂര്‍ണമായി അപ്പോള്‍ത്തന്നെ മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഓണക്കാലത്ത് ഈ ന്യായാധിപ ദമ്പതിമാര്‍ വന്‍തുകയ്ക്കുള്ള കൈത്തറി വസ്ത്രങ്ങള്‍ സംഘത്തില്‍നിന്നു വാങ്ങി. 2020 ല്‍ കോവിഡ് കാലമായിരുന്നതിനാല്‍ അവര്‍ ഫോണിലാണു വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കിയത്. അവയത്രയും അവരുടെ വീട്ടില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിനു ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു.

( ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായ അന്തരിച്ച ജസ്റ്റിസ് അന്നാചാണ്ടിയുടെ 116 -ാം ജന്മവാര്‍ഷിക ദിനമായ മെയ് നാലിനാണു വനിതാഅഭിഭാഷകര്‍ക്കായുള്ള ഈ കൈത്തറി വസ്ത്രങ്ങള്‍ വിപണിയിലെത്തിയത് എന്നതും ശ്രദ്ധേയം. 1905 മെയ് നാലിനു തിരുവനന്തപൂരത്താണു അന്നാ ചാണ്ടി ജനിച്ചത്. 1996 ജൂലായ് 20 ന് അന്തരിച്ചു. 1959 ഫെബ്രുവരി ഒമ്പതു മുതല്‍ 1967 ഏപ്രില്‍ അഞ്ചു വരെയാണ് അവര്‍ ഹൈക്കോടതി ജഡ്ജിയായിരുന്നത്.)

‘വിധി’ വസ്ത്രനിരയിലെ ഓരോ ഡിസൈനും നീതിന്യായരംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച ജസ്റ്റിസുമാരായ അന്നാചാണ്ടി, ഫാത്തിമാബീവി, കെ.കെ. ഉഷ തുടങ്ങിയ വനിതാ ജഡ്ജിമാര്‍ക്കുള്ള ആദരമാണ്. അവരുടെ ധൈര്യവും നീതിനിര്‍വഹണ രംഗത്തിനു നല്‍കിയ സംഭാവനയും ഉദ്‌ഘോഷിക്കുന്ന കുറിപ്പ് ഈ ഡിസൈനുകളുടെ ടാഗിനൊപ്പം ഉണ്ടാവുമെന്നു സേവ് ദ ലൂം അറിയിച്ചു. 11 ഡിസൈനുകളാണു തയാറാക്കുന്നത്. ഇതില്‍ അഞ്ചെണ്ണം പൂര്‍ത്തിയായി. കോവിഡ് ലോക്ഡൗണ്‍ മൂലം തുടര്‍ന്നുള്ളവ തയാറാക്കാനായിട്ടില്ല. കോവിഡ് രൂക്ഷത ശമിച്ചശേഷം അതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തുടരും.

നേരത്തേ, ഹൈക്കോടതിയിലെ ഏതാനും യുവഅഭിഭാഷകരെ സാരികള്‍ പരിചയപ്പെടുത്തിയിരുന്നു. ധരിക്കാന്‍ വളരെ സുഖപ്രദമാണ് ഇവയെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. വനിതാ അഭിഭാഷകര്‍ക്കായുള്ള കൈത്തറി വസ്ത്രനിര ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാരായ വനിതകള്‍ക്കുള്ള ആദരം കൂടിയായാണു സേവ് ദ ലൂം ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയിലെ ഭൂരിഭാഗം നെയ്ത്തുകാരും സ്ത്രീകളാണ്. അവരില്‍തന്നെ മിക്കവരും 45 വയസ്സ് പിന്നിട്ടവരുമാണ്. 2018ലെ പ്രളയത്തിനുശേഷം ഹൈക്കോടതിപരിസരത്തു ചേന്ദമംഗലം കൈത്തറിമേഖലയെ സഹായിക്കാനായി സംഘടിപ്പിച്ച കൈത്തറിവസ്ത്രവില്‍പനയ്ക്ക് അഭിഭാഷകര്‍ വലിയ പിന്തുണ നല്‍കിയിരുന്നു.

