മുന്നേറാം, സൂക്ഷിച്ചുമാത്രം

Deepthi Vipin lal

(2020 ആഗസ്റ്റ് ലക്കം)

പി.ആര്‍. പരമേശ്വരന്‍

ലോകത്തെ പ്രശസ്തവും ആധികാരികവുമായ വൈദ്യശാസ്ത്ര ജേര്‍ണലാണ് ലാന്‍സറ്റ്. ഇതേ ലാന്‍സറ്റില്‍, ജൂലായ് രണ്ടാം വാരത്തെ പതിപ്പില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഖപ്രസംഗമുണ്ട്. ലോകമാകെ നിശ്ചലമാക്കിയ കോവിഡ് – 19 മഹാമാരിയുടെ സ്വാഭാവിക പരിണതിയെ വിശകലനം ചെയ്ത് ആ മുഖപ്രസംഗം ഒരു മുന്നറിയിപ്പു നല്‍കുന്നു – the worst may be yet to come. ഏറെ മോശമായതു ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അവരുടെ മുന്നറിയിപ്പ്.

ഇതിനൊപ്പം ചേര്‍ത്തുവായിക്കാന്‍ അന്താരാഷ്ട്ര നാണ്യനിധിയുടെ ആഗോള സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുള്ള വിശകലനമുണ്ട്. ജൂണ്‍ അവസാനം ഐ.എം.എഫ്. പുറത്തിറക്കിയ പഠനത്തില്‍ ആഗോള തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം സമ്പദ്സ്ഥിതി 4.9 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് നിഗമനം. ഏപ്രിലില്‍ മൂന്നു ശതമാനം എന്നായിരുന്നു ശോഷണത്തെകുറിച്ചുള്ള ആദ്യനിഗമനം. ഐ.എം.എഫിന്റെ പ്രവചനത്തില്‍ 14 ട്രില്യണ്‍ ഡോളര്‍ വരും ( 14 ലക്ഷം കോടി ഡോളര്‍ ) ലോകസമ്പദ് വ്യവസ്ഥയ്ക്ക് കോവിഡ് ഏല്‍പ്പിക്കുന്ന ആഘാതം. 1930 കളുടെ അവസാനം ലോകമാകെ ബാധിച്ച ഗ്രേറ്റ് ഡിപ്രഷന്‍ എന്ന വമ്പന്‍ മാന്ദ്യത്തിനുശേഷം ലോകം കാണുന്ന ആദ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ആഘാതമാണ് ഇതെന്നും അവര്‍ പറയുന്നു. ലോകമാകെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ 95 ശതമാനം ഇടിവാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ നാലു മാസമായി ലോകമാകെ ഒരേ പോലെ അനുഭവപ്പെട്ട ചികിത്സാരംഗത്തെ അടിയന്തിരാവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നത് ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. രോഗത്തിന്റെ സ്വഭാവം, വ്യാപനം, ചികിത്സ എന്നിവയും രോഗം തടയുന്നതിനുള്ള മുന്‍കരുതലുകളും മറ്റ് ഉപാധികളും സംബന്ധിച്ചു ഏറ്റവും കഴിവുറ്റ വിദഗ്ധരുടെ മുന്നില്‍ പോലും ഉയര്‍ന്നുവന്ന അവ്യക്തതയില്‍ നിന്ന് എല്ലാവരും സ്വീകരിച്ച മാര്‍ഗമാണ് ലോക്ഡൗണ്‍. ഇന്ത്യയില്‍ രണ്ടു മാസത്തോളം ഏകദേശം സമ്പൂര്‍ണ ലോക്ഡൗണ്‍ തന്നെയായിരുന്നു. ഇപ്പോള്‍ ഈ പൂട്ടല്‍, അഴിക്കല്‍ എന്ന വിഷമ ഘട്ടത്തിലാണ് നമ്മള്‍. ലോകത്തെ മറ്റ് രാജ്യങ്ങളും ഇതേ അവസ്ഥയിലാണ്. കഴിയുന്നത്ര സാമൂഹിക അകലം പാലിക്കുക, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഇന്നത്തെ മുദ്രാവാക്യം. ഭരണാധികാരികളുടെ ഭാഷയില്‍ new normal- നവ സാധാരണത്വം

