മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്ലിനു പരക്കെ സ്വാഗതം

moonamvazhi

2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിനു കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കിയതിനെ പ്രമുഖ സഹകാരികള്‍ സ്വാഗതം ചെയ്തു. പാര്‍ലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഭേദഗതിയെ വിപ്ലവകരം എന്നാണു GCMMF  ( ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ) മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോഥി വിശേഷിപ്പിച്ചത്. ഇതു സഹകരണ സംഘങ്ങള്‍ക്കു ആവശ്യമായ സ്വയംഭരണാവകാശവും സ്വാതന്ത്യവും നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ദിഷ്ട ഭേദഗതികള്‍ അംഗങ്ങളെ കൂടുതല്‍ ശാക്തീകരിക്കുകയും സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും- സോഥി അഭിപ്രായപ്പെട്ടു. നിര്‍ദിഷ്ട ബില്ലിലെ മിക്ക വ്യവസ്ഥകളെയും സ്വാഗതം ചെയ്യുന്നതായി സഹകാര്‍ ഭാരതിയുടെ സ്ഥാപകാംഗമായ സതീഷ് മറാത്തെ പറഞ്ഞു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ റിക്കവറി നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതും സമയം പാഴാക്കുന്നതുമാണെന്നു അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ റിക്കവറി വ്യവസ്ഥകള്‍ മുഴുവന്‍ മാറ്റിയെഴുതണം- അദ്ദേഹം ആവശ്യപ്പെട്ടു.

2010 മുതല്‍ പരിഗണനയിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഭേദഗതി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായുടെ ശ്രമഫലമായി വ്യക്തമായ രൂപം കൈക്കൊണ്ടിരിക്കുകയാണെന്നു മഹാരാഷ്ട്ര അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ വിദ്യാധര്‍ അനാസ്‌കര്‍ അഭിപ്രായപ്പെട്ടു. സംഘങ്ങളുടെ പ്രവര്‍ത്തനഫണ്ട് വര്‍ധിപ്പിക്കുന്നതിനു വോട്ടില്ലാത്ത ഓഹരികള്‍ ഇറക്കാനുള്ള ഭേദഗതിനിര്‍ദേശത്തെ വിദ്യാധര്‍ സ്വാഗതം ചെയ്തു. കെ. മാധവറാവു ചെയര്‍മാനായി 1999 ല്‍ റിസര്‍വ് ബാങ്ക് നിയോഗിച്ചിരുന്ന ഉന്നതാധികാര സമിതിയാണു നോണ്‍ വോട്ടിങ് ഷെയര്‍ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് – അദ്ദേഹം പറഞ്ഞു. സഹകരണ വികസനഫണ്ട് രൂപവത്കരിക്കാനുള്ള നിര്‍ദേശത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

നോണ്‍ വോട്ടിങ് ഷെയറുകള്‍ അനുവദിക്കാനുള്ള നിര്‍ദേശത്തെ കാംഗ്ര കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുന്‍ സി.ഇ.ഒ. ആയ ജഗ്‌മോഹന്‍ തനേജ സ്വാഗതം ചെയ്തു. ഇതൊരു നല്ല നടപടിയാണ്. സംഘം ജീവനക്കാര്‍ക്ക് ഈ ഷെയറുകള്‍ നല്‍കാന്‍ കഴിയും. അങ്ങനെവന്നാല്‍ സ്ഥാപനത്തെ അവര്‍ സ്വന്തംപോലെ കരുതും. പൊതുജനങ്ങളില്‍ നിന്നു മൂലധനം സ്വരൂപിക്കാനും ഭേദഗതികള്‍ സഹായിക്കും- ജഗ്‌മോഹന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!