മാനന്തവാടിയിലെ ക്ഷീര വിപ്ലവം കേരളത്തിനു മാതൃക
1963 ല്‍ തുടക്കമിട്ട മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ
സംഘം 26 കര്‍ഷകരില്‍ നിന്നു 44 ലിറ്റര്‍ പാല്‍ സംഭരിച്ചാണു
പ്രവര്‍ത്തനംആരംഭിച്ചത്. ഇന്നു 1500 കര്‍ഷകരില്‍ നിന്നു നിത്യേന
22,000 ലിറ്റര്‍ പാലളക്കുന്നു. അഞ്ചു കൊല്ലം അടച്ചുപൂട്ടിയ
ഈ സംഘം പ്രസരിപ്പോടെ ഉയിര്‍ത്തെഴുന്നേറ്റു. കാലിക്കറ്റ് സിറ്റി
സഹകരണ ബാങ്ക് മികച്ച ക്ഷീര സംഘത്തിനു നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍
അവാര്‍ഡ് ഇത്തവണ കരസ്ഥമാക്കിയതു മാനന്തവാടി ക്ഷീരോല്‍പ്പാദക
സംഘമാണ്.
പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വേണ്ടത്ര പാല്‍ ലഭിക്കാത്തതിനാല്‍ അടച്ചുപൂട്ടിയ ക്ഷീരോല്‍പ്പാദക സംഘം നാലു വര്‍ഷത്തിനു ശേഷം പുനരാരംഭിക്കുന്നു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിച്ചും ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയും സംഘം മുന്നേറുന്നു. 1500 കര്‍ഷകരില്‍ നിന്നു നിത്യേന 22,000 ലിറ്റര്‍ പാല്‍ അളന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീരസംഘം എന്ന അംഗീകാരത്തിലേക്കു കുതിച്ചെത്തുന്നു. ഇതു മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ വിജയ കഥ. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരു ലക്ഷം രൂപയുടെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് ഇത്തവണ അര്‍ഹമായ മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം കേരളത്തിലെ ക്ഷീരസംഘങ്ങള്‍ക്കു മാതൃകയാണ്.
പ്രതിസന്ധി
പഴങ്കഥ
വയനാട് ജില്ലയിലെ മുഖ്യ കാര്‍ഷിക കേന്ദ്രമായ മാനന്തവാടിയില്‍ അഞ്ചു വില്ലേജുകള്‍ പ്രവര്‍ത്തനപരിധിയായി 1963 ലാണു ക്ഷീര സംഘം ആരംഭിച്ചത്. 26 കര്‍ഷകരില്‍ നിന്നു 44 ലിറ്റര്‍ പാല്‍ സംഭരിച്ചായിരുന്നു തുടക്കം. കാലി വളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി സ്വീകരിച്ചവര്‍ തീരെ കുറവായിരുന്നു അക്കാലത്ത്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള കാലികളും ഉണ്ടായിരുന്നില്ല. ഏറെ പ്രയാസപ്പെട്ട് സംഘം അഞ്ചു വര്‍ഷം പിടിച്ചു നിന്നെങ്കിലും 1968 ല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. എന്നാല്‍, ക്ഷീരമേഖലയില്‍ നാടാകെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതു മാനന്തവാടിക്കാര്‍ക്കും പ്രതീക്ഷ നല്‍കി. മാനന്തവാടി പഞ്ചായത്ത് പ്രവര്‍ത്തനപരിധിയായി സംഘം 1972 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ക്ഷീരമേഖലയിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രോല്‍സാഹനം നല്‍കാനും സംഘം ആരംഭിച്ച പദ്ധതികള്‍ ഓരോന്നും വിജയം കണ്ടതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പ്രതിസന്ധികള്‍ തരണം ചെയ്ത് 2003 ല്‍ ആനന്ദ് മാതൃകാ സംഘമായി മാറിയതോടെ കുതിപ്പു തുടങ്ങി. 2009 ല്‍ ബള്‍ക്ക് മില്‍ക്ക് കൂളര്‍ ( ബി.എം.സി) സ്ഥാപിച്ച സംഘം വികസനത്തിന്റെ ചുവടുവെച്ചു. കൂളറിന്റെ ശേഷി 20,000 ലിറ്ററില്‍ നിന്നു 35,000 ത്തിലേക്ക് ഉയര്‍ത്തിയതോടെ കേരളത്തിലെ ഒന്നാംനിര ക്ഷീരോല്‍പ്പാദക സംഘങ്ങളുടെ പട്ടികയിലേക്കു മാനന്തവാടിയുമെത്തി. പാല്‍ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മികച്ച സംവിധാനങ്ങളുള്ള സംഘത്തിനു 32 സ്ഥിരം ജീവനക്കാരും 19 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. ജീവനക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.
