മില്‍മയ്‌ക്കൊപ്പം ഇനി കോ-ഓപ് മാര്‍ട്ട്

moonamvazhi

– കിരണ്‍ വാസു

ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യ വസ്തുക്കളും
കുറഞ്ഞ വിലയ്ക്ക് ഒരിടത്തു കിട്ടുന്ന കേന്ദ്രമായി കോ-ഓപ്
മാര്‍ട്ടിനെ മാറ്റുമെന്ന പദ്ധതിനിര്‍ദേശം അംഗീകരിച്ചാണു
സഹകരണ വകുപ്പ് എന്‍.എം.ഡി.സി.യെ നോഡല്‍
ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ക്കു
കീഴിലെ സംരംഭങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും
എന്‍.എം.ഡി.സി. ഏറ്റെടുക്കും. വിപണിയില്‍ ആവശ്യമുള്ള
ഉല്‍പ്പന്നങ്ങള്‍ക്കായി സംരംഭം തുടങ്ങാനുള്ള സഹായവും
എന്‍.എം.ഡി.സി. നല്‍കും. ഒരേസമയം സംസ്ഥാനത്താകെ
കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങുകയെന്ന ശ്രമകരമായ ദൗത്യം
സഹകരണ സംഘങ്ങള്‍ ഒരേ മനസ്സോടെ ഏറ്റെടുത്താല്‍
എളുപ്പത്തില്‍ നടക്കും.

 

ക്ഷീരകര്‍ഷകര്‍ക്കു സഹായകമായ ഒരു വിപണന ശൃംഖല ഒരുക്കാന്‍ മില്‍മയ്ക്കു കഴിഞ്ഞതുകൊണ്ടാണു പാല്‍ സംഭരണത്തിലും വിപണനത്തിലും സ്വകാര്യ കുത്തക ഇല്ലാതെ പോയത്. ക്ഷീര കര്‍ഷകനു പാല്‍ നല്‍കുമ്പോള്‍ത്തന്നെ മികച്ച വില ലഭിക്കുന്ന അവസ്ഥ മറ്റൊരു കാര്‍ഷികമേഖലയിലും ഇപ്പോഴില്ല. ക്ഷീരമേഖല ലാഭകരമാണെന്നു പൂര്‍ണമായും പറയാനാവില്ലെങ്കിലും സ്ഥിരവരുമാനം കര്‍ഷകനു ലഭിക്കുന്നുണ്ട്. എന്നാല്‍, മറ്റു കാര്‍ഷിക വിപണി ഇതുപോലെയല്ല. ഉല്‍പ്പാദനം കൂടുമ്പോള്‍ വില കുറയുകയും ചിലപ്പോള്‍ വാങ്ങാന്‍ പോലും ആളില്ലാതെ നശിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഒരു സഹകരണ വിപണന ശൃംഖല എന്ന ആശയം സഹകരണ വകുപ്പിലുണ്ടാകുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എം.ഡി.സി. കേരള (നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ്് മാര്‍ക്കറ്റിങ് സൊസൈറ്റി) യാണ് ഇത്തരമൊരു ആശയം സഹകരണ വകുപ്പിനു സമര്‍പ്പിച്ചത്. സഹകരണ വകുപ്പ് തയാറാക്കിയ കോ-ഓപ് മാര്‍ട്ട് പദ്ധതിയെ സഹകരണ വിപണന ശൃംഖല എന്ന വലിയ കാഴ്ചപ്പാടിലേക്കു മാറ്റിയെടുക്കാനാണു ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കു സഹകരണ വകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു.