ആദ്യഘട്ട ലോക്ഡൗണ്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം പശ്ചിമ യൂറോപ്പും ചൈനയും തെക്കുകിഴക്ക് ഏഷ്യന്‍ രാഷ്ട്രങ്ങളും ആസ്ട്രേലിയയും കോവിഡ് വ്യാപനത്തെ ഒരു പരിധിവരെ പിടിച്ചുകെട്ടി. കോവിഡ് വ്യാപനം ആദ്യം പ്രതൃക്ഷപ്പെട്ട ചൈനയില്‍ ഏകാധിപത്യത്തിന്റെ കര്‍ശന നിബന്ധനകളില്‍ മഹാമാരിയുടെ വ്യാപനം ഇന്ന് ഏറ്റവും കുറഞ്ഞ തോതിലാണ്. ചൈന പുതിയ പൊട്ടിപ്പുറപ്പെടലുകളില്‍ നിന്ന് ഏറക്കുറെ മുക്തമാണെന്ന് അവര്‍ അവകാശപ്പെടുന്നു. തുടക്കം മുതല്‍ ഇക്കാര്യത്തില്‍ ചൈനയുടെ സുതാര്യതയില്ലായ്മ എല്ലാ നിഗമനങ്ങളെയും അപ്രസക്തമാക്കുന്നു എന്ന വിമര്‍ശനവുമുണ്ട്.

സ്വീഡന്റെ അനുഭവം

ഇതെല്ലാം നിലനില്‍ക്കെ കോവിഡ് പ്രതിരോധത്തില്‍ വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ച രാഷ്ട്രമാണ് സ്വീഡന്‍. ജീവിതശൈലീ മാനദണ്ഡങ്ങളിലും സുതാര്യതയിലും ഏറെ മുന്നില്‍, വളരെ തുറന്ന സമൂഹം എന്നിങ്ങനെ ലോകമാകെ പ്രശസ്തമാണ് സ്വീഡന്റെ റെക്കോഡ്. ഭരണകര്‍ത്താക്കള്‍ നിര്‍ബന്ധിക്കുന്ന നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. രോഗവ്യാപനം തടയാനും സ്വയം സുരക്ഷിതരാകാനും ഓരോ പൗരനും സ്വതന്ത്രമായി തീരുമാനമെടുക്കാം, എല്ലാ രംഗത്തും സാമൂഹിക ജീവിതത്തിലും സാമ്പത്തിക ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും അടച്ചിടലുകളില്ലാതെ ഓരോരുത്തര്‍ക്കും സ്വയം സുരക്ഷയ്ക്ക് ചുമതല നല്‍കുക എന്നിവയായിരുന്നു സ്വീഡന്റെ തുടക്കത്തിലെയുള്ള സമീപനം. അവര്‍ക്ക് ഇതിനു വലിയ വില നല്‍കേണ്ടിവന്നു. പബ്ബുകളും റെസ്റ്റോറന്റുകളും വരെ തുറന്നുവച്ച് സ്വീഡന്‍ പ്രദര്‍ശിപ്പിച്ച തുറന്ന സമീപനം മൂന്നു മാസത്തിനിടയില്‍ 5240 കോവിഡ് മരണമാണ് സൃഷ്ടിച്ചത്.

