ബദല്‍ മാതൃകയുമായി പാലരുവി കമ്പനിയിലെ കര്‍ഷകര്‍

ദീപ്തി സാബു

നബാര്‍ഡിന്റെ സഹായത്തോടെ, കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍,
2017 ല്‍ കൊല്ലം പത്തനാപുരത്ത് ആരംഭിച്ച കാര്‍ഷികസംരംഭമാണു
പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി. 1552 കര്‍ഷകരാണു
കമ്പനിയിലെ അംഗങ്ങള്‍. കാര്‍ഷികമേഖലയെ കൈപ്പിടിയിലൊതുക്കുന്ന
കോര്‍പ്പറേറ്റ് രീതിയ്ക്കു ബദല്‍ മാതൃക തീര്‍ക്കുകയാണു
പാലരുവിയിലൂടെ കര്‍ഷകര്‍. കേരള ബാങ്കില്‍നിന്നു
കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുത്തു 300 കര്‍ഷകരാണു
ഈ കൂട്ടായ്മയില്‍ കൃഷി ചെയ്യുന്നത്.

 

ഓരോ ഗ്രാമത്തെയും കാര്‍ഷികവിളകളില്‍ സ്വയംപര്യാപ്തമാക്കുക, വീട്ടിടങ്ങളില്‍ വിഷരഹിതവിഭവങ്ങള്‍ എത്തിക്കുക, ചൂഷണാധിഷ്ഠിത വിപണിയില്‍നിന്നു കര്‍ഷകരെ മോചിപ്പിച്ച് ലാഭം അവരുടെ കൈകളില്‍ത്തന്നെ എത്തിക്കുക. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ബഡായി അടിക്കുകയാണെന്നു കരുതരുത്. വെറും വാക്കല്ല ഇത്. കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയില്‍ ഒതുങ്ങിപ്പോയ കാര്‍ഷികമേഖലയ്ക്ക് അതിജീവിക്കാന്‍ ബദല്‍ മാതൃക ഒരുക്കുന്ന പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്യമാണിത്. ഉല്‍പ്പന്നത്തിന്റെ ഉടമ കര്‍ഷകനാണ്. ലാഭം കര്‍ഷകനു കിട്ടണം. എല്ലാ സംരംഭവും എല്ലാവര്‍ക്കും പ്രയോജനപ്രദമാകണം – ഇതാണ് ഇവരുടെ കാഴ്ചപ്പാടും കര്‍മപഥവും. അതെ. ഇതു കൊല്ലം ജില്ലയുടെ കാര്‍ഷികമുന്നേറ്റം ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി. ‘നിങ്ങള്‍ പാടത്തും പറമ്പിലും അധ്വാനം വിതയ്ക്കുന്ന കര്‍ഷകനാണോ, എങ്കില്‍ ഇടനിലക്കാരില്ലാതെ ചങ്കുറപ്പോടെ പാലരുവിയുടെ സമൃദ്ധിയിലേക്കു കടന്നുവരാം. വിത്തിടാം, വളര്‍ത്താം, വിളവ് കൊയ്യാം. ഉല്‍പ്പന്നം ഏതുമാകട്ടെ വിറ്റഴിക്കാനുള്ള വിപണി തയാര്‍. സ്വന്തം ഉല്‍പ്പന്നം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കിയും മാറ്റാം ‘. അതേ. കര്‍ഷകര്‍ക്കു തുണയാവുകയാണു പത്തനാപുരം കല്ലുംകടവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി.

സുരക്ഷിത പച്ചക്കറിയും വാഴപ്പഴങ്ങളും ഉല്‍പ്പാദിപ്പിച്ച് കമ്പനി സെയില്‍സ് ഔട്ട്ലെറ്റ് വഴി വിപണനം നടത്തുന്നതിനു പുറമെ മറ്റ് ഏജന്‍സികളുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും കയറ്റുമതിയും ചെയ്യുന്നു. പാലരുവിയില്‍ കേരകര്‍ഷകന്‍ കൈവശമുള്ള തേങ്ങയുമായി സമീപിച്ചാല്‍ വെളിച്ചെണ്ണയാക്കി വിപണിയില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കും. ഒപ്പം മരച്ചീനി, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി എല്ലാത്തരം കാര്‍ഷികവിഭവങ്ങളുടെയും വിപണനത്തിനും സൗകര്യമൊരുക്കും, ഇതു കര്‍ഷകരുടെ അനുഭവസാക്ഷ്യം.

