രാജ്യത്തെ ആകെ അര്‍ബന്‍ ബാങ്കുകള്‍ 1502, മൊത്തം ആസ്തി 21.6 ലക്ഷം കോടി രൂപ

moonamvazhi
2023 മാര്‍ച്ച് അവസാനംവരെയുള്ള കണക്കനുസരിച്ചു രാജ്യത്തു 1502 അര്‍ബന്‍ സഹകരണ ബാങ്കുകളാണുള്ളതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. 2004 മാര്‍ച്ചില്‍ ആകെ 1926 അര്‍ബന്‍ ബാങ്കുകളാണുണ്ടായിരുന്നത്. ഇരുപതു വര്‍ഷത്തിനുള്ളില്‍ ലയനത്തിലൂടെയും പ്രവര്‍ത്തനം നിലച്ചതിലൂടെയും അപ്രത്യക്ഷമായതു നാനൂറിലധികം അര്‍ബന്‍ ബാങ്കുകളാണ്. അര്‍ബന്‍ ബാങ്കുകളുടെ ഇപ്പോഴത്തെ മൊത്തം ആസ്തി 21.6 ലക്ഷം കോടി രൂപയാണ്. 2022-23 ല്‍ ഇന്ത്യയിലെ ബാങ്കിങ് മേഖലയിലെ ഗതിയും പുരോഗതിയും വിലയിരുത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

