വളര്‍ച്ചയുടെ പടവില്‍ കടയ്ക്കല്‍ ബാങ്ക്

moonamvazhi

പി.ആര്‍. അതീന

വിപ്ലവമണ്ണില്‍ 65 വര്‍ഷം മുമ്പ് തുടക്കമിട്ട കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുകയാണ്. സമൂഹത്തെ സമസ്ത മേഖലയിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ഈ ബാങ്കിന് ഇക്കൊല്ലത്തെ സഹകരണ അവാര്‍ഡും ലഭിച്ചു.

ക്ഷീരസമൃദ്ധിയിലേക്കും കാര്‍ഷികാഭിവൃദ്ധിയിലേക്കും ഒരു നാടിനെ നയിക്കുകയും ധനവിശ്വാസത്തിലൂടെ സുസ്ഥിര ജീവിതം നാട്ടുകാര്‍ക്ക് പകര്‍ന്നേകുകയും ചെയ്ത് ധനവ്യാപാരത്തിന്റെ പുതുചക്രവാളത്തിലേക്ക് കുതിക്കുകയാണ് കൊല്ലം കടയ്ക്കല്‍ സഹകരണ ബാങ്ക്. അന്യായമായ ചന്തക്കരം പിരിവിനെതിരെ കലാപമുയര്‍ത്തി ബ്രിട്ടീഷ് വാഴ്ചക്കെതിരെ പടനയിച്ച കര്‍ഷക ജനതയുടെ പിന്മുറക്കാര്‍ കാര്‍ഷികരംഗത്ത് പരാജയപ്പെടാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഈ ബാങ്ക് രണ്ടു ഗ്രാമങ്ങളെയാകെ കൈപിടിച്ചുയര്‍ത്തിയത് കാര്‍ഷിക നഷ്ടത്തിന്റെ വിലാപത്തില്‍ നിന്നു പ്രതീക്ഷയുടെ കൈത്തിരിനാളത്തിലേക്ക്.

നാടുവാഴിത്തത്തിന്റെ അടിത്തറ തോണ്ടി ജനാധിപത്യ പ്രസ്ഥാനത്തിന് തിലകം കുറിച്ച കടയ്ക്കല്‍ വിപ്ലവത്തിന്റെ മണ്ണിലാണ് ഈ സഹകരണസ്ഥാപനം അനുദിനം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുന്നത്. 1954 ല്‍ കൂട്ടുകൃഷി സംഘമായി രജിസ്റ്റര്‍ ചെയ്താണ് തുടക്കം. പിന്നീടിത് കടയ്ക്കല്‍ സര്‍വീസ് സഹകരണ സംഘമായും 1976 ല്‍ കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കായും വികസിച്ചു. ബാങ്കിനിപ്പോള്‍ 36,000 ത്തില്‍പ്പരം അംഗങ്ങളും 278 കോടി രൂപ നിക്ഷേപവുമുണ്ട്. പ്രതിദിനം ഒരു ലക്ഷം രൂപയിലധികം വിറ്റുവരവുള്ള നീതി മെഡിക്കല്‍ സ്റ്റോര്‍, പ്രതിമാസം 15 ലക്ഷം രൂപ വിറ്റുവരവുള്ള ഗൃഹോപകരണ വില്‍പ്പനശാല, 90 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ള വളം വില്‍പ്പനശാല എന്നിവയെല്ലാം ഈ ജനകീയ സ്ഥാപനത്തെ വേറിട്ടതാക്കുന്നു. മൂന്ന് ജീവനക്കാര്‍ തൊഴിലെടുക്കുന്ന ഇ-സേവന കേന്ദ്രം കൂടി ഹെഡാഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്നു. ആറ് ശാഖകളുണ്ട്.