കോര്‍പ്പറേറ്റില്‍ നിന്നു
കോ-ഓപ്പറേറ്റീവിലേക്ക്

കാര്‍ഷിക-സംരംഭകത്വ മേഖലയില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ അവരുടെ സ്വാധീനം ഉറപ്പിക്കാനൊരുങ്ങുന്ന സമയമാണിത്. കൃഷിയിടത്തിലേക്കു ബഹുരാഷ്ട്രക്കമ്പനികള്‍ വില പറഞ്ഞെത്തിത്തുടങ്ങി. കാര്‍ഷിക വായ്പവരെ വിതരണം ചെയ്യാന്‍ അദാനി ഗ്രൂപ്പ് പദ്ധതി തയാറാക്കി. ഇങ്ങനെ വായ്പയെടുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നവും ഈ കമ്പനികള്‍തന്നെ വാങ്ങും. പാട്ടക്കൃഷിയുടെ പുതിയ മുഖമാണിത്. വിപണിയും വിലയും അവര്‍ നിശ്ചയിക്കുന്നതാകുമെന്ന ആധി രാജ്യമാകെയുണ്ട്്. ഈ ഘട്ടത്തിലാണു സഹകരണ മേഖലയിലൂടെ അതിനു ബദലൊരുക്കാനാവുമോയെന്ന പരീക്ഷണം സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്നത്. അതിന്റെ ആദ്യപടിയായിരുന്നു കോ-ഓപ് മാര്‍ട്ട്. സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണിയും വിലയും ഉറപ്പാക്കുകയായിരുന്നു കോ-ഓപ് മാര്‍ട്ടിന്റെ ലക്ഷ്യം. എന്നാല്‍, ഒരു പടി കൂടി കടന്നു നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രണം കോര്‍പ്പറേറ്റ് കമ്പനികളില്‍നിന്നു കോ-ഓപ്പറേറ്റീവ് സംഘങ്ങള്‍ ഏറ്റെടുക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കു കോ-ഓപ് മാര്‍ട്ട് മാറുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷമാണു കോ-ഓപ് മാര്‍ട്ട് എന്ന ആശയം മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടേതായി 170 പ്രധാന ഉല്‍പ്പന്നങ്ങളുണ്ട്. എന്നാല്‍, ഇതില്‍ പലതിനും ആ സംഘത്തിന്റെ പ്രവര്‍ത്തന പരിധിക്കപ്പുറത്തേക്കു വിപണി കണ്ടെത്താന്‍ പ്രയാസമായിരുന്നു. അതേസമയം, ഗുണനിലവാരത്തിലും മേന്മയിലും വിപണിയിലെ സമാനമായ മറ്റേത് ഉല്‍പ്പന്നങ്ങളേക്കാളും ഇവ മികച്ചതുമാണ്. ഒരു സംഘത്തിനു സ്വന്തം നിലയില്‍ വിപണി കണ്ടെത്താനുള്ള പ്രയാസമാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ചില മേഖലകളില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ കാരണം. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കാനായി സഹകരണ കണ്‍സ്യൂമര്‍ മേഖലയില്‍ ആദ്യമായി കൊണ്ടുവരുന്ന മാതൃകാപരമായ പദ്ധതിയാണ് ‘സഹകരണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ് ആന്റ്് മാര്‍ക്കറ്റിങ്’ എന്നത്. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കു കോ-ഓപ് കേരള ബ്രാന്‍ഡിങ് കൊണ്ടുവരികയും സംസ്ഥാനത്താകെ ഇവയ്ക്കു പ്രത്യേകമായ വിപണന കേന്ദ്രം തുറക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായാണു കോ-ഓപ് മാര്‍ട്ടുകള്‍ തുറന്നത്. ഇതു പിന്നീട് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമാക്കി.

സംസ്ഥാനത്താകെ കോ-ഓപ് മാര്‍ട്ട് തുറക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ 750 കോ-ഓപ് മാര്‍ട്ടുകള്‍ തുറക്കുകയെന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോ-ഓപ് മാര്‍ട്ട് തുടങ്ങുമെന്നു 2021-22 ലെ ബജറ്റിലും വ്യക്തമാക്കിയിരുന്നു. പരമാവധി വിപണന ശൃംഖല എന്നത് ഈ പദ്ധതിയുടെ വിജയത്തിനു ഗുണകരമായ ഒന്നാണ്. വിതരണത്തിനുള്ള ചെലവു കുറക്കാനും ഉല്‍പ്പാദനം കൂട്ടാനും ആ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കാനും കഴിയുമെന്നതാണു നേട്ടം. അതേസമയം, ഒരേസമയം സംസ്ഥാനത്താകെ കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങുകയെന്നതു ശ്രമകരമായ ദൗത്യമാണ്. പക്ഷേ, സഹകരണ സംഘങ്ങള്‍ ഓരേ മനസ്സോടെ ഈ പദ്ധതി ഏറ്റെടുത്താല്‍ അത് ഏറ്റവും എളുപ്പമായ ഒന്നാകും. 170 ഉല്‍പ്പന്നങ്ങള്‍ ‘കോ-ഓപ് കേരള മാര്‍ക്ക്’ നേടാനുള്ള ഘട്ടത്തിലാണ്. 250 കോ-ഓപ് മാര്‍ട്ട് വെജിറ്റബിള്‍ ഷോപ്പുകള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ടുകള്‍ വേറെയുമുണ്ട്. ഗ്രാമീണ മേഖലയില്‍ കര്‍ഷകര്‍ക്കു വിപണന സൗകര്യമുറപ്പാക്കാന്‍ സഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുന്ന നാട്ടുചന്തകള്‍ ഇതിനുപുറമെയാണ്. പക്ഷേ, ഇവയെല്ലാം ഒരു വിപണ ശൃംഖലയുടെ ഭാഗമായിട്ടില്ല. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഒരു ജില്ലയില്‍ ഒരു കോ-ഓപ് മാര്‍ട്ട് എന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനെ സജീവമാക്കാന്‍ ഒരു വിതരണ ശൃംഖല തീര്‍ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. അതിന്റെ ചുമതലയാണ് മാര്‍ക്കറ്റിങ് സഹകരണ സംഘമായ എന്‍.എം.ഡി.സി.ക്കു നല്‍കിയിരിക്കുന്നത്.