1990 കളിലെ ഉദാരമായ ലൈസന്‍സിങ്‌നയമാണ് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കൂടുതലായുണ്ടാകാന്‍ കാരണം. പുതുതായി ലൈസന്‍സ് കിട്ടിയ അര്‍ബന്‍ ബാങ്കുകളില്‍ മൂന്നിലൊന്നും സാമ്പത്തികമായി ഭദ്രമല്ല. 2004-05 ല്‍ റിസര്‍വ് ബാങ്ക് തുടങ്ങിവെച്ച നടപടികളിലൂടെ സാമ്പത്തികഭദ്രതയില്ലാത്ത ബാങ്കുകളെ മറ്റു ബാങ്കുകളില്‍ ലയിപ്പിക്കുകയും നഷ്ടത്തിലായവയുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും പുതിയ ലൈസന്‍സുകള്‍ നല്‍കുന്നതു നിര്‍ത്തിവെക്കുകയും ചെയ്തു. 2004-05 നുശേഷം അര്‍ബന്‍ ബാങ്ക് മേഖലയില്‍ 150 ലയനങ്ങള്‍ നടന്നു. ഇതില്‍ മൂന്നെണ്ണം നടന്നതു 2022-23 ലാണ്. മൊത്തം ലയനങ്ങളില്‍ 80 ശതമാനവും നടന്നതു മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. 2015-16 നുശേഷം 46 അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയിട്ടുണ്ട്. 2021-22 ല്‍ പത്തും 22-23 ല്‍ എട്ടും അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സാണു റദ്ദാക്കിയത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാധീനങ്ങള്‍ വഴി നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗങ്ങള്‍ ദീര്‍ഘകാലം അധികാരത്തിലിരിക്കുന്നതു നിരുത്സാഹപ്പെടുത്തണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. പുതുമുഖങ്ങളെ ഡയറക്ടര്‍ ബോര്‍ഡില്‍ കൊണ്ടുവരുന്നതു പുതുചിന്തകള്‍ക്കു വഴിയൊരുക്കും. സമഗ്രമായ റിസ്‌ക് മാനേജ്‌മെന്റ് നയമില്ലാത്തതിനാല്‍ ചില അര്‍ബന്‍ ബാങ്കുകള്‍ ആഭ്യന്തര, ബാഹ്യ ഭീഷണികള്‍ക്കു വിധേയമാകുന്നുണ്ട്. കോര്‍ ബാങ്കിങ് സൊല്യൂഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡാറ്റാ ബേസ് എന്നിവയുടെ പ്രവര്‍ത്തനത്തിനു നിപുണരായ സ്റ്റാഫിനെ കിട്ടാത്തത് അര്‍ബന്‍ ബാങ്കുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കു പുറംകരാര്‍ കൊടുക്കുന്നത് അപകടമാണ്. സൈബറാക്രമണങ്ങളെ തടയാനോ സമയത്തിനു കണ്ടുപിടിക്കാനോ അതിനെതിരെ പ്രതികരിക്കാനോ ഇത്തരം ബാങ്കുകള്‍ക്കു കഴിയുന്നില്ല- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അര്‍ബന്‍ ബാങ്കുകളുടെ ലാഭസൂചിക മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മൊത്ത നിഷ്‌ക്രിയ ആസ്തി വര്‍ധിച്ചുവരുന്നതില്‍ റിസര്‍വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. ഇതു പരിഹരിക്കാന്‍ ഭരണനിര്‍വഹണത്തിന്റെ നിലവാരം മെച്ചപ്പെടുത്തണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. 2022 മാര്‍ച്ച് അവസാനം രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയിലെ മൊത്തം ആസ്തി 21.6 ലക്ഷം കോടി രൂപയാണ്. ഇതു ഷെഡ്യൂള്‍ഡ് കമേഴ്‌സ്യല്‍ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ പത്തു ശതമാനം വരും. 2023 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ചു ഭൂരിഭാഗം അര്‍ബന്‍ ബാങ്കുകളും ടയര്‍-1 വിഭാഗത്തിലാണുള്ളത്. 898 എണ്ണം. ടയര്‍-2 വിഭാഗത്തില്‍ 520, ടയര്‍-3 ല്‍ 78, ടയര്‍-4 ല്‍ ആറ് എന്നിങ്ങനെയാണുള്ളത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു 2022-23 ല്‍ റിസര്‍വ് ബാങ്ക് 14 കോടി രൂപയുടെ പിഴയാണു 176 അര്‍ബന്‍ ബാങ്കുകളുടെ മേല്‍ ചുമത്തിയത്. ഈ കാലത്തു ഏഴു സ്വകാര്യ ബാങ്കുകള്‍ക്കുമേലും പിഴ ചുമത്തിയിട്ടുണ്ട്. ഇവയില്‍നിന്നു പിഴയായി ഈടാക്കിയത് 12.2 കോടി രൂപ. 2023 മാര്‍ച്ച് 31 വരെ 1887 അര്‍ബന്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനു ( ഡി.ഐ.സി.ജി.സി ) കീഴില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. 130 കമേഴ്‌സ്യല്‍ ബാങ്കുകളും ഇങ്ങനെ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്- റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ലൈസന്‍സ് റദ്ദാക്കി

അതിനിടെ, മഹാരാഷ്ട്രയിലെ ഔറംഗാബാദ് ആസ്ഥാനമായുള്ള ആദര്‍ശ് മഹിളാ നാഗരിക് സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച റദ്ദാക്കി. ബാങ്കിലെ നിക്ഷേപകരില്‍ 99.77 ശതമാനം പേര്‍ക്കും നിക്ഷേപ ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി ) അഞ്ചു ലക്ഷം രൂപ കിട്ടാന്‍ അര്‍ഹതയുണ്ടെന്നു റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 വരെ ഡി.ഐ.സി.ജി.സി.യില്‍ നിന്നു 185.38 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാറോട് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടും ലിക്വിഡേറ്ററെ നിയമിച്ചുകൊണ്ടും ഉത്തരവിറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ മൂലധനവും വരുമാനസാധ്യതയും ഇല്ലാത്തതിനാലാണു ബാങ്കിന്റെ പ്രവര്‍ത്തനം ഡിസംബര്‍ 29 മുതല്‍ അവസാനിപ്പിച്ചത്.

R

Leave a Reply

Your email address will not be published.