2017 ല്‍ നബാര്‍ഡ് ( കാര്‍ഷിക, ഗ്രാമവികസനത്തിനായുള്ള ദേശീയ ബാങ്ക് ) സഹായത്തോടെ ആരംഭിച്ച നൂതന കാര്‍ഷികസംരംഭമാണു പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി. 2018 മുതല്‍ എല്ലാ വര്‍ഷവും കമ്പനി ഓഹരി ഉടമകളായ അംഗങ്ങള്‍ക്കു പത്തു ശതമാനം ഡിവിഡന്റ് നല്‍കുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതിയായ ആത്മയുടെ കണ്ടെയ്‌നര്‍ ഔട്ട്ലെറ്റ് പദ്ധതിയില്‍ പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിത
കൃഷിരീതി

മണ്ണും ജലവും ജൈവസമ്പത്തും സംരക്ഷിച്ചു സുരക്ഷിത കൃഷിരീതിയിലേക്കു ജില്ല ചുവടുവച്ചതു പാലരുവിയുടെ ഓരംചേര്‍ന്ന്. കൃഷിക്കുമുമ്പു മണ്ണ് പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയുള്ള ഇന്‍ഡ് ഗ്യാപ് സ്റ്റാന്‍ഡേര്‍ഡ് ( ഇന്ത്യ ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്ടീസ് ) കൃഷിരീതിയില്‍ കൈയൊപ്പ് ചാര്‍ത്തുന്ന സംസ്ഥാനത്തെ ആദ്യജില്ല എന്ന ഖ്യാതി കൂടി ഇതോടെ കൊല്ലത്തിനു സ്വന്തമായി. നബാര്‍ഡിന്റെ ധനസഹായത്തോടെയാണു മികവ് ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പരിശോധനാഫലം അടിസ്ഥാനമാക്കി ആവശ്യമായ മൂലകങ്ങള്‍ നല്‍കി മണ്ണ് ഫലഭൂയിഷ്ടമാക്കി നൂറുമേനി ഉറപ്പാക്കിയാണു കൃഷി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനുമനുസൃതമായി ജൈവവളപ്രയോഗം നടത്തി കൃത്യതയാര്‍ന്ന കൃഷിരീതിയിലൂടെ വിളവില്‍ സമ്പൂര്‍ണത ഉറപ്പാക്കുന്നു. ജൈവകീടനാശിനിയാണു പ്രയോഗിക്കുന്നത്. കേരള ബാങ്ക് വഴി കുറഞ്ഞ പലിശനിരക്കില്‍ കര്‍ഷകര്‍ക്കു നബാര്‍ഡിന്റെ ധനസഹായം ലഭ്യമാക്കിയാണു കൃഷി. ഒരാള്‍ക്കു 85,000 രൂപയാണു വായ്പ.

300 കര്‍ഷകര്‍ക്കു കേരള ബാങ്ക് മുഖേന വായ്പ നല്‍കി ഇന്‍ഡ് ഗ്യാപ് സ്റ്റാന്‍ഡേര്‍ഡില്‍ കൃഷി ചെയ്യിച്ച് അവരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നു. ആദ്യഘട്ടത്തില്‍ രണ്ടേക്കറിലാണു കൃഷി. മൂന്നു വര്‍ഷം തുടര്‍ച്ചയായി കൃഷിയിറക്കാനാണു തീരുമാനം. വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണു സുരക്ഷിതഭക്ഷണത്തിനായി വിളയിക്കുന്നത്. ഘട്ടംഘട്ടമായി ജില്ലയിലെ എല്ലാ കര്‍ഷകരെയും നൂതന കൃഷിരീതിയിലേക്കു നയിക്കുക എന്നതാണു ലക്ഷ്യം. കര്‍ഷകര്‍ക്കു ധനസഹായം നല്‍കാന്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് എസ്.ബി.ഐ.യും ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നു കൊല്ലം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ 500 ജെ.എല്‍.ജി (സംയുക്ത തൊഴില്‍ സംഘം ) ഗ്രൂപ്പുകള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കയാണിപ്പോള്‍. സാമ്പത്തികസഹായം നല്‍കി സുരക്ഷിതത്വവും ഗുണനിലവാരവുമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്കു കര്‍ഷകരില്‍ നിന്നു മികച്ച പ്രതികരണമാണുള്ളത് എന്നു കമ്പനി ചെയര്‍മാന്‍ അഡ്വ. ബിജു.കെ.മാത്യു പറഞ്ഞു.

