മികവുമായി നൂറിലേക്ക് കടക്കുന്ന എടച്ചേരി ബാങ്ക്

moonamvazhi

1924 ല്‍ ഐക്യനാണയസംഘമായി തുടക്കമിട്ട കോഴിക്കോട് എടച്ചേരി സഹകരണ ബാങ്ക് അടുത്ത കൊല്ലംഒരു നൂറ്റാണ്ട് പിന്നിടുകയാണ്.
115 കോടി രൂപ നിക്ഷേപവും 85 കോടി രൂപ വായ്പയുമുള്ള ബാങ്കില്‍ ഇപ്പോള്‍ എണ്ണായിരത്തില്‍പ്പരം എ ക്ലാസ് അംഗങ്ങളുണ്ട്.

 

കോഴിക്കോട് ജില്ലയിലെ പ്രമുഖ ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായ എടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വിജയകഥയുമായി നൂറാം വര്‍ഷത്തിലേക്കു കടക്കുന്നു. നൂറു കോടിയിലധികം നിക്ഷേപമുള്ള ഈ സഹകരണ ബാങ്ക് അഭിമാനത്തോടെയാണു മുന്നോട്ടു കുതിക്കുന്നത്.

1924 ജനുവരി 19 നു വിവിധോദ്ദേശ്യ ഐക്യനാണയസംഘമായി രജിസ്റ്റര്‍ ചെയ്തശേഷം 1962 ജൂലായ് ഒന്നു മുതലാണ് എടച്ചേരി സര്‍വീസ് സഹകരണ ബാങ്കായി പ്രവര്‍ത്തനമാരംഭിച്ചത്. എടച്ചേരി ഗ്രാമപ്പഞ്ചായത്താണു ബാങ്കിന്റെ പ്രവര്‍ത്തനപരിധി. സാധാരണക്കാരായ ജനങ്ങളില്‍ നിന്നു സ്വരൂപിച്ച ഓഹരിമൂലധനവും ചെറിയ നിക്ഷേപങ്ങളുമായിരുന്നു ബാങ്കിന്റെ അടിസ്ഥാനം. ബാങ്കിനോട് ഇടപാടുകാര്‍ പ്രകടിപ്പിച്ച വിശ്വാസത്താല്‍ ബാങ്ക് ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡായിട്ടാണു പ്രവര്‍ത്തിക്കുന്നതെങ്കിലും ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡിനാവശ്യമായ എല്ലാ യോഗ്യതകളും ബാങ്ക് കൈവരിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് പി.കെ. ബാലന്‍ മാസ്റ്ററും സെക്രട്ടറി ഒ.പി. നിധീഷും പറഞ്ഞു. 99 വര്‍ഷത്തോളം നാടിന്റെ വളര്‍ച്ചക്കൊപ്പം താങ്ങായി, തണലായി, വഴികാട്ടിയായി നിന്നുവെന്ന ചാരിതാര്‍ത്യമാണു ബാങ്ക് ഭരണസമിതി പങ്കുവെക്കുന്നത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അനേകര്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മ പകര്‍ന്ന സഹകരണപ്രസ്ഥാനമാണിത്.