ഒരു കോടിയാണ് സ്വീഡനിലെ ആകെ ജനസംഖ്യ എന്നോര്‍ക്കണം. അമേരിക്കയില്‍ ജൂലായ് പകുതിവരെ 1,29,000 പേര്‍ കോവിഡ് മൂലം മരിച്ചു എന്ന വസ്തുത ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഭീമം എന്നു തോന്നാം. പക്ഷേ, യഥാര്‍ഥ വസ്തുത മറ്റൊന്നാണ്. ആളോഹരി ശരാശരി എടുത്താല്‍ സ്വീഡന്റെ മരണനിരക്ക് അമേരിക്കയേക്കാള്‍ 40 ശതമാനം കൂടുതലാണ്. സമീപരാജ്യങ്ങളായ നോര്‍വേയും ഡെ•ാര്‍ക്കും എല്ലാം അടച്ചിട്ടാണ് കോവിഡിനെ നേരിട്ടത്. സ്വീഡനിലെ മരണനിരക്ക് നോര്‍വേയേക്കാള്‍ 12 ഇരട്ടിയും ഫിന്‍ലാന്‍ഡിനെക്കാള്‍ ഏഴിരട്ടിയും ഡെ•ാര്‍ക്കിനേക്കാള്‍ ആറിരട്ടിയും കൂടുതലാണ് . മഹാമാരിക്കിടയിലും ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിച്ചിട്ടും സ്വീഡന്റെ സമ്പദ് വ്യവസ്ഥ 4.5 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് അവരുടെ കേന്ദ്ര ബാങ്ക് നിരീക്ഷിക്കുന്നത്. ഇത് അടച്ചിടല്‍ പ്രഖ്യാപിച്ച ഡെ•ാര്‍ക്കിനേക്കാള്‍ അത്ര മെച്ചപ്പെട്ട സ്ഥിതിയല്ല. തുല്യ ആഘാതം തന്നെ എന്നു അവരുടെ കേന്ദ്ര ബാങ്ക് നിഗമനങ്ങളില്‍ നിന്നു വ്യക്തമാണ്. ഒരു രാഷ്ട്രവും ഇക്കാലത്ത് ഒറ്റപ്പെട്ടവയല്ല എന്ന് സ്വീഡന്റെ അനുഭവം പഠിപ്പിക്കുന്നു. സ്വീഡന്‍ മൂന്നു മാസവും പ്രവര്‍ത്തിച്ചാലും ലോകമാകെ അടഞ്ഞുകിടന്നാല്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരെവിടെ എന്ന ചോദ്യം തന്നെയാവും ആദ്യം ഉയരുക. എന്നാല്‍, രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ തുറന്ന സമീപനത്തിലും സ്വീഡനു കഴിഞ്ഞു എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ന് ലോക്ഡൗണിന്റെ കഠിന നാളുകള്‍ കഴിഞ്ഞ് ഇന്ത്യയുള്‍പ്പെടെ അവധാനതയോടെ സാധാരണ ജീവിതത്തിലേക്കു മടങ്ങുക എന്ന അനിവാര്യതയിലേക്കു നീങ്ങിക്കഴിഞ്ഞു. മൂന്നു മാസത്തെ ലോക്ഡൗണിനു ശേഷവും ജൂലായ് പകുതിയില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാഷ്ട്രങ്ങള്‍ രോഗവ്യാപനത്തിന്റെ തീവ്രതയില്‍ ഉഴലുകയാണ്. ഇന്ത്യ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലാണ് – മൊത്തം രോഗികളുടെ എണ്ണത്തിലും ദിനംതോറുമുള്ള വര്‍ധനയിലും. ലാന്‍സറ്റ് ആദ്യം പറഞ്ഞ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്ന യാഥാര്‍ഥ്യവും കണ്ടില്ലെന്ന് നടിക്കരുത്. തീവ്രവും പെട്ടെന്ന് പ്രഖ്യാപിച്ചതുമായ ലോക്ഡൗണിലെ ആദ്യമാസത്തില്‍ രോഗവ്യാപനത്തെ നേരിടാന്‍ ഇന്ത്യ വേണ്ടത്ര വൈദ്യ സജീകരണങ്ങള്‍ ഒരുക്കാന്‍ ഒരു ശ്രമവും നടത്തിയില്ലെന്ന് ലാന്‍സറ്റ് കുറ്റപ്പെടുത്തുന്നുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ ഇപ്പോള്‍ ബാംഗ്ലൂര്‍ എന്നീ വന്‍ നഗരങ്ങളിലെ രോഗവ്യാപനത്തോത് മാത്രം മതി ഇന്ത്യന്‍ അടച്ചുപൂട്ടലിന്റെ വ്യര്‍ഥത വ്യക്തമാവാന്‍.

തളരുന്ന ഉല്‍പ്പാദനം വളരുന്ന ഓഹരിവിപണി

കോവിഡ് – 19 മഹാമാരി സാമ്പത്തിക, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ ഏറക്കുറെ നിശ്ചലമാക്കുന്നതിനിടയിലും ലോകമാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഓഹരി വിപണി മാത്രമാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മര്‍ച്ചില്‍ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഓഹരി വിപണി അപ്പാടെ കൂപ്പുകുത്തി. എന്നാല്‍, ഈ ‘കരടി’പ്പിടിത്തം അധികകാലം നീണ്ടുനിന്നില്ല. ജൂലായ് രണ്ടാം വാരമെത്തുമ്പോഴേക്കും ഓഹരി വിപണി പതുക്കെപ്പതുക്കെ ഉയര്‍ന്ന് ‘ കാള ‘ കളുടെ പിടിയിലായി. അമേരിക്കന്‍ വിപണിയെ പിന്‍പറ്റി ലോകമാകെയും ഇന്ത്യയിലും ഈ പ്രവണത ദൃശ്യമായി. ജൂലായ് രണ്ടാം വാരമായപ്പോള്‍ 40 ശതമാനമാണ് രാജ്യത്തെ സെന്‍സെക്സിലും നിഫ്റ്റിയിലും ഉയര്‍ച്ചയുണ്ടായത്.