കടയ്ക്കല്‍ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമന്‍

ജനകീയ ബാങ്ക്

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയില്‍ നിന്നു കടയ്ക്കലിലെ കാര്‍ഷിക, ക്ഷീര വികസന, മൃഗ സംരക്ഷണ, വായ്പാ -സേവന മേഖലകളെയും സ്വയം തൊഴില്‍ സംരംഭങ്ങളെയും മോചിപ്പിക്കുന്നതിന് ഒരളവോളം ബാങ്കിന്റെ ധീരമായ നിലപാടുകള്‍ സഹായിച്ചിട്ടുണ്ട്. സമൂഹത്തിലെ സമസ്ത മേഖലയിലെയും ജനങ്ങളെ സ്പര്‍ശിക്കുന്ന സ്നേഹസഹായവും ഈ ബാങ്കിന്റെ പ്രവര്‍ത്തനമുഖം തന്നെ. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഈ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സഹകരണ അവാര്‍ഡും ( മൂന്നാം സ്ഥാനം ) ലഭിച്ചു. ഈ പുരോഗതിയുടെയും നേട്ടങ്ങളുടെയും പിന്നില്‍ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഒറ്റക്കെട്ടായി നടത്തുന്ന ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവുമാണെന്ന് പ്രസിഡന്റ് എസ.് വിക്രമന്‍ പറഞ്ഞു.

ഉല്‍പ്പാദന വര്‍ധനവും കര്‍ഷകരുടെ സാമ്പത്തികാഭിവൃദ്ധിയും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കി ഗ്രാമത്തെയാകെ ഹരിതാഭമാക്കാന്‍ കടയ്ക്കല്‍ ബാങ്കിനു കഴിഞ്ഞു. നെല്ല്, പാല്‍, മത്സ്യം, ഫലവര്‍ഗങ്ങള്‍ എന്നീ മേഖലകളിലാണ് ഇടപെട്ടത്. വരുംവര്‍ഷങ്ങളില്‍ നാളികേരം, വാഴ, ഇടവിളകള്‍ എന്നീ കൃഷികളുടെ അഭിവൃദ്ധിക്കായി പുതുപദ്ധതി ആവിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണസമിതി.

 

കടയ്ക്കല്‍ ബാങ്ക് സെക്രട്ടറി പി. അശോകന്‍

കനകക്കതിര്‍

സമഗ്ര നെല്‍ക്കൃഷിയും തരിശ്രഹിത പാടശേഖരവും ലക്ഷ്യമിട്ട് ബാങ്ക് നടപ്പാക്കിയിട്ടുള്ള കനകക്കതിര്‍ പദ്ധതിയിലൂടെ നെല്‍ക്കൃഷിയിലേക്ക് ഒരു ജനതയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു. 65 ഏക്കര്‍ നെല്‍ക്കൃഷി സംരക്ഷിക്കാന്‍ ബാങ്കിനു കഴിഞ്ഞു. നെല്‍ക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കെല്ലാം എല്ലാ സീസണിലും ഏക്കറിന് 5250 രൂപ ക്രമത്തില്‍ ഉഴവ്കൂലി ബാങ്ക് നല്‍കുന്നു. ജൈവ അരി ഉല്‍പ്പാദിപ്പിക്കുന്ന പന്തളംമുക്കിലെ കുടുംബശ്രീ യൂണിറ്റിന്റെ റൈസ്മില്‍ വികസിപ്പിക്കാനാവശ്യമായ പദ്ധതി പഞ്ചായത്തുമായി ചേര്‍ന്ന് തയാറാക്കുകയാണ്.

ക്ഷീരസാഗരം

ജില്ലയിലെ പാല്‍ ഉല്‍പാദനത്തില്‍ ഈ സഹകരണ സ്ഥാപനം നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. കറവപ്പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുന്ന കര്‍ഷകരെ സംരക്ഷിക്കാനും പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലെത്തിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ക്ഷീരസാഗരം പദ്ധതിയിലൂടെയാണ് ഈ നേട്ടം കൊയ്യുന്നത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ക്ഷീരസംഘമായ മങ്കാട് ക്ഷീരസംഘം സ്വന്തമായി കവര്‍പാലും തൈരും ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റ് ആരംഭിച്ചത് ഈ പദ്ധതിയുടെ വിജയത്തിളക്കത്താല്‍ തന്നെ. പദ്ധതിയനുസരിച്ച് നാലു ശതമാനം പലിശയ്ക്ക് ആള്‍ജാമ്യത്തില്‍ 50,000 രൂപ വരെ വായ്പ നല്‍കും. മതിയായ ഈടിന്മേല്‍ കൂടുതല്‍ തുകയും വായ്പയായി നല്‍കും. കറവപ്പശു വളര്‍ത്തല്‍ മാത്രം ജീവിതമാര്‍ഗമാക്കിയ കര്‍ഷകര്‍ക്ക് 7500 രൂപ മുതല്‍ 15000 രൂപ വരെ സബ്സിഡിയും നല്‍കുന്ന ഈ പദ്ധതി കര്‍ഷകരില്‍ വലിയ ആവേശമാണുണ്ടാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബാങ്കിന്റെ പ്രവര്‍ത്തനമേഖലയില്‍ ഗണ്യമായ തോതില്‍ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും കഴിഞ്ഞു.

