മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് തടവുകാര്‍ക്ക് വായ്പ നല്‍കുന്നു

Deepthi Vipin lal

തടവുകാരുടെ കുടുംബത്തെ സഹായിക്കാന്‍ വായ്പയുമായി മഹാരാഷ്ട്രയിലെ സംസ്ഥാന സഹകരണ ബാങ്ക് രംഗത്തെത്തി. സംസ്ഥാനത്തെ ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്ന 1055 തടവുകാര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും. ഒരു തടവുകാരനു പരമാവധി 50,000 രൂപയുടെ വായ്പയാണു കിട്ടുക. പുണെയിലെ യര്‍വാദ ജയിലിലെ തടവുകാര്‍ക്കായിരിക്കും ആദ്യത്തെ വായ്പ നല്‍കുക എന്നു സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ അറിയിച്ചു.


ഇത്തരമൊരു വായ്പാപദ്ധതി കഴിഞ്ഞ ഡിസംബറിലാണു തങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചതെന്നു സംസ്ഥാന സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ വിദ്യാധര്‍ അനസ്‌കര്‍ പറഞ്ഞു. പദ്ധതിക്കു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതില്‍ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരുടെ കുടുംബത്തെ സഹായിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഏഴു ശതമാനം പലിശക്കായിരിക്കും ഈ പേഴ്‌സണല്‍ ലോണ്‍ നല്‍കുക. പലിശയില്‍ ഒരു ശതമാനം തടവുകാരുടെ ആശ്വാസനിധിയിലേക്കു കൈമാറും. ശിക്ഷിക്കപ്പെട്ട തടവുകാര്‍ ചെയ്യുന്ന ജോലിക്കു കിട്ടുന്ന വേതനത്തില്‍ നിന്നായിരിക്കും വായ്പയിലേക്കുള്ള പണം പിടിക്കുക. ഒരുപക്ഷേ, ലോകത്തുതന്നെ തടവുകാര്‍ക്ക് ഇപ്രകാരം വായ്പ നല്‍കുന്ന ആദ്യത്തെ സംഭവമാണിതെന്നു ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

ആദ്യമായി കുറ്റം ചെയ്ത തടവുകാര്‍ക്കു മാത്രമേ വായ്പ അനുവദിക്കുകയുള്ളു. ലോണിനു പ്രോസസിങ് ഫീസോ കൊളാറ്ററല്‍ സെക്യൂരിറ്റിയോ ഈടാക്കില്ല. തടവുകാരുടെ ശിക്ഷാ കാലാവധി കൂടി പരിഗണിച്ചേ വായ്പ നല്‍കൂ.

Leave a Reply

Your email address will not be published.

Latest News