പൗരത്വ ഭേദഗതി ബില്ലിനെതിരെ ആദ്യം ഉണർന്നു പ്രവർത്തിച്ചത് കേരളത്തിലെ യുവതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

adminmoonam

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ദീർഘവീക്ഷണത്തോടെ ആദ്യം ഉണർന്നു പ്രവർത്തിച്ചത് കേരളത്തിലെ യുവതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം മറൈൻ ഡ്രൈവിൽ കൃതി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി നടന്ന ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബില്ലിലൂടെ ജനാധിപത്യ ധ്വംസനമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനെതിരെ ഉണർന്ന് പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് സാധിച്ചുവെന്നും ഇതിലെ ഒളിഞ്ഞിരിക്കുന്ന അപകടം ആദ്യം മനസ്സിലാക്കിയത് യുവാക്കൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെ.എൻ.യു വിലും മറ്റു സ്ഥലങ്ങളിലും യുവജനങ്ങളാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഇതിൽ കേരളത്തിലെ വിദ്യാർഥികൾ മുൻപന്തിയിലുണ്ടായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെയും യുവജനങ്ങളുടെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആയിരക്കണക്കിന് പേർ എത്തിയിരുന്നു. കൃതിയുടെ ഔപചാരികമായ സമാപനഉദ്ഘാടനം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിനോദ് എംഎൽഎ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡണ്ട് ഏഴാച്ചേരി രാമചന്ദ്രൻ, കാശ്മീരി വിവർത്തകൻ സമൻ അശ്ശൂർദ, സഹകരണസംഘം രജിസ്ട്രാർ ഡോക്ടർ പി കെ ജയശ്രീ ഐഎഎസ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!