ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് 1.13 കോടി രൂപ പിഴ

moonamvazhi

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനു റിസര്‍വ് ബാങ്ക് നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മൊത്തം 1.13 കോടി രൂപ പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള അര്‍ബന്‍ ബാങ്കുകളെയാണു ശിക്ഷിച്ചത്. കൂട്ടത്തില്‍ ബോംബെ മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനാണു വലിയ പിഴ കിട്ടിയത്. ഈ ബാങ്ക് 63.3 ലക്ഷം രൂപ പിഴയടയ്ക്കണം. മുംബൈയില്‍നിന്നുള്ള സൊരാസ്ട്രിയന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗുജറാത്തിലെ നവനിര്‍മാണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പഞ്ചാബിലെ നകോദര്‍ ഹിന്ദു അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയാണു ശിക്ഷിക്കപ്പെട്ട മറ്റു ബാങ്കുകള്‍.

സ്വര്‍ണവായ്പ, അവകാശികളില്ലാത്ത നിക്ഷേപം, പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കാത്തതിനാണു ബോംബെ മെര്‍ക്കന്റൈല്‍ സഹകരണ ബാങ്കിനെ 63.3 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ശിക്ഷിച്ചത്. സൊരാസ്ട്രിയന്‍ സഹകരണ ബാങ്ക് 43.3 ലക്ഷം രൂപയാണു പിഴയൊടുക്കേണ്ടത്. ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനത്തിലും നിക്ഷേപത്തിനുള്ള പലിശനിരക്കിലും മറ്റും റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതുമാണു ബാങ്കിന്റെ കുറ്റം.

ആറു ലക്ഷം രൂപയാണു നകോദര്‍ ഹിന്ദു അര്‍ബന്‍ സഹകരണ ബാങ്ക് അടയ്‌ക്കേണ്ടത്. വായ്പ അനുവദിക്കുന്നതിലും പുതുക്കുന്നതിലും വീഴ്ച വരുത്തിയതും പ്രവര്‍ത്തനച്ചെലവിന്റെ നിശ്ചിതപരിധി കടന്നതുമൊക്കെയാണു നകോദര്‍ ബാങ്കിനെതിരായ കുറ്റം. നവനിര്‍മാണ്‍ സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയാണു പിഴ. ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്പ അനുവദിച്ചതും വായ്പകള്‍ക്കു ഡയറക്ടര്‍മാര്‍ ജാമ്യക്കാരോ ഗാരണ്ടറോ ആയി നിന്നതുമൊക്കെയാണ് ഈ ബാങ്കിന്റെ പേരിലുള്ള കുറ്റം.

Leave a Reply

Your email address will not be published.