മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ: വിതരണം സംബന്ധിച്ച് സഹകരണ മേഖലയിൽ ആശങ്ക.

adminmoonam

മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം മറ്റന്നാൾ മുതൽ ആരംഭിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. അടുത്ത മാസം 15 വരെ ആണ് വിതരണം. വിതരണം ചെയ്യാതെ അവശേഷിക്കുന്ന തുക ഓഗസ്റ്റ് 15ന് അകം കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന പേരിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്ക് തിരിച്ചടക്കണമെന്നും ധനകാര്യവകുപ്പിലെ ഉത്തരവിൽ പറയുന്നു.

1110 കോടി 53 ലക്ഷത്തി 42 ആയിരത്തി 800 രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടും ഗുണഭോക്താക്കളുടെ വീട്ടിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പണമായും വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഒപ്പം കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു വേണം പെൻഷൻ വിതരണം നടത്താനുമെന്ന് ഉത്തരവിൽ നിഷ്കർഷിക്കുന്നു.

എന്നാൽ മുൻകരുതൽ എങ്ങനെയാണെന്ന് സംബന്ധിച്ച് സഹകരണസംഘങ്ങൾക്ക് നിർദേശം നൽകിയിട്ടില്ല. പെൻഷൻ വിതരണം നടത്തേണ്ട കളക്ഷൻ ഏജന്റ്മാർ ആശങ്കയിലും ആണ്. സംസ്ഥാനത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഒന്നോരണ്ടോ വാർഡുകൾ കണ്ടയ്മെന്റ് സോണുകൾ ആണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് സുരക്ഷാ മുൻകരുതലുകൾ എടുത്ത് ആഗസ്റ്റ് 15 നകം പെൻഷൻ വിതരണം പൂർത്തിയാക്കുക എന്നാണ് സഹകാരികളും ജീവനക്കാരും ചോദിക്കുന്നത്.

മുൻകാലങ്ങളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചാൽ തന്നെ, സഹകരണ സംഘങ്ങൾ വിതരണത്തിന് ആവശ്യമായ നടപടികൾ ആരംഭിക്കും. എന്നാൽ ഇത്തവണ ജീവനക്കാരുടെ സുരക്ഷ കൂടി പരിഗണിക്കേണ്ട അതി ഗൗരവമായ സാഹചര്യമാണ് സഹകരണസംഘങ്ങൾക്ക് ഉള്ളത്. പെൻഷൻ വിതരണം കാര്യക്ഷമമായും സുരക്ഷാ മുൻകരുതലുകളോടെയും പൂർത്തിയാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ എടുക്കണമെന്നാണ് കലക്ഷൻ ഏജന്റ് മാരുടെ സംഘടന ആവശ്യപ്പെടുന്നത്. എന്നാൽ ഇതുവരെയും പെൻഷൻ വിതരണം സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ ഉറങ്ങിയിട്ടില്ല.

കണ്ടയ്‌മെന്റ് സോണുകളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാൻ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്നത് സംബന്ധിച്ച് ആരായുമെന്നും ധനകാര്യ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും കൂടിയാലോചനകൾക്ക് ശേഷം നാളെ ഇത് സംബന്ധിച്ച് വ്യക്തമായ സർക്കുലർ സഹകരണ വകുപ്പ് പുറത്തിറക്കുമെന്ന് സെക്രട്ടറി മിനി ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News