‘ മൂന്നാംവഴി ‘ രണ്ടാംവയസ്സിലേക്ക്

[email protected]

നാട്ടുകൂട്ടായ്മയുടെ മനസ്സു തേടിയ മലയാളത്തിലെ ആദ്യ മാധ്യമമാണ് മൂന്നാംവഴി. ഒരു ഗ്രാമത്തിന്‍റെ വികസനത്തിന് വേണ്ടത് ഒരു വിദ്യാലയവും തദ്ദേശ ഭരണസംവിധാനവും ഒരു സഹകരണ സംഘവുമാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റുവാണ്. കേരളത്തില്‍ 25,000 ത്തിലേറെ സഹകരണ സ്ഥാപനങ്ങളുണ്ട്. എല്ലാം ജനകീയ കൂട്ടായ്മയില്‍ രൂപംകൊണ്ടവ. ഈ സഹകരണ സ്പര്‍ശത്തിന്‍റെ ആത്മാംശം ഉള്‍ക്കൊണ്ടാണ് മൂന്നാംവഴി എന്ന കേരളത്തിലെ ആദ്യ സഹകരണ വാര്‍ത്താമാസിക പിറന്നത്. ഈ കേരളപ്പിറവി ദിനത്തില്‍ മൂന്നാംവഴിക്ക് ഒരു വയസ് പൂര്‍ത്തിയായി.

സഹകാരികളും സഹകരണ ജീവനക്കാരും സഹകരണ സ്ഥാപനങ്ങളും മൂന്നാംവഴി ഏറ്റെടുത്തുവെന്നത്, സഹകരണ മേഖലയുടെ വെളിച്ചമായി നില്‍ക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന് തെളിവാണ്. ഒരു സഹകാരിയുടെ മനസ്സാണ് മൂന്നാംവഴി സ്വീകരിക്കുന്നത്. നല്ലതിനെ നല്ലതായിക്കണ്ടുള്ള മാധ്യമ രീതി. സഹകരണ സംഘങ്ങള്‍ക്ക് സുഹ്യത്തും വഴികാട്ടിയുമായി നില്‍ക്കുന്ന സമീപനം. ഇതാണ് മൂന്നാംവഴിയെ വളര്‍ത്തിയത്.

വായനയ്ക്കപ്പുറം ആധുനിക മാധ്യമരീതി കൂടി സഹകരണത്തിന്‍റെ പാതയിലെത്തിക്കാനാണ് മൂന്നാംവഴി ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഒരു ലക്ഷത്തോളം വായനക്കാരാണ് ഓണ്‍ലൈനിനുള്ളത്. ദൃശ്യമാധ്യമ രീതിയുടെ സാധ്യതയും ഓണ്‍ലൈന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മാതൃകാ സംഘങ്ങളെയും സഹകാരികളെയും ലോകത്തിന് പരിചയപ്പെടുത്തുന്നത് ഇതിന്‍റെ ഭാഗമാണ്. ഇനി പുതിയ കാല്‍വെപ്പിനുള്ള ഒരുക്കമാണ്. ഒരുവര്‍ഷത്തെ അനുഭവവും സഹകരണ സ്ഥാപനങ്ങളും സഹകാരികളും വായനക്കാരും നല്‍കിയ പിന്തുണയുമാണ് ഞങ്ങളുടെ ധൈര്യം. അറിവും വെളിച്ചവുമായി എന്നും ഇനിയും മൂന്നാംവഴി വായനക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പോടെ ഞങ്ങള്‍ രണ്ടാം വയസ്സിലേക്ക് കടക്കട്ടെ.

Leave a Reply

Your email address will not be published.