1.73 കോടിയുടെ
വിറ്റുവരവ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം 1.73 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലയുടെ വിവിധ പഞ്ചായത്തുകളിലുള്ള 1695 കര്‍ഷകരാണു കമ്പനിയംഗങ്ങള്‍. 8297 ഓഹരികളുണ്ട്. കമ്പനിയുടെ സമാഹൃത മൂലധനം 90 ലക്ഷം രൂപയാണ്. ഈ സാമ്പത്തികവര്‍ഷം അംഗീകൃതമൂലധനമായ രണ്ടു കോടിയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്.

കാര്‍ഷികസമൃദ്ധിയും കര്‍ഷകക്ഷേമവും ലക്ഷ്യമിട്ട് വരുംതലമുറയ്ക്കും ശോഭനമായ ഭാവി ഉറപ്പാക്കുംവിധമുള്ള നൂതന പദ്ധതികൂടിയാണ് ഇവിടെ ഒരുങ്ങുന്നത്. കാലാവസ്ഥാനിയന്ത്രിത ഗോഡൗണ്‍, ഫാം സ്‌കൂള്‍, ഹൈടെക് നഴ്‌സറി, പ്രോസസിങ് സെന്റര്‍, ടിഷ്യൂ കള്‍ച്ചറല്‍ ലാബ്, ആട്, പശു, കോഴി എന്നിവയെ ആധുനികരീതിയില്‍ വളര്‍ത്തുന്ന ഫാമുകള്‍, ഹാച്ചറികള്‍, ജൈവവള ഉല്‍പ്പാദനകേന്ദ്രം, ഫാം ടൂറിസം സെന്റര്‍ തുടങ്ങി അഗ്രോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പാലരുവി അഗ്രോ സ്മാര്‍ട്ട് വില്ലേജാണു മറ്റൊരു സംരംഭം. ഇതിനായി എഴുകോണ്‍ പുളിയറയില്‍ നാല് ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട്.

ഇഫ്കോ കിസാന്‍ കാലിത്തീറ്റയുടെയും അവരുടെ മറ്റ് ഉല്‍പ്പന്നങ്ങളുടെയും കൊല്ലം ജില്ലയിലെ ഔദ്യോഗിക വിതരണക്കാരാണു പാലരുവി. മില്‍മയുടെ മലബാര്‍ മേഖലാ സംരംഭമായ മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഔദ്യോഗിക വിതരണക്കാരായും കമ്പനി പ്രവ്യത്തിക്കുന്നു. ഇന്ത്യയിലെ പ്രമുഖ അഗ്രിക്കള്‍ച്ചര്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറിങ് കമ്പനികളായ ഹോണ്ട സ്റ്റീല്‍, എസ്.ടി.ഐ.എച്ച്.എല്‍, കിര്‍ലോസ്‌കര്‍, വി.എസ്.ടി. എന്നിവയുടെ ഡീലറാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പദ്ധതിയായ ഡി.ബി.ടി. ( ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ) സ്മാം സ്‌കീം പ്രകാരം സബ്‌സിഡി നിരക്കില്‍ കാര്‍ഷികോപകരണങ്ങള്‍ വിപണനം നടത്തുന്നു. പ്രമുഖ പൗള്‍ട്ടറി ഫീഡ്‌സ് കമ്പനികളുടെ അംഗീകൃത വിതരണക്കാരായ കമ്പനി ജില്ലയില്‍ കോഴിത്തീറ്റ വിപണനവും നടത്തുന്നുണ്ട്. കര്‍ഷകരില്‍നിന്നു കമ്പനി നാളികേരം സംഭരിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. അത്യൂല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങളും ഗുണമേന്മയുള്ള വളവും പാലരുവിയില്‍ നിന്നു കര്‍ഷകര്‍ക്കു കിട്ടുന്നു. ആധുനികരീതിയിലുള്ള വളം മിക്സിങ് യൂണിറ്റ്, വെര്‍മി കമ്പോസ്റ്റിങ് യൂണിറ്റ്, ഹൈടെക് നഴ്സറി എന്നിവ കമ്പനിയുടെ ഭാഗമാണ്. ഫെര്‍ട്ടിലൈസര്‍ ഗോഡൗണ്‍, അഗ്രോ സ്റ്റോര്‍ എന്നിവ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലയുടെ കാര്‍ഷികമേഖലകളിലും കര്‍ഷകപ്രസ്ഥാനത്തിന്റെ അമരത്തുമായി വിവിധ മേഖലകളില്‍ സജീവമായി ഇടപെടുന്ന 16 അംഗ ഭരണസമിതിക്കാണു പാലരുവിയുടെ ഭരണനിയന്ത്രണം. റെയ്ഡ്കോ, മാര്‍ക്കറ്റ്ഫെഡ് എന്നീ സഹകരണസ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയമുള്ള ജി.ആര്‍. അഖിലാണു കമ്പനി സി.ഇ.ഒ. വിവിധ മേഖലകളില്‍ മേല്‍നോട്ടം വഹിക്കാന്‍ 22 ജീവനക്കാരുണ്ട്. പാലരുവിയുടെ വിജയഗാഥ വിവരിക്കുന്ന ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. കമ്പനിയുടെ കാര്‍ഷികപാഠങ്ങള്‍ നേരിട്ടറിയാനും ഹൃദിസ്ഥമാക്കാനും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്തുന്നു. ഓണ്‍ലൈന്‍ വിപണന പ്ലാറ്റ് ഫോം ഏറെ കര്‍ഷകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

