‘ബോധ 2022’ ലഹരിമുക്ത ക്യാമ്പയിനുമായി കുടുംബശ്രീ

moonamvazhi

ലഹരി ഉപയോഗത്തിലൂടെ തലമുറകള്‍ ഇല്ലാതാവാതിരിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. ‘ബോധ 2022’ എന്ന പേരില്‍ നടത്തുന്ന വിവിധതരം ക്യാമ്പയിനുകളിലൂടെ ലഹരിമുക്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് കുടുംബശ്രീയും സംഭാവന ചെയ്യുകയാണ്. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ പലതരം ലഹരിവസ്തുക്കള്‍ക്ക് അടിമയായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നവംബര്‍ ഒന്നുവരെ നീളുന്ന പരിപാടികള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കുന്നത്.

പത്തനംതിട്ട ജില്ലയിലെ 58 സിഡിഎസ്സുകളിലും ജിആര്‍സികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, എഡിഎസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ, കൂട്ടയോട്ടം, മനുഷ്യച്ചങ്ങല, ലഹരി ഉപയോഗത്തില്‍നിന്നും മുക്തരായവരുടെ കൂട്ടായ്മ, ആന്റി നര്‍ക്കോട്ടിക് സെല്‍ രൂപീകരണം, ബോധന കൂട്ടായ്മ, ജനജാഗ്രതാ സദസ്സ് തുടങ്ങിയവയാണ് നടത്തുന്നത്.

22 വരെ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കായി ലഹരിവിരുദ്ധ ആശയത്തിലൂന്നിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കുട്ടികളിലേക്ക് ഇതിന്റെ വിവരങ്ങര്‍ കൃത്യമായി എത്തിക്കാനുള്ള ചുമതല അതത് സിഡിഎസുകള്‍ക്കാണ്. ഉപന്യാസരചന, പോസ്റ്റര്‍ തയ്യാറാക്കല്‍, റീല്‍സ് തയ്യാറാക്കല്‍, ലഘുനാടകം തുടങ്ങിയവയാണ് മത്സരത്തിലുള്ളത്. 25ന് കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാതല ബോധവല്‍ക്കരണം സംഘടിപ്പിക്കും. 23 മുതല്‍ 29 വരെ സ്‌കൂളിലും കോളേജിലും നാര്‍ക്കോട്ടിക് സെല്‍ രൂപീകരണം നടക്കും. ലഹരിക്ക് അടിപ്പെട്ടവര്‍ക്കും കുടുംബത്തിനും മാനസികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പാക്കാന്‍ 25ന് ആശ്രിതരുടെ കൂട്ടായ്മ രൂപീകരിക്കും. 21, 22, 23 തീയതികളില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്റര്‍ തയ്യാറാക്കി പ്രചരിപ്പിക്കും.

Leave a Reply

Your email address will not be published.