സ്ഥലവും
കെട്ടിടവും
മാനന്തവാടി ടൗണില്‍ 34 സെന്റ് സ്ഥലവും 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും സ്വന്തമായതോടെ ആധുനിക സൗകര്യങ്ങളൊരുക്കാന്‍ എളുപ്പമായി. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച സംഘം ഓഫീസ് ഇവിടെ പ്രവര്‍ത്തിക്കുന്നു. മുന്നൂറോളം ആളുകള്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവുമുണ്ട്. 20,000 ലിറ്റര്‍ ശേഷിയുള്ള ബി.എം.സി. യൂണിറ്റും 15,000 ലിറ്റര്‍ സൈലോ ടാങ്കും ഈ കെട്ടിടത്തിലാണ്. പാലിന്റെ ഗുണമേന്മ ഉറപ്പു വരുത്താന്‍ കമ്പ്യൂട്ടറൈസ്ഡ് ലാബും കാലിത്തീറ്റ വിപണന കേന്ദ്രവും ഇവിടെയുണ്ട്. മില്‍മ ധനസഹായത്തോടെ 20 കിലോവാട്ട് വൈദ്യുതി നിത്യേന ഉല്‍പാദിപ്പിക്കുന്ന സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതിനാല്‍ വൈദ്യൂതി ചാര്‍ജിനെപ്പറ്റി ആശങ്കയില്ല. മലിനജലം സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ട്.
നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 123 സംഭരണ കേന്ദ്രങ്ങളില്‍ നിന്നാണു പാല്‍ ശേഖരിക്കുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളപ്പൊടി തുടങ്ങിയവ കര്‍ഷകര്‍ക്കു കുറഞ്ഞ വിലയ്ക്കു 23 ഡിപ്പോകള്‍ വഴി നല്‍കുന്നു. റബ്ബര്‍മാറ്റ്, വൈക്കോല്‍, പച്ചപ്പുല്ല് തുടങ്ങിയവ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. സംഘത്തിനു സ്വന്തമായി വാഹനമുണ്ട്.
1177 കര്‍ഷകര്‍ക്ക്
ഇന്‍ഷുറന്‍സ്
ക്ഷീര വികസന വകുപ്പിന്റെ പദ്ധതികള്‍ കാര്യക്ഷമമായി സംഘം നടപ്പാക്കുന്നു. ക്ഷീര സുരക്ഷാ പദ്ധതി പ്രകാരം 1177 കര്‍ഷകരെ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് ചികിത്സാ ചെലവിനു 10,000 രൂപ വരെ നല്‍കുന്നു. കലക്ഷന്‍ സെന്റര്‍ നവീകരണത്തിനു 5000 രൂപ വരെ സഹായം നല്‍കുന്നുണ്ട്. ഇന്‍ഷൂറന്‍സ് ക്യാമ്പുകളും രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. സ്‌കൂള്‍ തുറക്കുന്ന സമയത്തും ഓണക്കാലത്തും കര്‍ഷകര്‍ക്കു പാലിന് അധികവില നല്‍കി സാമ്പത്തിക പിന്തുണ ഉറപ്പു വരുത്തുന്നു. ക്ഷീര കര്‍ഷക ക്ഷേമ നിധിയില്‍ പരമാവധി പേരെ അംഗങ്ങളാക്കിയതിനാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സജീവ അംഗങ്ങളുള്ള ക്ഷീരസംഘം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം അഞ്ഞൂറോളം കര്‍ഷകര്‍ക്കു മൂന്നു കോടി രൂപയിലധികം വായ്പ ലഭ്യമാക്കിയിട്ടുണ്ട്. കേരള ബാങ്ക് വഴിയും വായ്പകള്‍ നല്‍കുന്നുണ്ട്. മില്‍മ, ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ക്ഷീര വികസന പദ്ധതികള്‍ സംഘം ഏറ്റെടുത്തു നല്ല നിലയില്‍ നടപ്പാക്കുന്നതിനാല്‍ കര്‍ഷകര്‍ക്കു വിവിധ തരം അനുകൂല്യങ്ങള്‍ കിട്ടുന്നു.
2018 ല്‍ പ്രളയകാലത്തു കാലികളെ നഷ്ടപ്പെട്ട 42 കര്‍ഷകര്‍ക്കു സംഘം പശുക്കളെ നല്‍കി. 92 തൊഴുത്തുകള്‍ പുനര്‍നിര്‍മിച്ചു. 2015-16 ല്‍ മികച്ച ക്ഷീരസംഘത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡും 2020-21 ലെ മില്‍മ അവാര്‍ഡും സംഘത്തിനു ലഭിച്ചിട്ടുണ്ട്. 2006 – 07, 2013 – 14, 2020-21 വര്‍ഷങ്ങളില്‍ വയനാട് ജില്ലയിലെ മികച്ച ആപ്‌കോസിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മാനന്തവാടിയില്‍ രാഷ്ട്രീയ-പൊതു രംഗങ്ങളില്‍ സജീവമായിരിക്കുമ്പോഴും ഏഴു പശുക്കളെ വളര്‍ത്തുന്ന പി.ടി. ബിജുവാണു എട്ടു വര്‍ഷമായി സംഘത്തെ നയിക്കുന്നത്. എം. എസ്. മഞ്ജുഷയാണു സെക്രട്ടറി. വര്‍ഗീസ് ജേക്കബ്, സണ്ണി ജോര്‍ജ്, പി.കെ. എല്‍ദോ, ഷിബു തോമസ്, സി.സി. രാമന്‍, എം.കെ. ഗിരിജ, രജി ജോസി, ടി.ജെ. സോന എന്നിവര്‍ ഡയരക്ടര്‍മാരാണ്.