മുറ്റത്തെ മുല്ലയുമായി ചേമഞ്ചേരി ബാങ്ക് മുന്നേറുന്നു

moonamvazhi

ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് ബാങ്കായ കോഴിക്കോട്
ചേമഞ്ചേരി സഹകരണ ബാങ്ക് പ്രവര്‍ത്തന
പാതയില്‍ ഒരു നൂറ്റാണ്ടിലേക്കു കടക്കുകയാണ്.
ലഘു വായ്പാപദ്ധതിയായ മുറ്റത്തെ മുല്ല വഴി ഒട്ടേറെ
പാവപ്പെട്ട വനിതകള്‍ക്കു സ്ഥിരമായ വരുമാനമാര്‍ം
ഉറപ്പാക്കാന്‍ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ആകെ 21,460
അംഗങ്ങളുള്ള ബാങ്കിന്റെ നിക്ഷേപം 86.66 കോടി
രൂപയാണ്.

 

പ്രവര്‍ത്തനപാതയില്‍ ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന കോഴിക്കോട് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ നാട്ടിലെ വനിതകള്‍ക്കു വഴികാട്ടിയും അത്താണിയുമാവുന്നു. ഒട്ടേറെ കുടുംബശ്രീയൂണിറ്റുകള്‍ മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതി പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കുന്നുണ്ട്.

കൊള്ളപ്പലിശക്കാരില്‍ നിന്നു പാവപ്പെട്ടവരെയും സാധാരണക്കാരെയും രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ തുടക്കമിട്ട ലഘുവായ്പാ പദ്ധതിയാണു മുറ്റത്തെ മുല്ല. 2019 ല്‍ പാലക്കാട് ജില്ലയില്‍ തുടക്കമിട്ട ഈ പദ്ധതി പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചപ്പോഴാണു 2021 ഡിസംബറില്‍ ചേമഞ്ചേരി ബാങ്കും അതിന്റെ ഭാഗമായത്. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ക്കു ബാങ്ക് ഒമ്പതു ശതമാനം പലിശയ്ക്കാണു വായ്പ നല്‍കുന്നത്. കുടുംബശ്രീ ആ തുക ഒരുവിധ പണയവസ്തുവും വാങ്ങാതെ ചെറിയ വായ്പകള്‍ ആവശ്യമായ ആളുകള്‍ക്കു നല്‍കും. 12 ശതമാനം പലിശയ്ക്കാണ് ഇങ്ങനെ കുടുംബശ്രീ യൂണിറ്റുകള്‍ വായ്പ നല്‍കുക. ഒമ്പതു ശതമാനം തുക ബാങ്കിനു തിരിച്ചടക്കേണ്ടിവന്നാലും ബാക്കി മൂന്നു ശതമാനം തുക കുടുംബശ്രീ യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാം. കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്ന പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ക്കു ചെറിയൊരു പ്രതിഫലം ഈ തുക കൊണ്ട് നല്‍കാം. നിലവില്‍ ചേമഞ്ചേരി പഞ്ചായത്തിന്റെ 13 വാര്‍ഡുകളില്‍ മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.

നാലു കോടി രൂപ
വായ്പ നല്‍കി

2021-22 ല്‍ 287 കുടുംബശ്രീ യൂണിറ്റുകളും നൂറിലധികം സ്വയംസഹായസംഘങ്ങളും ബാങ്കിനോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 4,06,74,000 രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളില്‍ ഈ പദ്ധതി ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു. 2023 മാര്‍ച്ചിലെ കണക്കനുസരിച്ച് 13 കുടുംബശ്രീ യൂണിറ്റുകള്‍ക്കായി 2.6 കോടി രൂപയാണു കാഷ് ക്രെഡിറ്റ് വായ്പയായി നല്‍കിയിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകള്‍ 1980 വ്യക്തികള്‍ക്കായി 4.9 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. മുറ്റത്തെ മുല്ല പദ്ധതിയുടെ നടത്തിപ്പുകാരായ 13 കുടുംബശ്രീ യൂണിറ്റിലെ 36 വനിതകള്‍ക്കു മാസം ഏഴായിരം രൂപവരെ വരുമാനം കിട്ടുന്നു. കൂടാതെ, കുടുംബശ്രീ യൂണിറ്റിനു വര്‍ഷത്തില്‍ 2,40,000 രൂപ കമ്മീഷന്‍ ഇനത്തിലും ലഭിക്കുന്നു.