സെയില്‍സ്
ഔട്ട്‌ലെറ്റ്

ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പ്പാദനോപാധികള്‍ വിതരണം ചെയ്യുന്നതിനു പത്തനാപുരത്ത് സെയില്‍സ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നു. കൂടാതെ മൈലത്തും സെയില്‍സ് ഔട്ട്‌ലെറ്റുണ്ട്. സംസ്ഥാന കൃഷിവകുപ്പ് പദ്ധതിയായ ആത്മയുടെ കണ്ടെയ്‌നര്‍ ഔട്ട്‌ലെറ്റ് പദ്ധതിയിലും കമ്പനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കണ്ടെയ്‌നര്‍ മോഡ് സെയില്‍സ് ഔട്ട്‌ലെറ്റ് കൊല്ലം എന്‍.എസ്. ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തനം തുടങ്ങി.

നബാര്‍ഡിന്റെ റൂറല്‍ മാള്‍ട്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി കമ്പനി വാങ്ങിയ വാഹനംവഴി ജില്ലയിലുടനീളം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും വിതരണവും നടന്നുവരുന്നു. സവാള, പച്ചക്കറി, നാളികേരം എന്നിവയുടെ മൊത്തക്കച്ചവട ബിസിനസും ആരംഭിച്ചിട്ടുണ്ട്. കമ്പനിയെ ഹോണ്ട അഗ്രി എക്വിപ്മെന്റ്സ് ഡീലറായി നിയമിച്ചിട്ടുണ്ട്. ഇതിലൂടെ സ്‌കീമുകളില്‍ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും സബ്സിഡി നിരക്കില്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള സൗകര്യവും പരിശീലനവും നല്‍കുന്നു.

നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം പാലരുവി കമ്പനി നേടി. അവാര്‍ഡിനായി കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനമാണു പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി. പുണെയില്‍ നടന്ന ദേശീയ വര്‍ക്ഷോപ്പില്‍ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറില്‍നിന്നു കമ്പനി ചെയര്‍മാന്‍ അഡ്വ. ബിജു.കെ.മാത്യൂ പുരസ്‌കാരം ഏറ്റുവാങ്ങി.

ആയിരക്കണക്കിനു കര്‍ഷകര്‍ക്കു പ്രതീക്ഷയേകുന്ന ഈ സ്ഥാപനത്തിനു പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി എന്നു പേരിട്ടതു ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. ‘ ഞങ്ങള്‍ എല്ലാവര്‍ക്കും കൃഷി ചെയ്യാന്‍ അവസരമൊരുക്കുന്നു. ഉല്‍പ്പാദനച്ചെലവ് കുറച്ച് കൃഷി ചെയ്യാം. സ്വന്തം ഉല്‍പ്പന്നത്തിനു മെച്ചപ്പെട്ട വില ഉറപ്പാക്കാം. അധ്വാനം കര്‍ഷകന്റേതെങ്കില്‍ അതിന്റെ ഫലം പൂര്‍ണമായും അവര്‍ക്കുതന്നെ കിട്ടണമെന്ന ലക്ഷ്യത്തോടെയാണു പാലരുവിയുടെ പ്രവര്‍ത്തനം – ചെയര്‍മാന്‍ അഡ്വ. ബിജു.കെ.മാത്യൂ പറഞ്ഞു. എല്ലാ ദിവസവും സ്വന്തം കൃഷിയിടത്തില്‍ പണിചെയ്യുന്നയാള്‍ കൂടിയായ ബിജു സി.പി.എം. ജില്ലാക്കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.

(മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.