രജിസ്ട്രാര്‍ ഉറച്ചുവെക്കണം മാറ്റത്തിനുള്ള ഈ ചുവട്

moonamvazhi

സഹകരണത്തിന് ഒരു പ്രത്യേക ശക്തിയുണ്ട്. സര്‍ക്കാരിനും സ്വകാര്യ മേഖലയ്ക്കും നേടാനാവത്തതിലുമധികം കൂട്ടുത്തരവാദിത്തവും അര്‍പ്പണബോധവും അതിലുണ്ടെന്നതാണ് ആ ശക്തി. ലാഭം പരമലക്ഷ്യമല്ലാതിരിക്കുകയും അംഗങ്ങളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥ ആത്യന്തിക ലക്ഷ്യമാവുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണു സഹകരണം. പരസ്പരാശ്രിതത്വം എന്നത് അതിന്റെ ജീവനാഡിയാണ്. ഈ ശക്തി തിരിച്ചറിയാതെ ഒറ്റയ്ക്കു മുന്നേറാന്‍ ഉഴറിയോടുന്ന പ്രവണത കേരളത്തിലെ സഹകരണ സംഘങ്ങളില്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ വീഴുന്നതും വാഴുന്നതും ഒറ്റയ്ക്കുള്ള മിടുക്കും പോരായ്മയും കൊണ്ടാവും. ഒന്നിച്ചുശ്രമിച്ചാല്‍ സഹകരണ സംഘങ്ങള്‍ക്കു സ്വന്തംനിലയിലും അതിന്റെ മാറ്റം സമൂഹത്തിലും പുരോഗതിയുണ്ടാക്കുമെന്ന ബോധത്തിലേക്ക് ഇനിയും കേരളത്തിലെ സഹകരണ സംഘങ്ങള്‍ എത്തിയിട്ടില്ല. പ്രത്യേകിച്ച് വായ്പേതരമേഖലകളില്‍. ഈ കാഴ്ചപ്പാട് മാറ്റി സഹകരണ മേഖലയില്‍ വലിയ മാറ്റത്തിനു വഴിയൊരുക്കാനുള്ള ശ്രമമാണു സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ് ഇപ്പോള്‍ നടത്തുന്നത്. അതു ശ്ലാഘനീയമായ മാറ്റമാണ്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികാടിസ്ഥാന സൗകര്യവികസന നിധിപദ്ധതിയില്‍ കേരളത്തിന് അനുവദിച്ച ഫണ്ട് 2520 കോടി രൂപയാണ്. വ്യക്തമായ കാഴ്ചപ്പാടോടെ തയാറാക്കിനല്‍കുന്ന പദ്ധതിരേഖയനുസരിച്ചാണു നബാര്‍ഡ് പണം അനുവദിക്കുക. 78 കോടി രൂപയാണ് ഇതുവരെ ഇത്തരത്തില്‍ നേടാനായത്. ഈ ഘട്ടത്തിലാണു സഹകരണമേഖലയില്‍ എന്തൊക്കെ നടപ്പാക്കാനാകുമെന്ന ആസൂത്രണത്തിനു രജിസ്ട്രാര്‍ മുന്നിട്ടിറങ്ങിയത്. അരിസംഭരണ കേന്ദ്രംമുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നസംരംഭങ്ങള്‍വരെയുള്ള പ്രൊജക്ടുകള്‍ തയാറാക്കി സംഘങ്ങളിലൂടെ നടപ്പാക്കാനാണു രജിസ്ട്രാര്‍ ശ്രമിക്കുന്നത്. 2000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. തീര്‍ന്നില്ല, ഇങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കോ-ഓപ് മാര്‍ട്ട് പദ്ധതിയെ ഉപയോഗിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗ്രാമീണതലത്തില്‍ കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണു രജിസ്ട്രാര്‍. എന്നിട്ടും, ഇതൊന്നും മനസ്സിലാകാത്ത ഒരു സ്ഥാപനമായി കേരള ബാങ്ക് നില്‍ക്കുന്നതു ഖേദകരമാണ്. കേന്ദ്രഫണ്ട് മലപ്പുറം ജില്ലയ്ക്ക് എങ്ങനെ നിഷേധിക്കാമെന്ന ഗവേഷണത്തിലാണ് അവര്‍. നാടിന്റെ നന്മയും സഹകരണ മേഖലയുടെ മുന്നേറ്റവും കേരള ബാങ്കിന്റെ ലക്ഷ്യത്തില്‍ എവിടെയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നിലപാട് തിരുത്തുകയാണു വേണ്ടത്. ഒപ്പം, രജിസ്ട്രാര്‍ ഈ പുതുചുവട് ഉറച്ചുതന്നെ വെക്കണം. അതു സഹകരണ മേഖലയുടെ മാറ്റത്തിനുള്ള ചുവടാണ്.

‘ മൂന്നാംവഴി ‘ സഹകരണമാസിക പ്രസിദ്ധീകരണത്തിന്റെ ആറാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. എന്നും ഞങ്ങളോടൊപ്പം നിന്നിട്ടുള്ള മാന്യ വരിക്കാര്‍ക്കും വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരസ്യദാതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.
– എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!