നാട്ടുപച്ച

വീടുകള്‍ തോറും വിഷരഹിത ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിച്ചും ഫലവൃക്ഷത്തൈകള്‍ വച്ച് പിടിപ്പിച്ചും ഗ്രാമത്തെ പച്ചപ്പണിയിക്കാന്‍ നാട്ടുപച്ചക്ക് കഴിഞ്ഞു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 രൂപ ബാങ്കിലടച്ച് പേര് രജിസ്റ്റര്‍ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 400 രൂപ വിലവരുന്ന തൈകള്‍ വിതരണം ചെയ്താണ് ഈ നേട്ടം കൈവരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് ശേഖരിക്കുന്ന ഗുണമേന്മയുള്ള തൈകള്‍ എല്ലാ വര്‍ഷവും മുടക്കമില്ലാതെ വിതരണം ചെയ്യുന്നതിനാല്‍ ഗ്രാമം ഹരിതാഭമായി.

ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കും സര്‍ജറിക്ക് വിധേയരാകുന്നവര്‍ക്കും കിടപ്പ് രോഗികള്‍ക്കുമൊക്കെ കൈത്താങ്ങേകുകയാണ് ബാങ്ക് ‘കനിവ് ‘ എന്ന പദ്ധതിയിലൂടെ. 5,000 മുതല്‍ 10,000 രൂപ വരെയാണ് സാധാരണഗതിയില്‍ സഹായമായി നല്‍കുന്നത്. എന്നാല്‍, പ്രത്യേക പരിഗണന നല്‍കേണ്ട കേസുകളില്‍ 25,000 രൂപ വരെ നല്‍കാനുള്ള വ്യവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 20 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന ഈ പദ്ധതി പ്രകാരം ഇതിനകം 1200 ല്‍പ്പരം കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു.

വര്‍ഷംതോറും മികച്ച വിജയം നേടുന്ന മുന്നൂറോളം എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കിവരുന്നു. ഇതിനു പുറമെ ബാങ്കിന്റെ പ്രവര്‍ത്തന മേഖലയിലുള്ള മൂന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ സാമ്പത്തിക ശേഷി കുറഞ്ഞ മിടുക്കരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുന്നു. പഠനം, സ്പോര്‍ട്സ്, കലാരംഗങ്ങളിലെ മികവിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതില്‍ കലാരംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് 10,000 രൂപയും മറ്റ് രണ്ട് മേഖലയില്‍പ്പെട്ടവര്‍ക്ക് 7,500 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്.

വീടുകളില്‍ മത്സ്യക്കൃഷി

വിഷംതളിച്ച മത്സ്യം കഴിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ വീടുകളില്‍ മത്സ്യക്കൃഷി ചെയ്യാന്‍ കടയ്ക്കലുകാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തുടങ്ങാന്‍ ബാങ്കിനു പരിപാടിയുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയില്‍ ഉള്‍നാടന്‍ മത്സ്യക്കൃഷി നടപ്പാക്കാനാണ് തീരുമാനം. 25 മീറ്ററില്‍ കുറയാത്ത നീളവും 20 മീ്റ്റര്‍ വീതിയുമുള്ള കുളങ്ങള്‍ നിര്‍മിച്ച് ശാസ്ത്രീയമായ രീതിയില്‍ ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് എന്നിവയുടെ മാര്‍ഗനിര്‍ദേശത്തോടെയും സഹായത്തോടെയും ഇത് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. വിപുലമായ മത്സ്യക്കൃഷി പഞ്ചായത്ത് മെമ്പര്‍മാരുടെ സഹായത്തോടെ ഓരോ വാര്‍ഡിലും വ്യക്തികളോ ഗ്രൂപ്പുകളോ ആയ സംരംഭകരെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ സംരംഭത്തിലേര്‍പ്പെടുന്ന ഓരോ യൂണിറ്റിനും 50,000 രൂപ ഗ്രാന്റുണ്ട്. 50,000 രൂപ പലിശരഹിത വായ്പയായും നല്‍കും. ഇതില്‍ ആകൃഷ്ടരായി നിരവധി പേര്‍ എത്തിക്കഴിഞ്ഞു.