മാറുന്ന കാലത്ത്
മാറ്റത്തിന്റെ ചുവട്

കോ-ഓപ് മാര്‍ട്ടും അതുവഴി സഹകരണ വിപണിയും തീര്‍ക്കാനുള്ള പദ്ധതി മാറുന്ന കാലത്തെ മാറ്റത്തിന്റെ ചുവടായി കണക്കാക്കണം. രണ്ടു രീതിയിലാണ് ഇതിന്റെ പ്രാധാന്യം. ഇന്ത്യയില്‍ ആദ്യമായാണു ഗ്രാമീണ തലത്തില്‍പ്പോലും സ്വാധീനമുള്ളവിധത്തില്‍ സഹകരണ വിപണന ശൃംഖല തീര്‍ക്കുന്നത് എന്നതാണ് ആദ്യത്തേത്. വായ്പാ സഹകരണ സംഘങ്ങളിലെ പണം പ്രധാനമായും സംരംഭകത്വത്തിലേക്കു തിരിച്ചുവിട്ട് ഉല്‍പ്പാദനപരവും വികസനപരവുമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണു രണ്ടാമത്തേത്. കൂടുതല്‍ തൊഴിലവസരം, വിപണിയില്‍ പണത്തിന്റെ ഒഴുക്ക്, നല്ല ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കു ലഭിക്കുന്ന പരിഗണന, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില, പണിയും കൂലിയും വരുമാനം ഉറപ്പാക്കുന്നതോടെ സാമൂഹിക ജീവിതാവസ്ഥയിലുണ്ടാക്കാനാവുന്ന ഉന്നതി എന്നിങ്ങനെ ഈ പദ്ധതിയുടെ പ്രസക്തി ഏറെയാണ്. രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരത്തില്‍ സഹകരണ സംഘങ്ങളുടെ പരസ്പര ബന്ധിത സഹകരണം ഉറപ്പാക്കുന്ന പദ്ധതി തയാറാക്കിയിട്ടില്ല. പ്രത്യേകിച്ച് കാര്‍ഷിക-കണ്‍സ്യൂമര്‍ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട്.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്കു ജനങ്ങളിലെത്തിക്കാനുള്ള വഴിയാണു കോ-ഓപ് മാര്‍ട്ട്. പ്രാദേശികമായി ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വിപണിയൊരുക്കുകവഴി സംരംഭകരാകുന്ന സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വരുമാനം ഉറപ്പാക്കാനാകും. ഇതു നാടിനെ സാമ്പത്തികമായി ചലിപ്പിക്കും. ഉല്‍പ്പാദന – വിതരണ രംഗത്ത് ആദ്യമായാണ് ഇത്രയും വിപുലവും ഭാവനാത്മകവുമായ ഒരു പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കുന്നത്. ഇതു വിജയിച്ചാല്‍ ഇന്ത്യയിലെ സഹകരണ മേഖലയ്ക്കു മാതൃകയാവുന്ന വിപ്ലവകരമായ പദ്ധതിയാകുമെന്ന് ഉറപ്പാണ്. ചിതറിക്കിടക്കുന്ന സഹകരണ ഉല്‍പ്പന്നങ്ങള്‍ ഒരു ബ്രാന്‍ഡില്‍ കൊണ്ടുവരിക, അവ ‘കോ-ഓപ് മാര്‍ട്ട്’ എന്ന ഏകീകൃത ബ്രാന്‍ഡില്‍ തുടങ്ങുന്ന പ്രത്യേകം റീട്ടെയില്‍ കൗണ്ടറിലൂടെ ഗ്രാമീണ മേഖലയിലടക്കം ലഭ്യമാക്കുക, നല്ല ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി സാധാരണക്കാര്‍ക്കു പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റുക- ഇതാണു സഹകരണ വകുപ്പിന്റെ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇ-കൊമേഴ്‌സ് രംഗത്തേക്കുകൂടി കടക്കാനാവണം.

