മിസലേനിയസ് സംഘങ്ങള്‍ക്ക് വീണ്ടും കേരളബാങ്കിന്റെ പലിശ വിലക്ക്

moonamvazhi

സഹകരണ നിക്ഷേപനങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയപ്പോള്‍ മിസലേനിയസ് സംഘങ്ങളെ വെട്ടിലാക്കി കേരളബാങ്ക്. മിസലേനിയസ് സംഘങ്ങളുടെ കേരളബാങ്കിലെ നിക്ഷേപം വ്യക്തിഗത നിക്ഷേപമായി മാത്രമേ പരിഗണിക്കാനാകുള്ളൂവെന്നാണ് നിലപാട്. ഏറെക്കാലം നടത്തിയ സമരത്തിന്റെ പ്രതിഷേധത്തിന്റെയും ഭാഗമായി രജിസ്ട്രാറുടെ നിര്‍ദ്ദേശം അനുസരിച്ച് കേരളബാങ്ക് തിരുത്തിയ നിലപാടാണ് പലിശ പുതുക്കി നിശ്ചയിച്ചപ്പോള്‍ വീണ്ടും നടപ്പാക്കുന്നത്.

സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് കേരളബാങ്കും പ്രാഥമിക സംഘങ്ങളും സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശയില്‍ ഒരുശതമാനത്തിന്റെ വ്യത്യാസമുണ്ട്. കേരളബാങ്കിനേക്കാള്‍ ഒരുശതമാനം അധികം പ്രാഥമിക സംഘങ്ങള്‍ നല്‍കുന്നുണ്ട്. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകള്‍, റീജിയണല്‍ കോഓപ്പറേറ്റീവ് സൊസൈറ്റീസ്, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാസഹകരണ സംഘങ്ങളും എന്ന് വിശദീകരിച്ചാണ് പലിശ നിരക്ക് രജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്.

ഈ സംഘങ്ങളെല്ലാം അവയുടെ മിച്ചഫണ്ട് കേരളബാങ്കിലാണ് നിക്ഷേപിക്കേണ്ടത്. അതിന് സംഘങ്ങള്‍ അവരുടെ അംഗങ്ങള്‍ക്ക് നല്‍കിയ അതേ നിരക്കില്‍ പലിശ നല്‍കണമെന്നാണ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പലിശ സംരക്ഷണം നല്‍കേണ്ട വിഭാഗത്തില്‍ പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയുടെ പേരാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍, മറ്റ് പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിനാണ് പലിശ സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് കേരളബാങ്ക് തീരുമാനം.

നേരത്തെ ഇതേ പ്രശ്‌നം ഉണ്ടായപ്പോഴാണ് മിലസേനിയസ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ പരാതിയും പ്രതിഷേധവുമായി രംഗത്തുവന്നത്. ഇവരുടെ ഇടപെടലിന്റെ ഭാഗമായി എല്ലാപ്രാഥമിക സംഘങ്ങളുടെയും നിക്ഷേപത്തിന് പലിശ സംരക്ഷണം നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യവരുത്തി കേരളബാങ്ക് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും പലിശ നിരക്ക് പുതുക്കി രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ നേരത്തെയുണ്ടായിരുന്ന അതേ രീതിയില്‍തന്നെ പലിശ സംരക്ഷണം നല്‍കേണ്ട സംഘങ്ങളായി ചേര്‍ത്തിട്ടുള്ളത് പ്രാഥമിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയാണ്. ഇതോടെ മറ്റ് സംഘങ്ങള്‍ക്കുള്ള പലിശ സംരക്ഷണം കേരളബാങ്കും പിന്‍വലിച്ചു.

‘സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന മിസലേനിയസ് സഹകരണ സംഘങ്ങള്‍ക്ക് അവയുടെ ഫിനാന്‍സിങ് ബാങ്കായ കേരളബാങ്കില്‍നിന്ന് പലിശ സംരക്ഷണം ലഭിക്കാതെ വരുന്നത് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്’- കേരളബാങ്ക് സി.ഇ.ഒ.യ്ക്ക് നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ കത്തിലെ വരികളാണിത്. ഈ ഗൗരവ പ്രതിസന്ധിയേയാണ് നിസ്സാരമായി കണ്ട് അവഗണിക്കുന്ന സമീപനം ആവര്‍ത്തിക്കുന്നത്. പരിഹാരം തേടി മിലസേനിയസ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരനും കണ്‍വീനര്‍ കരുംകുളം വിജയകുമാറും വീണ്ടും സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.