ഐക്യനാണയ
സംഘമായി തുടക്കം

കഴിഞ്ഞ ഒരു നൂറ്റാണ്ട്കാലം എടച്ചേരിയുടെ സാമൂഹിക -സാമ്പത്തികവളര്‍ച്ചയില്‍ സജീവ സാന്നിധ്യമാകാന്‍ ഈ സഹകരണ ബാങ്കിനായിട്ടുണ്ട്. എടച്ചേരിയെന്ന ഗ്രാമത്തില്‍ കൊടിയ സാമൂഹിക -സാമ്പത്തിക അസമത്വങ്ങളും ചൂഷണങ്ങളും നിലനിന്ന കാലത്താണു വിവിധോദ്ദേശ്യ ഐക്യനാണയ സംഘമായി എടച്ചേരിയിലെ തെക്കയില്‍ എന്ന വീട് കേന്ദ്രീകരിച്ചു സംഘം പ്രവര്‍ത്തനമാരംഭിച്ചത്. പഴയകാലത്തെ സാമൂഹികസാഹചര്യമനുസരിച്ച് സമ്പന്നവിഭാഗത്തിനു മാത്രമായിരുന്നു സംഘത്തില്‍ ഇടപാടുണ്ടായിരുന്നത്. സാധാരണക്കാര്‍ക്കു സംഘത്തിന്റെ സേവനങ്ങള്‍ ലഭിക്കാത്തതിനാല്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഈ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കി. സംഘത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനു മുന്നിട്ടിറങ്ങിയ നേതാവായിരുന്നു ഇ.വി. കുമാരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍വന്നത്. തുടര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1962 ജൂലായ് ഒന്നു മുതല്‍ സംഘം എടച്ചേരി സര്‍വീസ് സഹകരണ ബാങ്കായി പ്രവര്‍ത്തനം തുടങ്ങി. പിന്നീടങ്ങോട്ട് അനേകായിരങ്ങള്‍ക്കു കൈത്താങ്ങായി മാറാന്‍ ഈ ബാങ്കിനു സാധിച്ചു. ഈയൊരു കാലയളവില്‍ സമൂഹത്തിലുണ്ടായിട്ടുളള മാറ്റങ്ങള്‍ ബാങ്കിനെയും സ്വാധീനിച്ചു. പഴയതും പുതിയതുമായ തലമുറകളുടെ ബാങ്കിംഗ് ആവശ്യങ്ങളും താല്‍പ്പര്യങ്ങളും പൂര്‍ണമായി തൃപ്തിപ്പെടുത്താനും നൂതന സൗകര്യങ്ങള്‍ പരമാവധി എല്ലാവരിലും എത്തിക്കാനും ബാങ്കിനു സാധിച്ചു.

നേരത്തെ എടച്ചേരി ടൗണ്‍ കേന്ദ്രീകരിച്ച് ഒരു വാടകമുറിയിലാണു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എടച്ചേരിയുടെ ഹൃദയഭാഗത്തു സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിര്‍മിച്ചു ബാങ്കിന്റെ പ്രവര്‍ത്തനം മാറ്റി. അതിനോടു ചേര്‍ന്നു ബാങ്ക് കൂടുതല്‍ സ്ഥലം വാങ്ങി ഹെഡ് ഓഫീസ് നിര്‍മിക്കുകയും ചെയ്തു. 2001 മാര്‍ച്ച് ഒന്‍പതിനു മുഖ്യമന്ത്രി ഇ.കെ. നായനാരാണു ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിലവില്‍ ബാങ്കിനു മെയിന്‍ ബ്രാഞ്ച് ഉള്‍പ്പടെ അഞ്ചു ബ്രാഞ്ചുകളുണ്ട്. സായാഹ്നശാഖ കൂടാതെ കച്ചേരി, തലായി, ഇരിങ്ങണ്ണൂര്‍ എന്നിവിടങ്ങളിലാണു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം കണ്‍സ്യൂമര്‍ സ്റ്റോര്‍, വളം ഡിപ്പോ എന്നിവയും ബാങ്ക് നടത്തിവരുന്നു.