അടുത്ത ഘട്ടം
ഓണ്‍ലൈന്‍

ഒരു കുടുംബത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങളാണു ‘കോ-ഓപ് മാര്‍ട്ടി’ ലൂടെ വിതരണം ചെയ്യുന്നത്. ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ച് വീടുകളില്‍ എത്തിക്കുക എന്നതാണ് അടുത്ത ഘട്ടം. അതായത്, പരമാവധി വേഗത്തില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാനാകുമ്പോഴാണു സഹകരണ ഇ-കൊമേഴ്‌സ് ജനപ്രിയമാവുക. വിലക്കുറവില്‍ നല്ല സാധനങ്ങള്‍ ലഭ്യമാക്കിയാല്‍ അതു മറ്റ് ഏത് ഇ-കൊമേഴ്‌സ് മേഖലയേക്കാളും മികച്ചതാകും. കേരളത്തില്‍ 941 ഗ്രാമപ്പഞ്ചായത്തുകളാണുള്ളത്. 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുണ്ട്. മറ്റുള്ളവകൂടി ഉള്‍പ്പെടുത്തിയാല്‍ 15,000 ത്തിലധികം പ്രാഥമിക സഹകരണ സംഘങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുണ്ട്. തുടക്കത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കോ-ഓപ് മാര്‍ട്ടുകള്‍ തുറന്നാല്‍ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പാക്കാകാനാകും. 2022-23 വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലക്ഷ്യമിടുന്നതും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ വിപണി സ്ഥാപിക്കുക എന്നതാണ്.

നല്ല പ്രവര്‍ത്തനക്ഷമതയുള്ള മറ്റു സംഘങ്ങള്‍ക്കു കീഴിലും കോ-ഓപ് മാര്‍ട്ട് തുറക്കുന്നതോടെ ഈ റീട്ടെയില്‍ നെറ്റ്‌വര്‍ക്ക് ശക്തമാകും. ഇതോടെ സംസ്ഥാനത്ത് എവിടെ നിന്നു ലഭിക്കുന്ന ഓണ്‍ലൈന്‍ ഓര്‍ഡറും മിനിറ്റുകള്‍ക്കകം വീട്ടിലെത്തിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന ഇ-കൊമേഴ്‌സ് നെറ്റ്‌വര്‍ക്കുണ്ടാകും. നിലവിലെ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, നീതി സ്‌റ്റോറുകള്‍, നീതി മെഡിക്കല്‍സ് എന്നിവകൂടി ഇതിന്റെ ഭാഗമാക്കിയാല്‍ മറ്റൊരു കണ്‍സ്യൂമര്‍ വിതരണ ശൃംഖലയ്ക്കും മത്സരിക്കാനാവാത്ത സഹകരണ ഇ-കോമേഴ്‌സ് കേരളത്തിലുണ്ടാകും. ഇതാണു സഹകരണ വകുപ്പ് ലക്ഷ്യമിട്ട ‘ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് പ്രൊഡക്ട്’ എന്ന പ്രൊജക്ട് ഇന്ത്യയ്ക്കു മാതൃകയാകുമെന്നു ചൂണ്ടിക്കാണിക്കാന്‍ കാരണം. ഇ-കൊമേഴ്‌സ് രംഗം ഗ്രാമീണ മേഖലയിലടക്കം വ്യാപകമായി തുടങ്ങുന്ന ഒരു ഘട്ടത്തില്‍ സഹകരണ കണ്‍സ്യൂമര്‍ മേഖല അതില്‍നിന്നു പുറത്തുനില്‍ക്കുന്നതു വരുംകാല വളര്‍ച്ചയെത്തന്നെ ബാധിക്കും. അതു മറികടക്കാനാകുമെന്നു മാത്രമല്ല ഒരുപാട് മുന്നേറാനും ഈ പദ്ധതിയിലൂടെ സഹകരണ മേഖലയ്ക്കു കഴിയും.