1927 ല്‍ ചേമഞ്ചേരിയില്‍ ഏതാനും പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്നാരംഭിച്ച ഐക്യനാണയസംഘമാണു ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കായി വളര്‍ന്നു വികസിച്ചത്. നൂറു വയസ്സു തികയാന്‍ ഇനി നാലു വര്‍ഷം മാത്രം. മൂശാരിക്കണ്ടി കേളപ്പന്‍ നായരാണു സംഘത്തിനു തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. ഐക്യനാണയ സംഘം 1967 ലാണു ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കായി രൂപാന്തരപ്പെട്ടത്. എഴുപതുകളുടെ അവസാനത്തില്‍ ലിക്വിഡേഷന്‍ നടപടികള്‍വരെ എത്തി തകര്‍ച്ചയിലേക്കു നീങ്ങിയ ഐക്യനാണയ സംഘത്തെ നിലനിര്‍ത്താന്‍ അന്നത്തെ ചേമഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാര്‍ഢ്യത്താല്‍ ഒരു പുനരുജ്ജീവനപദ്ധതിക്കു രൂപം കൊടുക്കുകയാണുണ്ടായത്. സംസ്ഥാനസര്‍ക്കാറും ജില്ലാ ബാങ്കും പുനരുജ്ജീവനപദ്ധതിക്ക് അംഗീകാരം നല്‍കി. അസ്തമിച്ചുപോകുമായിരുന്ന ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ഇതോടെ പുനരാരംഭിച്ചു.

ജനവിശ്വാസം
വീണ്ടെടുക്കുന്നു

പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറും ഭരണസമിതി അംഗങ്ങളും അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. സഹകരണ മാവേലി സ്റ്റോര്‍, ഉത്സവച്ചന്തകള്‍, അരിച്ചന്ത, സ്‌കൂള്‍ ചന്ത, വളം ഡിപ്പോ, കൊപ്ര സംഭരണം തുടങ്ങിയ ബാങ്കിങ്ങിതര പ്രവര്‍ത്തനങ്ങളിലൂടെ നഷ്ടപ്പെട്ട ജനവിശ്വാസം സംഘം വീണ്ടെടുത്തു. സമാന്തരമായി ബാങ്കിങ് പ്രവര്‍ത്തനം ആരംഭിക്കാനും സംഘത്തിനു കഴിഞ്ഞു. ഇതിനു പിന്നില്‍ സഹകാരികളുടെയും ജീവനക്കാരുടെയും വലിയ അധ്വാനവും കൂട്ടായ പ്രവര്‍ത്തനവുമുണ്ടായിരുന്നു. 1990 മുതലിങ്ങോട്ട് ബാങ്ക് തുടര്‍ച്ചയായി ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. പൂക്കാട് ടൗണിലാണു ബാങ്കിന്റെ ഹെഡ് ഓഫീസ്. കൂടാതെ കാട്ടിലപ്പീടിക, തിരുവങ്ങൂര്‍ എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്. ക്ലാസ് വണ്‍ സ്പെഷ്യല്‍ ഗ്രേഡ് ബാങ്കാണിത്. ചേമഞ്ചേരി പഞ്ചായത്തു മുഴുവന്‍ ഈ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ വരും. ടി.പി. രവീന്ദ്രന്‍, വി. ഗോപാലന്‍, കെ. ഭാസ്‌കരന്‍, കെ. കുഞ്ഞിരാമന്‍, കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റുമാരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ ചേമഞ്ചേരി ബാങ്കിന്റെ പ്രസിഡന്റ് കെ. രവീന്ദ്രനും വൈസ് പ്രസിഡന്റ് എം. നൗഫലുമാണ്. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റ് സതി കിഴക്കയില്‍, എം. കൃഷ്ണന്‍, എം.പി. അശോകന്‍, ടി.വി. ചന്ദ്രഹാസന്‍, പി.കെ. സത്യന്‍, വി.മുസ്തഫ, പി. ശിവദാസന്‍, എം. ലിചീഷ്, കെ.കെ. രവിത്ത്, പി.കെ. അന്നപൂര്‍ണ്ണേശ്വരി, ടി. റിജുല എന്നിവര്‍ ഡയറക്ടര്‍മാരും ധനഞ്ജയ് നാരായണന്‍ സെക്രട്ടറിയുമാണ്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ബാങ്കിന്റെ പ്രവര്‍ത്തന സമയം.