മുറ്റത്തെ മുല്ല
പദ്ധതി

ബാങ്കിലിപ്പോള്‍ ഇരുപതു സ്ഥിരം ജീവനക്കാരും പതിനാറു കളക്ഷന്‍ ഏജന്റുമാരും ഏഴു താല്‍ക്കാലിക ജീവനക്കാരുമാണുളളത്. പുതിയ കണക്കുപ്രകാരം 115 കോടി രൂപയുടെ നിക്ഷേപവും 85 കോടിയുടെ വായ്പയുമായി വടകര താലൂക്കിലെ ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കായാണു പ്രവര്‍ത്തിക്കുന്നത്. എണ്ണായിരത്തില്‍പ്പരം ഏ ക്ലാസ് അംഗങ്ങളും മുപ്പതിനായിരത്തില്‍പ്പരം സി. ക്ലാസ് അംഗങ്ങളും 3145 ഡി ക്ലാസ് അംഗങ്ങളുമുണ്ട്. സംസ്ഥാനസര്‍ക്കാര്‍ വിവിധ സമയങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും ജനകീയവായ്പകളും ജനങ്ങളില്‍ എത്തിക്കാന്‍ ബാങ്കിനു സാധിച്ചതായി സെക്രട്ടറി ഒ.പി. നിധീഷ് പറഞ്ഞു. കൊളളപ്പലിശക്കാരില്‍ നിന്നു സാധാരണക്കാരെ അകറ്റി നിര്‍ത്താനായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത മുറ്റത്തെ മുല്ല വായ്പാ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ ബാങ്കിനു സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു പലിശരഹിത വായ്പയായ വിദ്യാതരംഗിണി വായ്പ നല്‍കിയിട്ടുണ്ട്. 2018 ലെ പ്രളയകാലത്തു സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടിയില്‍ ഒരു വീട് നിര്‍മിച്ചുനല്‍കി. 3250 പേര്‍ക്കുളള ക്ഷേമ പെന്‍ഷനുകളും ബാങ്ക് കൃത്യമായി വീട്ടിലെത്തിച്ചുനല്‍കുന്നുണ്ട്.

വരള്‍ച്ചക്കാലത്തു സ്ഥിരമായി വിവിധയിടങ്ങളില്‍ കുടിവെളള വിതരണം ബാങ്ക് നടത്താറുണ്ട്. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധങ്ങളായ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണു ബാങ്ക് ആവിഷ്‌കരിച്ചിട്ടുളളത്. ഇതിന്റെ ഭാഗമായി നീതി മെഡിക്കല്‍സ്, നീതി ലാബ്, കര്‍ഷകസേവാ കേന്ദ്രം, മിനി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ ആരംഭിക്കും. വളംഡിപ്പോ നവീകരിക്കും. 2010 മുതല്‍ ബാങ്ക് തുടര്‍ച്ചയായി ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഓഹരിയുടമകള്‍ക്ക് ഇരുപതു ശതമാനം ലാഭവിഹിതം നല്‍കുന്നു.

ഏതാനും വര്‍ഷം മുമ്പു നെല്‍ക്കൃഷിയിലും ബാങ്ക് ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍, അവിചാരിതമായി പെയ്ത മഴ രണ്ടര ഏക്കര്‍ സ്ഥലത്തെ നെല്‍ക്കൃഷിയെ വെളളത്തിലാഴ്ത്തിയതിനെത്തുടര്‍ന്നു പ്രതീക്ഷ നഷ്ടപ്പെട്ടു. ഇപ്പോഴും പച്ചക്കറിക്കൃഷിയ്ക്ക് എല്ലാ സഹായങ്ങളും ബാങ്ക് നല്‍കാറുണ്ട്. സ്വയംസഹായസംഘങ്ങള്‍ക്കു വിത്ത്, വളം എന്നിവ സൗജന്യമായി നല്‍കുന്നു.

പി.കെ. ബാലന്‍ മാസ്റ്റര്‍ പ്രസിഡന്റായുള്ള ഭരണസമിതിയുടെ വൈസ് പ്രസിഡന്റ് കെ.ടി.കെ. കൃഷ്ണന്‍ മാസ്റ്ററാണ്. വി. ബാലകൃഷ്ണന്‍, സാഗിന്‍ ടിന്റു, ഇ.ടി. രാജന്‍, ടി.കെ. ബാലന്‍, എം. സുരേന്ദ്രന്‍, കെ.പി. സുരേന്ദ്രന്‍, എം.പി. സുനില, യു.കെ. രജനി, പി.പി. ജാനു എന്നിവരാണു മറ്റു ഡയറക്ടര്‍മാര്‍. രാജീവ് വളളില്‍ അസി. സെക്രട്ടറിയും സി.കെ. ദിനേശന്‍ മെയിന്‍ ബ്രാഞ്ച് മാനേജരുമാണ്.

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!