മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ നിക്ഷേപത്തില്‍ ഉത്തരവാദിത്തമില്ല – സഹകരണ സംഘം കേന്ദ്ര രജിസ്ട്രാര്‍

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിക്ഷേപം സ്വീകരിക്കുന്നതിലോ അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതിലോ നിക്ഷേപം തിരിച്ചുകൊടുക്കുന്നതിലോ സഹകരണ സംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് ഒരുത്തരവാദിത്തവുമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ല എന്നു പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര രജിസ്ട്രാര്‍ 2017 ജൂലായ് മൂന്നിനു പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ വിശദീകരണം. കേന്ദ്ര രജിസ്ട്രാര്‍ക്കുവേണ്ടി കേന്ദ്ര സഹകരണ അഡീഷണല്‍ കമ്മീഷണര്‍ പി. സമ്പത്താണു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി പരാതികള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര രജിസ്ട്രാറുടെ ഈ സര്‍ക്കുലറിനു ഇപ്പോഴും ഏറെ പ്രസക്തിയുണ്ടെന്നു സഹകരണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ കേന്ദ്ര രജിസ്ട്രാറുടെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന ധാരണയിലാണു സംഘാംഗങ്ങളും പൊതുജനങ്ങളും ഇവയില്‍ നിക്ഷേപം നടത്തുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു സര്‍ക്കുലറില്‍ പറയുന്നു. 2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം ( MSCS ) നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വയംഭരണ സഹകരണ സംഘടനകളായിട്ടാണു പ്രവര്‍ത്തിക്കുന്നതെന്നു രജിസ്ട്രാര്‍ വ്യക്തമാക്കി. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ കൊടുക്കുന്നതും തിരിച്ചടയ്ക്കുന്നതുമൊക്കെ ബന്ധപ്പെട്ട സംഘങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡിന്റെ അധികാരത്തില്‍പ്പെട്ടതാണ്. കേന്ദ്ര രജിസ്ട്രാര്‍ക്കു ഇതുമായി ഒരു ബന്ധവുമില്ല- സര്‍ക്കുലറില്‍ വ്യക്തമാക്കി.

പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ അംഗങ്ങളുടെയും നിക്ഷേപകരുടെയും പൊതുജനത്തിന്റെയും അറിവിലേക്കായി കേന്ദ്ര മന്ത്രാലയത്തിന്റെ ഒരറിയിപ്പ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളൊഴികെയുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നു കേന്ദ്ര രജിസ്ട്രാര്‍ അന്നു നിര്‍ദേശിച്ചിരുന്നു. അറിയിപ്പ് ഇതാണ് : ‘ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ സ്വയംഭരണ സഹകരണ സംഘടനകളായാണു പ്രവര്‍ത്തിക്കുന്നത്. ഇവ കേന്ദ്ര കൃഷി- കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ കേന്ദ്ര രജിസ്ട്രാറുടെ ഭരണപരമായ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിക്ഷേപകരും അംഗങ്ങളും സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം നിക്ഷേപം നടത്താന്‍. ഈ നിക്ഷേപങ്ങള്‍ക്കു കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം സെന്‍ട്രല്‍ രജിസ്ട്രാര്‍ ഒരു ഗാരണ്ടിയും നല്‍കുന്നില്ല. ‘  ഈ അറിയിപ്പ് സംഘങ്ങളുടെ പ്രവേശനസ്ഥലത്തും ശാഖകളിലും വിവിധ ഡെപ്പോസിറ്റുകളുടെ ഫോമുകളിലും വെബ്സൈറ്റിലും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതു സംബന്ധിച്ച് എടുത്ത നടപടികളെക്കുറിച്ച് ഒരു മാസത്തിനകം ( 2017 ആഗസ്റ്റ് മൂന്നിനകം ) എല്ലാ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

സര്‍ക്കുലറിന്റെ പകര്‍പ്പ് താഴെ കൊടുത്തിരിക്കുന്നു:

DOC-20220801-WA0034.

Leave a Reply

Your email address will not be published. Required fields are marked *

Latest News