വിപണിയും
ഉല്‍പ്പന്നവും പ്രധാനം

കോ-ഓപ് മാര്‍ട്ടും സഹകരണ വിപണിയും എന്നതു വിപുലമായ ഒരു പദ്ധതിയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോ-ഓപ് മാര്‍ട്ട് എന്ന പേരില്‍ സഹകരണ വിപണന കേന്ദ്രം തുറക്കുകയെന്നതു മാത്രമല്ല അതിന്റെ ലക്ഷ്യം. ആ വിപണന കേന്ദ്രത്തില്‍ നല്ല ഉല്‍പ്പന്നങ്ങളും ഉണ്ടാകണം. ഇതിനായി പ്രദേശികാടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ തുടങ്ങണം. ഓരോ വായ്പാ സഹകരണ സംഘത്തിനും സ്വന്തം നിലയിലോ ഒരു കൂട്ടം വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ വായ്പ നല്‍കിയോ ഇത്തരം സംരംഭങ്ങള്‍ തുടങ്ങാം. ആ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി കോ-ഓപ് മാര്‍ട്ട് വഴി വിപണിയിലെത്തിക്കാനാകും. ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും കുറഞ്ഞ വിലയ്ക്ക് ഒരിടത്തു ലഭിക്കുന്ന കേന്ദ്രമായി കോ-ഓപ് മാര്‍ട്ടിനെ മാറ്റുമെന്നാണ് എന്‍.എം.ഡി.സി.യുടെ പദ്ധതിനിര്‍ദേശം. ഇത് അംഗീകരിച്ചാണ് ഇപ്പോള്‍ സഹകരണ വകുപ്പ്് അവരെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങള്‍ക്കു കീഴിലെ സംരംഭങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഏറ്റെടുക്കുമെന്ന ഉറപ്പും എന്‍.എം.ഡി.സി. സഹകരണ വകുപ്പിനു നല്‍കിയിട്ടുണ്ട്. വിപണിയില്‍ ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി സംരംഭം തുടങ്ങാനുള്ള സഹായവും എന്‍.എം.ഡി.സി. നല്‍കും.

14 ജില്ലകളില്‍ ഓരോ കോ-ഓപ് മാര്‍ട്ടാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ഇത് ഓരോ ഗ്രാമതലത്തിലേക്കും വ്യാപിക്കണമെങ്കില്‍ എല്ലാ സഹകരണ സംഘങ്ങളും ഒരേമനസ്സോടെ രംഗത്തിറങ്ങണം. കാരണം ഇതു രാജ്യത്തിനു മാതൃകയായ ഒരു സഹകരണവിപണി ഒരുക്കലാണ്. സഹകരണ മേഖലയില്‍ വിശ്വാസ്യതയിലും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിലും എന്നും മുന്നിലുള്ള കേരളത്തിന് അതു കഴിയുമെന്ന് ഉറപ്പാണ്. ഉല്‍പ്പന്നങ്ങളുടെ സംഭരണം, വിതരണം, കോ-ഓപ് മാര്‍ട്ട് വഴിയുള്ള വില്‍പ്പന എന്നിങ്ങനെ മൂന്നു തലത്തിലാണ് ഈ പദ്ധതിയുടെ നിര്‍വഹണം ആസൂത്രണം ചെയ്തിട്ടുള്ളത്. പരമാവധി ഉല്‍പ്പന്നങ്ങള്‍ കോ-ഓപ് കേരള മുദ്രയോടെ കോ-ഓപ് മാര്‍ട്ടിന്റെ ഭാഗമാക്കുകയെന്നതാണ് ഇതില്‍ ആദ്യപടി. ഇതിനായി ഉല്‍പ്പാദന യൂണിറ്റുകളുടെ സംഘങ്ങളെല്ലാം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇവയില്‍നിന്നു സാധനങ്ങള്‍ സംഭരിച്ച് ഓരോ കോ-ഓപ് മാര്‍ട്ട് ഔട്ട്‌ലറ്റിലും എത്തിക്കും. സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍, സര്‍ക്കാര്‍ സംരംഭങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ കോ-ഓപ് മാര്‍ട്ടുകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരു കുടുംബത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങളെല്ലാം കോ-ഓപ് മാര്‍ട്ടില്‍ കിട്ടും.

