ഫിലോമിനയുടെ നിക്ഷേപ തുക പൂർണമായി നൽകും, നിക്ഷേപകർക്ക് നാളെ മുതൽ പണം -സഹകരണ മന്ത്രി 

Deepthi Vipin lal

ചികിത്സക്ക് പണമില്ലാതെ മരിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപക ഫിലോമിനയുടെ നിക്ഷേപ തുക പൂർണമായി നാളെ മടക്കി നൽകുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിക്ഷേപ തുക ഫിലോമിനയുടെ വീട്ടിലെത്തിച്ചു നൽകും.കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരികെ നൽകാൻ 35 കോടി അടിയന്തരമായി കരുവന്നൂർ ബാങ്കിന് നൽകും. ബോർഡ് അംഗങ്ങളുടെ സ്വത്ത് കണ്ടു കെട്ടാനും തീരുമാനമായി. പ്രാഥമിക സംഘങ്ങളെ സഹായിക്കാൻ സഹകരണ സംരക്ഷണ നിധി രൂപീകരിക്കും. മറ്റു സഹകരണ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടിയുള്ള പാക്കേജാണ് സഹകരണ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.

നിക്ഷേപം തിരിച്ചു നൽകുവാൻ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും പ്രസ്തുത സ്ഥാപനങ്ങളെ മികവുറ്റതാക്കാനുമുള്ള കർമ്മപരിപാടിയാണ് നടപ്പിലാക്കുന്നത്.

നിക്ഷേപം തിരിച്ചു നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി പരിഹരിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കൃത്യമായി വ്യവസ്ഥകളുടെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സഹകരണ മേഖലയിലെ നിക്ഷേപവും നിക്ഷേപകരുടെയും സഹകാരികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത പൂർണമായും സർക്കാർ ഉറപ്പുവരുത്തും.

 

കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക്നിക്ഷേപ തുക തിരികെ നൽകുന്നതിനും ഇപ്പോൾ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുമായി ഹ്രസ്വകാല ദീർഘകാല പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ബാക്കിനിൽക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നൽകാനുള്ള പലിശ എന്നിവ സംബന്ധിച്ചു കൃത്യമായ കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്.

സഹകരണ സംഘ തട്ടിപ്പുകളിൽ ക്രിമിനൽ കേസ് എടുക്കാവുന്ന തരത്തിൽസമഗ്രമായ നിയമ ഭേദഗതി കൊണ്ടുവരുമെന്നും സഹകരണ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.