അമേരിക്കന്‍ വിപണിയെ പിന്‍പറ്റിയാണ് ഇന്ത്യയിലേയും ഉയര്‍ച്ച എന്നു തുടക്കത്തിലേ പറഞ്ഞല്ലോ. ഇതിനുള്ള പ്രധാന കാരണം അന്താരാഷ്ട്ര ധനവിപണിയിലുള്ള അധിക പണലഭ്യതയാണ്. ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും, പ്രത്യേകിച്ചും സാമ്പത്തികമായി മുന്‍നിരയിലുള്ള യു.എസ്സും യൂറോപ്പും ചൈനയും , പണലഭ്യത ഉദാരമാക്കിയാണ് ആഗോള മാന്ദ്യത്തെ നേരിടുന്നത്. ഇന്ത്യ പിന്നിലാണെന്നല്ല. അടിസ്ഥാന വായ്പാ നിരക്കുകളില്‍ വരുത്തിയ ഇളവുകളും വായ്പാലഭ്യതക്കുള്ള മാനദണ്ഡങ്ങളിലെ ഉദാരതയും പണലഭ്യത വര്‍ധിപ്പിക്കാന്‍ ഇവിടെയും സഹായകമായി. പക്ഷേ, യുഎസ്സും മറ്റു മുന്‍നിര രാഷ്ട്രങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യ പല ഘടകങ്ങളിലും അവര്‍ക്കൊപ്പം അല്ല എന്ന വ്യത്യാസമുണ്ട്.

അമേരിക്കയുടെ നില ഭദ്രം

ട്രഷറിബില്ലുകള്‍ എന്ന പേരില്‍ പണലഭ്യത ഉദാരമാക്കുന്ന യു.എസ്സില്‍ കോവിഡ് – 19 മഹാമാരി എത്തുന്ന ഈ മാര്‍ച്ചിനു മുമ്പ് സമ്പദ് സ്ഥിതി, തൊഴിലില്ലായ്മ നിരക്കിലായാലും മൊത്ത ഉല്‍പ്പാദന ക്ഷമതയിലായാലും, കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. യു.എസ്. പ്രസിഡന്റ് ട്രംപിന്റെ ഒട്ടേറെ നടപടികള്‍ വിമര്‍ശനം വിളിച്ചുവരുത്തിയെങ്കിലും കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ വന്ന യു.എസ്സിന്റെ അദ്ഭുതകരമായ വിഴ്ചതന്നെ പ്രധാനം, യുഎസ്സിന്റെ ബിസിനസ്സ് സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതിയും വ്യവസായ വികസനത്തിനുള്ള നികുതി ഇളവുകളും വന്‍വ്യവസായ സമൂഹങ്ങളെ ഒട്ടൊന്നുമല്ല സഹായിച്ചത്. എന്നാല്‍, ഇന്ത്യയുടെ സമ്പദ് സ്ഥിതി കോവിഡിനു മുമ്പുതന്നെ പരുങ്ങലിലായിരുന്നു എന്നത് തുറന്നൊരു വസ്തുതയാണ്. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കില്ലെങ്കിലും ഒന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ നോട്ടു റദ്ദാക്കലും തുടര്‍ന്നുവന്ന വേണ്ടത്ര സന്നാഹങ്ങളില്ലാതുള്ള ജി.എസ്.ടി. നടപ്പാക്കലും രാജ്യത്തെ വ്യവസായ, സാമ്പത്തിക ഉല്‍പ്പാദനത്തെ സാരമായിത്തന്നെയാണ് ബാധിച്ചത്. ലക്ഷ്യബോധമില്ലാത്ത പ്രത്യക്ഷ നികുതി പരിഷ്‌കാരങ്ങളും അവയുടെ പിന്‍വലിക്കലും കേന്ദത്തിന്റെ ഭാവനാശൂന്യതയെത്തന്നെയാണ് ചൂണ്ടിക്കാട്ടിയത്. കേന്ദ്ര സര്‍ക്കാരിന് ബജറ്റ് കമ്മി മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍ വലിയൊരു പങ്ക് വേണമെന്നു ആവശ്യപ്പെടുന്നതില്‍ വരെ എത്തി ഈ പ്രതിസന്ധി.