മായമില്ലാത്ത നല്ല
ഉല്‍പ്പന്നങ്ങള്‍

മായം ചേര്‍ക്കാത്ത നല്ല ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന കേന്ദ്രം എന്ന നിലയിലാണു കോ-ഓപ് മാര്‍ട്ടിനെ ബ്രാന്‍ഡ് ചെയ്യേണ്ടതെന്ന് എന്‍.എം.ഡി.സി. ചൂണ്ടിക്കാട്ടുന്നു. കോ-ഓപ് മാര്‍ട്ടുകള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഓണ്‍ ലൈനായി നല്‍കാനാകും. ഇതിനുള്ള സജ്ജീകരണത്തോടെയാണു വെബ് സൈറ്റ് ഒരുക്കുന്നത്. ഇങ്ങനെ കിട്ടുന്ന ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ ഓരോ കോ-ഓപ് മാര്‍ട്ടിലും എത്തിക്കാനാവും. സാധനങ്ങള്‍ ഒന്നിച്ചുവാങ്ങുകയും കേന്ദ്രീകൃതമായി വിതരണം നടത്തുകയും ചെയ്യുന്നതു പരമാവധി വിലക്കുറവിനു സഹായകമാകും. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും നാട്ടില്‍ എല്ലായിടത്തും ഉണ്ടാകുമ്പോള്‍ കോ-ഓപ് മാര്‍ട്ട് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരമാകണം ഇത്. മാത്രവുമല്ല, മാളും സൂപ്പര്‍മാര്‍ക്കറ്റുകളും തുടങ്ങാന്‍ വലിയ പ്രാധാന്യം നല്‍കാത്ത ഗ്രാമീണ മേഖലയില്‍ കോ-ഓപ് മാര്‍ട്ടുകള്‍ വരുത്തുന്ന മാറ്റം വലുതായിരിക്കും. സഹകരണ സംഘങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംസ്ഥാനമാണു കേരളം. അതേസമയംതന്നെ ഒറ്റലക്ഷ്യത്തോടെ സഹകരിച്ച് പ്രവര്‍ത്തിച്ച് വലിയ ലക്ഷ്യം നേടാന്‍ ഈ സംഘങ്ങള്‍ക്കു കഴിയുന്നില്ല എന്നതും നമ്മുടെ പോരായ്മയാണ്. സഹകരണ സംഘങ്ങള്‍ക്ക് 192 ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിട്ടും അവ സഹകരണ സ്റ്റോറുകളില്‍പ്പോലും ലഭ്യമാക്കാന്‍ ഇതുവരെ കഴിയാതിരുന്നതിന് ഒരു കാരണം അതാണ്. സഹകരണ ഉല്‍പ്പാദന – വിതരണ സംവിധാനമെന്നതു സര്‍ക്കാരിന്റെ പൊതുവേയും സഹകരണ വകുപ്പിന്റെ പ്രത്യേകിച്ചും അഭിമാനകരമായ പദ്ധതിയാണ്. ഈ മേഖലയ്ക്കു കരുത്തുപകരുന്ന ഒരു നടപടികൂടിയാണത്. അതിന്റെ ചുവട് പിഴയ്ക്കാതെ കൊണ്ടുപോകാനുള്ള ദൗത്യമാണ് ഇപ്പോള്‍ എന്‍.എം.ഡി.സി. ഏറ്റെടുത്തിട്ടുള്ളത്. ഇത് ഒറ്റയ്ക്കു ജയിക്കാവുന്ന യുദ്ധമല്ലാത്തതിനാല്‍ എന്‍.എം.ഡി.സി.ക്കു പിന്തുണ നല്‍കേണ്ട ബാധ്യത സഹകരണ വകുപ്പിനും സഹകാരികള്‍ക്കും സഹകരണ മേഖലയിലെ സംഘടനകള്‍ക്കുമുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!