ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച നാല് അര്‍ബന്‍ബാങ്കുകള്‍ക്ക് 8.25 ലക്ഷം രൂപ പിഴ

moonamvazhi

 

 

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രാജ്യത്തെ നാല് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുകൂടി റിസര്‍വ് ബാങ്ക് പിഴയിട്ടു. ഈ ബാങ്കുകളില്‍നിന്നു മൊത്തം 8.25 ലക്ഷം രൂപയാണു പിഴയായി ഈടാക്കുന്നത്. ശിക്ഷിക്കപ്പെട്ട അര്‍ബന്‍ ബാങ്കുകളില്‍ മൂന്നും ഗുജറാത്തില്‍നിന്നുള്ളവയാണ്.

ലോദ്ര ജില്ലയിലെ ശ്രീ ലോദ്ര നാഗരിക് സഹകാരി ബാങ്ക്, ആരവല്ലി ജില്ലയിലെ മാല്‍പ്പൂര്‍ നാഗരിക് സഹകാരി ബാങ്ക്, ഖേഡ ജില്ലയിലെ ലിംബാസി അര്‍ബന്‍ സഹകരണബാങ്ക് എന്നിവയാണു ഗുജറാത്തില്‍നിന്നുള്ള ബാങ്കുകള്‍. ഇവയില്‍ ശ്രീ ലോദ്ര ബാങ്കിനു നാലു ലക്ഷം രൂപയും മാല്‍പ്പൂര്‍ ബാങ്കിനു മൂന്നര ലക്ഷം രൂപയും ലിംബാസി ബാങ്കിനു 25,000 രൂപയുമാണു പിഴയിട്ടത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു ബാങ്കിന്റെ ഡയറക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കിയതിനാണു ശ്രീ ലോദ്ര ബാങ്കിനും മാല്‍പ്പൂര്‍ ബാങ്കിനും പിഴ വിധിച്ചത്. ബാങ്കിന്റെ നിക്ഷേപം വ്യവസ്ഥ ലംഘിച്ചു മറ്റു ബാങ്കുകളില്‍ നിക്ഷേപിച്ചതിനാണു മാല്‍പ്പൂര്‍ ബാങ്കിനു പിഴയിട്ടത്.

തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ട് സഹകരണ അര്‍ബന്‍ ബാങ്ക് അമ്പതിനായിരം രൂപയാണു പിഴയടയ്‌ക്കേണ്ടത്. ബാങ്ക് ഡയറകടര്‍മാര്‍, അവരുടെ ബന്ധുക്കള്‍, താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നിയന്ത്രണനിയമം ലംഘിച്ചു വായ്പ നല്‍കി എന്നതാണു കുറ്റം. ശിക്ഷിക്കപ്പെട്ട നാല് അര്‍ബന്‍ ബാങ്കുകള്‍ 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 56, 47-എ ( 1 ) ( സി ), 46 ( 4 ) എന്നിവയിലെ വ്യവസ്ഥകളാണു ലംഘിച്ചതെന്നു റിസര്‍വ്ബാങ്ക് ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ 35 അര്‍ബന്‍ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് വിവിധ കുറ്റങ്ങള്‍ക്കായി ശിക്ഷിച്ചിരുന്നു. ഇവയില്‍നിന്നു ഒരു കോടി പതിനൊന്നര ലക്ഷം രൂപ പിഴയീടാക്കാനാണ് ഉത്തരവിട്ടത്. ഇങ്ങനെ ശിക്ഷിക്കപ്പെട്ട 35 ബാങ്കുകളില്‍ പത്തൊമ്പതും ഗുജറാത്തില്‍നിന്നാണ്. മഹാരാഷ്ട്രയില്‍നിന്നുള്ള ഒമ്പതു ബാങ്കുകളും ശിക്ഷയ്ക്കു വിധേയമായി. ഈ രണ്ടു സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം അര്‍ബന്‍ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ 15 അര്‍ബന്‍ ബാങ്കുകളെയാണു റിസര്‍വ് ബാങ്ക് ശിക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published.