ബാങ്കിങ് സേവനങ്ങൾ അറിയാം; കണ്ണൂർ ജില്ലാ ബാങ്കിന്റെ മൊബൈൽ വാനിലൂടെ
ബാങ്കിങ് സേവനങ്ങൾ ഇനി കൈയെത്തും ദൂരത്ത്. ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളിലെത്തിക്കാൻ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈൽ വാൻ എത്തുന്നു.’ ബാങ്ക് ഓൺ വീൽസ്’ എന്നാണ് വാഹനത്തിന്റെ പേര്.എ.ടി.എം, ബാങ്കിങ് പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് ടിവി, ബാങ്ക് ജീവനക്കാരുമായി സംസാരിക്കുന്നതിന് പ്രത്യേക മുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവിട്ടാണ് വാഹനം ഒരുക്കിയത്.ഇതിൽ 15 ലക്ഷം രൂപ നബാർഡിന്റെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഫണ്ടിൽ നിന്നും അനുവദിച്ചതാണ്.
വാനിൽ വെച്ച് തന്നെ ജില്ലാ സഹകരണ ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ട് എടുക്കാം.ഇതോടൊപ്പം റുപെ എടിഎം കാർഡ് ലഭിക്കും . മൊബൈൽ ,നെറ്റ് ബാങ്കിങ് ഇടപാടുകളെക്കുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം ബാങ്കിങ് മേഖലയിലെ അപകടങ്ങളെക്കുറിച്ചും എടിഎമ്മിൽ നിന്നും പണം എടുക്കുന്നതിനെക്കുറിച്ചും പണം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കും. ജില്ലാ ബാങ്കിന്റെ ശാഖകൾ വഴി ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലയിലും വാൻ എത്തിക്കും.
പ്രാഥമിക സഹകരണ ബാങ്കുകൾ വഴി കിസാൻ ക്രഡിറ്റ് കാർഡ് മുഖേനയാണ് കർഷകർക്ക് വായ്പ നൽകുന്നത്. കിസാൻ ക്രഡിറ്റ് കാർഡിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവത്കരിക്കും. അതു കൊണ്ടു തന്നെ ഡിജിറ്റൽ ബാങ്കിങ് സ്കൂൾ കർഷകർക്ക് ഏറെ സഹായകമാകും. വാഹനത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മാങ്ങാട്ടുപറമ്പിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.