കാലാവസ്ഥയ്ക്കു ഇണങ്ങിയത്

നെയ്ത്തുകാരുടെയും കരകൗശല വേലക്കാരുടെയും വൈദഗ്ധ്യം ഉപയോഗപ്പെടുത്തി മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനോടൊപ്പം അവര്‍ക്കു സ്ഥിരമായി തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ വിവിധ മാര്‍ഗങ്ങള്‍ തങ്ങള്‍ ആരാഞ്ഞുവരികയായിരുന്നുവെന്നു സേവ് ദ ലൂം സ്ഥാപകന്‍ രമേഷ് മേനോന്‍ പറഞ്ഞു. ‘ ഞങ്ങളുടെ ഗവേഷണ വികസന വിഭാഗം എല്ലാ മാതൃകകളും പഠിക്കുകയും സര്‍വേ നടത്തുകയും ചെയ്താണു ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കിണങ്ങിയതും വളരെ സുഖപ്രദമായ വായുസഞ്ചാരമുള്ളതും വേഗം ഉണക്കിയെടുക്കാവുന്നതുമായ ( Breathe and Dry) വസ്ത്രം വികസിപ്പിച്ചെടുത്തത്. കൂടുതല്‍ ഗവേഷണ വികസനങ്ങള്‍ക്ക് അനന്തസാധ്യതയുള്ളതാണ് ഈ വസ്ത്രനിര’ – അദ്ദേഹം പറയുന്നു. നീതിന്യായ രംഗത്തു പ്രവര്‍ത്തിക്കുന്നവരുമായുള്ള ആശയവിനിമയത്തിന്റെ കൂടി ഫലമാണ് വനിതാ അഭിഭാഷകര്‍ക്കായുള്ള വസ്ത്രനിരയെന്നും അദ്ദേഹം അറിയിച്ചു.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സേവ് ദ ലൂം 2018ലെ പ്രളയകാലത്ത് ചേന്ദമംഗലം കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിനായി സക്രിയം പ്രവര്‍ത്തിച്ചു. തുടര്‍ന്നും കൈത്തറി മേഖലയെ അവര്‍ സഹായിച്ചുവരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കൊത്താണു തങ്ങളുടെ പ്രവര്‍ത്തനമെന്നു സേവ് ദ ലൂം വ്യക്തമാക്കുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍ സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്തിയും വികസനത്തിലും വൈവിധ്യവത്കരണത്തിലും വൈദഗ്ധ്യ നവീകരണത്തിലും സാങ്കേതിക മികവിലും സഹായിച്ചും പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചുമാണ് സേവ് ദ ലൂമിന്റെ പ്രവര്‍ത്തനം. ഇതുവഴി ആഗോളവിപണിക്കുതകുന്ന ഗുണനിലവാരം കൈവരിക്കാനാവും. നെയ്ത്തുകാര്‍ക്കു മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ലഭ്യമാക്കാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതലാളുകള്‍ക്കു പരിചയപ്പെടാനും ഉല്‍പ്പന്നങ്ങള്‍ക്കു മികച്ച പ്രതിഫലം ലഭിക്കാനും പുതിയ തലമുറയെ നെയ്ത്തിലേക്ക് ആകര്‍ഷിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുമെന്നാണു സേവ് ദ ലൂമിന്റെ പ്രതീക്ഷ.

കോവിഡിനിടയിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു പ്രവര്‍ത്തനനിരതമായിരുന്ന ചേന്ദമംഗലം കൈത്തറി മേഖല വിഷുക്കാലവില്‍പ്പനയില്‍ കാര്യമായ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. അപ്പോഴാണു കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി പിടിമുറുക്കിയത്. അതിനാല്‍ വിഷുവില്‍പ്പന കാര്യമായി നടന്നില്ല. എങ്കിലും, സേവ് ദ ലൂം പോലെ കൈത്തറി മേഖലയെ സഹായിക്കാന്‍ പ്രതിബദ്ധമായ നിരവധി സ്ഥാപനങ്ങള്‍ നേരത്തേ മുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി സഹായിക്കുന്നുണ്ടെന്നു പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് ടി.എസ്. ബേബി പറഞ്ഞു. അത്തരം വാങ്ങലുകള്‍ വിഷുപോലുള്ള ഉത്സവകാല വില്‍പ്പനയുമായി ബന്ധമുള്ളതല്ല. എന്തായാലും, ചേന്ദമംഗലം കൈത്തറിയുടെ വിധി ശോഭനമാക്കുന്നതില്‍ ‘വിധി ‘വസ്ത്രങ്ങളും അവയുടെതായ പങ്കു വഹിക്കുമെന്നു പ്രതീക്ഷിക്കാം.

 

Leave a Reply

Your email address will not be published.