നോട്ടു റദ്ദാക്കലും ജി.എസ.്ടി. നടപ്പാക്കലും മൂലം സംഭവിച്ച ചോദന ശോഷണം, വാങ്ങല്‍ ശേഷിയില്ലായ്മയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശോഷണത്തിനു കാരണമെന്ന വിദഗ്ധരുടെ വാദങ്ങള്‍ പലപ്പോഴും ബധിരകര്‍ണങ്ങളിലാണ് വീണത്. ഏറ്റവും കുറഞ്ഞ ഭരണ ഇടപെടല്‍ എന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍ പൗരന്റെ ഏറ്റവും ചെറിയ ഇടപാടുകളെവരെ നിയമക്കുരുക്കുകളില്‍പ്പെടുത്തി എന്ന പേരുദോഷവും ഇതുണ്ടാക്കി. എന്നാല്‍, ഈ വിമര്‍ശനങ്ങളെ തെല്ലും സമ്മതിക്കാത്ത കേന്ദ്രം കോവിഡ് പാക്കേജായി പ്രഖ്യാപിച്ച 20,000 ലക്ഷം കോടിയില്‍ കേന്ദ്രസര്‍ക്കാരിനു നേരിട്ടു ബാധ്യതയുള്ളത് തീരെ തുച്ഛം എന്ന വിമര്‍ശനവും ഉയര്‍ന്നു. എല്ലാ മുന്‍ നിര രാഷ്ട്രങ്ങളും മൊത്തം ദേശീയ ഉല്‍പ്പാദനത്തിന്റെ മൂന്നു മുതല്‍ എട്ടു ശതമാനം വരെ കോവിഡ് മാന്ദ്യപരിഹാരത്തിനു ഉപയോഗപ്പെടുത്തിയപ്പോള്‍ കേന്ദ്രത്തിന്റെതു വെറും ഒരു ശതമാനമേ വരൂ എന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. എല്ലാ പ്രതിസന്ധിയിലും കേന്ദ്ര സര്‍ക്കാരിന് ഒറ്റ ആശ്വാസമേ ഉള്ളൂ- ആര്‍.ബി.ഐ. യുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ജൂലായ് രണ്ടാം വാരത്തിലെ കണക്കുകള്‍ പ്രകാരം ഇത് 51,000 കോടി ഡോളറിലേറെ വരും. ഇന്ത്യന്‍ രൂപയുടെ വില യു.എസ്. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കിലാണെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇടപെടുന്നതിന് ആര്‍.ബി.ഐ. യെ സഹായിക്കാന്‍ ഈ വിദേശനാണ്യ കരുതല്‍ ശേഖരം മതിയാകും. മറ്റൊന്ന,് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില റെക്കോഡ് താഴ്ചയിലാണ് എന്ന വസ്തുതയാണ്. ബാരലിന് 40 ഡോളര്‍ എന്ന നിലയിലാണ് ജൂലായിലെ വില. ആഗോള തലത്തില്‍ അനുഭവപ്പെടുന്ന മാന്ദ്യം അടുത്തൊന്നും മാറാനിടയില്ലാത്തതിനാല്‍ ക്രൂഡോയിലിന്റെ ഡിമാന്‍ഡിലും ഒരു വ്യത്യാസവും വരാനിടയില്ല. താഴ്ന്ന വില തുടരുന്നത് ഇന്ത്യക്ക് ആശ്വാസമായി തുടരും.

കോവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിസ്ഥാനം നല്‍കിയത് രാജ്യത്തെ വലിയ തോതിലുള്ള ഭക്ഷ്യധാന്യ ശേഖരമായിരുന്നു. ആഗസ്റ്റ് വരെ ( ആകെ നോക്കുമ്പോള്‍ അഞ്ചു മാസത്തിലേറെ ) സൗജന്യമായി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളും പയറും മറ്റും നല്‍കാനാകുന്നത് ഈ കരുതല്‍ ശേഖരത്തിന്റെ മികവിലാണ്. വ്യവസായിക ഉല്‍പ്പാദനവും പ്രവര്‍ത്തനങ്ങളും മാന്ദ്യത്തിലാകുമ്പോഴും രാജ്യത്തെ രക്ഷിക്കുന്നത് കാര്‍ഷിക സമൂഹമാണ് എന്നത് ഓര്‍മിപ്പിക്കുന്നതാണീ ഭക്ഷ്യധാന്യശേഖരം.

Leave a Reply

Your email address will not be published.