മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് 6.62 കോടിയുടെ സഹായം

Deepthi Vipin lal

ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ വേനല്‍ക്കാല പ്രോത്സാഹന വില പ്രഖ്യാപിച്ചു. ഇതിനായി 5.62 കോടി രൂപ വകയിരുത്തി. കാലിത്തീറ്റ സബ്സിഡിക്കായി ഒരു കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മലബാര്‍ മേഖലാ യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്ന പാലിനാണ് അധിക വില നല്‍കുക.

2021 മാര്‍ച്ച് മാസം സംഭരിക്കുന്ന പാലിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അധിക വില കര്‍ഷകന് ലഭ്യമാകുക. കാലിത്തീറ്റ സബ്സിഡിയിനത്തിലുള്ള ഒരുകോടി രൂപയും മാര്‍ച്ച് മാസത്തില്‍ നല്‍കും. ചെയര്‍മാന്‍ കെ.എസ്.മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

കൊറോണക്കാലത്തും മില്‍മയുടെ വിപണിയില്‍ ഉണര്‍വുണ്ടായി. ഇതുവഴി മേഖലാ യൂണിയന് സാമ്പത്തിക നേട്ടം കൈവരിക്കാനായിട്ടുണ്ട്. ആ തുക മുഴുവന്‍ കര്‍ഷകര്‍ക്കായി നല്‍കുകയാണെന്ന് ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. കൊറോണ പടര്‍ന്നു പിടിച്ച മാര്‍ച്ചു മുതല്‍ ജനുവരി വരെ പാലിന്റെ വിലയായി 900 കോടിയോളം രൂപയാണ് മലബാറിലെ കര്‍ഷകര്‍ക്ക് മില്‍മ മേഖലാ യൂണിയന്‍ നല്‍കിയത്.

കോവിഡ് പ്രതിസന്ധി കാരണം സമസ്ത മേഖലകളും പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍മാത്രമാണ് ബുദ്ധിമുട്ട് അനുഭവിക്കാതിരുന്നത്. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിച്ച മുഴുവന്‍ പാലും കോടാവാതെ രണ്ടു നേരവും ഇക്കാലയളവില്‍ മില്‍മ സംഭരിച്ചു. ഇവ സംസ്‌കരിച്ച് പാലും പാലുത്പ്പന്നങ്ങളുമാക്കി വിപണിയിലെത്തിച്ചു. പ്രതികൂല സാഹചര്യത്തിലും വിറ്റഴിച്ചു. ഇതു വഴി ഓരോ പത്തു ദിവസം കൂടുമ്പോഴും കര്‍ഷകര്‍ക്ക് കൃത്യമായി പാല്‍വില നല്‍കുകയും ചെയ്തു.

നിര്‍ധനരായ ക്ഷീര കര്‍ഷകര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന ‘ക്ഷീര സദനം’ പദ്ധതി ഈ വര്‍ഷവും നടപ്പാക്കും. മലബാര്‍ മേഖലായ യൂണിയന്റെ പ്രവര്‍ത്തന മേഖലയായ ആറു ജില്ലകളിലും ഓരോ വീടുവീതമാണ് എല്ലാ വര്‍ഷവും നിര്‍മിച്ചു നല്‍കുന്നത്. ഇതിനായി ഇക്കുറി 30 ലക്ഷം രൂപ വകയിരുത്തും.

ക്ഷീര കര്‍ഷകര്‍ക്ക് പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന ‘ക്ഷീര സുകന്യ’ പദ്ധതി നടപ്പിലാക്കിയതായി ചെയര്‍മാന്‍ കെ.എസ് മണി, മാനേജിങ് ഡയരക്ടര്‍ കെ.എം. വിജയകുമാരാന്‍ എന്നിവര്‍ അറിയിച്ചു.മലബാര്‍ മേഖലാ യൂണിയനില്‍ അംഗമായ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News