പൂക്കാട് ടൗണിനടുത്തു സ്വന്തമായുളള 16 സെന്റ് സ്ഥലത്തു നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിലേക്കു ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തനം ഉടന്‍ മാറ്റും. കെട്ടിടനിര്‍മാണം തുടങ്ങിക്കഴിഞ്ഞു. മൂന്നു നിലകളിലായാണു കെട്ടിടം നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ ബാങ്ക് പ്രവര്‍ത്തിക്കും. അതിനു മുകളിലായി പോളിക്ലിനിക്ക് ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഏറ്റവും മുകളിലായി ഇരുന്നൂറിലധികം പേര്‍ക്കു സമ്മേളിക്കാവുന്ന ശീതീകരിച്ച ഹാളും സജ്ജമാക്കും.

സേവന
പ്രവര്‍ത്തനങ്ങള്‍

പൂക്കാട്ടും കാട്ടിലപ്പീടികയിലുമായി രണ്ടു നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ബാങ്ക് നടത്തുന്നുണ്ട്. ജനങ്ങള്‍ക്കു മിതമായ നിരക്കില്‍ ഇംഗ്ലീഷ് മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബാങ്കിന്റെ കീഴില്‍ 2017-18 സാമ്പത്തികവര്‍ഷത്തില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്. മാസം ആറു ലക്ഷം രൂപയില്‍ക്കുടുതല്‍ വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. കര്‍ഷക സേവന കേന്ദ്രവും വളം ഡിപ്പോയും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഇടപെടുകയെന്ന ലക്ഷ്യത്തോടെയാണ് 2020-21 സാമ്പത്തികവര്‍ഷം വളം ഡിപ്പോ ആരംഭിച്ചത്. സംസ്ഥാനസര്‍ക്കാറിന്റെ അഞ്ചു തരം ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് മുഖാന്തരമാണു വിതരണം ചെയ്യുന്നത്. ബാങ്ക് ജീവനക്കാരും കളക്ഷന്‍ ഏജന്റുമാരുമാണ് ഇവ വിതരണം ചെയ്യുന്നത്. നൂറു കോടി രൂപയാണു ബാങ്കിന്റെ പ്രവര്‍ത്തനമൂലധനം. 73.21 കോടി രൂപയോളം വായ്പയായി നല്‍കിയിട്ടുണ്ട്. 86.66 കോടി രൂപ നിക്ഷേപമുണ്ട്. ഓഹരിമൂലധനം 1,21,22,535 രൂപയാണ്. മൊത്തം 21,460 മെമ്പര്‍മാരാണു ബാങ്കിനുളളത്. ഇതില്‍ 5028 പേര്‍ ഏ ക്ലാസ് മെമ്പര്‍മാരാണ്.

പൂക്കാട് പെട്രോള്‍ പമ്പിനു മുന്‍വശത്തു ചേമഞ്ചേരി സഹകരണ ബാങ്കിന്റെ വിപുലമായ കാര്‍ഷിക നഴ്സറി പ്രവര്‍ത്തിക്കുന്നുണ്ട്. ഫലവൃക്ഷങ്ങള്‍, പച്ചക്കറിത്തൈകള്‍, വിത്തുകള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയെല്ലാം ഇവിടെ കിട്ടും. കൂടാതെ തെങ്ങുകയറ്റ യന്ത്രം, കാടുവെട്ട് യന്ത്രം, മറ്റു കാര്‍ഷികോപകരണങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം, കോട്ടയം ഹോം ഗ്രോണ്‍ എന്നിവിടങ്ങളില്‍നിന്നുളള തൈകളാണ് ഇവിടെ വില്‍പ്പനയ്ക്കായുളളത്. സ്വന്തമായി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനും പരിപാടിയുണ്ട്. 50 സെന്റ് സ്ഥലം ഇതിനായി നീക്കിവെക്കും.

പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി ഉത്സവച്ചന്തകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ചു ബാങ്ക് വിതരണം ചെയ്യാറുണ്ട്. ഓണം, വിഷു കാലത്ത് ഉത്സവച്ചന്തകള്‍ നടത്തും. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ.യുടെ ഡിജിറ്റല്‍ ചലഞ്ചിലേക്കു ബാങ്ക് മൊബൈല്‍ ഫോണുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, സഹകരണവകുപ്പിന്റെ നിര്‍ദേശപ്രകാരം മൊബൈല്‍ ഫോണുകള്‍ വാങ്ങാന്‍ വിദ്യാതംരംഗിണി പലിശരഹിത വായ്പാപദ്ധതി പ്രകാരം 51 വിദ്യാര്‍ഥികള്‍ക്ക് 5,03,680 രൂപയും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പലവട്ടം സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട്. സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുന്ന ഹരിതം സഹകരണം പദ്ധതിയും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.