റിസർവ് ബാങ്കിന്റെ പുതിയ സ്വർണ്ണ വായ്പാനയം: തള്ളാനും കൊള്ളാനും വയ്യാതെ സഹകരണമേഖല.

adminmoonam

റിസർവ് ബാങ്കിന്റെ പുതിയ സ്വർണ്ണ വായ്പാനയംവന്നതോടെ ഇത് തള്ളാനും കൊള്ളാനും വയ്യാതെ നിൽക്കുകയാണ് സഹകരണമേഖല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സ്വർണ്ണ വായ്പ നയം അനുസരിച്ച് സ്വർണ്ണപ്പണയ വായ്പയുടെ പരിധി വിലയുടെ 90 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് പരമാവധി 75 ശതമാനം വരെ ആയിരുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് ആർബിഐ യുടെ നിർദേശം ഉണ്ടായത്. പണയ വായ്പാ നയത്തിൽ കാർഷികേതര സ്വർണ്ണ പണയ വായ്പകൾക്ക് സ്വർണ്ണത്തിന്റെ വിലയുടെ 90 ശതമാനംവരെ വായ്പ നൽകാമെന്ന് ആർബിഐ തീരുമാനിച്ചപ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നു. റിസർവ് ബാങ്കിന്റെ ഉത്തരവനുസരിച്ച് വിപണി വിലയുടെ 90% വരെ പണയ സ്വർണ്ണത്തിന് വായ്പ നൽകാം. മറ്റൊരുകാര്യം മറ്റ് ഷെഡ്യൂൾഡ്, നാഷണലൈസ്ഡ് ബാങ്കുകൾ ഇതിനകം തന്നെ 90%വായ്പാ കൊടുത്തു തുടങ്ങുകയും ചെയ്തു. ഇത് മേഖലയിലെ ബിസിനസിനെ ബാധിക്കുമോ എന്ന ആശങ്കയും ഉണ്ട്. സഹകരണ മേഖല 90% വായ്പ നൽകാൻ തയ്യാറായില്ലെങ്കിൽ പുതിയ ഗോൾഡ് ലോൺ വരില്ലെന്ന് മാത്രമല്ല നിലവിലുള്ളത് മറ്റു ബാങ്കുകളിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് സഹകാരികൾ പറയുന്നു. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് സഹകരണ സംഘം രജിസ്ട്രാർ പൊതുവായ ഉത്തരവിറക്കണമെന്ന് പറയുന്ന സഹകാരികൾ കുറവല്ല. ഉത്തരവ് ഇറങ്ങിയാൽ വായ്പ ഉടനെ നൽകുവാൻ കഴിയുമെന്നാണ് ഇവരുടെ പക്ഷം.

എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിലാണ് സ്വർണ്ണവില ഇത്രയും ഉയർന്നു നിൽക്കുന്നത്. രോഗവ്യാപനം പിടിച്ചുനിർത്താൻ സാധിച്ചാൽ സ്വർണ്ണ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തന്നെയുമല്ല ലോക് ഡൌൺ സാഹചര്യത്തിൽ 90% വായ്പ നൽകുകയും തിരിച്ചടവ് പ്രതിസന്ധിയിൽ ആകുമോ എന്ന ആശങ്കയും സഹകാരികൾക് ഉണ്ട്. ഈ സാഹചര്യത്തിൽ 90 ശതമാനം വരെ വായ്പ നൽകുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഒരു വിഭാഗം സഹകാരികളുടെ പക്ഷം. ഒരു വർഷത്തെ പലിശ കണക്കാക്കുമ്പോൾ മുതലിനേക്കാൾ അധികരിക്കുമോ എന്ന ഭയവും സഹകാരികൾകുണ്ട്. 90% വായ്പ നൽകുമ്പോൾ ഉള്ള അപകടസാധ്യതയും സഹകാരികൾ ഓർമിപ്പിക്കുന്നു. പ്രത്യേകിച്ച് ജനങ്ങളുടെ കയ്യിൽ പണലഭ്യത വളരെ കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ. എന്തായാലും ഈ വിഷയത്തിൽ സഹകരണമേഖലയ്ക്ക് ദോഷകരമാകാത്ത വിധം ജനോപകാരപ്രദമായ രീതിയിൽ ഉള്ള സർക്കുലർ സഹകരണ സംഘം രജിസ്ട്രാറുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഹകരണമേഖല.

സ്വർണ്ണ വില കുതിച്ചുയർന്നതോടെ സഹകരണമേഖലയിൽ കിട്ടാക്കടമായി കിടന്നിരുന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് വായ്പ തീർത് കൊണ്ടുപോയത്. കൊണ്ടുപോയ സ്വർണ്ണത്തിൽ ഭൂരിഭാഗവും വിൽപ്പനകുവേണ്ടിയാണ് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!