മാതൃക സഹകരണ ഗ്രാമം ഒരുക്കാനുള്ള പദ്ധതിയിലേക്ക് കേന്ദ്ര സഹകരണ മന്ത്രാലയം
രാജ്യത്തെ പ്രധാന കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് കീഴില്‍ മാതൃക സഹകരണ ഗ്രാമം ഒരുക്കാനുള്ള പദ്ധതിയിലേക്ക് കേന്ദ്ര സഹകരണ മന്ത്രാലയം കടക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഗുജറാത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിനൊപ്പം ഈ പദ്ധതിയും കൊണ്ടുവരും. നബാര്‍ഡിനാണ് ചുമതല. കേന്ദ്രസര്‍ക്കാരിന്റെ എല്ലാപദ്ധതികളുടെയും സാമ്പത്തിക സഹായം കാര്‍ഷിക വായ്പ സംഘങ്ങളിലൂടെ വിനിയോഗിച്ച് ആ സംഘത്തിന്റെ പരിധിയിലെ ഗ്രാമത്തെ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2002 ഏപ്രില്‍ പത്തിനാണ് ഇത്തരമൊരു പദ്ധതി ഗുജറാത്തില്‍ നടപ്പാക്കുന്നത്. അഹമ്മദാബാദ് ജില്ലയിലെ ബവ്ല വില്ലേജിലായിരുന്നു ആദ്യം നടപ്പാക്കിയത്. തുടര്‍ന്ന് ആറ് വില്ലേജിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗര്‍, ദാഹോദ്, രാജ്കോട്ട് എന്നീ ജില്ലകളിലെ ആറ് ജില്ലകളിലാണ് രണ്ടാംഘട്ടമായി നടപ്പാക്കിയത്. ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ നബാര്‍ഡായിരുന്നു പദ്ധതിയുടെ മുഴുവന്‍ മേല്‍നോട്ടവും. പദ്ധതി വിഹിതം സാധാരണക്കാരിലേക്ക് എത്തുന്നതിന് സഹകരണ പങ്കാളിത്തത്തോടെയുള്ള നിര്‍വഹണം ഗുണകരമാണെന്നാണ് കേന്ദ്രസഹകരണ മന്ത്രാലയം വിലയിരുത്തിയത്. അതിനുള്ള മികച്ച പദ്ധതിയാണ് മാതൃക സഹകരണ ഗ്രാമം. നിലവില്‍ നടപ്പാക്കിയ ഗ്രാമങ്ങളുടെ വികസനം സംബന്ധിച്ചുള്ള നബാര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മറ്റ് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുക.
ഒരുകാര്‍ഷിക വായ്പ സഹകരണ സംഘത്തിന്റെ കീഴിലെ പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും ജീവിതോപാദി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരുവീട്ടില്‍ രണ്ടുപേര്‍ക്കെങ്കിലും വരുമാനം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം ആ സംഘം ഏറ്റെടുക്കണം. ഇതനുസരിച്ചുള്ള ഉല്പാദന യൂണിറ്റുകള്‍ തുടങ്ങുകയും, ആളോഹരി വരുമാനം കൂട്ടുകയും വേണം. കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും എല്ലാ പദ്ധതികളും ഇതിനായി ഉപയോഗപ്പെടുത്താം. അതിനുള്ള ആസൂത്രണം നടത്തി ഉപപദ്ധതികള്‍ തയ്യാറാക്കേണ്ടത് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘത്തിന്റെ തലത്തിലായിരിക്കും.
പട്ടികവിഭാഗക്കാര്‍ക്ക് അടിസ്ഥാന ജീവിത സൗകര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജന (പി.എം.എ.ജി.വൈ.) എന്ന പദ്ധതിയുടെ നിര്‍വഹണ യൂണിറ്റായി പ്രാഥമിക കാര്‍ഷിക വായ്പ സംഘത്തെ മാറ്റാനാണ് ആലോചിക്കുന്നത്. നിലവില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഈ സഹായങ്ങളൊന്നും കിട്ടാനിടയില്ല. കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമായാല്‍ മാത്രമാണ് ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കാനാകുകയുള്ളൂ. അക്കാര്യത്തില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.