പ്രളയഘട്ടത്തില്‍ കടയ്ക്കല്‍ പഞ്ചായത്തുമായി ചേര്‍ന്ന് നടത്തിയ അടിയന്തര ദുരിതാശ്വാസ സഹായത്തിനു പുറമെ 30 ലക്ഷം രൂപ ബാങ്കിന്റെ സഹായമായും 14 ലക്ഷം രൂപ ജീവനക്കാരുടെ വിഹിതമായും കെയര്‍ഹോം പദ്ധതിക്കായി ഇതിനകം നല്‍കി. സ്‌കൂളുകള്‍ക്ക് ക്ലാസ്മുറികള്‍, ഫര്‍ണിച്ചറുകള്‍, എസ്.പി.സി. യൂണിറ്റിനുവേണ്ട സഹായങ്ങള്‍ എന്നീ മേഖലകളില്‍ വേണ്ടിവരുന്ന സഹായങ്ങളും ബാങ്ക് നല്‍കാറുണ്ട്. ഗവണ്‍മെന്റ് താലൂക്കാശുപത്രിയില്‍ 6,25,000 രൂപ വിലവരുന്ന ഹോര്‍മോണ്‍ അനലൈസര്‍ വാങ്ങിനല്‍കി ലാബ്സൗകര്യം മെച്ചപ്പെടുത്തിയതും ബാങ്കിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനത്തിനുള്ള തെളിവാണ്.

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി

ആധുനിക ചികിത്സാ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ട് നേരിടുന്ന പ്രദേശമാണ് കടയ്ക്കലും പരിസര പഞ്ചായത്തുകളും. ആരോഗ്യ മേഖലയില്‍ ബാങ്കിന്റെ കൂടുതല്‍ സേവനമെത്തിക്കാന്‍ ലക്ഷ്യമിട്ട് കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ചികിത്സ ലഭ്യമാക്കുന്നതിനായി ‘ കിംസാറ്റ് ‘ എന്ന പേരില്‍ കടയ്ക്കല്‍ ടൗണിന് സമീപത്ത് എട്ടേക്കറോളം ഭൂമി വാങ്ങി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തിനും ബാങ്ക് തുടക്കമിട്ടു കഴിഞ്ഞു . കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചു. 40 കോടിയുടെ മുതല്‍മുടക്കാണ് ഒന്നാംഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്.

ഇത്തരത്തില്‍ ഒരു സഹകരണ ബാങ്കിന് അപ്രാപ്യമായ ഒന്നും തന്നെയില്ലെന്ന് അരക്കിട്ടുറപ്പിക്കുകയാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ഈ ബാങ്ക്. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ജൈവ രാസവളം വില്‍പ്പന നടത്തുന്ന നാലു ഡിപ്പോകള്‍, ക്ലബ്ബുകള്‍ക്കും സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കും മുടങ്ങാതെ സഹായമെത്തിക്കല്‍, കടയ്ക്കല്‍ സമര നായകന്‍ ചന്തീരാന്‍ കാളിയമ്പിയുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ ആ ജീവനാന്ത പെന്‍ഷന്‍, കടയ്ക്കല്‍ വിപ്ലവത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കടയ്ക്കല്‍ വിപ്ലവ സ്മാരകത്തിനുള്ളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ചുമര്‍ചിത്രാവിഷ്‌കാരം തുടങ്ങിയവ ബാങ്കിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. മികച്ച ബാങ്ക് പ്രസിഡന്റിനുള്ള സഹകാര്യം മാസികയുടെ പുരസ്‌കാരം ഇത്തവണ ലഭിച്ചത് എസ്. വിക്രമനാണ്.

13 അംഗ ഭരണസമിതിയില്‍ പി. പ്രതാപനാണ് വൈസ് പ്രസിഡന്റ്. കെ. മധു, വി. ബാബു, വിനോദ്, ആര്‍. അനിരുദ്ധന്‍, ടി. എസ്. പ്രഫുല്ല ഘോഷ്, സെയ്ഫുദീന്‍, എസ്.  പ്രഭാകരന്‍പിള്ള, ജെ. എം. മര്‍ഫി, ശ്യാമളാ വിലാസന്‍, കെ. സുഭദ്ര, കെ. ജിസി എന്നിവരാണ് ഭരണസമിതിഅംഗങ്ങള്‍. സെക്രട്ടറി പി. അശോകന്‍.

Leave a Reply

Your email address will not be published.